ഉബൈദ്: ചാരിയവരിലേക്കു പ്രസരിക്കുന്ന സുഗന്ധം

കവി ടി. ഉബൈദിന്റെ വേര്‍പാട് ദിനം കടന്നുവരികയാണ്. ഈ ഒക്‌ടോബര്‍ 3ന് ഉബൈദില്ലാത്ത 53-ാം വര്‍ഷം കടന്നുപോവുന്നു

അനവധി പ്രബുദ്ധ വ്യക്തിത്വങ്ങള്‍ കടന്നുപോയ പ്രദേശമാണ് ഇന്നത്തെ കാസര്‍കോട് ജില്ല. തനതായ ഒരു പൈതൃകം കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശത്ത് ജീവിച്ചു മണ്‍മറഞ്ഞ ജീനിയസ്സുകള്‍, പക്ഷെ, നാടിന്റെ ഭൂപടത്തില്‍ അര്‍ഹിക്കുന്ന ഇടം നേടിയില്ല-ചരിത്രപരമായ കാരണങ്ങളാല്‍.

സാഹിത്യ, രാഷ്ട്രീയ, മത, വൈദ്യ മേഖലകളില്‍ മായാത്ത വ്യക്തിമുദ്ര സ്ഥാപിച്ച അനവധി പ്രബുദ്ധ വ്യക്തിത്വങ്ങള്‍ കടന്നുപോയ പ്രദേശമാണ് ഇന്നത്തെ കാസര്‍കോട് ജില്ല. തനതായ ഒരു പൈതൃകം കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശത്ത് ജീവിച്ചു മണ്‍മറഞ്ഞ ജീനിയസ്സുകള്‍, പക്ഷെ, നാടിന്റെ ഭൂപടത്തില്‍ അര്‍ഹിക്കുന്ന ഇടം നേടിയില്ല-ചരിത്രപരമായ കാരണങ്ങളാല്‍. ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും ശ്രദ്ധയും ഇങ്ങോട്ടേക്ക് വേണ്ടപോലെ തിരിഞ്ഞുമില്ല. തിരിഞ്ഞിരുന്നെങ്കില്‍ ലോകോത്തര സാഹിത്യകാരന്മാരുടെ പട്ടികയില്‍ മേല്‍പറഞ്ഞ പ്രതിഭകളുടെ പേരുകളും തിളങ്ങിക്കണ്ടേനേ. വേദന വിതയ്ക്കുന്ന ഈ വസ്തുത തോമസ് ഗ്രേ ഒരവസത്തില്‍ ഒരു സെമിത്തേരിയിലിരുന്നു പാടിയ പ്രശസ്ത വരികളെ അന്വര്‍ത്ഥമാക്കുമാറ് മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. ദേശസ്‌നേഹത്തിന്റെയും നവോത്ഥാന ബോധത്തിന്റെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും തത്വചിന്തയുടെയും ശക്തമായ അടിയൊഴുക്ക് ഉബൈദ് രചനകളില്‍ നിലനില്‍ക്കുമ്പോഴും ആ കവിയെ മാപ്പിളക്കവിയായി താഴ്ത്തിക്കെട്ടിയെങ്കില്‍ അത് ദുരുദ്ദേശ്യപൂര്‍വ്വമായിരുന്നില്ല-മാപ്പിള സാഹിത്യത്തിന്റെ തിരുളും പൊരുളും മുഖ്യധാരാ സാഹിത്യമേഖലയില്‍ ശാശ്വതമായി പ്രതിഷ്ഠിച്ചതുകൊണ്ടായിരുന്നു. ശുദ്ധന്‍ ദുഷ്ടന്റെ ഗുണംചെയ്യും എന്നൊരു ചൊല്ലുണ്ടല്ലോ.

'ഇന്ന ഹാദല്‍ഖുര്‍ആന യഹ്ദീലില്ലതീ ഹിയ അഖ്‌വം'-വിശുദ്ധഗ്രന്ഥം ഉത്‌ഘോഘോഷിക്കുന്നു. നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു എന്നര്‍ത്ഥം. ആ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മൂല്യവത്തായ ആശയങ്ങളിലേക്ക് ഉബൈദ് വിളിക്കുകയും ഉത്‌ബോധനം നടത്തുകയും താന്‍ ജീവിച്ച കാലഘട്ടത്തില്‍കാണപ്പെട്ട ജീര്‍ണ്ണതക്കെതിരെ ഉബൈദ് ശക്തമായി ശബ്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റേതായ രാഷ്ട്രീയ ആശയങ്ങളും നിലപാടുകളും ഉണ്ടായിരുന്നു. എന്നുവെച്ചു ഒരു ശരാശരി ലീഗുകാരനെപ്പോലെ സ്വസമുദായത്തിന്റെ വിശ്വാസത്തിനും ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന ആശയം മാത്രമായിരുന്നില്ല, മറിച്ച് പലകാരണങ്ങളാല്‍ പിന്നിലായ ആ സമൂഹത്തെസമുദ്ധരിച്ച് മുഖ്യധാരയിലെത്തിക്കണമന്നുണ്ടെങ്കില്‍ കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ച് ക്രാന്തദര്‍ശിത്വവും ആ കവിയുടെ കവിതകളിലും നിലപാടിലും ഉണ്ടായിരുന്നു. മലയാള രചനകളില്‍ മാത്രമല്ല, കന്നഡ രചനകളിലും ആ ആശയങ്ങള്‍ പൊന്തി നില്‍ക്കുന്നതുകാണാം.

