ഉബൈദ് കൃതികള്‍; കലയുടെ മാന്ത്രികഭാവം പൂണ്ട ചരിത്രതന്തുക്കള്‍

ഒന്നാം എലിസബത്ത് രാജ്ഞി പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും ആയാണ് ഭരണം നടത്തിയത്. അക്കാലത്ത് ജീവിച്ച വിളിപ്പെട്ട കവിയും ഉജ്ജ്വലപ്രഭാവനായ യോദ്ധാവുമായിരുന്നു ഫിലിപ് സിഡ്‌നി (എ.ഡി. 1550-1604). ആര്‍ക്കേഡിയ ആണ് ഈ കവിയുടെ ഏറ്റവും കനപ്പെട്ട കവിതാ സമാഹാരം. ബാറ്റില്‍ ഓഫ് സുറ്റ്‌ഫെന്‍ എന്ന ശ്രദ്ധേയ യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയായി (1586 ഒക്‌ടോബര്‍ 17). മാരകമായ വെട്ടേറ്റ് മരണത്തോട് മല്ലിടുകയാണദ്ദേഹം. സഹിക്കാന്‍ വയ്യാത്ത ദാഹം. ഒരാള്‍ ഒരു കപ്പ് ദാഹജലം അദ്ദേഹത്തിന്റെ നേര്‍ക്ക് നീട്ടുന്നു. അതു കുടിക്കാതെ 'They need is greater than mine' എന്നരുളിക്കൊണ്ട് അദ്ദേഹം അടുത്തു കിടന്നു പിടയുന്ന മറ്റൊരു പട്ടാളക്കാരന് കൊടുക്കുവാന്‍ ശ്രമിക്കുന്നു. എന്തൊരവിശ്വസനീയമായ മാനുഷിക ബോധം.

'അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം' എന്നതിനപ്പുറമാണത്. മേല്‍ സംഭവത്തോട് ചേര്‍ത്തു കൊണ്ട് ഉബൈദിന്റെ 'പോര്‍ക്കളം തന്നിലും ധാര്‍മ്മിക സ്‌നേഹത്തിന്‍ വായ്പ്പു കുടി കൂടും' (ദുനിയാവിന്റെ മറിമായം) എന്ന വരികള്‍ വായിച്ചു നോക്കൂ. ഭൗതികമായ ഒരു മണ്ഡലത്തില്‍ നിന്ന് ആധ്യാത്മികമായ ഏതോ ഒരു ലോകത്തേക്ക് നമ്മെ ഉയര്‍ത്തും. അവിടെയാണ് ഉബൈദിന്റെ ഊക്ക്. ഒഴുക്കന്‍ വായനയില്‍ അറിയാന്‍ പറ്റാത്ത പലതും വരികളില്‍ സന്നിവേശിപ്പിച്ചതായി കാണാം. മാനുഷിക മൂല്യങ്ങളുടെയും ചരിത്രത്തിന്റെയും ധാര്‍മ്മിക ബോധത്തിന്റെയും അകമ്പടിയോടു കൂടി ആസ്വദിക്കുമ്പോള്‍ മാത്രമേ ഉബൈദിന്റെ രചനകളുടെ രഹസ്യ ലോകത്തേക്ക് പ്രവേശിക്കാന്‍ വായനക്കാര്‍ക്ക് സാധ്യമാകൂ.

എ.ഡി. 636 ഓഗസ്റ്റില്‍ നടന്ന യര്‍മുക്ക് യുദ്ധത്തില്‍ ഉണ്ടായ ഒരു മഹാസംഭവം ഹസ്രത്ത് അബൂജഹ്‌മ് ഇബ്‌നു ഹുസൈഫയായിരിക്കണം വിവരിച്ചത്, ഇങ്ങനെ സംഗ്രഹിക്കാം:

ഉറ്റ ബന്ധുവിനെ അനേ്വഷിച്ചു ലേശം വെള്ളവുമായി ഞാന്‍ യുദ്ധക്കളത്തിലെ മുന്‍നിരയിലേക്ക് നീങ്ങുകയായിരുന്നു. അവിടെ കണ്ടത് അന്ത്യശ്വാസം വലിക്കുന്ന ഒരു യോദ്ധാവിന്റെ കരളലിയിക്കുന്ന കാഴ്ചയായിരുന്നു. അല്‍പം കുടിവെള്ളം നല്‍കിയെങ്കിലും അദ്ദേഹത്തെ സഹായിക്കാമെന്നു കരുതി. അദ്ദേഹത്തിനു സമീപം ചെല്ലുമ്പോഴുണ്ട് തൊട്ടടുത്ത്, മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പടയാളിയുടെ ദീനരോദനം. വെള്ളം ആദ്യമായി ആ പട്ടാളക്കാരന് നല്‍കാന്‍ ആദ്യത്തെയാള്‍ ആംഗ്യം കാണിച്ചു. അവിടെയെത്തിയപ്പോള്‍ അയാളും വെള്ളം കുടിക്കാതെ മറ്റൊരു സ്വഹാബിക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. അത് ഹിശാമിബ്‌നു അബീല്‍(റ) ആയിരുന്നു എന്നു ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ ഹിശാമിന്റെ അടുത്തെത്തുന്നതിനു മുമ്പേ, അദ്ദേഹം വേറൊരാള്‍ക്ക് നല്‍കാനാണ് ആംഗ്യം കാണിച്ചത്. എന്തു പറയേണ്ടൂ! ഞാന്‍ വെള്ളവുമായി സമീപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ പിരിഞ്ഞിരുന്നു. ഉടനെ ഞാന്‍ ഓടിയത് ഹിശാമിന്റെ അടുത്തേക്ക്. ഹിശാമും ശഹീദായിരിക്കുന്നു. ഞാന്‍ നേരത്തെ പറഞ്ഞ ബന്ധുവിനെ ലക്ഷ്യമാക്കി വെള്ളം നല്‍കാന്‍ ഓടി. കഷ്ടം അദ്ദേഹവും മറ്റു രണ്ടു പേരും ഒരേ വഴിയില്‍ അന്ത്യയാത്ര തിരിച്ചിരിക്കുന്നു.

