ഉയരങ്ങളില്‍...രാജേഷ് അഴീക്കോടന്‍

നാടകങ്ങളുടെയും ഡോക്യുമെന്ററികളുടെയും വഴിയേ ജീവിതത്തെ നയിക്കുന്ന രാജേഷ് അഴീക്കോടന്‍ എന്ന കലാകാരനെ കാസര്‍കോടിന് സുപരിചിതമായിട്ട് ഏറെയായി. വെള്ളിത്തിരയില്‍ തന്‍മയത്വത്തോടെ തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന രാജേഷിന് അഭിനയപാടവം കൈമുതലായത് അപ്രതീക്ഷിതമായല്ല. നാല് പതിറ്റാണ്ട് കാലത്തിലധികമുള്ള നാടക സപര്യയാണ് പിന്‍ബലം. പുരാണ നാടക കഥാപാത്രങ്ങള്‍ക്ക് മേയ്ക്കപ്പ് ചെയ്യുന്നത് മതിമറന്ന് നോക്കിനിന്ന് കണ്ട കൊച്ചുകുട്ടിയില്‍ നിന്ന് അറിയപ്പെടുന്ന കലാകാരനായതിന് പിന്നില്‍ അനുഭവങ്ങള്‍ ഏറെയുണ്ട് രാജേഷിന് പറയാന്‍. നാടകങ്ങളില്‍ നിന്ന് നാടകങ്ങളിലേക്കുള്ള രാജേഷിന്റെ പ്രയാണം ഇപ്പോഴും തുടരുകയാണ്. ഒപ്പം സിനിമകളും. കാസര്‍കോട് ബളാല്‍ സ്വദേശിയായ രാജേഷ് അഴീക്കോടന്‍ ഉത്തരദേശവുമായി മനസ് തുറക്കുന്നു...

? സിനിമയില്‍ സജീവമായപ്പോള്‍ നാടകത്തെ മറന്നോ

- ഒരിക്കലുമില്ല. നാടകമാണ് എന്റെ ലോകം. നാടകമേഖലയില്‍ സജീവമാണ്. നാടകത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരെ കുറിച്ച് ബിനുലാല്‍ എഴുതി പട്ടണം റഷീദ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന നാടകം ഏറ്റവും ഒടുവിലായി എറണാകുളത്ത് അവതരിപ്പിച്ചു കഴിഞ്ഞു. എം.ടിയുടെ കഥാപാത്രം 'എഴുത്തുകാരന്‍' എന്ന പേരില്‍ ഞാന്‍ തന്നെയാണ് അഭിനയിക്കുന്നത്.

? എം.ടി വാസുദേവന്‍ നായരായി അഭിനയിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ എങ്ങനെയാണ്

- എം.ടിയുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ എന്ന ഡോ.എം.എ റഹ്മാന്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷനില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഒരാഴ്ചയോളം എം.ടിയുടെ കൂടെ ചിലവഴിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് ഇടപഴകാനുള്ള ഭാഗ്യമുണ്ടായി. അതിന് ശേഷം ടി.വി ചന്ദ്രന്‍, രാമുകാര്യാട്ടിന്റെ ജീവിതം ആസ്പദമാക്കി ചെയ്ത ഡോക്യുമെന്ററിയിലും എം.ടിയുടെ പ്രതികരണം എടുത്തിരുന്നു. ആ ഘട്ടത്തിലും എം.ടിയുമായി ഇടപഴകാന്‍ കഴിഞ്ഞു. ഇതിലൂടെ അദ്ദേഹവുമായി വ്യക്തിപരമായി അടുക്കാന്‍ കഴിഞ്ഞു.

? നാടക വേദിയില്‍ ചരിത്ര പുരുഷന്‍മാരായി അഭിനയിക്കുന്നത് ഇതാദ്യമായല്ല അല്ലേ

- നാടകജീവിതത്തില്‍ ഇന്നേവരെ മൂന്ന് അസുലഭ മുഹൂര്‍ത്തങ്ങളാണ് എനിക്കുണ്ടായത്. ഒന്ന് പയ്യന്നൂര്‍ എതിര്‍ദിശ സംഘടിപ്പിച്ച ഫിദല്‍ കാസ്ട്രോ നാടകത്തില്‍ കാസ്ട്രോ ആയി അഭിനയിച്ചത്. രണ്ട് ഇബ്രാഹിം വെങ്ങരയുടെ സംവിധാനത്തില്‍ കെ.ടി മുഹമ്മദായി വേഷമിട്ടത്. ഏറ്റവും ഒടുവില്‍ പട്ടണം റഷീദിന്റെ സംവിധാനത്തില്‍ ഏകലവ്യന്‍ നാടകത്തില്‍ എഴുത്തുകാരനായി അഭിനയിച്ചു.


