ഓരോ അധ്യാപകരും ഓരോ നിര്‍മ്മാണ ശിലയാകണം...

വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവ ഗുണമാണെന്നും സ്വഭാവ ഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്നും ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞുവെക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നത് ദൈവികമാണ്.

ഭാരതത്തെ ദര്‍ശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയര്‍ത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു: 'ഓരോ അധ്യാപകരും ഓരോ നിര്‍മ്മാണ ശിലയാകണം'. സെപ്തംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുമ്പോള്‍ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാര്‍ത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിര്‍മ്മാണ ശിലയായി അധ്യാപകന്‍ മാറണം .

മറ്റൊരര്‍ത്ഥത്തില്‍ 'അധ്യാപകന്‍ തലമുറകളെ വാര്‍ത്തെടുക്കുന്ന ശില്‍പിയാണ്. 'ശിലയില്‍ നിന്ന് ശില്‍പി ശില്‍പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ത്ഥിയെയും ഉത്തമ ശില്‍പങ്ങളായി വാര്‍ത്തെടുക്കുവാന്‍ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് താല്‍പര്യമുള്ള പദ്ധതികളില്‍ സ്വയം മുഴുകി മസ്തിഷ്‌കവും മനസും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗശേഷി ഉണരുക. സര്‍ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന്‍ ത്വരിതപ്പെടുത്തണം. അതിന് അധ്യാപകന്‍ കുട്ടികളെ സ്‌നേഹിക്കണം, മാര്‍ഗദര്‍ശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദ പൂര്‍ണ്ണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോധങ്ങള്‍ ഊട്ടി ഉറപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം.

ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ്സ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കര്‍മശോഷണവും ധര്‍മശോഷണവും സംഭവിച്ചു കൂടാ. ഏറ്റവും മൂല്യമുള്ള സത്പ്രവര്‍ത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകം ഇതാണ്: 'ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം, ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്നു കുറച്ചുപേര്‍ മരിച്ചേക്കാം, എന്നാല്‍ ഒരു അധ്യാപകന് വീഴ്ച വന്നാല്‍ ഒരു തലമുറയാണ് നശിക്കുക'. ഓരോ ശിലയും കരുതലോടെ കരുത്തോടെ ജാഗ്രതയോടെ എടുത്തുവെച്ച് വിദ്യാര്‍ത്ഥികളെ ഒരുക്കേണ്ട കാലഘട്ടമാണിത്. ഒരു നല്ല അധ്യാപകന്‍ ഒരുകൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു. അതുവഴി ഒരു നല്ല സമൂഹത്തെയും ഉന്നതമായ രാഷ്ട്രത്തെയും നിര്‍മ്മിക്കുകയാണ്.

വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ മുന്‍ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് നമ്മള്‍ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകദിനം ഒരു ഓര്‍മ്മപ്പെടുത്തലാണ്. അധ്യാപകന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈ മഹത്തായ സാമൂഹ്യ ഉത്തരവാദിത്വവും കര്‍ത്തവ്യവും പുനരര്‍പ്പണം ചെയ്യാന്‍ ഓരോ അധ്യാപകര്‍ക്കും കഴിയേണ്ടതുണ്ട്.

ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസിലെ കണക്കുകള്‍ അടിസ്ഥാനമാക്കി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെ സ്‌കൂള്‍ അധ്യാപകരുടെ എണ്ണം 2024-25 വര്‍ഷത്തില്‍ ഒരുകോടിയിലേറെയായി. 2023-24 ല്‍ അധ്യാപകരുടെ എണ്ണം 98,07,600 ആയിരുന്നത് 2024-25ല്‍ 1,01, 22,420 ആയി മാറി. അധ്യാപക -വിദ്യാര്‍ത്ഥി അനുപാതം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്ന് കണക്കാക്കപ്പെടുന്നു. വനിതാ അധ്യാപകരുടെ എണ്ണം 52.3 ശതമാനത്തില്‍ നിന്ന് 54. 2 ശതമാനമായി ഉയര്‍ന്നു. പഠനം നിര്‍ത്തി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഹൈസ്‌കൂള്‍ തലത്തില്‍ 13.8 ശതമാനത്തില്‍ നിന്ന് 8.2 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠനത്തിന് ചേരുന്നത് 48 ശതമാനത്തില്‍ നിന്ന് 48.3% ഉയര്‍ന്നിട്ടുമുണ്ട്. അധ്യാപക ദൗത്യം കൂടുതല്‍ അര്‍ത്ഥവത്തായി നിര്‍വഹിക്കപ്പെടേണ്ട കാലഘട്ടമാണിത്.

