ചരിത്രത്തിലേക്ക് ഒരു സര്‍ഗസഞ്ചാരം

എങ്ങും കൊടുങ്കാറ്റും ചുഴലിയുമാണ്. അവയ്‌ക്കെതിരെ വിളക്കുകള്‍ കെടാതെ സംരക്ഷിക്കേണ്ട ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ട്. നാശമില്ലാത്ത അക്ഷരങ്ങളാണ് ഉബൈദ് വിളക്കായി ഇവിടെ സ്ഥാപിച്ചത്. ആ അക്ഷരങ്ങളെ ക്ഷരം കൂടാതെ കാക്കണം.

സമൂഹത്തില്‍ ഒരിക്കലും മായാത്ത കാല്‍പാടുകള്‍ അവശേഷിപ്പിച്ചു കടന്നുപോയ മഹത് വ്യക്തിത്വങ്ങളെ പല സംഘടനകളും കൂട്ടായ്കകളും യഥാസമയം സമുചിതമായി ഓര്‍ത്തെടുക്കാറുണ്ട്. അര്‍ഹിച്ച രീതിയില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പല അനുസ്മരണങ്ങളും പക്ഷേ, വെറും വഴിപാടിന്റെ തലത്തിലേക്ക് ചുരുങ്ങിപ്പോകുന്നതും നാം പലപ്പോഴും കണ്ടും കേട്ടും ദു:ഖിക്കാറുണ്ട്.

ആ മുഷിപ്പില്‍ നിന്നും ഒരു മോചനം വേണമെന്ന ചിന്തയില്‍ നിന്നാണ് കാസര്‍കോട് സാഹിത്യവേദി ടി. ഉബൈദ് എന്ന നമ്മുടെ സ്വന്തം കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും അധ്യാപകനും ആയിരുന്ന വ്യക്തിയുടെ അമ്പത്തിമൂന്നാം ഓര്‍മ്മ വാര്‍ഷികദിനം ഇത്തവണ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും പൊതുജന സമക്ഷത്തിങ്കലേക്ക് കൊണ്ടുചെല്ലണമെന്ന തീരുമാനമെടുത്തത്. എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ തീരുമാനമെടുക്കാന്‍ എളുപ്പമാണെങ്കിലും അങ്ങനെയുള്ള പരിപാടികള്‍ പ്രായോഗിക തലത്തില്‍ എത്തിക്കുക എന്നത് അത്യന്തം ശ്രമകരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കാര്യം തന്നെയായിരുന്നു. എന്നാല്‍, കൈമെയ് മറന്ന് അഹോരാത്രം പ്രവര്‍ത്തിക്കാന്‍ ചിലര്‍ തയ്യാറായാല്‍ ഏതു ദൗത്യവും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന് സാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ ഉബൈദ് മാഷിന്റെ ചരമവാര്‍ഷികം അവിസ്മരണീയമാക്കുക വഴി സാംസ്‌കാരിക മണ്ഡലത്തിന് വ്യക്തമാക്കി കാണിച്ചു കൊടുത്തു.

നഗരപ്രാന്തത്തില്‍ എവിടെയെങ്കിലും ഒരിടത്ത് ഒരു പൊതു സമ്മേളനം/ആചരണം എന്നത് വലിയ അപൂര്‍വ്വത പറയാനില്ലാത്തതാണ്. എന്നാല്‍, രണ്ടു ദിവസങ്ങളിലായി, പത്തു വേദികളിലായി ഒരു സാംസ്‌കാരിക പരിപാടി-അനുസ്മരണം നമ്മെ സംബന്ധിച്ചെങ്കിലും അത്യപൂര്‍വ്വവും സമീപ കാലത്തൊന്നും കണ്ടു പരിചയമില്ലാത്തതുമായിരുന്നു.

