വിലക്കിലെ നോവായിരുന്ന നോമ്പ് കാലം ഓര്‍ക്കുമ്പോള്‍

ഓരോ നോമ്പ് കാലം വിരുന്നെത്തുമ്പോഴും വീടും പള്ളിയും തെരുവുകളും വിശ്വാസികളുടെ മനസ്സും ഒരുങ്ങി നില്‍ക്കും. പതിനൊന്നു മാസത്തെ ജീവിതത്തില്‍ ചെയ്തുപോയ പാപക്കറകളെ കഴുകിക്കളായാന്‍ സ്വയം പ്രതിജ്ഞയെടുക്കുന്ന മാസത്തെ ഏറെ ആകാംക്ഷയോടെയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്. പ്രതീക്ഷയുടെ ചിറക് കൊണ്ട് ആത്മീയതയിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന നോമ്പ് കാലം ആരുടെയും ഹൃദയത്തിന് കുളിരും ആത്മശാന്തിയും നല്‍കുന്നതാണ്.

നോമ്പനുഷ്ഠിക്കാനും ഒന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും വിലക്ക് കല്‍പിക്കപ്പെട്ട ഒരു വ്രതകാലത്തെ ഓര്‍ക്കാന്‍ പോലും പേടിയാവുന്നു. കോവിഡിന്റെ സംഹാര താണ്ഡവങ്ങളില്‍ വിറങ്ങലിച്ചു പോയ ആ കാലത്തു ശ്വാസം നിലച്ചു പോയ അനേകം മനുഷ്യര്‍ നമ്മുടെ മനസ്സില്‍ തീരാനോവായി ഇന്നും നിറയുന്നുണ്ട്.

എല്ലാം പെട്ടെന്നായിരുന്നു. ചൈനയുടെ ഏതോ മൂലയില്‍ നിന്നും ഉദിച്ചുയര്‍ന്ന കൊറോണ ലോകത്തിന്റെ സകല ദിക്കിലേക്കും പടര്‍ന്നു. വെന്റിലേറ്ററില്‍ പിടഞ്ഞു മരിക്കുന്ന മനുഷ്യര്‍ക്ക് ഒരിറ്റ് വെള്ളം കൊടുക്കാന്‍ പോലും ആളില്ലാത്ത കാലത്ത് എല്ലാ ഇടങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്ക് കൊണ്ട് ഒറ്റക്കല്ലാതെ ഒന്നിച്ചു ഉണ്ണാന്‍ പോലും കഴിയാതെയായി.

പരസ്പര സഹായ ഹസ്തങ്ങള്‍ പല ദിക്കുകളില്‍ നിന്നും ഒഴുകിയെത്തി. കൈമെയ് മറന്നു സന്നദ്ധ സേവകര്‍ രംഗത്തിറങ്ങി. 'മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്ന പഴയ വരികള്‍ മായ്ക്കപ്പെട്ടു. പുതിയ വരികളായി 'കോവിഡ് നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെയായി'.

കൊറോണ കാലത്തെ നോമ്പിന് ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടത് പ്രവാസികളായിരുന്നു. ഓരോരുത്തരുടെയും ജീവിതത്തിലെ വേറിട്ട പ്രതീക്ഷകള്‍ക്ക് പ്രവാസത്തിന്റെ വരണ്ട ഭൂമിക നല്‍കിയിരുന്നത് പുത്തന്‍ ജീവിത പ്രതീക്ഷകളായിരുന്നു. ഉണങ്ങിക്കരിയുന്ന ചൂടില്‍ പ്രവാസി വിയര്‍ത്തൊലിച്ചു പണിയെടുക്കുമ്പോഴും മനസ്സില്‍ തണുപ്പിന്റെ കോരിത്തരിപ്പാണുണ്ടാവുന്നത്. ആ തണുപ്പിന് പിന്നില്‍ നാട്ടിലെ വീട്ടുകാരുടെ സന്തോഷമുണ്ട്. ഉമ്മയുടെ പ്രതീക്ഷകളും ഭാര്യയുടെ സ്‌നേഹ വാക്കുകളും മക്കളുടെ പുഞ്ചിരിക്കുന്ന മുഖവുമുണ്ട്.

