ARTICLE | ശവ്വാല്‍ തിളക്കം

പെരുന്നാള്‍ വിശ്വാസികള്‍ക്ക് എന്നും സന്തോഷത്തിന്റെ പെരും നാള്‍ തന്നെയാണ്. കുട്ടിക്കാലത്തെ പെരുന്നാളിനാണ് പൊലിമയേറെയെന്ന് പറയാറുണ്ടെങ്കിലും നോമ്പെടുക്കുന്ന ഏത് പ്രായക്കാരനും ചെറിയ പെരുന്നാള്‍ അതിരറ്റ ആഹ്ലാദത്തിന്റെ പെരുമയാര്‍ന്ന സുദിനം തന്നെയാണ്.

കൊടും ചൂടിന്റെ കാഠിന്യമൊന്നും വിശ്വാസികളുടെ ദൃഢതയെ തളര്‍ത്തിയില്ല. പൊരിവെയിലിലും അവരുടെ ഉള്ളിലെ ആത്മീയവീര്യം കെട്ടില്ല. പരീക്ഷയുടെ ചൂടൊന്നും കുരുന്നുകളെയും ഏശിയില്ല. പരിശുദ്ധ റമദാന്‍ മാസത്തെ പവിത്രത ഒട്ടും കുറയാതെ വരവേറ്റതിന്റെ ആഹ്ലാദത്തില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങുന്നു.

പെരുന്നാള്‍ വിശ്വാസികള്‍ക്ക് എന്നും സന്തോഷത്തിന്റെ പെരും നാള്‍ തന്നെയാണ്. കുട്ടിക്കാലത്തെ പെരുന്നാളിനാണ് പൊലിമയേറെയെന്ന് പറയാറുണ്ടെങ്കിലും നോമ്പെടുക്കുന്ന ഏത് പ്രായക്കാരനും ചെറിയ പെരുന്നാള്‍ അതിരറ്റ ആഹ്ലാദത്തിന്റെ പെരുമയാര്‍ന്ന സുദിനം തന്നെയാണ്.

ഇത്തവണ കൊടും വേനലിന്റെ പിടിയില്‍ തളര്‍ന്നിരിക്കുമ്പോഴാണ് റമദാന്‍ മാസം എത്തിയത്. പുറത്തിറങ്ങാന്‍ വയ്യാത്ത ചൂട്. വീട്ടിലും കൊടും ചൂടിന്റെ തളര്‍ച്ച. എന്നിട്ടും അല്ലാഹുവിനോടുള്ള അതിരറ്റ സ്‌നേഹം കൊണ്ട് വിശ്വാസികള്‍ നോമ്പെടുത്തു. അന്നവും പാനീയവും വെടിഞ്ഞ് പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ചപ്പോഴും അവരുടെ ഉള്ളില്‍ സന്തോഷത്തിന്റെ കുളിര്‍മ മാത്രമായിരുന്നു. അതാണ് വിശ്വാസം.

നോമ്പെടുത്തവരെല്ലാം അല്ലാഹുവിനോടുള്ള അതിരറ്റ സ്‌നേഹം പ്രകടിപ്പിച്ചുവരുന്ന സന്തോഷത്തോടെയാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ആകാശച്ചെരുവില്‍ ശവ്വാല്‍ മാസപ്പിറവി തെളിയുന്നതോടെ ലോകം മുഴുക്കെ ചെറിയ പെരുന്നാളിന്റെ ആഘോഷമായി. പെരുന്നാള്‍ രാവിനെ കാത്തുകാത്തിരുന്ന കുട്ടികാല ഓര്‍മ്മകള്‍ക്ക് പോലും വല്ലാത്തൊരു ചേലാണ്. റമദാന്‍ 29ന് നോമ്പ് തുറന്നത് മുതല്‍ കണ്ണും കാതും മാലിക് ദീനാര്‍ പള്ളിയിലേക്ക് നീട്ടും. ഇടയ്ക്കിടെ ആകാശത്തേക്ക് നോക്കും. നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ ആഘോഷ പെരുന്നാളിന്റെ വരവറിയിച്ച് ശവ്വാലമ്പിളി തെളിഞ്ഞിട്ടുണ്ടോ എന്ന് കാണാന്‍. കണ്ടാല്‍ ഹൃദയത്തിലും ശവ്വാല്‍ പിറക്കും. പിന്നെ വീട്ടിലേക്കൊരോട്ടമായി. പള്ളികളില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ ഹൃദയത്തെ ഉണര്‍ത്തുന്ന ആനന്ദത്തെ അളക്കാന്‍ കഴിയില്ല. അത്രമാത്രം പൊല്‍സ്. വീടുകളില്‍ പെരുന്നാള്‍ പലഹാരം ഒരുക്കുന്നതിന്റെയും കൈകളില്‍ മൈലാഞ്ചി ചോപ്പ് അണിയുന്നതിന്റെയും തിരക്കിലായിരിക്കും സ്ത്രീകള്‍. വീട്ടില്‍ നിന്ന് വീണ്ടും പള്ളിയിലേക്കൊരോട്ടം. മൈക്കിന് മുന്നിലിരുന്ന് തക്ബീര്‍ ചൊല്ലിക്കൊടുക്കുന്ന ഉസ്താദിന് ചുറ്റും ഇരിക്കുന്നവര്‍ക്കിടയില്‍ ചെന്നിരിക്കും. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹി ഹംദ് (അല്ലാഹുവാണ് വലിയവന്‍. അല്ലാഹുവല്ലാതെ ശരണമില്ല. അല്ലാഹുവിന് സര്‍വ്വസ്തുതിയും).