ഉബൈദ് മാഷ് എന്ന, അറിവിന്റെ, വിദ്യയുടെ ഒരു കെടാവിളക്ക് ഏറെക്കുറേ അന്ധകാരത്തിലായിരുന്ന ഒരു ജനതതിക്കു മുന്നില്‍ കൊളുത്തിവെച്ച മനുഷ്യനെക്കുറിച്ച് ഈ വര്‍ത്തമാനകാല തലമുറക്കു തന്നെ ഏതാണ്ട് അജ്ഞാതമായിക്കൊണ്ടിരിക്കുന്ന കാലത്തു നിന്നുകൊണ്ടാണ് നമ്മുടെ മുന്നില്‍ ലഭ്യമായിട്ടുള്ള ആ മഹാ മനീഷിയെ വരും തലമുറകള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുക എന്ന ഉത്കര്‍ഷേച്ഛ മാത്രമായിരുന്നു സാഹിത്യവേദിക്കു മുന്നില്‍ ലക്ഷ്യമായി ഉണ്ടായിരുന്നത്. ഒറ്റ ശ്രമത്തില്‍ വിജയത്തില്‍ എത്തിക്കാന്‍ പറ്റിയ ദൗത്യമല്ല അതെങ്കിലും ആ നിലയ്ക്ക് ഒരു ചലനമെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യമാണ്. നിരന്തരം ആവര്‍ത്തിക്കപ്പെടേണ്ട ഒരു നീണ്ട പ്രക്രിയയാണത്. ചരിത്രവും ചരിത്ര വ്യക്തികളും തമസ്‌കരിക്കപ്പെടുകയും തുടച്ചു മായ്ക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും കൂടിയാണ്.

ഉബൈദ് മാഷിന്റെ പ്രവര്‍ത്തന ഭൂമിയും അതേ പ്രവര്‍ത്തനനിരതയ്ക്കിടയില്‍ തന്നെ അന്ത്യശ്വാസം വലിക്കുകയും, അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി ഉയര്‍ന്നു വരികയും ചെയ്ത തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ തിരുമുറ്റത്തു നിന്നു തന്നെ പ്രയാണം ആരംഭിക്കേണ്ടതും അനിവാര്യം തന്നെയായിരുന്നു. തന്റെ ശ്വാസം നിലച്ച ഇടത്തു നിന്നും തന്റെ അപദാനങ്ങളും കവിതകളും പാട്ടുകളുമായി ഒരു കൂട്ടര്‍ വിദ്യാലയ മുറ്റങ്ങള്‍ ഉള്‍പ്പെടെ ഒമ്പതിടങ്ങളിലൂടെ ഒരു 'സര്‍ഗസഞ്ചാരം' നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് ഞങ്ങള്‍ക്ക് വഴികാട്ടിയായി ഞങ്ങളെ തീര്‍ച്ചയായും അനുഗമിച്ചിരിക്കണം. മഴ പോലും വിഘ്‌നമേതും സൃഷ്ടിക്കാതെ ഒഴിഞ്ഞു നിന്ന രണ്ടു പകലുകള്‍. ഡോ. അംബികാസുതന്‍ മാങ്ങാടിന്റെയും റഫീഖ് ഇബ്രാഹിമിന്റേയും പ്രൗഢമായ രണ്ടു ഭാഷണങ്ങളോടെയായിരുന്നു 'സര്‍ഗസഞ്ചാര'ത്തിന്റെ തുടക്കം. അന്‍വര്‍ മൊഗ്രാലിന്റെയും യൂസുഫ് കട്ടത്തടുക്കയുടേയും ഇസ്മായില്‍ തളങ്കരയുടേയും ഉബൈദ് ഗാനങ്ങളും കവിതകളും ഓരോ സ്വീകരണ കേന്ദ്രങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ചു. ആവേശോജ്ജ്വലമായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലേയും ആതിഥേയത്വവും സഹകരണവും. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പരവനടുക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉജ്ജ്വല വരവേല്‍പ്പ്. ചൗക്കിയിലെ സന്ദേശം ലൈബ്രറിക്കാരുടെ സ്വീകരണം ചുട്ടുപൊള്ളുന്ന വെയിലില്‍ കുളിര്‍മഴയായി. ആരിക്കാടിയില്‍ ഉബൈദ് മാഷ് തന്റെ പതിനെട്ടാമത്തെയോ മറ്റോ വയസ്സില്‍ അധ്യാപകവൃത്തി ആരംഭിച്ച, ഒരു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളിലെ പിഞ്ചുകുട്ടികളുടേയും ഉമ്മമാരടങ്ങിയ രക്ഷിതാക്കളുടേയും അധ്യാപകരുടേയും ജനപ്രതിനിധികളുടേയും വരവേല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ മനം കുളിര്‍പ്പിച്ച ഒന്നായിരുന്നു. നട്ടുച്ചയ്ക്ക് എത്തിച്ചേര്‍ന്ന കലക്ടറേറ്റ് വളപ്പിലെ പരിപാടി മാത്രമായിരുന്നു പ്രതീക്ഷിച്ച ഒരു പ്രതികരണം ഉണ്ടാക്കാതെ പോയ ഏക ഇടം. കുമ്പളയില്‍ നഗര മധ്യത്തില്‍ ആയത് പരിപാടിയെ കൂടുതല്‍ ജനകീയമാക്കി. വന്‍നഗരങ്ങളിലൊന്നും തന്നെ ഒരു പൊതു പരിപാടി സംഘടിപ്പിക്കാന്‍ ഇടങ്ങളില്ലാതായിക്കൊണ്ടിരിക്കുന്നു.

