നിരപരാധികള്‍ തടവിലാകുമ്പോള്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വപ്‌നം കണ്ടത് പൗരന്മാരുടെ സ്വാതന്ത്ര്യം ഉറപ്പുള്ള ഒരു രാഷ്ട്രമായിരുന്നു. എന്നാല്‍ ഇന്ന് പല വിധി പ്രസ്താവനകളിലും ജനങ്ങള്‍ സംതൃപ്തരല്ല. നിയമം സംരക്ഷിക്കേണ്ടവര്‍ നിയമം ദുരുപയോഗം ചെയ്ത് വ്യത്യസ്ത ശബ്ദങ്ങളെ മൗനത്തിലാക്കുന്നുവെന്ന പരിഭവങ്ങളും പല ദിക്കുകളില്‍ നിന്നും കേള്‍ക്കാം.
നിയമം ഒരു രാഷ്ട്രത്തിന്റെ ശിരസാണ്, അതിന്റെ ആത്മാവ് നീതിയാണ്. എന്നാല്‍ ഇന്ന് ആ ആത്മാവ് എത്രമാത്രം സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് ഒരു ചോദ്യചിഹ്നമായി മാറുന്നു. പരമോന്നത നീതി പീഠത്തില്‍ നിന്ന് സത്യസന്ധവും ആശ്വാസകരമായ വിധികളാണ് ഉണ്ടാവുന്നതെങ്കില്‍ മറ്റു പല വിധി പ്രസ്താവങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥ നിലനില്‍ക്കുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. എല്ലാ വിധി ന്യായങ്ങളെയും കുറിച്ചല്ല ഇതു പറയുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വപ്‌നം കണ്ടത് പൗരന്മാരുടെ സ്വാതന്ത്ര്യം ഉറപ്പുള്ള ഒരു രാഷ്ട്രമായിരുന്നു. എന്നാല്‍ ഇന്ന് പല വിധി പ്രസ്താവനകളിലും ജനങ്ങള്‍ സംതൃപ്തരല്ല. നിയമം സംരക്ഷിക്കേണ്ടവര്‍ നിയമം ദുരുപയോഗം ചെയ്ത് വ്യത്യസ്ത ശബ്ദങ്ങളെ മൗനത്തിലാക്കുന്നുവെന്ന പരിഭവങ്ങളും പല ദിക്കുകളില്‍ നിന്നും കേള്‍ക്കാം. നിയമത്തിന്റെ പേരില്‍ അക്രമവും, നീതിയുടെ പേരില്‍ പ്രതികാരവുമൊക്കെ കണ്ടുതുടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ ജയിലുകളില്‍ ഇന്ന് തടവില്‍കിടക്കുന്നവരില്‍ ഏകദേശം 76 ശതമാനം പേര്‍ വിചാരണ തടവുകാര്‍ ആണ് (NCRB Prison Statistics India, 2023). ഇവരില്‍ ഭൂരിഭാഗം പേരുടെയും കുറ്റം കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുമില്ല. ചില കേസുകള്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും അവര്‍ വര്‍ഷങ്ങളായി ഇരുമ്പ് മതിലുകള്‍ക്കുള്ളില്‍ കാലം കഴിക്കുകയാണ്.
അധികാരത്തോട് ചോദ്യംചെയ്യുകയും സത്യം പറയാനുള്ള ധൈര്യം കാട്ടുകയും ചെയ്തതിന്റെ പേരില്‍ വീടുകളില്‍ കഴിയുന്നവരും ഏറെയാണ്.
നിരപരാധികളായവരെ ജയിലില്‍ അടച്ച് ഭരണകൂടം ലക്ഷ്യം വെക്കുന്നത് വ്യക്തമാണ്, ഒരുതരത്തില്‍ പറഞ്ഞാല്‍ അതിനെ ഭയം എന്ന് വേണമെങ്കിലും വിളിക്കാം. സ്വതന്ത്രചിന്തയെ നിശ്ശബ്ദമാക്കാനും മതമൗലികതയുടെ പേരില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും. ഇന്ന് 'രാജ്യദ്രോഹം', 'തീവ്രവാദ ബന്ധം', 'ദേശദ്രോഹ പ്രചരണം' തുടങ്ങിയ നിയമങ്ങള്‍ രാഷ്ട്രീയ ആയുധങ്ങളായി മാറിയിരിക്കുന്നു. ഒരാള്‍ ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ ആ വാക്കുകള്‍ കുറ്റമായി മാറുന്നു. ആ കുറ്റത്തിന് തെളിവില്ലെങ്കിലും തടവ് തന്നെയാണ് ശിക്ഷ. ഇതാണ് പുതിയ ഇന്ത്യയിലെ നിയമ ഭാഷ.