ഒരു മാസത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞുള്ള ദിനമാണ് ഈദുല്‍ ഫിത്വര്‍-ഹിജ്‌റ വര്‍ഷ കലണ്ടറിലെ പത്താമത്തെ മാസമായ ശവ്വാലിന്റെ തുടക്കം. ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ഈദുല്‍ ഫിത്വര്‍. അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിച്ച് ബന്ധുമിത്രാദികളോടൊപ്പം ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നതിന് വിശ്വാസികള്‍ക്ക് സ്രഷ്ടാവ് നിശ്ചയിച്ചുതന്ന രണ്ട് ആഘോഷങ്ങളിലൊന്നാണത്.

ആസക്തികള്‍ക്ക് കടിഞ്ഞാണിടുന്നതിനും ദൈവഹിതത്തിന് അനുസൃതമായി മാത്രം ചലിക്കുന്നതിനും വിശ്വാസിയെ പാകപ്പെടുത്തിയ പരിശീലന കാലത്തിനൊടുവിലാണ് ഈദുല്‍ ഫിത്വര്‍ വന്നെത്തുന്നത്. റമദാന്റെ രാപ്പകലുകള്‍ ശരിക്കും ഉപയോഗപ്പെടുത്തുക വഴി ആത്മവിശുദ്ധി കൈവരിച്ചവര്‍ക്ക് ആഹ്ലാദിക്കാനും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താനുമുള്ള അവസരമാണ് ഈദുല്‍ ഫിത്വര്‍.

ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്ത്, പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധം പൂശി പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കരിച്ച്, പരസ്പരം കെട്ടിപ്പുണര്‍ന്ന് ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച്, ബന്ധൂഗൃഹങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികള്‍ പെരുന്നാളിനെ ആഘോഷ സമ്പന്നമാക്കുന്നു.

റമദാനിലെ പുണ്യ ദിനരാത്രങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത നന്മയുടെ പൂക്കള്‍ വാടിക്കരിയാതെ നോക്കാനും ജീവിതത്തിലുടനീളം അവ സൗരഭ്യം പരത്തുന്ന സ്ഥിതി വിശേഷം നിലനിര്‍ത്താനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഫിത്വര്‍ സക്കാത്ത് ഈദുല്‍ ഫിത്വറിന്റെ ഒരു പ്രത്യേക സവിശേഷതകളില്‍ ഒന്നാണ്. പാവപ്പെട്ടവരുടെ പെരുന്നാള്‍ ദിനത്തിലെ സുഭിക്ഷിത ഉറപ്പുവരുത്തുന്നതിനുമായി നിര്‍ബന്ധമാക്കപ്പെട്ടതാണ് ഫിത്വര്‍ സക്കാത്ത്. പെരുന്നാളിന് പട്ടിണികിടക്കുന്നവരായി സമുദായത്തില്‍ ആരുമുണ്ടാകരുതെന്നാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ഈദുല്‍ ഫിത്വറിന്റെ രാവും പകലും തനിക്കും താന്‍ ചെലവിന് കൊടുക്കുന്നവര്‍ക്കും കഴിയാനാവശ്യമായ ആഹാരം കഴിച്ച് മിച്ചമുള്ള മുഴുവന്‍ മുസ്ലിംകളും ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്.

പെരുന്നാള്‍ തലേന്ന് സൂര്യന്‍ അസ്തമിക്കുന്നതോടുകൂടിയാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കുക. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് വിതരണം ചെയ്യുകയും വേണം.

Related Articles
Next Story
Share it