സമാപനവേദിയായി മൊഗ്രാല്‍ എന്ന ഇശല്‍ ഗ്രാമത്തെ തിരഞ്ഞെടുത്തതും ബോധപൂര്‍വ്വം തന്നെയായിരുന്നു. മറ്റെവിടെയാണ് അത് നടത്തേണ്ടിയിരുന്നത്? രാത്രിയായിരുന്നിട്ടും തിങ്ങി നിറഞ്ഞ കലാസ്വാദകര്‍.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഒരു മനുഷ്യന്‍ ഒരുപക്ഷേ, ആ വ്യക്തി ജീവിച്ചിരുന്ന കാലത്തേക്കാളധികം ആദരിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുക എന്നത് ഒരു അത്ഭുതം തന്നെയാണ്. തനിക്കു ലഭിച്ച ജന്മം എങ്ങനെ ജീവിച്ചു എന്നതിന്റെ നിദര്‍ശനമാണ് ഇത്തരം ഓര്‍മ്മ പുതുക്കലുകള്‍. എത്രയോ മുന്‍ഗാമികള്‍ കൊളുത്തിവെച്ച വിളക്കുകളുടെ വെളിച്ചത്തിലൂടെയാണ് നാം ചരിച്ചു കൊണ്ടിരിക്കുന്നത്. നാം നടന്നു തീരുന്നതിലൂടെ ഈ വഴികളില്‍ ആ വെട്ടം അണഞ്ഞു പോകരുത്. എങ്ങും കൊടുങ്കാറ്റും ചുഴലിയുമാണ്. അവയ്‌ക്കെതിരെ വിളക്കുകള്‍ കെടാതെ സംരക്ഷിക്കേണ്ട ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ട്. നാശമില്ലാത്ത അക്ഷരങ്ങളാണ് ഉബൈദ് വിളക്കായി ഇവിടെ സ്ഥാപിച്ചത്. ആ അക്ഷരങ്ങളെ ക്ഷരം കൂടാതെ കാക്കണം.