സിദ്ദീഖ് കാപ്പന്‍ എന്ന പത്രപ്രവര്‍ത്തകന്‍, തന്റെ ജോലി ചെയ്തതിനുവേണ്ടി 750 ദിവസം ജയിലില്‍ കഴിഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ബലാത്സംഗ കേസില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോകുകയായിരുന്നു; ഭരണകൂടം അതിനെ 'തീവ്രവാദ ബന്ധം' എന്നു മുദ്രകുത്തി.
ഒടുവില്‍ കോടതി തെളിവുകളില്ലെന്ന് പറഞ്ഞു മോചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് രണ്ട് വര്‍ഷത്തെ ജീവിതമാണ്. അതുപോലെ, ഉമര്‍ ഖാലിദും ഒരു വിദ്യാര്‍ത്ഥി നേതാവാണ്. ഇപ്പോഴും തടവിലാണ്. വിചാരണ പോലും പൂര്‍ത്തിയാകാതെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. അവരുടെ കുറ്റം എന്ത്? ഭരണത്തോട് തുറന്നു ചോദ്യം ചെയ്യാന്‍ കാണിച്ച ധൈര്യം മാത്രം.
ഇവരെ ജയിലിലടക്കുന്നത് വെറും നിയമ നടപടിയല്ല, അത് ഒരു രാഷ്ട്രീയ സന്ദേശമാണ്. 'ഭരണം ചോദ്യം ചെയ്താല്‍, നീയും ജയിലിലാകും' എന്ന് മനസിലാക്കിത്തരുന്ന സന്ദേശം. ജനാധിപത്യത്തിന്റെ വേരുകള്‍ക്ക് മുകളില്‍ ഭയം വിതച്ച്, വിശ്വാസം ഭ്രാന്തമാക്കുന്ന ഒരു സാമൂഹികരാഷ്ട്രം ഉണ്ടാക്കുകയാണ് ശ്രമം. 'ഭരണകൂടത്തെ ചോദ്യം ചെയ്യരുത്, അതാണ് ദേശസ്‌നേഹം' എന്ന തെറ്റായ ധാരണ ജനങ്ങളില്‍ വളര്‍ത്തുകയാണ് ഇന്നത്തെ ഭരണരീതിയുടെ നയതന്ത്രം.
അതേസമയം, ഗുജറാത്ത് കലാപത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും പൊതു മാപ്പ് ലഭിക്കുന്നു. നൂറുകണക്കിന് നിരപരാധികള്‍ മരിച്ച ആ നരഹത്യയ്ക്കും ഇപ്പോള്‍ നിയമപരമായ തീര്‍പ്പ് ഉണ്ടാക്കുന്നു. കുറ്റം ചെയ്തവരെ രക്ഷിച്ചും, കുറ്റമില്ലാത്തവരെ ജയിലിലടച്ചും നിയമം തങ്ങള്‍ക്ക് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ തകരുന്നത് ഒരു രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വിശ്വാസമാണ്. ഇത്തരം പ്രവണതകളെ നീതി എന്ന് വിളിക്കാന്‍ കഴിയില്ല. നീതി അതിനര്‍ത്ഥം നഷ്ടപ്പെടുന്നു, നിയമം അടിച്ചമര്‍ത്തലിന്റെ പരിഭവമായി മാത്രം ശേഷിക്കുന്നു.
2023-ല്‍ മാത്രം ഇന്ത്യയില്‍ കസ്റ്റഡിയിലെ മരണങ്ങള്‍ 175 ഓളം രേഖപ്പെടുത്തിയിട്ടുണ്ട് (NCRB റിപ്പോര്‍ട്ട്). ഇത്രയും പേരുടെ ജീവന്‍ നീതിന്യായ വ്യവസ്ഥയുടെ പാളിച്ചകള്‍ മൂലം നശിച്ചു എന്നര്‍ത്ഥം. അവര്‍ ആരും ഭീകരന്മാരല്ല, ഒരാള്‍ പോലും ദേശദ്രോഹിയല്ല. അവര്‍ മനുഷ്യരാണ്, നിയമത്തിന്റെ വീഴ്ചകളുടെ ഇരകള്‍. പക്ഷേ ഈ മരണങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും ഭരണകൂടം കാണിക്കുന്നത് അനാസ്ഥയാണ്. അതാണ് ഇന്നത്തെ ഭീകരതയുടെ നിശ്ശബ്ദത.
