ഖത്തറില്‍ വീണ്ടും ലോക ഫുട്‌ബോള്‍ ആരവങ്ങള്‍... ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് തുടക്കമായി

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ മികച്ച നടത്തിപ്പിലൂടെ ലോകശ്രദ്ധ നേടിയ ഖത്തറില്‍ വീണ്ടും ഫുട്‌ബോളിന്റെ ആരവങ്ങള്‍. ലോകകപ്പ് ഫുട് ബോളിന്റെ ഓളങ്ങള്‍ അവസാനിക്കുംമുമ്പേ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിച്ച് ഖത്തര്‍ ലോകത്താകെയുള്ള കായിക പ്രേമികളുടെ മനം കവരുന്നു. ആസ്പര്‍ സോണിലെ 8 സ്റ്റേഡിയങ്ങളിലായാണ് മത്സരം. മത്സരത്തിന് തുടക്കമായി. നാളെയുടെ ലോകതാരങ്ങളെ കണ്ടെത്താന്‍ വേണ്ടി സംഘടിപ്പിക്കുന്ന ഫിഫ അണ്ടര്‍ ലോകകപ്പ് ഫുട്‌ബോളിന് സാക്ഷികളാവാന്‍ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നതിലുപരി ഫാന്‍സോണില്‍ ആരാധകര്‍ക്ക് ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരത്തിനാണ് ഖത്തര്‍ വേദിയൊരുക്കിയത്. ആസ്പര്‍ സോണില്‍ സജ്ജീകരിച്ച ഫാന്‍സോണില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നു. അഞ്ചുതവണ കപ്പുയര്‍ത്തിയ നൈജീരിയയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ രാജാക്കന്മാര്‍. നാല് തവണ ബ്രസീലും കൗമാര ഫുട്‌ബോളിലെ സൂപര്‍ താരമായി.
ഖത്തറിന്റെ ആതിഥ്യ മര്യാദയും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും സംയോജിപ്പിച്ച് ലോകത്തിന്റെ ഭാവി താരങ്ങളുടെ കഴിവ് അളക്കുന്ന മേളയായി ഈ മാമാങ്കം മാറും. മികച്ച സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും താമസത്തിനുള്ള സൗകര്യങ്ങളും മെട്രോ ഉള്‍പ്പെടെയുള്ള യാത്രാ സൗകര്യങ്ങളും ഖത്തറിലേക്ക് ഫുട്‌ബോള്‍ ആരാധകരെ മാടി വിളിക്കുന്നു.
1985ല്‍ ചൈനയിലാണ് കൗമാര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പ് ഇത്തവണ മുതല്‍ പ്രതിവര്‍ഷ ടൂര്‍ണ്ണമെന്റാക്കി മാറുന്നുവെന്ന പ്രത്യേതക കൂടിയുണ്ട്. 2025 മുതല്‍ 2029 വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഖത്തര്‍ തന്നെയാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുക. ടീമുകളുടെ എണ്ണം 24ല്‍ നിന്നും 48 ആയി ഉയര്‍ന്നിട്ടുണ്ട്.
മത്സരങ്ങള്‍ അരങ്ങേറുന്ന ആസ്പര്‍ സോണിലെ സ്റ്റേഡിയങ്ങള്‍ക്ക് ഖത്തറിലെ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളുടെ പേരുകളാണ് നാമകരണം ചെയ്തത്. മുഹമ്മദ് ഗനീം, ഇബ്രാഹിം ഖര്‍ഫാന്‍, ബദര്‍ ബിലാല്‍, ഖാലിദ് സല്‍മാന്‍, ഖാലിദ് ബല്ലാന്‍, മന്‍സൂര്‍ മുഫ്ത, മഹ്മൂദ് സൂഫി, ആദില്‍ മല്ലാല എന്നീ താരങ്ങളുടെ പേരിലാണ് പിച്ചുകള്‍ അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഖത്തറും കരുത്തരായ ഇറ്റലിയും തമ്മിലുള്ള മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു.
പ്രാഥമിക ഘട്ടത്തില്‍ ഒരു ദിവസം 8 മത്സരങ്ങള്‍ ഉള്‍പ്പെടെ ആകെ 104 മത്സരങ്ങളാണ് നടക്കുന്നത്. ഖലീഫാ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ബോമയാണ് ഔദ്യോഗിക ഭാഗ്യചിഹ്നം.

