നമ്മുടെ കളിക്കളങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

പഹല്‍ഗാം ദുരന്തത്തിന് ശേഷം ആരംഭിച്ച ഏഷ്യാ കപ്പ് മത്സരം തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിക്കുകയാണ്. തിരഞ്ഞെടുത്ത വേദിയെ ചൊല്ലി തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം ചെയ്യാതിരുന്നത് പ്രശ്‌നത്തിന് പുതിയ മാനം നല്‍കി.
കളിയെ കളിയായി കാണാതെ കളിയെ ഒരു യുദ്ധക്കളമായി നമ്മള്‍ കാണാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ക്രിക്കറ്റ് മാന്യന്മാരുടെ കളിയായാണ് ലോകം കാണുന്നത്. പക്ഷെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണെങ്കില്‍ അത് ഒരു യുദ്ധക്കളം പോലെയായിമാറുന്നു. പലപ്പോഴും കാണികളെക്കൊണ്ട് നിറയാത്ത ഗ്യാലറി അന്ന് നിറഞ്ഞു കവിയും. കളിയോടുള്ള ഇഷ്ടം കൊണ്ടല്ല പലപ്പോഴും ഇങ്ങനെ ഒരു ജനക്കൂട്ടം കളിക്കളത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കാലങ്ങളായുള്ള സൈനിക സാന്നിധ്യവും ആഴത്തില്‍ വേരിറങ്ങിയ ഭീകരവാദവും അങ്ങനെ ചിന്തിക്കാന്‍ അവസരമൊരുക്കുന്നു. ആക്രമണങ്ങളെ സിനിമയിലും പൊതുമണ്ഡലത്തിലും മഹത്വവല്‍ക്കരിക്കാന്‍ തുടങ്ങിയതും പ്രധാന കാരണം എന്നു തന്നെ പറയാം. ഇക്കഴിഞ്ഞ സെപ്തംബര്‍ 21ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഫര്‍ഹാന്റെ തോക്കുചൂണ്ടല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണല്ലോ. അതിന് മുമ്പ് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ് കാണിച്ച ആഗ്യവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരത്തിനിടെയിലും പാകിസ്ഥാന്‍ താരങ്ങള്‍ റൗഫിന്റെ ആഗ്യം വീണ്ടും അതേപോലെ പുനരവതരിപ്പിച്ചത് പ്രശ്‌നം വഷളാക്കി എന്നു തന്നെ പറയാം. വാക്കുകള്‍ കൊണ്ട് അമ്പ് തൊടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.
1996ല്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ അമീര്‍ സുഹൈല്‍ വെങ്കിടേഷ് പ്രസാദിന് നേര്‍ക്ക് മോശപ്പെട്ട ആഗ്യം കാട്ടുകയും ചീത്തവിളിക്കുകയും ചെയ്തതും അടുത്ത പന്തില്‍ തന്നെ പുറത്താവുകയും ചെയ്തത് ഒരു ചരിത്ര സത്യം. ആത്മസംയമനം പാലിക്കാതിരുക്കുന്നത് ആത്മഹത്യാപരമാണ്. കളിക്കളങ്ങള്‍ സൗഹൃദത്തിന്റെ പൂക്കള്‍ കൊണ്ട് സുഗന്ധം പരത്തേണ്ടതിന് പകരം ഇരുടീമിലേയും കളിക്കാര്‍ ആജന്മ ശത്രുക്കളെപ്പോലെ പെരുമാറുന്നത് കാണുമ്പോള്‍ സങ്കടമാണ് ഉണ്ടാകുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നും എപ്പോഴും ഇത്തരത്തില്‍ പെരുമാറിയിരുന്നില്ല എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. നമ്മുടെ നാട്ടുകാരനും നമുക്ക് 2018ല്‍ സന്തോഷ് ട്രോഫി നേടിത്തന്ന ടീമിന്റെ മാനേജറുമായിരുന്ന ആസിഫ് കളിക്കളത്തിലെ പെരുമാറ്റത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'കളിക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ മാന്യമായി കളിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. വാക്കുകൊണ്ടോ പെരുമാറ്റം കൊണ്ടോ എതിര്‍ ടീമിന് പ്രശ്‌നം ഉണ്ടാക്കരുത്. കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക, ശ്രദ്ധ പതറാതെ മുന്നോട്ട് പോകണം. പ്രകോപനപരമായ പ്രകടനം നടത്തുന്ന കളിക്കാര്‍ക്കെതിരെ ഫുട്‌ബോള്‍ മത്സരത്തിലെന്നപോലെ മഞ്ഞയും ചുവപ്പും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തണം'.
പഹല്‍ഗാം ദുരന്തത്തിന് ശേഷം ആരംഭിച്ച ഏഷ്യാ കപ്പ് മത്സരം തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിക്കുകയാണ്. തിരഞ്ഞെടുത്ത വേദിയെ ചൊല്ലി തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം ചെയ്യാതിരുന്നത് പ്രശ്‌നത്തിന് പുതിയ മാനം നല്‍കി. മത്സരാനന്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലി സമര്‍പ്പിച്ചിരുന്നു. അതെ മാന്യത വിട്ട പെരുമാറ്റം ഒരിക്കലും ഒരു ടീമിനും ഭൂഷണമല്ല. ടീമിനും നാടിനും നാണക്കേടുണ്ടാക്കുന്ന കളിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇരുരാജ്യങ്ങളിലേയും ബോര്‍ഡ് തയ്യാറാകണം. കളി മാന്യമായി തന്നെ നടക്കട്ടെ. ബാറ്റുകള്‍ തോക്കല്ലെന്ന തിരിച്ചറിവ് ഇവര്‍ക്ക് ഉണ്ടാകട്ടെ.