'കാടുകള്‍ നശിപ്പിക്കുകയല്ല, മരുഭൂമിയില്‍ ജലസേചനം നടത്തുകയാണ്' ആധുനിക അധ്യാപനത്തിന്റെ ദൗത്യം. പലതരം മാനസിക ഘടന ഉള്ളവരാണ് വിദ്യാര്‍ത്ഥികള്‍. നിരവധി പ്രശ്‌നങ്ങളെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്ത് 5.5 ലക്ഷം കുട്ടികള്‍ അരക്ഷിതരായ സാഹചര്യത്തില്‍ വളരുന്നു എന്ന് വനിതാ- ശിശു വികസന വകുപ്പ്, വീടുകളില്‍ നടത്തിയ വാള്‍നറബിലിറ്റി മാപ്പിംഗിലൂടെ കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍, മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന കുടുംബങ്ങള്‍, സ്ഥിരമായ കലഹങ്ങള്‍, കുട്ടികളോടുള്ള സ്‌നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികള്‍, മാതാപിതാക്കളുടെ പൊരുത്തക്കേടുകള്‍, ടോക്‌സിക് പാരന്റിംഗ്, ധാര്‍മ്മിക അധ:പതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍, പഠന വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കുട്ടികളെ അരക്ഷിതരും പ്രശ്‌നക്കാരുമായി മാറ്റിയിട്ടുണ്ട്. സ്‌നേഹം കൊണ്ടും സഹാനുഭൂതികൊണ്ടും മാത്രം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല. പല പ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലിങ്ങും സൈക്കോതെറാപ്പികളും സൈക്യാട്രിക് ചികിത്സകളും വേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ അധ്യാപകരും കൗണ്‍സിലര്‍മാരായി മാറേണ്ടതുണ്ട്. കൗണ്‍സിലിങ്ങിന്റെ ബാലപാഠങ്ങള്‍ എങ്കിലും അധ്യാപകര്‍ സ്വായത്തമാക്കിയെങ്കിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് കണ്ടെത്താനാവു.

കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അധ്യാപകരുടെ മനസ്സ് ശാന്തമാക്കണമെന്ന തിരിച്ചറിവില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ മൈന്‍ഡ് ഫുള്‍നെസ് പരിശീലനം ഈയിടെ നടത്തിയിരുന്നു. ഹയര്‍സെക്കണ്ടറി സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍, വി.എച്ച്.എസ്.ഇ. കരിയര്‍ മാസ്റ്റര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്. മറ്റ് അധ്യാപകര്‍ക്കും പരിശീലന അവസരങ്ങള്‍ ഭാവിയില്‍ നല്‍കും.

മൊബൈല്‍ ഫോണ്‍ മാറ്റിവെച്ച് രണ്ടുദിവസം ഒന്നും സംസാരിക്കാതെ, വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് മൂന്നുദിവസത്തെ ധ്യാനമാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്. ശ്വസന നിയന്ത്രണത്തിലൂടെയും മൗനത്തിലൂടെയും ഏകാഗ്രമായി തങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുകയാണ് മൈന്‍ഡ് ഫുള്‍നെസിന്റെ വഴി. 'മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചപ്പോള്‍ തന്നെ സമ്മര്‍ദ്ദം പാതിയായി. മൂന്നാം ദിവസം മൗനം മുറിച്ചപ്പോഴേക്കും പുതുജന്മം പോലെ....' എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെങ്കില്‍ അവരോട് സഹാനുഭൂതിയുണ്ടാകണം. മാനസിക സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് ഉണ്ടാവില്ല.

കുട്ടികളുടെ സമ്മര്‍ദ്ദങ്ങള്‍ കുറച്ച്, അരുതുകളും ആജ്ഞകളും ഒഴിവാക്കി, കാര്‍ക്കശ്യങ്ങളുടെ ചൂരല്‍ ഭാഷയില്ലാതെ കുഞ്ഞുങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ അധ്യാപകര്‍ക്ക് കഴിയണം. ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാത്തവിധം താക്കീതുകളോ തിരുത്തലുകളോ നല്‍കാന്‍ കഴിയണം.

കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അടുത്തറിയാന്‍ മാതാപിതാക്കള്‍ക്കും സഹരക്ഷിതാക്കളായ അധ്യാപകര്‍ക്കും സാധിക്കണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും. ഇവ കുഞ്ഞുങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളാകണം. കരുതലും കരുണയും കാവലും സ്‌നേഹവും നല്‍കി കുട്ടികളെ പ്രചോദിപ്പിക്കണം. തിരുത്താനും ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുമുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും സ്‌നേഹശാസനകളുമാണ് നല്‍കേണ്ടത്. നോവുകള്‍ സമ്മാനിക്കാതെ കുട്ടികള്‍ തിരുത്തപ്പെടമെന്ന ഉദ്ദേശത്തോടെയുള്ള സമീപനങ്ങളാണ് അഭികാമ്യം. സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ പുലരേണ്ടത്.

