പ്രകീര്‍ത്തിക്കാതെ വയ്യ, ഈ പ്രചരണ മികവിനെ...

മൊഗ്രാലില്‍ സമീപിച്ച റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തില്‍ മീഡിയാ ആന്റ് പബ്ലിസിറ്റി കമ്മിറ്റിയും അതിന്റെ കോര്‍ഡിനേറ്റര്‍ നജീബ് മാഷും നടത്തിയ തുല്യതയില്ലാത്ത പ്രവര്‍ത്തനത്തെ കുറിച്ച്...
കലയെയും കലാകാരന്മാരെയും കലാസ്വാദകരെയും ഒരുപോലെ നെഞ്ചേറ്റിയ മണ്ണാണ് മൊഗ്രാല്‍. കളകളാരവം മുഴങ്ങുന്ന മധുവാഹിനിപ്പുഴയുടെ ലാളനയോടെ അവിടന്ന് അടിച്ചുവീശുന്ന ഇളം തെന്നല്‍ പോലെ ഇശലുകള്‍ പെയ്തിറങ്ങുന്ന ഗ്രാമം കൂടിയാണ്. മൊഗ്രാലിനെ മുഴുവനും ഉത്സവ ലഹരിയിലാക്കിക്കൊണ്ടാണ് ഡിസംബര്‍ 29, 30, 31 തിയതികളിലായി കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടന്നത്.
അവിടെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ടീമായിരുന്നു മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി. മൊഗ്രാല്‍ എന്ന ഇശല്‍ഗ്രാമത്തെ ഇത്രയേറെ മാര്‍ക്കറ്റു ചെയ്യാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക എന്ന് കലോത്സവ നഗരിയെ നോക്കി ഒരുപാട് ചിന്തിച്ചു പോയിട്ടുണ്ട്. മീഡിയാ ആന്റ് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ എല്ലാ ചുവടുവയ്പുകളും ഇശല്‍ഗ്രാമമെന്ന തീം അധിഷ്ഠിതമായിരുന്നുവെന്നത് ഓരോന്നും എടുത്തു പരിശോധിച്ചാല്‍ വ്യക്തമാകും.
കലോത്സവം മൊഗ്രാലില്‍ പ്രഖ്യാപിച്ചത് മുതല്‍ പ്രചരണ പരിപാടികളില്‍ സജീവമാവുകയായിരുന്നു ഈ കമ്മിറ്റി. ആദ്യം ഇശല്‍ഗ്രാമത്തിലെ കലാകാരന്മാരില്‍ പലരെയും നേരില്‍ കാണാന്‍ ശ്രമിച്ചുവെന്നും പിന്നീട് ലൈബ്രറിയിലുള്ള മൊഗ്രാല്‍ സംബന്ധമായ പുസ്തകങ്ങള്‍ പരിശോധിക്കുകയും മാപ്പിള കലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കൂട്ടായ്മകള്‍ എന്നിവയുമായി സംവദിക്കുകയും ചെയ്ത് കൊണ്ടാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും മീഡിയാ കോര്‍ഡിനേറ്ററും ഗ്രന്ഥകാരനും അധ്യാപകനുമൊക്കെയായ കല്ലമ്പലം നജീബ് മാഷ് പറയുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളെയൊക്കെ ഒന്ന് കണ്ണോടിക്കണമെന്ന് തോന്നി.
സ്റ്റേജിതര മത്സരങ്ങള്‍ക്കിടയില്‍ മൊഗ്രാല്‍ സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞിറങ്ങിയ മിദ്‌ലാജിന്റെ മാപ്പിള ഗാനാലാപനം തെല്ലൊന്നുമല്ല അവിടെ ആവേശം വിതറിയത്. മിദ്‌ലാജിനെയും മാതാവിനെയും ഈ കമ്മിറ്റി ആദരിച്ചു. മാതാവ് മൊഗ്രാല്‍ സ്‌കൂളിന്റെ എം.പി.ടി.എ അധ്യക്ഷ കൂടിയാണ്. ആ സെക്ഷനില്‍ എന്നെയും ഉള്‍ക്കൊള്ളിച്ചു എന്നത് കലോത്സവവേദിയിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായി മാറി.
