തായലങ്ങാടി; അരനൂറ്റാണ്ട് മുമ്പ് കാസര്‍കോടിന്റെ രാഷ്ട്രീയ പ്രഭാവകേന്ദ്രം

അമ്പത് വര്‍ഷം മുമ്പുവരെ കാസര്‍കോടിന്റെ മാറക്കാന സ്റ്റേഡിയമായിരുന്നു തായലങ്ങാടി പള്ളിക്കണ്ടം. ഇവിടത്തെ മൊത്തം കായികരംഗം അന്ന് തായലങ്ങാടിയിലായിരുന്നു. പിന്നീടാണ് കളിയും കളിക്കളവും തളങ്കരയിലേക്ക് കൂട് മാറിയത്. ഇവിടത്തെ പള്ളിക്കണ്ടത്തിലായിരുന്നു അന്ന് അവിഭക്ത കണ്ണൂര്‍ ജില്ലാ ലീഗ് സമ്മേളനം വരെ അരങ്ങേറിയത്. അഖിലേന്ത്യാ പ്രസിഡണ്ട് ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് കാസര്‍കോട്ട് പങ്കെടുത്ത ആദ്യ സമ്മേളനവും തായലങ്ങാടിയിലായിരുന്നു.

കാസര്‍കോട് നഗരം വികസിക്കുന്നതിന് മുമ്പ് നഗരമുഖമായി അറിയപ്പെട്ടിരുന്ന തായലങ്ങാടിയുടെ കഥ ചികയുന്നത് കൗതുകകരമാണ്. പ്രത്യേകിച്ചും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡ് എന്ന നിലയില്‍ തായലങ്ങാടി ഒരുകാലത്ത് കാസര്‍കോടിന്റെ വലിയങ്ങാടി ആയിത്തന്നെയാണ് പ്രവര്‍ത്തിച്ചതും അറിയപ്പെട്ടതും. കോടതി സമുച്ചയങ്ങളും താലൂക്ക് ഓഫീസും ജയിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ഓഫീസുമൊക്കെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. കോടതികളും വിദ്യാഭ്യാസ ഓഫീസുകളുമൊക്കെ ഇവിടെ നിന്ന് മാറിയെങ്കിലും താലൂക്ക് ഓഫീസും ജയിലുമൊക്കെ തായലങ്ങാടിയോട് തൊട്ടുചേര്‍ന്ന് ഇപ്പോഴും ഇവിടെത്തന്നെ പ്രവര്‍ത്തിച്ചുവരുന്നു. എന്തിനധികം പറയുന്നു, തായലങ്ങാടിക്ക് തൊട്ടടുത്ത് തന്നെയുള്ള മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്താണ് കാസര്‍കോട് പഞ്ചായത്ത് ഓഫീസും നഗരസഭ നിലവില്‍ വന്നപ്പോള്‍ ആദ്യകാലത്ത് നഗരസഭ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്.

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോഴേക്കും ആദ്യം കിട്ടുന്ന റോഡ് എന്ന നിലയില്‍ തായലങ്ങാടിയിലാണ് ഒരുകാലത്ത് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റി ഓഫീസുകളടക്കം പ്രവര്‍ത്തിച്ചിരുന്നത്.

1965ലാണ് കാസര്‍കോട് കേരളത്തിന്റെ ഭാഗമായത്. അതുവരെ കര്‍ണാടകയുടെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു. 1957ല്‍ കേരള നിയമസഭയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ ഇ.എം ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ അധികാരത്തിലെത്തി. പിന്നീടാണ് തായലങ്ങാടി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഭാവ കേന്ദ്രമായി മാറിയത്. ജില്ല രൂപവല്‍ക്കരണത്തിന് മുമ്പ് ഇവിടത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിംലീഗിന്റെ താലൂക്ക് കമ്മിറ്റി ഓഫീസ് തായലങ്ങാടിയിലായിരുന്നു. അതിനടുത്ത മുറിയില്‍ അന്നത്തെ കേരള രാഷ്ട്രീയത്തിലെ മോശമല്ലാത്ത ശക്തിയായിരുന്ന പി.എസ്.പിയുടെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫീസ് പരിസരത്ത് നിന്നാണ് 1959ലെ വിമോചന സമരത്തില്‍ താലൂക്ക് ഓഫീസ് പിക്കറ്റിംഗിന് പ്രകടനം പുറപ്പെട്ടത്.

