നന്ദി ആരോട് ചൊല്ലേണ്ടൂ...

സ്‌കൂള്‍ കലോത്സവത്തിന് തിരശീല താഴ്ന്ന നിമിഷം ഓരോ മനസ്സിലെയും നീറ്റല്‍ ഏറെയായിരുന്നു. മൂന്ന് ദിനരാത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയോടെ ഒരുനാട് മുഴുവന്‍ കൈകോര്‍ത്ത് നിന്ന് വിജയിപ്പിച്ച കൗമാര കലോത്സവത്തെ മനസ്സില്‍ നിന്ന് ആര്‍ക്കും ഒരിക്കലും മായ്ച്ചു കളയാനാവില്ല.
പുതുവര്‍ഷം പുലര്‍ന്നിറങ്ങിയ രാത്രിയെ സാക്ഷിയാക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല താഴ്ന്ന നിമിഷം ഓരോ മനസ്സിലെയും നീറ്റല്‍ ഏറെയായിരുന്നു. മൂന്ന് ദിനരാത്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയോടെ ഒരുനാട് മുഴുവന്‍ കൈകോര്‍ത്ത് നിന്ന് വിജയിപ്പിച്ച കൗമാര കലോത്സവത്തെ മനസ്സില്‍ നിന്ന് ആര്‍ക്കും ഒരിക്കലും മായ്ച്ചു കളയാനാവില്ല. ഇശല്‍ ഗ്രാമത്തെ പുല്‍കാനെത്തിയ അതിഥികളെ ചേര്‍ത്ത് നിര്‍ത്തിയ നാട്ടുകാര്‍, പരാതികള്‍ക്ക് ഇടം നല്‍ക്കാതെ ഓരോ കാര്യങ്ങളിലും ശ്രദ്ധയോടെ പ്രവര്‍ത്തിച്ചു. ചുരുങ്ങിയ നാള്‍ കൊണ്ട് ഇത്രമേല്‍ വലിയ ദൗത്യം ഏറ്റെടുത്ത 20ഓളം വിവിധ സബ് കമ്മിറ്റികളും അതിന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ച എണ്ണമറ്റ യുവാക്കളും നാടിന്റെ അഭിമാനം കാത്തുസൂക്ഷിച്ചു.
സ്‌നേഹത്തോടെ മൂന്നുനേരം ഭക്ഷണം വിളമ്പിയ ഊട്ടുപൂര, തടസ്സങ്ങള്‍ ഒന്നുമില്ലാതെ, സൗമ്യതയോടെ സ്വീകരിച്ചു യാത്രാ സൗകര്യം ഒരുക്കി മികവുറ്റതാക്കിയവര്‍, ഓരോ വേദിക്കരികിലും ഓടിയെത്തി ചുമതല വഹിക്കുന്നവരിലേക്ക് ആവശ്യങ്ങള്‍ എത്തിച്ചവര്‍, മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വേദിക്ക് സമീപമുള്ള വീടുകള്‍ വിട്ടുനല്‍കിയവര്‍, അങ്ങനെ പറഞ്ഞുവെക്കാന്‍ ഒട്ടേറെ പേരുണ്ടിവിടെ.
കാല്‍പന്തിന്റെ പെരുമയും ഇശലിന്റെ ഈണവും ഒത്തുചേര്‍ന്ന മൊഗ്രാലിന്റെ തിരുനെറ്റിയിലെ തിലകച്ചാര്‍ത്തായി മഹോത്സവം മാറി എന്നതില്‍ നാട്ടുകാര്‍ അഭിമാനം കൊള്ളുന്നു. മൊഗ്രാല്‍ എന്ന കൊച്ചു ഗ്രാത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കലോത്സവത്തിന് എത്തപ്പെട്ടവര്‍ക്ക് അനുഭവസാക്ഷ്യമായി.
ഇശലിന്റെ താളവും ഈണവും കേട്ട് ശീലിച്ചവരിലേക്ക് പുതുമായര്‍ന്ന ഇനങ്ങള്‍ കണ്‍മുന്നില്‍ എത്തിയപ്പോള്‍ ആശ്ചര്യവും ആവേശവും നിറഞ്ഞതായി.
ഓരോ വേദിയിലും പര്‍ദ്ദ ധരിച്ച സ്ത്രീകളടക്കം മുതിര്‍ന്ന നാട്ടുകാരുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കലകള്‍ക്ക് ഭാഷയും ജാതിയും മതവും ഒരു വിഷയമേ അല്ലെന്ന് വിളിച്ചു പറയുകയായിരുന്നു ഒന്നാം വേദി. രണ്ടാം ദിനത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും അരങ്ങേറിയപ്പോള്‍ നിറഞ്ഞ സദസ്സാണ് ഉണ്ടായത്. പുതുമയാര്‍ന്ന നൃത്ത ഇനങ്ങള്‍ ആസ്വദിക്കാന്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് കലാസ്‌നേഹികളുടെ സഞ്ചാരമാണ് കണ്ടത്. ഓര്‍മ്മകള്‍ മായാത്ത കാലത്തില്‍ ഇനി ഒരിക്കല്‍ കൂടി ഇശല്‍ ഗ്രാമത്തിലേക്ക് ഇതുപോലുള്ള കൗമാര കലോത്സവം വിരുന്നെത്തുമോ എന്ന ചോദ്യമാണ് നാട്ടുകാരുടെ മുന്നില്‍ അവശേഷിക്കുന്നത്.
എല്ലാറ്റിനും ഉപരിയായി കലോത്സവവേദിയില്‍ അവസാന ദിവസം, വിരമിക്കുന്ന വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങും വൈകാരികത നിറഞ്ഞതായി. വികാരമുറ്റിയ വാക്കുകള്‍ക്കും ഇടറിയ ശബ്ദത്തിനും ഒടുവില്‍ ടി.വി. മധുസൂദനന്‍ മറുപടി പ്രസംഗം നിര്‍ത്തുമ്പോള്‍ വേദിയും സദസ്സും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു യാത്രയാക്കിയതും ഈ കലോത്സവത്തിലെ പ്രത്യേകതയായി എഴുതിച്ചേര്‍ത്ത് വെക്കേണ്ടതാണ്. നന്ദി, എല്ലാവരോടും നന്ദി മാത്രം.

