ഒരിറ്റ് വറ്റ്

അടച്ചിട്ട ജനാല മെല്ലെ തുറന്നു. പുറത്തു കാത്തിരുന്ന മഞ്ഞില്‍ പൊതിഞ്ഞ കാറ്റ് സല്‍മയെ തലോടി അകത്തേക്ക് കയറി. അവള്‍ക്ക് കുളിരൊന്നും തോന്നിയില്ല. ഉള്ളിലുള്ള വേദനയെ തണുപ്പിക്കാന്‍ കാറ്റിനാവില്ലല്ലോ...
എത്രയോ വളകിലുക്കങ്ങള്‍ക്ക് സാക്ഷിയായ മണിയറയില്‍ ഇന്ന് ഞാന്‍ തനിച്ചാണ്. അറയില്‍ മുല്ലപ്പൂവിന്റെ മണമില്ല. ചുമരില്‍ അത്തറിന്റെ മണമുള്ള കുപ്പായമില്ല. കയ്യില്‍ മൈലാഞ്ചിച്ചുവപ്പില്ല. സുറുമ വരച്ച കണ്ണില്ല. ലൈലാമജ്‌നുവിന്റെ കഥകളില്ല. കവിളത്തുമ്മയില്ല. കണ്ണീരു മാത്രം... അടക്കിപ്പിടിച്ച തേങ്ങലുകള്‍ മാത്രം...
അന്നന്നത്തെ അന്നത്തിനായി കടലില്‍ പോയി പണിയെടുക്കുമ്പോഴും കടലോളം സ്‌നേഹം തന്ന പ്രിയതമന്‍. ഇതുപോലെ നിലാവുള്ള രാത്രിയിലാണ് നെറ്റിയില്‍ ചുടുചുംബനം തന്ന് വീട്ടില്‍ നിന്നിറങ്ങിയത്. അത് അവസാനത്തെ പോക്കായിരുന്നു. ബോട്ടപകടത്തിന്റെ ഭീകരത ഇപ്പോഴും ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. അന്ന് കുഞ്ഞുമോന്‍ സുല്‍ഫിക്ക് വെറും മൂന്നുമാസം മാത്രമായിരുന്നു പ്രായം. ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച നാളുകള്‍. ആത്മഹത്യ തെറ്റാണെന്ന ബോധ്യമുള്ളതു കൊണ്ടുമാത്രം ചെയ്തില്ല. ജീവിതം എന്ന പരീക്ഷണ ലോകത്ത് അതിജയിക്കാനുള്ള എല്ലാ മരുന്നുകളും പ്രിയപ്പെട്ട ഉമ്മ ചെറുപ്പത്തില്‍ നല്‍കിയത് കൊണ്ടാണ് ഇത്രയും കാലം പിടിച്ചുനിന്നത്.
യത്തീമായിട്ടാണല്ലോ ഞാനും വളര്‍ന്നത്. വേദനകള്‍ ഉള്ളിലമര്‍ത്തി ഉമ്മ ജീവിച്ചു കാണിച്ചു തന്നു. ജീവിത പ്രാരാബ്ധങ്ങളില്‍ തളര്‍ന്നു വീണില്ല. സ്‌കൂളില്‍ കഞ്ഞിവെച്ചും ഹോട്ടലില്‍ പാത്രം കഴുകിയും കിട്ടിയ കാശ് കൊണ്ടാണല്ലോ ഞങ്ങളെ പോറ്റിയത്. എന്നെ കല്യാണം കഴിച്ചയക്കാനായി മുട്ടാത്ത വാതിലുകളില്ല. കയറാത്ത പള്ളികളില്ല. പ്രതിസന്ധികളെ അതിജീവിക്കുക അതാണ് മുന്നിലുള്ള മാര്‍ഗം..