ഇതിനിടയിലും മനസ്സിന്റെ കോണില്‍ സന്തോഷത്തിന്റെ തിരിതെളിച്ചാണ് ഓരോ റമദാനും എത്തിയിരുന്നത്. വിവിധ ദേശക്കാര്‍, ഭാഷക്കാര്‍, വര്‍ഗ വര്‍ണ്ണ വിവേചനമില്ലാതെ ആ ഇഫ്താര്‍ സുപ്രകള്‍ക്കും ബുഫേകള്‍ക്കും ചുറ്റും ഇരിക്കുമ്പോള്‍ മാനവികതയുടെ മാഹാത്മ്യം കൂടി വിളിച്ചോതുന്ന ഇഫ്താര്‍ സംഗമങ്ങളായി മാറുമായിരുന്നു. അവിടേക്ക് എല്ലാം നിശ്ചലമാക്കി വില്ലനായി എത്തിയ കൊറോണ പള്ളിയും പരിസരവും ബുഫകളും ഇഫ്താര്‍ ടെന്റുകളും ശ്മാശാന പ്രതീതിയാക്കി മാറ്റിയ ആ കാലത്തെ ഓര്‍ക്കാന്‍ തന്നെ പേടിയാവുന്നു.

പരസ്പരം പുഞ്ചിരിച്ചവരും റമദാന്‍ സന്ദേശം കൈമാറി ആനന്ദം കൊണ്ടവരും മുഖം മറച്ചു നടന്ന ഭീകരകാലം. ഹസ്തദാനം ചെയ്ത് സൗഹൃദം പുതുക്കിയിരുന്നവര്‍ സാമൂഹിക അകലം പാലിച്ച് എല്ലാവരെയും ഏകാന്തതയിലേക്ക് തള്ളിവിട്ട രംഗങ്ങള്‍, മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഐസുലേഷനും ക്വാറന്റൈനും മാത്രം ഒരുക്കുന്ന തിരക്കുകളിലേക്ക് മനുഷ്യര്‍ മാറിയ സാഹചര്യം. ദുബായ് തുമ്പെ ഹോസ്പിറ്റലില്‍ 21 ദിവസം ശ്വാസനിശ്വാസങ്ങള്‍ക്ക് കഴിയാതെ മരണത്തെ മുന്നില്‍ കണ്ട ഭീതിതമായ ഓര്‍മ്മകളെ മറക്കാന്‍ എത്ര ശ്രമിച്ചാലും ഇന്നും കഴിയുന്നില്ല. മുപ്പത് നോമ്പും നഷ്ടപ്പെട്ട വര്‍ഷം ഇനിയൊരിക്കലും ഉണ്ടാവരുതെന്ന് മാത്രമാണ് പിന്നീടുള്ള ഓരോ നോമ്പ് കാലം വരുമ്പോഴും പ്രാര്‍ത്ഥിക്കുന്നത്.

വിലക്ക് നീക്കി മനുഷ്യര്‍ മെല്ലെ പുറത്തിറങ്ങാന്‍ തുടങ്ങി. വീണ്ടും പഴയത് പോലെ പത്ര താളുകള്‍ കൊലപാതകങ്ങളുടെയും ലഹരി മാഫിയകളുടെയും പീഡന കഥകളുടെയും തലക്കെട്ടുകള്‍ കൊണ്ട് നിറയാന്‍ തുടങ്ങി. മുമ്പൊരിക്കലുമില്ലാത്ത വിധം തിന്മകള്‍ക്ക് വേണ്ടി മാത്രം സൗഹൃദം കൂടുന്ന ബാല്യങ്ങള്‍ കൂടിവന്നു. അനിയന്ത്രിതമായ അരുതായ്മകളുടെ കലവറകള്‍ തന്നെ തീര്‍ക്കപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട് ഭ്രാന്താലയമാകുന്ന ഈ കാലം വല്ലാതെ ഭയപ്പെടുത്തുന്നു.

Related Articles
Next Story
Share it