ഇന്ന് ഇത് കേള്‍ക്കുന്ന ഒരാള്‍ക്ക് ഫിക്ഷനെന്നേ തോന്നൂ. ചതുരംഗപ്പലകയിലെ കശേരുക്കളെപ്പോലെ പട്ടാളക്കാര്‍ പരസ്പരം പോരടിച്ച് കശാപ്പു ചെയ്യുന്നതിനിടക്ക് മാനുഷികബോധമോ! പക്ഷേ യുദ്ധക്കളത്തില്‍ നാം കണ്ടത് ഭൗതികബോധവും പാരത്രിക ബോധവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. മരണത്തെ നേര്‍ക്കുനേര്‍ക്കു കണ്ടുമുട്ടുമ്പോള്‍, കലശമായ ദാഹം കൊണ്ട് തൊണ്ട വരളുമ്പോള്‍ ലേശം വെള്ളം സ്വീകരിക്കുന്നതും കുടിക്കുന്നതും ഭൗതികതയുടെ ഭാഗമാണ്. തന്നെക്കാളേറെ ഒരുപക്ഷേ തന്നെപ്പോലെ തന്നെ അതാവശ്യമുള്ള സഹോദരന് നല്‍കുന്നത് ആധ്യാത്മികബോധവും. ദേഹേച്ഛയുടെ പാച്ചിലിനെ അതെത്ര കടുപ്പമുള്ളതാണെങ്കിലും പിടിച്ചുനിര്‍ത്തി ആധ്യാത്മികതയ്ക്ക് മുന്‍ഗണന നല്‍കുന്ന മഹാസംഭവങ്ങളാണ് ഇവിടെ കാണുന്നത്. ഈ ലോകത്ത് അള്ളിപ്പിടിക്കുന്ന അസ്മാദൃശന്മാര്‍ക്ക് പക്ഷേ അത് സാധ്യവുമല്ല.

ഈ മുന്‍ഗണനാ സിദ്ധാന്തത്തിന്റെ ജ്വലിക്കുന്ന മാതൃക ചരിത്രകാരന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങളിലൊന്നാണ് ഹിജ്‌റ. 53 വയസ്സുണ്ടായിരുന്നപ്പോഴാണ് പ്രവാചകന്‍ അനുചരന്മാരോടൊപ്പം മക്കയില്‍ നിന്നു മദീനയിലേക്കുള്ള ഹിജ്‌റ നിര്‍വ്വഹിച്ചത്.

അറബി മാസം റബീഉല്‍ അവ്വല്‍ ഒരു വ്യാഴാഴ്ച ആയിരുന്നു അത്. മാസം 12ന് അവര്‍ മദീനയിലെത്തി. ജീവിതകാലമുടനീളം സമ്പാദിച്ച വിഭവങ്ങളെല്ലാം ഉപേക്ഷിച്ചവര്‍. അവരെ തുല്യതയില്ലാത്ത സ്‌നേഹം കൊണ്ട് അന്‍സാരികള്‍ വീര്‍പ്പുമുട്ടിച്ചു. ആ സമാഗമം മദീനയില്‍ ഉത്സവത്തിന്റെ പ്രതീതി ഉളവാക്കി. രണ്ടു ഒട്ടകങ്ങളുള്ള അന്‍സാരി അതിലൊരെണ്ണം മുഹാജിറിനു കൊടുക്കാന്‍ ആവേശം കാണിക്കുന്നു. രണ്ടു വീടുണ്ടെങ്കില്‍ ഒരെണ്ണം മുഹാജിറിനും. അങ്ങനെ ചില്ലിക്കാശില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത ഫഖീറുകളായി വന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും അന്‍സാറുകള്‍ ഉണ്ടാക്കുകയാണ്. ഇങ്ങനെ ആതിഥ്യമരുളിയ ഒരു ജനതയെ ലോകചരിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. ഖുര്‍ആന്‍ പ്രശംസിച്ചു; 'തങ്ങള്‍ക്കു തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നു'.

ഇത്തരം ഗുണപാഠങ്ങളാണ് ഉബൈദ് രചനകളുടെ മൂലതന്തു. അദ്ദേഹം ചമയ്ക്കുന്ന സാഹിത്യം ചരിത്രത്തിന്റെയും സത്യകഥയുടെയും പിന്‍ബലത്തിലാണ്. അതിന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തന്നെ ഒരു പ്രകാശം ദൃശ്യമാകും. അകത്തോട്ട് പോകെപ്പോകെ ആയിരം സൂര്യചന്ദ്രാദികള്‍ ഉദിച്ചുയരും. ഈ സിദ്ധിയുള്ള പ്രതിഭാശാലികള്‍ കുറയും.

ഉബൈദിന് ആവോളം അത് ഉണ്ടെങ്കിലും അധികമാരും മനസ്സിലാക്കിയില്ല. പഠനവും ഗവേഷണവും ആവശ്യപ്പെടുന്ന അക്ഷയഖനിയാണ് ഉബൈദ് കൃതികള്‍.

-അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it