വൈവിധ്യങ്ങളുടെ വിളനിലങ്ങളാകട്ടെ വിദ്യാലയങ്ങള്‍...

സംസ്‌കൃതികളുടെ കൂടിച്ചേരലുകളുടെ സംഗമ ഭൂമിയായിരിക്കണം വിദ്യാലയങ്ങള്‍. സംസ്‌കാരങ്ങളുടെ കൈമാറ്റങ്ങള്‍ക്കിടയില്‍ നല്ലത് അതിജീവിക്കുകയും അല്ലാത്തവ കുറ്റിയറ്റ് പോവുകയും ചെയ്യും. ലോകം ദേശീയതയിലേക്കും പിന്നെ പ്രാദേശികതയിലേക്കും ചുരുങ്ങുമ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത മാനവികതയുടെ കവചങ്ങളായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
കേരളം ലോകത്തിന് മാതൃകയാണ്. അതിശയോക്തിയോടുള്ള ഒരു പറച്ചിലല്ല ഇത്. മറിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിന്റെ ക്രഡിറ്റ് ഏതെങ്കിലും പ്രസ്ഥാനത്തിനോ ഭരണകൂടത്തിനോ അല്ല. മറിച്ച് മുഴുവന്‍ മലയാളികള്‍ക്കുമാണ്. നമ്പര്‍ വണ്‍ കേരള എന്നത് അതാത് കാലത്ത് ഭരിക്കുന്ന സര്‍ക്കാരുകളുടെ മുദ്രാവാക്യം ആകേണ്ടതല്ല. അങ്ങനെ ഏതെങ്കിലും സര്‍ക്കാറുകള്‍ കരുതുന്നുവെങ്കില്‍ അത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്. കേരളീയരായ നാം കാലങ്ങളായി നേടിയെടുത്ത സല്‍ഗുണങ്ങളെ വ്യഭിചരിക്കലുമാണ്.
കാരണം ഭൂമിശാസ്ത്രമായ കിടപ്പ്, പ്രവാസ ജീവതത്തിന്റെ തുടിപ്പ്, കഠിനാധ്വാനത്തിന്റെ വിയര്‍പ്പ് ഇതെല്ലാം ചേര്‍ന്ന് നേടിയെടുത്തതാണ് ആ ഒന്നാം സ്ഥാനം. എന്തിനേറെ മരുഭൂമിയിലെ വസന്തത്തിന് പിന്നില്‍ പോലും മലയാളിയുടെ അടയാളപ്പെടുത്തലുകള്‍ വിസ്മരിക്കാവതല്ല. പെറ്റുവീണ മലയാളക്കര മാത്രമല്ല കാലുകുത്തിയ ഇടം പോലും പച്ചപിടിപ്പിച്ച ചരിത്രമാണ് മലയാളിക്കുള്ളത്.
കാലങ്ങളായി നാം നേടിയെടുത്ത സ്‌നേഹവും സൗഹൃദവും കരുതലും കൈമോശം വന്നുപോകുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നുന്നു. അത്തരമൊരു സംഭവമാണ് ഹിജാബിന്റെ പേരില്‍ ഒരു പെണ്‍കുട്ടി സ്‌കൂള്‍ വിടാനുണ്ടായ സാഹചര്യം. ഒരമ്മപെറ്റ മക്കളെ പോലെ കഴിഞ്ഞിടത്തേക്കാണ് വെറുപ്പിന്റെ കനലുകള്‍ക്ക് ചൂടു പകര്‍ന്നത്.
ചന്ദനക്കുറി തൊട്ട ഹിന്ദുവും കുരിശു ധരിച്ച ക്രിസ്ത്യാനിയും തട്ടമിട്ട മുസല്‍മാനും മാത്രമല്ല കൃപാണം ധരിച്ച സിക്കുകാരനും പാളത്തൊപ്പി ധരിച്ച ആദിവാസിയും ഒന്നും ഉടുക്കാത്ത നാസ്തികനും ഈ മണ്ണില്‍ തുല്യരായിരുന്നു.