* * *
സുല്‍ഫി ഇപ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ ഉമ്മയെ സഹായിക്കും. കോഴിക്കൂടില്‍ പോയി സൂക്ഷ്മ നിരീക്ഷണം നടത്തും. ഗ്രാമശ്രീ മുട്ടകളും നാടന്‍ മുട്ടകളും വേര്‍തിരിച്ചു വെക്കും. അവ പാത്രത്തിലാക്കി ജോസേട്ടന്റെ കടയില്‍ കൊടുക്കും. പുള്ളിക്കോഴിക്കും കുഞ്ഞുങ്ങള്‍ക്കും തീറ്റ കൊടുക്കും. അടുക്കളത്തോട്ടത്തിലെ തൈകള്‍ക്ക് വെള്ളമൊഴിക്കും. ഗ്രോബാഗില്‍ കാന്താരിയും തക്കാളിയും വെണ്ടക്കയും പൂത്തുലഞ്ഞു നില്‍ക്കുന്നു. സുല്‍ഫിക്ക് സ്‌കൂളില്‍ നിന്നും കിട്ടിയ പയറുമണികള്‍ ഒരാഴ്ച മുമ്പ് മണ്ണിലിട്ടിരുന്നു. അവ ജീവന്‍ വെച്ചു പുറത്തേക്ക് തലയിട്ട് അവനെ നോക്കി ചിരിക്കുന്നു. അവനും ചിരിച്ചു. അവയോട് സംസാരിച്ചു.
'ഉമ്മാ ഞാ പോയി' -ഒറ്റയോട്ടം. ഇത് പതിവുള്ള ഓട്ടമാണ്.
കാവ്യക്കയുടെ വീട്ടിലേക്കാണ്. കാവ്യയുടെ മകന്‍ അപ്പുവാണ് ബെസ്റ്റി. അവരുടെ കളിയും കുളിയും ഒന്നിച്ചാണ്.
'മോനെ' എന്ന വിളി തന്നെ സുല്‍ഫിക്ക് കുളിരാണ്. കാവ്യയുടെ വീട്ടിലെ ഞായറാഴ്ചകളിലെ ചോറും സാമ്പാറും സുല്‍ഫിക്ക് പെരുത്തിഷ്ടമാണ്. കാവ്യ നല്ലൊരു വായനക്കാരിയാണ്. ധാരാളം കഥകള്‍ മക്കളോട് പറയും. പറഞ്ഞ കഥകളില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം പറഞ്ഞവര്‍ക്ക് മിഠായി നല്‍കും. തറയിലിരുന്ന് പടിഞ്ഞാറ് നിന്നും വീശുന്ന ഇളം കാറ്റേറ്റ് അതൊക്കെ ആസ്വദിക്കാന്‍ ഒരു സുഖം...
* * *
പള്ളിയുടെ മുമ്പിലുള്ള പാടത്താണ് വൈകുന്നേരങ്ങളിലെ കുട്ടികളുടെ ഫുട്‌ബോള്‍ കളി. പള്ളി സേവനത്തിനായി പുതുതായി വന്നയാളാണ് ഹബീബ് ഉസ്താദ്. എല്ലാ ദിവസവും കുട്ടികളുടെ കളികാണാന്‍ പോകും. മുള കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിലിരുന്ന് കളി ആസ്വദിക്കും. ഗ്രൗണ്ടില്‍ പന്തടക്കമല്ല; പന്തെടുക്കാനുള്ള കൂട്ടമായുള്ള പാച്ചിലുകളാണ്. ഇടവും വലവും നോക്കാതെയുള്ള ഷോട്ടുകള്‍. സെല്‍ഫ് അടികളിലെ വലകിലുക്കങ്ങള്‍. ഗ്രൗണ്ടിലെ ആഹ്ലാദപ്രകടനങ്ങള്‍. ഗ്യാലറികളിലെ പൊട്ടിച്ചിരികള്‍... കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് ഗ്രൗണ്ടിന്റെ ഒരു മൂലയിലിരുന്ന് കളി കാണുന്ന കുട്ടിയെ ഉസ്താദ് ശ്രദ്ധിച്ചു. അവന്റെ അടുത്തുപോയി. അത് സുല്‍ഫിയായിരുന്നു. 'എന്തേ മോനെ നീ കളിക്കാതെ'
'കയ്ന്നില്ല ഉസ്താ ക്ഷീണാന്ന്'
'ബെയ്ച്ചിറ്റെ ഉച്ചയ്ക്ക്'
'ഇല്ല ഉസ്താ'
'എന്തെ ബെയ്ക്കാതെ' അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഉസ്താദ് മറുപടിക്ക് കാത്തു നിന്നുമില്ല.