1990 കളില്‍ ഉയര്‍ന്നുവന്ന പോസിറ്റീവ് സൈക്കോളജി പഠനത്തിലും ജീവിതത്തിലും പരമപ്രധാനം സന്തുഷ്ടയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍ഗാത്മകത, പരിശ്രമശീലം, സഹാനുഭൂതി, ജിജ്ഞാസ, പ്രേരണ, സംഘപ്രവര്‍ത്തനം തുടങ്ങിയവ സന്തുഷ്ടി വര്‍ധിപ്പിക്കും. മന:ശാസ്ത്രജ്ഞനായ ജൊഹാന്‍ പെസ്റ്റലോസി സന്തോഷവും പഠനവും തമ്മില്‍ പരസ്പരബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ സന്തുഷ്ടിയാണ് മനുഷ്യന്റെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. മാനസികാരോഗ്യം വര്‍ധിപ്പിക്കുന്ന തലങ്ങളിലേക്ക് പരിശീലന പരിപാടികള്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കണം. അധ്യാപകരും വിദ്യാര്‍ത്ഥികളും സഹപാഠികളും തമ്മില്‍ തമ്മില്‍ നല്ല ബന്ധവും അര്‍ത്ഥപൂര്‍ണ്ണമായ പാഠ്യപദ്ധതിയും ഉണര്‍വേകുന്ന മനോ-ഭൗതിക സാഹചര്യങ്ങളും പഠന സന്നദ്ധതയുള്ള വിദ്യാര്‍ത്ഥികളും സംജാതമായാല്‍ മാനസിക സംഘര്‍ഷം ഗണ്യമായി കുറയും. സന്തുഷ്ടിയുടെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മാനങ്ങളില്‍ വ്യാപിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടുത്താല്‍ മാത്രമേ വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാന്‍ കഴിയു.

വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവ ഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്നും ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞുവെക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നത് ദൈവികമാണ്. മനുഷ്യത്വത്തില്‍ നിന്ന് ഒരുവനെ ദൈവീകതയിലേക്ക് ഉയര്‍ത്തുന്നവനാണ് ആചാര്യന്‍. അധ്യാപകന്റെ വിളി സവിശേഷമായ ഒന്നാണ്. ആ വിളിയെ ദൈവ വിളിയായി തന്നെ കാണണം. സമൂഹത്തിനുള്ള ഈശ്വരന്റെ വരദാനമാണ് അധ്യാപകന്‍.

ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരം അധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ് ആകാനും അവരുടെ ജീവിത വഴികളില്‍ ദിശാസൂചകങ്ങള്‍ ആകാനും അധ്യാപകന് കഴിയുമ്പോഴെ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണ്ണത കൈവരിക്കുകയുള്ളൂ. അധ്യാപനം സ്‌നേഹത്തിന്റെയും പ്രേരണയുടെയും കലയാണ്. നനഞ്ഞ സിമന്റിന് സമാനമാണ് കുട്ടികളുടെ മനസ്. അവിടെ പതിയുന്ന മുദ്രകള്‍ കാലങ്ങളോളം നിലനില്‍ക്കും. അതിനാല്‍ ഏറ്റവും കരുതലോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് അധ്യാപനം. അധ്യാപകന്‍ സര്‍വ്വ ഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയസങ്കല്‍പം. 'തൈത്തരീയ ഉപനിഷത്തില്‍' അധ്യാപകന്‍ ദൈവത്തിന്റെ പ്രതീകമാണ്. 'കഠോപനിഷത്തിന്റെ' കാഴ്ചപ്പാട് അനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശ വാഹകനാണ്. നിത്യ നന്മകളുടെ ഉറവിടമാകണം അധ്യാപകന്‍. കുട്ടികളുടെ മുന്നില്‍ അബദ്ധത്തില്‍ പോലും ദുര്‍മാതൃകയായി അധ്യാപകന്‍ പ്രത്യക്ഷപ്പെടരുത്. കുട്ടികള്‍ അവരുടെ കാതുകളെക്കാള്‍ കണ്ണുകളെയാണ് വിശ്വസിക്കുക. അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ഉത്തമ മാതൃകയായാണ് വീക്ഷിക്കുന്നത്. അതിനാല്‍ അധ്യാപകന്റെ നോട്ടം, വാക്ക്, പ്രവര്‍ത്തി എന്നിവ സൂക്ഷ്മവും നിതാന്ത ജാഗ്രതയോട് കൂടിയതുമാകണം. അധ്യാപകന്റെ ധര്‍മ്മപ്പിഴ സമൂഹത്തെ മൊത്തമായി ബാധിക്കും. 'ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തിയൊന്ന് പിഴയ്ക്കും ശിഷ്യന്' എന്ന പഴമയുടെ പ്രയോഗം അര്‍ത്ഥവത്താണ്. ചുരുക്കത്തില്‍ ഒരു വിദ്യാര്‍ത്ഥി കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ആയിരിക്കണം അധ്യാപകന്‍.

Related Articles
Next Story
Share it