കാസര്‍കോടിന്റെ ആദ്യത്തെ പാര്‍ലമെന്റ് മെമ്പറും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലന്‍, ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്, വി.എസ് അച്ചുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി സി. അച്ചുതമേനോല്‍ മുതലായവരെല്ലാം അന്ന് കാസര്‍കോട്ട് വരുമ്പോള്‍ തായലങ്ങാടിയിലായിരുന്നു തമ്പടിച്ചിരുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി ഓഫീസ് റെയില്‍വെ ഗേറ്റിനടുത്ത് ഇന്ന് യഫാ തായലങ്ങാടി എന്ന സാംസ്‌കാരിക സംഘടനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്, പൊയക്കര ഹാജിയുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീട്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നേതാക്കള്‍ താമസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അന്ന് സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. ടെലിഫോണുകള്‍ അത്രയ്ക്കങ്ങ് ഉപയോഗത്തിലില്ലായിരുന്ന ആ കാലത്ത് തായലങ്ങാടി ബപ്പിടി ഹൗസിലെ ടെലിഫോണാണ് നേതാക്കളടക്കം ഉപയോഗിച്ചിരുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണായിരുന്നു കാസര്‍കോടിന്റെ വടക്കുഭാഗം. കര്‍ണാടക ഏരിയയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മികച്ച സ്വാധീനം ഉണ്ടായിരുന്നു. ഭാഷാ പ്രശ്‌നവും വര്‍ഗീയതയും മുഴച്ചുനിന്നതോടെ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചു. ജനസംഘത്തിന്റെ പുതിയ രൂപമായ ബി.ജെ.പിയുടെ മികച്ച വളര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിച്ചു. ഇന്നാണെങ്കില്‍ ഇവിടത്തെ മികച്ച ശക്തി ഒന്നും രണ്ടും സ്ഥാനം മുസ്ലിംലീഗിനും ബി.ജെ.പിക്കുമാണ്. എന്നിരുന്നാലും മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടോ മൂന്നോ പഞ്ചായത്തില്‍ ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തരക്കേടില്ലാത്ത സ്വാധീനമുണ്ട്. ജനദാളിന്റെ പ്രതാപ കാലത്ത് അവരുടെ ജില്ലാ കമ്മിറ്റി ഓഫീസ് തായലങ്ങാടി തളങ്കര ബില്‍ഡിംഗിലെ വിശാലമായ മുറിയിലായിരുന്നു. അന്ന് നഗരപരിസരത്ത് ദളിന് മികച്ച സ്വാധീനം ഉണ്ടായിരുന്നു. കേരളഭരണത്തില്‍ രണ്ട് വ്യാഴവട്ടകാലം സ്ഥിര പ്രതിഷ്ഠനേടിയിരുന്നതാണ്.

വി.പി സിംഗിന്റെ പ്രധാനമന്ത്രി സ്ഥാനം ഇവിടത്തെ മതേതര വാദികള്‍ക്ക് പ്രചോദനവും ആവേശവുമായിരുന്നു. പിന്നീട് പാര്‍ട്ടി പല കഷ്ണങ്ങളായി മാറിയതോടെ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയായിരുന്നു. ഇന്ന് കര്‍ണാടകയില്‍ മാത്രമെ പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നുള്ളൂ.

നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് അരനൂറ്റാണ്ടോളം ഭരണചക്രം തിരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ ജില്ലാ കമ്മിറ്റി ഓഫീസ് തായലങ്ങാടിയിലായിരുന്നു. ഇന്ന് ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന ഖിളര്‍ ജുമാ മസ്ജിദിന്റെ മുന്‍വശത്തെ റസാഖ് ഹാജിയുടെ പുരയിടമായിരുന്നു, വിദ്യാനഗറില്‍ സ്വന്തം ഉടമസ്ഥതയില്‍ ഓഫീസ് നിലവില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഭവനം. അന്ന് ഐ. രാമറായ് എം.പിയായിരുന്നു ജില്ലാ പ്രസിഡണ്ട്. ഇന്നത്തെക്കാളും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണര്‍വ്വും ഉത്സാഹവും ഉണ്ടായിരുന്ന കാലമായിരുന്നു അത്.

