പ്രയോജനപ്പെടുത്താനാവണം, പാപമോചന നാളുകള്‍...

പരിശുദ്ധിയും പവിത്രതയും പകര്‍ന്നു നല്‍കി റമദാന്‍ പാപമോചന പത്തിലേക്ക് കടക്കുകയാണ്. റമദാനിനെ മൂന്നായി ഭാഗീകരിച്ച് കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും സ്വര്‍ഗീയ പ്രവേശന നരക കാവലിന്റെയുമാക്കി വിശ്വാസികളോട് കൂടുതല്‍ ശ്രദ്ധയുള്ളവരാകാന്‍ പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
പ്രഥമദിനങ്ങളിലെ ആവേശവും ആശയും വെച്ച് റഹ്മത്തിനായി കൈകള്‍ നീട്ടിയ ആദ്യത്തെ പത്ത് വിടപറയുന്നു. കണ്‍മുമ്പില്‍ കാണുന്നതും പാര്‍ശ്വങ്ങളില്‍ നിന്നും അനുഭവിക്കുന്നതും അധികവും അരുതായ്മകളുടെ കലുഷിത കാലത്ത് ജീവിക്കുന്നവരാണ് നാം.
പാപമോചന പത്ത് എന്തുകൊണ്ടും നമുക്കൊരു സൗഭാഗ്യ സന്ദര്‍ഭമായി സ്വീകരിക്കാനാവണം. വിതുമ്പുന്ന അധരങ്ങളും കിനിയുന്ന നയനങ്ങളും പിടയുന്ന ഉള്‍ത്തടവുമായി റബ്ബിനോട് തേടിക്കൊണ്ടേയിരിക്കണം. പകലന്തിയുടെ നോമ്പ് പരിശുദ്ധിയും പ്രാര്‍ത്ഥനയും രാത്രി യാമങ്ങളിലെ നിശബ്ദമേകുന്ന തമസ്സ് മുറ്റിയ ഏകാന്തതയിലും തേങ്ങലുകളായി പാപങ്ങളെ കഴുകിക്കളയനാവുമെങ്കില്‍ അവനെത്രയോ നല്ലവനായി മാറുന്നു.
കുറ്റങ്ങളായി കറുത്തുപോയ ജീവിതത്തെ കണ്ണുനീരിന്റെ സജലങ്ങളില്‍ നന്നാക്കി എടുക്കാനുള്ള അവസരങ്ങളെ പാഴായിപ്പോകാന്‍ അനുവദിച്ചു കൂടാ.
ചെയ്തുപോയ മോശത്തരങ്ങള്‍ ആരാരുമില്ലാതെ ഒറ്റക്കിരുന്ന് പ്രതാപിയായ റബ്ബിനോട് ഏറ്റുപറഞ്ഞ് ഇനിയൊരു നന്മയുടെ ജീവിതത്തെ അകമഴിഞ്ഞ് തേടാനാവണം.
റമദാനിനോളം ശുദ്ധമായ ഒരവസരം ഇല്ലെന്നോര്‍ക്കുക. അവസരങ്ങളുണ്ടായിട്ടും കൈമുതലാക്കാനാവുന്നില്ലെങ്കില്‍ നാമൊന്നു ഓര്‍ത്തു നോക്കുക; എത്രത്തോളം പരാജിതനും ബുദ്ധിശൂന്യനും ആയിപ്പോവുമെന്ന്.
കാലം കറങ്ങിക്കൊണ്ടിരിക്കും. റമദാനുകളും പവിത്രനാളുകളും അതോടൊപ്പം സഞ്ചാരത്തിലുമായിരിക്കും. പക്ഷെ, നമുക്ക് കിട്ടിയ ആയുസ്സ് അതെവിടെയാണ് നിലച്ചുപോകുന്നതെന്ന് നമുക്കറിയില്ല. എന്നിരിക്കെ മടങ്ങണമെന്ന മനസ്സും മാറണമെന്ന ചിന്തയും നമ്മെ വിജയത്തിലേക്ക് നയിക്കാനാവണം.