ഉള്ളാളം ഉറൂസും നേര്‍ച്ചക്കിട്ട മുട്ടനാടുകളും

ഒരു കാലഘട്ടത്തിന്റെ അടയാളമായ ഉള്ളാളത്തെ ആടുകള്‍ എഴുത്തുകാരന്‍ പി.വി. ഷാജി കുമാറിന്റെ ഒരു പ്രസംഗത്തിലൂടെ വീണ്ടും പലരുടെയും ഓര്‍മ്മകളില്‍ നിറയുകയാണ്. എന്റെ പഴയ കാല ഓര്‍മ്മകളുടെ ചെപ്പില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ ഉള്ളാളം പള്ളിയിലേക്ക് നേര്‍ച്ച നേരുന്ന ആടുകളുടെ ചിത്രമുണ്ട്. സയ്യിദ് ശരീഫ് മദനിയുടെ പേരില്‍ നടത്തി വരാറുള്ള ഉറൂസും ജാതിമത ഭേദമെന്യേ അനേകര്‍ ഒത്തുകൂടുന്ന ആഘോഷവും ആര്‍ക്കാണ് മറക്കാനാവുക.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസ് പരിപാടിയില്‍ പല ദേശക്കാരും, ഭാഷക്കാരും അവിടേക്ക് പ്രവഹിക്കാറുണ്ട്. ഇന്ത്യയിലെ പ്രധാനമേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉള്ളാളം പള്ളിയും മഖ്ബറയും.


പഴയകാല ഓര്‍മ്മകളില്‍ ഉദിച്ചു വരുന്നത് ഉറൂസ് കാലത്തെ മുട്ടന്‍ ആടാണ്. മനസ്സിലെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടി ഉള്ളാളം സയ്യിദ് ശരീഫ് മദനിയുടെ പേരില്‍ മുട്ടന്‍ ആടിനെ നേര്‍ച്ചയാക്കി അതിന്റെ കഴുത്തില്‍ ഒരു പണ സഞ്ചി തൂക്കി അവിടേക്ക് വിടും. ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നേര്‍ച്ചയാക്കി വിടലാണ് പതിവ്. മറ്റു ചിലര്‍ ഉറൂസ് അടുത്ത് വരുമ്പോഴേക്കും. ആടുകള്‍ വഴിയോരങ്ങളിലും ഇടവഴികളിലും മേഞ്ഞു നടന്ന് ഉള്ളാളിലെത്തും. ചെറിയ തുക നേര്‍ച്ചയാക്കിയവര്‍ മുട്ടനാടിന്റെ പണസഞ്ചിയില്‍ നിക്ഷേപിക്കും. നീണ്ട താടിയും കൂര്‍ത്ത കൊമ്പുമുള്ള മുട്ടനെ കാണാന്‍ നല്ല ചന്തമായിരുന്നു. അതിനെ തലോടിയും, തിന്നാന്‍ കൊടുത്തും കൂടെ കൂട്ടുമ്പോള്‍ അതിനും സന്തോഷമാകുന്നു. കേരളത്തിലും കര്‍ണാടകയിലും ഒരുപാട് ചരിത്ര പുരുഷന്മാരുടെ ദര്‍ഗ്ഗയുണ്ട്. അതില്‍ ഒന്നാണ് ഉള്ളാളം സയ്യിദ് ശരീഫ് മദനിയുടേത്. അവരുടെ പേരില്‍ ഒരു ആടിനെ നേര്‍ച്ചക്കിട്ടാല്‍ അവരുടെ ആഗ്രഹം സഫലമായി കിട്ടുമെന്നാണ് വിശ്വാസം. കല്യാണം, വീട്, കുഞ്ഞ് ജനിക്കാന്‍, കടബാധ്യത തീരാന്‍ തുടങ്ങി എന്തെല്ലാമാണ് ഒരു വിശ്വാസിയുടെ മനസ്സിലുള്ള ആഗ്രഹം, അത് നിറവേറുമെന്ന വിശ്വാസത്തിലാണ് ആടിനെ ഉള്ളാളിലേക്ക് ആടിനെ നേര്‍ച്ച നേരുന്നത്. നേര്‍ച്ചയ്ക്കിട്ട മുട്ടനാട് ഉറൂസിന്റെ സമയമാകുമ്പോള്‍ കാല്‍നടയായി ഉള്ളാളം പള്ളി പരിസരത്ത് എത്തിച്ചേരും. ചില ആടുകള്‍ ട്രെയിനില്‍ കയറി എത്തിയ ചരിത്രവുമുണ്ട്. ഇന്ന് അത്തരമൊരു കാഴ്ച അന്യമാണ്. നേര്‍ച്ചയ്ക്കിട്ട മുട്ടനാടിനെ കാണാനില്ല. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തിന് ശേഷമാണ് ഇത്തരമൊരു കാഴ്ച ഇല്ലാതായതെന്നാണ് പറയുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it