ഒരുദാഹരണം:

'ഏളിരേളിരി മുസല്‍മാനരേ

നവ്യ ലോകവ നോഡിരി

കാലചക്രദ റഭസെക്കനുഗുണ

ദിവ്യസേവെയ മാഡിരീ

ദിവ്യസേവെയ മാഡിരീ'.

('ഉറങ്ങിക്കിടക്കുന്ന മുസ്ലിമുകളേ, ഉണരുവീന്‍. കാലം മാറി, കഥയും മാറി. മാറ്റത്തിന്റെ വിളിക്ക് ഉത്തരം നല്‍കുവീന്‍. കാലചക്രത്തിന്റെ കറക്കത്തിന് അനുഗുണമാംവിധം രാജ്യത്തിന്റെ സേവനത്തില്‍ വ്യാപൃതരാകുവീന്‍')


വൈകിയാണെങ്കിലും ഉബൈദിന്റെ ഇത്തരം ഉണര്‍ത്തു പാട്ടുകള്‍ സ്വസമൂഹം ഏറ്റുപാടുകയും ഉബൈദിന്റെ ആഹ്വാനങ്ങള്‍ നെഞ്ചേറ്റുകയുമുണ്ടായി. അതിന്റെ നേര്‍ സാക്ഷിയാണ് മുണ്ടക്കൈ അനുഭവം. ഒരിക്കലും കണ്ടിട്ടില്ലാത്ത മഹാദുരന്തം മുണ്ടക്കൈയില്‍ ഉണ്ടായപ്പോള്‍ സ്വജീവന്‍ അപകടപ്പെടുന്നത് അവഗണിച്ചും മറ്റാരേക്കാളും മുന്നില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത് വൈറ്റ് ഗാര്‍ഡ് എന്ന നിസ്വാര്‍ത്ഥതയുടെ മക്കളായിരുന്നു. രാഷ്ട്രീയ, വിദ്യാഭ്യാസ സംബന്ധീയങ്ങളായ കാര്യങ്ങളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു സമൂഹത്തെ ഉബൈദിന്റെ പാട്ട് തട്ടിയുണര്‍ത്തിയിരിക്കുന്നു, ആ സമുദായത്തിന്റ പിന്‍തലമുറയിലെമക്കള്‍. അവര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നു. കോഴിക്കോട് സര്‍വ്വകലാശാലയിലെ രണ്ടു എക്‌സിക്യൂട്ടിവ് സ്ഥാനം നേടി അവര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം ഉബൈദിന്റെ ഉണര്‍ത്തു പാട്ടുകളുടെയും പ്രസംഗങ്ങളുടെയും പ്രതിഫലനമാണ് എന്ന് പറയാന്‍ എനിക്ക് ധൈര്യമുണ്ട്. ഇന്ന് ഉബൈദ് ജീവിച്ചിരുന്നെങ്കില്‍ ഇതെല്ലാം കാണെക്കാണെ ആ ക്രാന്തദര്‍ശി ആനന്ദാശ്രു പൊഴിക്കുമായിരുന്നു.

'ശൈലേ ശൈലേ ന മാണിക്യം

മൗക്തികം ന ഗജേഗജേ

സാധവോ ന ഹി സര്‍വ്വത്ര

ചന്ദനം ന വനേ വനേ'

('എല്ലാ പര്‍വ്വതങ്ങളും രത്‌നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലാ പ്രദേശങ്ങളിലും അഭിമാനികളെ കണ്ടെന്നും വരില്ല. എല്ലാനവങ്ങളിലും ചന്ദനം പൂക്കുന്നതുമില്ല')

ഉബൈദ് മലയാള മലര്‍വാടിയിലെ ചന്ദനമരമായിരുന്നു.

Related Articles
Next Story
Share it