അടുത്ത ഘട്ടത്തില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളില്‍ മാപ്പിള കലകള്‍ക്ക് പ്രാധാന്യം നല്‍കിയത് ഈ ഗ്രാമത്തെ എത്രത്തോളം പഠിച്ചു മനസ്സിലാക്കിയാണ് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി പ്രവര്‍ത്തിച്ചത് എന്നതിന്റെ വലിയ ഉദാഹരണമാണ്. തുടര്‍ന്ന് പ്രചരണ രംഗത്ത് പ്രവേശന കവാടം തന്നെ 'ഇശല്‍ ഗ്രാമത്തിലേക്കു സ്വാഗതം' എന്നാക്കി മാറ്റി. വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതെല്ലാം ഇശല്‍ഗ്രാമമെന്ന തീം ഉള്‍പ്പെടുത്തിയായിരുന്നു. തീം സോങ്ങിലും മീഡിയ കമ്മിറ്റി മത്സരാടിസ്ഥാനത്തില്‍ നടത്തിയ ലോഗോ നിര്‍മ്മാണത്തിലും ഇശലിനു മുന്‍തൂക്കം നല്‍കി.
തുടര്‍ന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റ് സീസണ്‍ 3മായി സഹകരിച്ച് 20 ഓളം ഗായകരെ 'ഇശല്‍ വിരുന്ന്' എന്ന പരിപാടിക്കു ബേക്കലില്‍ വേദിയൊരുക്കി നല്‍കി. പിന്നീട് 'പാട്ടുവണ്ടി 'എന്ന ലക്ഷ്യത്തോടെ നീങ്ങിയെങ്കിലും സാമ്പത്തിക പിന്തുണ ലഭ്യമാവാത്തത് കാരണം അതു നടന്നില്ല. എന്നാല്‍ 11 കേന്ദ്രങ്ങളില്‍ ആവിഷ്‌കാരം നടത്തിയ ഫ്‌ളാഷ് മോബില്‍ പരമാവധി ഇശല്‍ ഗാനങ്ങള്‍ക്കു അവസരമേകാന്‍ കഴിഞ്ഞു.
'മൈലാഞ്ചി മൊഞ്ച്' എന്നൊരു മത്സരം സംഘടിപ്പിക്കാന്‍ ആലോചിച്ചെങ്കിലും സമയപരിമിതി കാരണം കഴിയാതെ പോയി.
പത്രസമ്മേളനത്തിലും ഇശല്‍ ഗ്രാമമെന്ന തീം തന്നെയാണ് പ്രഖ്യാപിച്ചതായി കണ്ടത്. കലോത്സവ നഗരിയില്‍ മൂന്ന് മീഡിയാ റൂമുകളും മീഡിയാ പവിലിയനും മീഡിയാ പോയിന്റും ഒരുക്കി വിപുലമായ സജ്ജീകരണങ്ങളാണ് കാണാന്‍ സാധിച്ചത്. പുറത്ത് 'ഇശല്‍ഗ്രാമ വാര്‍ത്തകള്‍' എന്നൊരു കൊളാഷ് ബോര്‍ഡ് സ്ഥാപിച്ച് കാലോത്സവ വാര്‍ത്തകള്‍ക്കിടം നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനൊപ്പം കാസര്‍കോടിന്റെ ഭക്ഷണസവിശേഷതകള്‍, കലാമേന്മകള്‍, ചരിത്രസ്മാരകങ്ങള്‍, സാംസ്‌കാരിക വൈവിധ്യം, പ്രകൃതി ഭംഗി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വലിയൊരു ബോര്‍ഡ് മുന്‍വശത്ത് സ്ഥാപിച്ചിരുന്നു. ഇതും ഒരുഘട്ടത്തില്‍ ഫോട്ടോ പോയിന്റായി മാറുന്നതാണ് കണ്ടത്. മീഡിയാ പവിലിയനില്‍ മാപ്പിള കവികളെയും കലാകാരന്മാരെയും ഗായകരെയും ഗ്രന്ഥകാരന്മാരെയും വരുത്തി അവരുടെ സംഗമം തന്നെ ഒരുക്കിയതില്‍ വലിയൊരു മാതൃക നമുക്ക് കാണാം.
മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബും മകന്‍ ഒഫിഷ്യല്‍ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍ത്താഫും
ഇതിനൊക്കെ പുറമെ മത്സരാത്ഥികള്‍ക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടും ആവിഷ്‌ക്കാരങ്ങള്‍ നടത്താനുള്ള വേദിയായും ഇതിനെ മാറ്റി സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന കാര്യമാണ്. ചിലര്‍ക്കിത് ഫോട്ടോ പോയിന്റായിരുന്നുവെങ്കില്‍ മറ്റു പലര്‍ക്കും എവിടെയും പറയാനാവാത്തത് മനസ്സ് തുറന്നുപറയാനുള്ള ഇടമായി അത് മാറുന്ന മനോഹരമായ കാഴ്ചക്കും സാക്ഷിയായി.
