പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി; വിദ്യാലയങ്ങള്‍ ഉണര്‍ന്നു

ഗൃഹാതുരത്വമുണര്‍ത്തുന്ന വേനലവധിക്കാലത്തിന്റെ അന്തരീക്ഷത്തിന് വിടചൊല്ലി അക്ഷരക്കൂട്ടങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കാലമാണിനി. മാറ്റങ്ങളുടെ സാക്ഷ്യമാകുന്ന പഠനകാലം.
വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വീണ്ടും തുറന്നു. സന്തോഷകരമായ ഒരു അധ്യയന വര്‍ഷത്തിന് വീണ്ടും തുടക്കം.
കുട്ടികള്‍ ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും ആരവവുമായാണ് കലാലയങ്ങളിലെത്തിയത്. ഇനി പത്തു മാസം പഠന-പഠനേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ കുരുന്നുകള്‍ തയ്യാറാകുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന വേനലവധിക്കാലത്തിന്റെ അന്തരീക്ഷത്തിന് വിടചൊല്ലി അക്ഷരക്കൂട്ടങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന കാലമാണിനി. മാറ്റങ്ങളുടെ സാക്ഷ്യമാകുന്ന പഠനകാലം. കളിച്ചു ചിരിച്ചുല്ലസിച്ച് നടന്ന കുട്ടിക്കാലം ഇന്ന് പലര്‍ക്കും അന്യമാണ്. പുതിയ തലമുറ പലതിനെയും മറക്കുന്നു.
സാമൂഹിക ബന്ധങ്ങളുടെ കൂട്ടുകെട്ട് അകറ്റി തങ്ങളുടെ ലോകത്ത് വിഹാരം നടത്തുന്നവരായി മാറി. അറിഞ്ഞോ അറിയാതെയോ ഒറ്റപ്പെട്ടു പോകുന്നവരായി മാറുന്നു. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ജീവിതരീതിയാകെ മാറ്റി മറിച്ചു. പന്ത് ഉരുട്ടാനും മാവിലേക്ക് കല്ലെറിയാനും ഇന്നിന്റെ മക്കള്‍ മത്സരിക്കുന്നില്ല.
കലാലയ ജീവിതം ഓര്മ്മപ്പെടുത്തലിന്റേത് കൂടിയാകുന്നു. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും തിരിഞ്ഞുനോക്കുമ്പോള്‍ സുഖകരവും അനുഭവങ്ങള്‍ നിറഞ്ഞതുമാണ് ആ കാലം. ഉത്തരവാദിത്വങ്ങള്‍ ഇല്ലാത്ത, വേവലാതി ഇല്ലാത്ത, സ്വതന്ത്രമായ കാലം. ഓരോ വര്‍ഷവും കടന്നുപോകുമ്പോഴും അനുഭവങ്ങളുടെ സമ്പാദ്യം ഏറിവരുന്നു. മണ്ണിലും ചെളിയിലും വെയിലത്തും വിശാലമായി കളിച്ച് രസിച്ച് പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കാലം തിരിച്ചു കിട്ടാന്‍ ആരും കൊതിക്കുന്നു.
ഓരോ അധ്യയന വര്‍ഷവും മാറ്റങ്ങളുടെതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും വിദ്യാലയങ്ങളിലും ഉണ്ടാക്കിയ മാറ്റം വലുതാണ്. നഷ്ട കണക്കിന്റെ പേരില്‍ അടച്ചുപൂട്ടാനൊരുങ്ങിയ വിദ്യാലയങ്ങളെ തിരിച്ചു കൊണ്ടുവന്ന് സാധാരണക്കാരന്റെ മക്കള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കി. അടിസ്ഥാന സൗകര്യമൊരുക്കിയും അക്കാദമിക്ക് രംഗത്ത് പുത്തനുണര്‍വ്വ് ഉണ്ടാക്കിയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. കേരളത്തിലെ വിദ്യാലയങ്ങളില്‍ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. പഠനം ഉത്സവ പ്രതീതിയില്‍ ആയതോടെ കുട്ടികളുടെ വരവ് കൂടി വിദ്യാലയ മുറ്റത്ത് ഉത്സവാന്തരീക്ഷമായി. കേവലം പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുക എന്ന അധ്യാപകരുടെ ചുമതലയില്‍ മാറ്റമുണ്ടായി. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ പരീക്ഷ പേപ്പറുകളിലേക്ക് ഛര്‍ദ്ദിക്കുക എന്ന വിദ്യാര്‍ത്ഥിയുടെ ജോലിയും മാറി. ചുറ്റും നടക്കുന്ന കാര്യങ്ങളെ പരീക്ഷണ-നിരീക്ഷണ മനോഭാവത്തോടെ മനസ്സിലാക്കി വിലയിരുത്തുക എന്നതായി പുതിയ വിദ്യഭ്യാസ രീതി. എന്ത് പഠിക്കണം എന്നതിനപ്പുറം എങ്ങനെ പഠിക്കണം എന്നതിനായി പ്രത്യേകത.
പൊതുവിദ്യാലയങ്ങള്‍ ഇന്ന് ഏറെ സജീവമാണ്, വലിയ മാറ്റങ്ങളോടെ. വിദ്യാലയങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് കണ്ടുവരുന്നത്. രക്ഷാകര്‍ത്താക്കളും വിദ്യാലയത്തിന്റെ ഭാഗമായി മാറുകയാണ്. പുത്തനുണര്‍വ് നല്കി തങ്ങളുടെ മക്കളെ വിദ്യാലയത്തിലേക്ക് പറഞ്ഞുവിടാന്‍ രക്ഷകര്‍ത്താക്കള്‍ താല്പര്യപ്പെടുന്നതാണ് പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ നിലവാരവും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അക്കാദമിക്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും പഠന ഗുണനിലവാരത്തിന്റെ ഗ്രാഫ് ഉയര്‍ത്താന്‍ കാരണമായി. വിരസതയകറ്റിയുള്ള പഠനം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റത്തിന് കാരണമായി. വിദ്യാലയങ്ങളില്‍ കുട്ടികളെ വരവേറ്റുകൊണ്ടുനടന്ന പ്രവേശനോത്സവം അതിന്റെ തെളിവാണ്. സന്തോഷത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന കുട്ടികള്‍ ഉത്സവാന്തരീക്ഷത്തില്‍ പഠിച്ചു വളര്‍ന്ന് നാളത്തെ വാഗ്ദാനങ്ങളായി മാറട്ടെ. നിഷേധിക്കപ്പെടാത്ത അവകാശമായി നമ്മുടെ കുട്ടികള്‍ക്ക് വിദ്യഭ്യാസം മാറട്ടെ; ഈ അധ്യയന വര്‍ഷം അതിന് സാക്ഷ്യം വഹിക്കട്ടെ.