ആള്‍ക്കാരുടെ യാത്ര കൂടുതലും റെയില്‍വെയിലായത് കൊണ്ട് തൃക്കരിപ്പൂര്‍ മുതലുള്ള കോണ്‍ഗ്രസുകാരുടെ കൂട്ടം അന്ന് തായലങ്ങാടിയെ ഒരു തിരക്കുള്ള അങ്ങാടിയാക്കി മാറ്റി. അന്ന് രാജീവ്ഗാന്ധിയുടെ ഭരണമായത് കൊണ്ടായിരിക്കണം ഇവിടെ യൂത്ത് കോണ്‍ഗ്രസ് ശക്തമായിരുന്നു.

കാല്‍നൂറ്റാണ്ട് കാലം സി.പി.ഐയുടെ കമ്മിറ്റി ഓഫീസ് തായലങ്ങാടിയിലായിരുന്നു. പഴയ ജില്ലാ വിദ്യാഭ്യാസ ഓഫീസിനടുത്തുള്ള പഴയ കെട്ടിടത്തിന്റെ മാളിക മുകളില്‍. പിന്നീട് നുള്ളിപ്പാടിയില്‍ ജില്ലാ കമ്മിറ്റി ഓഫീസ് നിലവില്‍ വന്നപ്പോള്‍ തായലങ്ങാടിയിലെ ഈ ഓഫീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം എ.ഐ.ടി.യു.സി ഓഫീസായി ഈ അടുത്ത കാലം വരെ നിലനിര്‍ത്തിയിരുന്നു. റെയില്‍വെ സ്റ്റേഷനടുത്തുള്ള കേന്ദ്രമായത് കൊണ്ട് പാര്‍ട്ടിക്കാര്‍ക്കൊരു അഭയകേന്ദ്രമായിരുന്നു ഇവിടം.

അച്ചുതമേനോന്‍ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവിടെ സന്ദര്‍ശകരുടെ വലിയ തിരക്കായിരുന്നു. പള്ളിക്കാലിലെ ഇസ്ലാമിയ ടൈല്‍ കമ്പനിയിലെ തൊഴിലാളികളുടെ കേന്ദ്രവും ഇവിടെയായിരുന്നു. തൊഴിലാളികളില്‍ മിക്കവരും എ.ഐ.ടി.യു.സി യൂണിയനില്‍പെട്ടവരായിരുന്നു എന്നതാണ് വാസ്തവം.

ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആരംഭകാലത്ത് 1995 മുതല്‍ 2005 വരെ അവരുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും തായലങ്ങാടിയിലാണ്. തായലങ്ങാടി പള്ളിക്കടുത്തുള്ള പഴയ ഓടിട്ട കെട്ടിടത്തിന്റെ വിശാലമായ ഹാളിലായിരുന്നു ഓഫീസ്. ഓഫീസിന്റെ പുറംഭാഗം ഇന്നും പച്ച നിറത്തില്‍ കുളിച്ച് നില്‍ക്കുന്നത് കാണാം. ഈ ഓഫീസില്‍ പാട്ട് സജീവമായിരുന്നു. രാത്രി വളരെ വൈകുംവരെ ജനസാന്നിധ്യമുണ്ടായിരുന്നു. ഇവിടെ ഓഫീസുണ്ടായിരുന്ന അക്കാലം ഐ.എന്‍.എല്‍ പാര്‍ട്ടിയുടെ വസന്തകാലമായിരുന്നു എന്നതാണ് പരമാര്‍ത്ഥം. അക്കാലത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍-ഇടത് കൂട്ടുക്കെട്ട് മികച്ച വിജയം നേടുകയും കാസര്‍കോട് മുനിസിപ്പാലിറ്റിയും ജില്ലയിലെ ഏതാനും പഞ്ചായത്തുകളും ഭരിക്കുകയും ചെയ്തു. ചെങ്കള, ദേലംപാടി പഞ്ചായത്തുകളില്‍ ഐ.എന്‍.എല്ലിനായിരുന്നു ഭരണം. കാസര്‍കോട് നഗരസഭാ ഭരണത്തില്‍ നിന്ന് ആദ്യമായി മുസ്ലിംലീഗിനെ പുറത്താക്കിയ ചരിത്രവും 1995ലെ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിന് അവകാശപ്പെടാനുണ്ട്. ഐ.എന്‍.എല്ലിന്റെ പിന്തുണയോടെ ഇടത് സ്വതന്ത്രന്‍ എസ്.ജെ പ്രസാദ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ അസ്തമനത്തോടെ കോണ്‍ഗ്രസില്‍ പിറന്ന് വീണ കുട്ടിയാണ് കോണ്‍ഗ്രസ് എസ്. കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രി എ.സി ഷണ്‍മുഖദാസും, മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ നായനാരെ തോല്‍പ്പിച്ച് 1971ല്‍ കാസര്‍കോട്ട് നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ യുവനേതാവ് കന്നപ്പള്ളി രാമചന്ദ്രനും, പീതാംബരന്‍ മാസ്റ്ററും മുതലായവരും നേതൃനിരയിലുണ്ടായ കോണ്‍ഗ്രസ് എസിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഒന്നരപതിറ്റാണ്ട് കാലം തായലങ്ങാടിയില്‍ പി.ആര്‍ അസോസിയേറ്റ്‌സ് സ്ഥാപനത്തിന്റെ മുകളിലെ നിലയിലായിരുന്നു. പി.ആര്‍ രാഘവനും അന്ന് പാര്‍ട്ടിയില്‍ സജീവമായിരുന്നു.