വിവിധ കമ്മിറ്റികള്‍ക്കും കലോത്സവത്തിനായി ഓടി നടന്ന് തളര്‍ന്നവര്‍ക്കും ഈ പവിലിയന്‍ അര്‍ഹമായ പരിഗണന നല്‍കി. കടുത്ത സമ്മര്‍ദ്ദങ്ങളില്‍ നിന്നവര്‍ക്ക് ആശ്വാസമായി. അംഗീകാരങ്ങളുടെ മൊമെന്റോകള്‍ അനവധി പേര്‍ക്ക് കൈമാറി. മിഴി നിറച്ചവരും മനം നിറഞ്ഞവരും അവിടെ നിന്ന് പോയത് ആശ്വാസത്തോടെയായിരുന്നു. എല്ലാവരെയും ചേര്‍ത്തു പിടിക്കാന്‍ പിന്നില്‍ നിന്നത് മീഡിയാ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബ് മാഷാണ്. മീഡിയാ ആന്റ് പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്ത കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ എസ്.എല്‍.ആര്‍ ക്യാമറയുമായി അദ്ദേഹത്തിന്റെ മകനും അധ്യാപകനുമായ മുഹമ്മദ് അല്‍ത്താഫും കളം നിറഞ്ഞുനിന്നു. ഇവര്‍ക്കൊപ്പം സ്‌നേഹ സംവാദങ്ങള്‍ക്ക് മൈക്കുമേന്തി റഷീദ് മാഷും സഹായികളായി അഷ്‌റഫ് മാഷും ശിഹാബ് മാഷും മൊഗ്രാല്‍കാരനായ എസ്.എ അബ്ദുല്‍ റഹിമാന്‍ മാഷും രാപകലില്ലാതെ പവിലിയനെ സജീവമാക്കി.
മീഡിയാ റൂമിന്റെ മാനേജ്‌മെന്റിനും കൊളാഷിന്റെ പൂര്‍ത്തീകരണത്തിനും മീഡിയാ കമ്മിറ്റി ഓഫീസ് നിര്‍വ്വഹണത്തിനുമായി റഹ്മത്ത്-സായിന-റഫീദ ത്രയം കൈമെയ് മറന്ന് പ്രയത്‌നിച്ചതും പറയാതിരിക്കാനാവില്ല. നിരന്തരം സോഷ്യല്‍ മീഡിയ പോസ്റ്ററുകളും മൊമെന്റോ ഡിസൈനിങ്ങുമായി ഇര്‍ഷാദ് മാസ്റ്ററും മീഡിയ കമ്മിറ്റി കണ്‍വീനര്‍ സിറാജുദ്ദീന്‍ എസ്.എയും ശ്രദ്ധ നേടി. നിരന്തരം വീഡിയോകളും ബൈറ്റുകളും സോഷ്യല്‍ മീഡിയ ഇടപെടലുകളുമായി മുഹമ്മദ് ഷെമീര്‍ മാസ്റ്ററും മുഹമ്മദ് അല്‍ത്താഫും ശിഹാബ് കുറ്റേഴത്തും പാതിരാവിലും പണിയെടുത്തു. ഉപദേശ നിര്‍ദ്ദേശങ്ങളുമായി മൊഗ്രാലിന്റെ സ്വന്തം ടി.കെ അന്‍വര്‍ മാഷും എം.എ മൂസയും സജീവത പകര്‍ന്നു. പുറത്തുനിന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും വ്‌ളോഗര്‍മാരും യുട്യൂബര്‍മാരും പിന്തുണ നല്‍കി. കലോത്സവത്തിന്റെ വാര്‍ത്തകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും ഫോട്ടോകള്‍ നല്‍കി ഓരോ ദിവസവും പത്രങ്ങളെ വര്‍ണ്ണാഭമാക്കാനും കണ്ണും കാതും തുറന്ന് ഓരോ മാധ്യമപ്രവര്‍ത്തകരും സജീവമായി ഉണ്ടായിരുന്നു.