നിയമത്തെ ഭരണാധികാരികള്‍ പലതരത്തിലും ദുരുപയോഗം ചെയ്യുന്നു. മതത്തിന്റെ പേരില്‍ സംശയം വളര്‍ത്തുകയും നീതിയുടെ പേരില്‍ അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഈ ഭരണരീതി ഒരു സമുദായത്തെ മുഴുവന്‍ ഭയത്തിന്റെ മതിലിനുള്ളില്‍ അടച്ചിടുകയാണ്. 'നിയമം എല്ലാര്‍ക്കും തുല്യം' എന്ന ആശയം ഇപ്പോള്‍ പുസ്തകങ്ങളിലേക്കൊതുങ്ങുകയാണ്
ഭരണകൂടം ലക്ഷ്യം വെക്കുന്നത് വ്യക്തമാണ്, വിമര്‍ശനാത്മക ബുദ്ധിജീവിത്വത്തെ അടിച്ചമര്‍ത്തുക, പൗരാവകാശങ്ങളെ നിയന്ത്രിക്കുക, ഭയം വിതറുക. ഒരിക്കല്‍ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജീവിച്ചിരുന്ന രാജ്യം ഇന്ന് സുരക്ഷയുടെ പേരില്‍ മൗനം വാങ്ങുന്ന രാജ്യം ആയി മാറിയിരിക്കുന്നുവെന്ന പരാതികള്‍ പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. കോടതികളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും ഈ ഭീതിയുടെ പിടിയില്‍ ആണ്. ഒരിക്കല്‍ ജനാധിപത്യത്തിന്റെ 'നാലാമത്തെ സ്തംഭം' ആയിരുന്ന മാധ്യമങ്ങളേയും അധികാരികള്‍ അടിച്ചമര്‍ത്തി വരുതിയിലാക്കുന്ന കാഴ്ചകള്‍ കാണാന്‍ കഴിയുന്നു.
പക്ഷേ, ഈ മൗനത്തിന്റെ ഇരുട്ട് നീണ്ടുനില്‍ക്കില്ല. നീതിയും സത്യവുമാണ് ഒരു സമൂഹത്തിന്റെ അടിത്തറ. അവയെ എത്ര അടിച്ചമര്‍ത്തിയാലും അവ മടങ്ങിവരും. ഓരോ സിദ്ദീഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ജീവിതം ഇന്നത്തെ ഇന്ത്യയിലെ അനീതിയുടെ തെളിവുമാണ്, അതേസമയം നീതിയിലേക്ക് വിളിക്കുന്ന പ്രബോധനവുമാണ്. അവരെ ജയിലില്‍ അടച്ചിട്ടാലും അവരുടെ ശബ്ദം മതിലുകള്‍ തകര്‍ത്ത് പുറത്തുവരുന്നു.
സമൂഹം ഉണരേണ്ട സമയമാണിത്. നിയമത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചമര്‍ത്തുന്ന ഭരണ അനീതികള്‍ക്കെതിരെ പൗരന്മാര്‍ സ്വരമുയര്‍ത്തണം. നീതി രാഷ്ട്രീയത്തിന് അടിമയാവുമ്പോള്‍ രാജ്യത്തിന്റെ ആത്മാവ് മരിക്കുന്നു.
ഭരണം നിലനില്‍ക്കാന്‍ ഭയം ആവശ്യമാണെന്ന രാഷ്ട്രീയ കണക്ക് തകര്‍ക്കേണ്ടത് ജനങ്ങളാണ്. നീതി ജനങ്ങളുടെ പക്കല്‍ ഉണ്ടെന്ന് ഭരണകൂടം തിരിച്ചറിയുമ്പോഴേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പുനര്‍ജീവിക്കുകയുള്ളൂ. നിയമം അടിച്ചമര്‍ത്തലിന്റെ ആയുധമല്ല; അത് മനുഷ്യനന്മയുടെ കരുതല്‍ കാവലാണ്.
ഭരണങ്ങള്‍ വരും, പോകും. പക്ഷേ നീതി നിലനില്‍ക്കണം. അതിനായി, ഇന്ന് ജയില്‍ മതിലുകള്‍ക്കുള്ളില്‍ നിലവിളിക്കുന്ന നിരപരാധികളുടെ വേദന നമ്മുടെ സമൂഹത്തിന്റെ മൗനമല്ല, അത് നമ്മുടെ ആത്മാവിന്റെ വിലാപമാണ്. നീതിയുടെ പടവുകള്‍ വീണ്ടും തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