വിദ്യയുടെ വെളിച്ചം കടന്നുചെന്നിട്ടില്ലാത്ത ഒരു സമൂഹത്തെ വിദ്യ അഭ്യസിപ്പിക്കാനായിരുന്നു ഉബൈദ് ത്യാഗങ്ങള്‍ സഹിച്ചതെങ്കില്‍ നമുക്ക് മുന്നിലുള്ള ദൗത്യം അതിലും വലുതാണ്. തൊഴിലോ ഭൗതിക അഭിവൃദ്ധിയോ മാത്രം ലാക്കാക്കിയുള്ള കേവലം അക്കാദമികമായ വിദ്യാഭ്യാസത്തിന് പകരം നാം പിന്നിട്ടു വന്ന നമ്മുടെ യഥാര്‍ത്ഥ ചരിത്രം എന്തായിരുന്നു എന്നു കൂടി തിരിച്ചറിയുന്ന വിദ്യാഭ്യാസമാണ് പിന്‍ഗാമികള്‍ക്കായി നല്‍കാന്‍ ശ്രമിക്കേണ്ടത്. കാരണം, ചരിത്രത്തില്‍ നിന്നും ഒരു കൂട്ടര്‍ അന്യവത്കരിക്കപ്പെടുകയോ അപരവത്കരിക്കപ്പെടുകയോ ചെയ്യുന്ന ഒരു സംവിധാനമാണ് നമുക്കു ചുറ്റും ഭീതിദമായി വളര്‍ന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ചരിത്രവും ചരിത്രം രചിച്ച മഹദ് വ്യക്തികളും ഇവിടെ അനാച്ഛാദനം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കണം. നാലു ചുമരുകള്‍ ഭേദിച്ച് നമുക്ക് ഓരോ ചരിത്ര പുരുഷന്മാരേയും പുറത്തേക്ക്, ജനപഥങ്ങളിലേക്ക് കൊണ്ടു പോകേണ്ടതുണ്ട്. ഇന്ന് അത് സാഹിത്യവേദിയാണ് ഏറ്റെടുത്തതെങ്കില്‍ വരും കാലങ്ങളില്‍ മറ്റാരെങ്കിലും, മറ്റേതെങ്കിലും സംഘടനകള്‍ ഏറ്റെടുക്കണം. ഇതൊരു മാതൃകാപരമായ തുടക്കമാകണം. ആര്‍ക്കും അവഗണിക്കാനോ കണ്ടില്ലെന്നു നടിക്കാനോ പറ്റാത്ത ഒരു ചെറുചലനമാണ് കാസര്‍കോട് സാഹിത്യവേദി ഇവിടെ ഉണ്ടാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം പലര്‍ക്കുമുണ്ട്.

സാഹിത്യവേദിയുടെ നിലവിലെ പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞിയും ജനറല്‍ സെക്രട്ടറി എം.വി സന്തോഷും ട്രഷറര്‍ എരിയാല്‍ ശരീഫും ജോയിന്റ് സെക്രട്ടറി അന്‍വര്‍ മൊഗ്രാലും മറ്റും എത്രയോ ദിനരാത്രങ്ങള്‍ അധ്വാനിച്ചതിന്റെ പരിണിത ഫലം കൂടിയാണ് ഈ വിജയം. ഭാരവാഹികളും എക്‌സി. അംഗങ്ങളും അല്ലാത്തവരുമായ മറ്റുള്ളവരുടെ അകമഴിഞ്ഞ സഹകരണം കൂടിയായപ്പോള്‍ അസാധ്യമായി ഒന്നുമില്ലെന്ന് ഒന്നുകൂടി തെളിയിക്കാനായി.

കുറേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉബൈദ് എന്ന പേരു കേള്‍ക്കുകയും അദ്ദേഹത്തിന്റ ചിത്രം കാണുകയും ഗാനങ്ങളും കവിതകളും ആസ്വദിക്കുകയും അവയ്‌ക്കൊപ്പം താളം പിടിക്കുകയും ചെയ്തു എന്നതാണ് 'അക്ഷരവെളിച്ചം, സര്‍ഗസഞ്ചാരം' എന്ന ഈ പരിപാടിയുടെ ഏറ്റവും വലിയ, ഏറ്റവും ഉത്കൃഷ്ടമായ നേട്ടം.

Related Articles
Next Story
Share it