കലോത്സവ നഗരിയില്‍ വെച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനനെ മീഡിയക്ക് കൂടുതല്‍ പരിചിതനാക്കാനും ഈ കമ്മറ്റിക്ക് സാധിച്ചു. അദ്ദേഹത്തോട് ഊഷ്മള ബന്ധം നിലനിര്‍ത്തിയിരുന്ന നജീബ് മാഷ് കലോത്സവ വേദിയിലെ പ്രസംഗം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും വിടവാങ്ങല്‍ ചിത്രങ്ങള്‍ നേരിട്ടു ക്യാമറയിലാക്കി മീഡിയക്ക് നല്‍കാനും ശ്രദ്ധിച്ചത് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതായി മാറി. പകല്‍ മുഴുവന്‍ പ്രിന്റ് ആന്റ് വിഷ്വല്‍ മീഡിയാ ഗ്രൂപ്പില്‍ ആവുന്നത്ര വാര്‍ത്തകള്‍ സ്വയം തയ്യാറാക്കി നല്‍കാന്‍ നജീബ് മാഷ് പ്രത്യേകം ശ്രദ്ധിച്ചത് വിദൂരത്തുള്ള പത്രലേഖകര്‍ക്ക് നല്‍കിയ ആശ്വാസം വലുതാണ്. അതുകൊണ്ട് കൂടിയാണ് മൊഗ്രാല്‍ കലോത്സവത്തിന് ഇത്രയേറെ വാര്‍ത്താ കവറേജ് ലഭിച്ചത്.
ഒടുവില്‍ സംസ്ഥാന കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് മൊഗ്രാലിന്റെ മണ്ണിലെത്തുമെന്നായപ്പോള്‍ മൂന്നുദിവസം മുമ്പു തന്നെ സ്‌കൂള്‍ അധികൃതരെ നേരില്‍ കണ്ട് എന്തൊക്കെ ചെയ്യണമെന്ന് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനൊപ്പം തലേദിവസം വാട്‌സാപ്പില്‍ അതിന്റെ പോസ്റ്ററും അയച്ചുകൊടുത്ത് പരിപാടിക്ക് ഉണ്ടാകണമെന്ന് എല്ലാവരെയും ക്ഷണിക്കാനും മാഷ് മറന്നില്ല.
സംസ്ഥാന കലോത്സവ വേദിയിലേക്കുള്ള സ്വര്‍ണ്ണ കപ്പ് പ്രചാരണ യാത്രയുടെ ഉദ്ഘാടനത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കാന്‍ ഡസനിലധികം മീഡിയ സംഘത്തിനൊപ്പം കോര്‍ഡിനേറ്ററുടെ ടീം മൊഗ്രാലില്‍ എത്തിയത് കണ്ടവര്‍ക്കൊക്കെ ഒരത്ഭുതമായി.
തോരാത്ത മഴ പോലെ ആയിരം നാക്കാണ് കലോത്സവ നാളുകളിലെ മീഡിയാ പ്രവര്‍ത്തനങ്ങളെപ്പറ്റി എല്ലാവര്‍ക്കും പറയാനുള്ളത്. സര്‍വീസില്‍ നിന്ന് പിരിയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഒരു കലോത്സവം കൂടി കവര്‍ ചെയ്തു പടിയിറങ്ങണമെന്ന ആഗ്രഹമാണ് നജീബ് മാഷ് പങ്കിട്ടത്. ഒപ്പം എടുത്തുപറയേണ്ട മൊഗ്രാലിന്റെ ചലിക്കുന്ന ക്യാമറകളായ മൂന്നുപേരാണ് എം.ജി.എ റഹ്മാനും ഹാരിസ് ബാഗ്ദാദും മുഹമ്മദ് അബ്‌കൊയും. അവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നിമിഷ നേരങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരുന്നത്.
കലോത്സവ നഗരിയില്‍ ഗായകര്‍ ഇശല്‍ വിരുന്നൊരുക്കിയപ്പോള്‍
ഇതൊക്കെ വായിക്കുമ്പള്‍ മീഡിയാ കമ്മിറ്റി മാത്രമാണോ കലോത്സവത്തിന്റെ വിജയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചതെന്ന ചോദ്യം ഉയര്‍ന്നേക്കാം. അങ്ങനെയല്ല ഉദ്ദേശിച്ചത്. പറഞ്ഞുവന്നത് ഏതൊരു പരിപാടിയുടെയും വിജയത്തില്‍ മുഖ്യ പങ്ക് വഹിക്കേണ്ട മീഡിയാ കമ്മിറ്റി ഇവിടെ നടത്തിയ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളെ കയ്യടിച്ച് ശ്ലാഘിക്കാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.
എല്ലാറ്റിനുമപ്പുറം നാട്ടുകാരുടെ സഹായങ്ങളും ഊഷ്മളതയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ആളും ആരവങ്ങളും ഒഴിഞ്ഞ മണ്ണില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച്കടന്നുപോയ 64-മത് കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം ഈ ഗ്രാമത്തിന് സ്വന്തം.