ഇത്തിരി പോന്ന പാവാടയും വള്ളിനിക്കറും പൊട്ടിയ സ്ലേറ്റും ഒടിഞ്ഞ ഗഡ്ഡിയുമായി സ്‌കൂളില്‍ പോയിരുന്ന ഒരു ഭൂതകാലം നമ്മില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇങ്ങനെ സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിയെ ഇന്ന് സങ്കല്‍പിക്കാന്‍ കഴിയുമോ? എന്തിനേറെ കാക്കി ട്രൗസറിട്ട് ക്രമസമാധാനം നടത്തിയിരുന്ന പൊലീസിനെ കണ്ടാല്‍ ഇന്നത്തെ തലമുറക്കെന്ത് തോന്നും. എത്ര വലിയ ആഘോഷമായാലും മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന മലയാളിയും സാരിയും അല്ലെങ്കില്‍ പാവാടയും ബ്ലൗസും ധരിച്ചിരുന്ന മലയാള മങ്കമാരും ഇന്ന് മുഴുസമയം ധരിക്കുന്നത് പാന്റ്‌സും ഷോട്‌സും ചുരിദാറുമൊക്കെയായത് സംസ്‌കാരങ്ങളുടെ കൈമാറ്റങ്ങള്‍ കൊണ്ടാണ്.
സംസ്‌കൃതികളുടെ കൂടിച്ചേരലുകളുടെ സംഗമ ഭൂമിയായിരിക്കണം വിദ്യാലയങ്ങള്‍. സംസ്‌കാരങ്ങളുടെ കൈമാറ്റങ്ങള്‍ക്കിടയില്‍ നല്ലത് അതിജീവിക്കുകയും അല്ലാത്തവ കുറ്റിയറ്റ് പോവുകയും ചെയ്യും. ലോകം ദേശീയതയിലേക്കും പിന്നെ പ്രാദേശികതയിലേക്കും ചുരുങ്ങുമ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത മാനവികയുടെ കവചങ്ങളായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് ഫാസിസം വാശി പിടിക്കുന്ന നാളില്‍ സ്വാതന്ത്യത്തിന്റെ മാധുര്യം ഇഷ്ടമുള്ളത് കഴിക്കുന്നതിലൂടെയും ധരിക്കുന്നതിലൂടെയും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ബോധ്യപ്പെടുത്താന്‍ നമുക്കാവണം. സംസ്‌കാരങ്ങളുടെ ഇടപഴകലിലൂടെ ഭാഷാ വൈവിധ്യം മാത്രമല്ല നമുക്ക് ലഭിച്ചത്, മറിച്ച് നമ്മുടെ തീന്‍മേശകളെ പോലും അത് സമ്പന്നമാക്കുകയുണ്ടായി. ചോറും മീന്‍കറിയും സാമ്പാറും അവിയലും പപ്പടവും മാത്രമായിരുന്ന നമ്മുടെ ഭക്ഷണ മെനുവില്‍ പൊറോട്ടയും ബീഫും പ്രവാസം നല്‍കിയ സമ്മാനമായിരുന്നു. ഇന്ന് നമ്മുടെ ഭക്ഷണം അന്തര്‍ദേശീയ നിലവാരത്തിലെത്തിയിരിക്കുകയാണ്. സൗത്തും നോര്‍ത്തും മാത്രമല്ല, അറേബ്യനും ചൈനീസും കോണ്‍ഡിനെന്റലുമടക്കം ലോകത്തിന്റെ എല്ലാ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാന്‍ നമുക്കായത് സാംസ്‌കാരിക വൈവിധ്യം ഉള്‍ക്കൊണ്ടതു കൊണ്ടു മാത്രമാണ്. ഷവര്‍മയും ബര്‍ഗറും ചീസും ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് റൈസും പാസ്തയുമെല്ലാം ജെന്‍സിയുടെ മാത്രമല്ല, നരമൂത്തവന്റെയും ഇഷ്ടവിഭവമാണ്.
ക്രിസ്തീയ മാനേജ്‌മെന്റ് തട്ടത്തിന് അയിത്തം കല്‍പിക്കുമ്പോള്‍ ഹിന്ദു ഹിന്ദുവിന്റെയും മുസ്ലിം മുസ്ലിമിന്റെയും കൃസ്ത്യന്‍ കൃസ്ത്യന്റെയും സ്‌കൂളിലേക്കായിരിക്കും പോവുക. കെട്ടകാലത്ത് സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കലായിരിക്കും അത്. പൊന്നുമോന്‍ ഇസ്മായിലിനെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ബെന്നി മാഷേയും രമ്യ ടീച്ചറേയും മുനീര്‍ മാഷേയും അക്ഷരവും അറിവും പകര്‍ന്നു തരുന്ന ഗുരുനാഥന്മാരായി കാണാനാണ്. കാരണം മനുഷ്യ സ്‌നേഹത്തിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും വിളനിലമാകണം വിദ്യാലയങ്ങള്‍.