'ഞാ ബെയ്ച്ച ചോറിന്റെ ബാക്കിയുണ്ട്. ബാ മോനെ ബെയ്‌ച്ചോ...'
സുല്‍ഫി ഉസ്താദിനോടൊപ്പം പള്ളിയിലേക്ക് നടന്നു. ഹാന്റ് വാഷിട്ട് കൈ കഴുകി. രണ്ട് കസേര ഒന്നിച്ചുവെച്ച് അവനെ ഇരുത്തി. അട്ടിപ്പാത്രം ഓരോന്നും അവന്റെയടുത്തു അടുപ്പിച്ച് വെച്ചു. അവന്റെ മുഖം വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി. നെയ്‌ച്ചോറും ബീഫ് കറിയും ചിക്കന്‍ ഫ്രൈയും മാറിമാറി നോക്കി.
'ഇതെല്ലാം എനിക്ക് തന്നെയാണോ' -ആംഗ്യഭാഷയില്‍ അവന്‍ ചോദിച്ചു. ഉസ്താദ് ചിരിച്ചുകൊണ്ട് തലയാട്ടി.
ആര്‍ത്തിയോടെ അവന്‍ കഴിക്കാന്‍ തുടങ്ങി... എല്ലാ പാത്രവും വടിച്ചു കഴിച്ചു.. വയറും മനസ്സും നിറഞ്ഞു...
പോകും നേരം അവന്‍ ഉസ്താദിന്റെ അടുത്തുവന്ന് മെല്ലെ പറഞ്ഞു
' ഉസ്താ ഞാനൊന്ന് ചെല്ലിക്കോട്ടാ...'
'ആ... ചെല്ലു മോനെ'
'ഉസ്താ ഉസ്താ'
'നിങ്ങള്‍ ബെയ്ച്ച ചോറിന്റെ ബാക്കി എല്ലാ ദിവസവും ഞങ്ങളെ പൊാരക്ക് തെരൊ ഉസ്താ, അന്ക്കും ഉമ്മാക്കും പാങ്ങലെ എല്ലാ ദിവസവും ബെയ്ക്കാഞ്ഞി...
എരിയുന്ന വയറിന്റെ വിലാപമായിരുന്നു അത്.
ജീവിതത്തിലിതുവരെ കേള്‍ക്കാത്ത ഒരു അപേക്ഷയായിരുന്നു അത്. ഉസ്താദിന്റെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിറച്ചു. അവര്‍ക്കിടയില്‍ കനത്ത മൗനം തളംകെട്ടി നിന്നു. അടക്കിപ്പിടിച്ച നിസ്സഹായതയുടെ ശ്വാസത്തിനൊടുവില്‍ ഉസ്താദ് സുല്‍ഫിയുടെ തലതടവി ഇടറിയ സ്വരത്തില്‍ പറഞ്ഞു
' ഞമ്മക്ക് റെഡിയാക്കാം... മോന്‍ പോ...'
അവന്‍ ഗ്രൗണ്ടിലേക്കോടി. ആ ഓട്ടത്തിന് കാവ്യയുടെ വീട്ടിലേക്കുള്ള ഓട്ടത്തിനേക്കാള്‍ വേഗതയുണ്ടായിരുന്നു...