1968ല്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നു. അന്ന് മുതല്‍ ശക്തമായ പാര്‍ട്ടിയായ മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലായിരുന്നു മുനിസിപ്പല്‍ ഭരണം. ഇടയ്ക്ക് ഒരുതവണ ഒഴിച്ച് നിര്‍ത്തിയാല്‍ ഏതാണ്ട് അരനൂറ്റാണ്ട് കാലം കാസര്‍കോട് നഗരസഭ ഭരിച്ചത് മുസ്ലിംലീഗാണ്.

അമ്പത് വര്‍ഷം മുമ്പുവരെ കാസര്‍കോടിന്റെ മാറക്കാന സ്റ്റേഡിയമായിരുന്നു തായലങ്ങാടി പള്ളിക്കണ്ടം. ഇവിടത്തെ മൊത്തം കായികരംഗം അന്ന് തായലങ്ങാടിയിലായിരുന്നു. പിന്നീടാണ് കളിയും കളിക്കളവും തളങ്കരയിലേക്ക് കൂട് മാറിയത്.


ഇവിടത്തെ പള്ളിക്കണ്ടത്തിലായിരുന്നു അന്ന് അവിഭക്ത കണ്ണൂര്‍ ജില്ലാ ലീഗ് സമ്മേളനം വരെ അരങ്ങേറിയത്. അഖിലേന്ത്യാ പ്രസിഡണ്ട് ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് കാസര്‍കോട്ട് പങ്കെടുത്ത ആദ്യ സമ്മേളനവും തായലങ്ങാടിയിലായിരുന്നു. 1962ലാണത്. ഈ ജില്ലാ സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് പരേതരായ ടി.എ ഇബ്രാഹിം സാഹിബും എ.ആര്‍ കരിപ്പൊടിയും ചൂരി അബ്ദുല്ല ഹാജിയുമായിരുന്നു. ലീഗിന്റെ ജില്ലാ കൗണ്‍സില്‍, താലൂക്ക് കൗണ്‍സില്‍ യോഗങ്ങളും പഴയകാലത്ത് തായലങ്ങാടി മദ്രസ ഹാളിലായിരുന്നു സമ്മേളിച്ചിരുന്നത്. തായലങ്ങാടിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരുകാര്യം എന്നുപറയുന്നത്, രാജ്യസഭാംഗവും എം.എല്‍.എയും കാസര്‍കോട് നഗരസഭാ ചെയര്‍മാനും പി.എസ്.സി മെമ്പറും മുസ്ലിംലീഗിന്റെ സംസ്ഥാന ഭാരവാഹിയും ഒക്കെയായിരുന്ന ഹമീദലി ഷംനാടിന്റെ പേരില്‍ തായലങ്ങാടിയില്‍ ഒരു സ്മാരക സൗധം നിര്‍മ്മിക്കുന്നു എന്നതാണ്.

മുസ്ലിം ലീഗിന്റെ ഓഫീസായാണ് ഇത് പ്രവര്‍ത്തിക്കുകയെങ്കിലും ഹമീദലി ഷംനാടിന്റെ നാമഥേയത്തില്‍ ഒരു കെട്ടിടം തായലങ്ങാടിയില്‍ ഉയര്‍ന്നുവരുന്നത് നാട്ടുകാരില്‍ സന്തോഷം ജനിപ്പിച്ചിട്ടുണ്ട്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it