? കെ.ടി മുഹമ്മദ് എന്ന അനശ്വര നാടകകൃത്തിനെ അവതരിപ്പിക്കാനുള്ള വഴി തെളിഞ്ഞതെങ്ങനെയായിരുന്നു

- കെ.ടി മുഹമ്മദിന്റെ ജീവിതം പ്രമേയമാക്കി ഇബ്രാഹിം വെങ്ങരയാണ് നാടകം സംവിധാനം ചെയ്തത്. ഒരു ദിവസം ഇബ്രാഹിം വെങ്ങര ഫോണ്‍ ചെയ്ത് ഇങ്ങനെയൊരു നാടകം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പ്രൊഫഷണല്‍ നാടകങ്ങളോട് പൊതുവേ താത്പര്യം ഇല്ലാത്തതിനാല്‍ ആദ്യം ഒന്നു മടിച്ചു. കെ.ടി ആയി വേഷമിടേണ്ടത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. പിന്നെ സുഹൃത്തായ ബാബു അന്നൂരിനോട് അഭിപ്രായം ചോദിച്ചു. എന്തായാലും പോകണം എന്നായിരുന്നു മറുപടി. അങ്ങനെയാണ് കെ.ടി ആയി വേഷമിടുന്നത്. കഠിനമായ റിഹേഴ്സല്‍. കെ.ടിയെ കുറിച്ച് കുറെ വായിച്ചറിഞ്ഞു. അഭിനയ ജീവിതത്തിലും നാടക ജീവിതത്തിലും ഏറെ മുതല്‍ക്കൂട്ടായിരുന്നു ആ അനുഭവം.

? കാസര്‍കോട് ജില്ലയിലെ ആദ്യത്തെ സിനിമാ നിര്‍മാതാവ് അഴീക്കോടന്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ മകനാണ്. അതൊരു ഘടകമായിരുന്നോ ഈ മേഖലയിലേക്കുള്ള കടന്നുവരവിന്

- കലാരംഗത്ത് സജീവമാകുന്നതിനോട് അച്ഛനില്‍ നിന്ന് പൊതുവേ എതിര്‍ സ്വരമാണ് ഉയര്‍ന്നുവന്നിരുന്നത്. സിനിമാ നിര്‍മാതാവ് ആയതുകൊണ്ട് തന്നെ അന്ന് അച്ഛനെ കാണാന്‍ പ്രമുഖര്‍ വീട്ടില്‍ വരുമായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായിരുന്നു സംവിധായകരായ പവിത്രനും ചിന്താരവിയും വിജയന്‍ കാരോട്ടും ഉള്‍പ്പെടെയുള്ളവര്‍ സുധീഷ് ഗോപാലകൃഷ്ണന്റെ കൂടെ വീട്ടിലേക്കു വരുമ്പോള്‍ ഇവരുടെ വര്‍ത്തമാനങ്ങള്‍ നിരീക്ഷിക്കും. നടനും അസോസിയേറ്റ് ഡയറക്ടറുമായ സുധീഷ് ഗോപാലകൃഷണനെ നായകനാക്കിയാണ് അച്ഛന്‍ ഡാലിയ പൂക്കള്‍ എന്ന സിനിമ നിര്‍മിക്കുന്നത്.


? നാടക മേഖലയിലേക്ക് ആകൃഷ്ടനാവുന്നത് എങ്ങനെയാണ്

- ചെറുപ്പം തൊട്ട് തന്നെ നാടകം എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിന് പിന്നില്‍ രസകരമായ അനുഭവം ഉണ്ട്. ബളാല്‍ ക്ഷേത്രത്തിനടുത്താണ് എന്റെ വീട്. ഉത്സവ സമയം കണ്ണൂര്‍ നടനകലാക്ഷേത്രയുടെയൊക്കെ നൃത്തസംഗീത നാടകങ്ങള്‍ അരങ്ങേറാറുണ്ട്. അതിലെ പുരാണ കഥാപാത്രങ്ങള്‍ക്ക് മുഖത്ത് ഛായം തേക്കുന്നത് മതിമറന്ന് നോക്കി നില്‍ക്കും. മേയ്ക്കപ്പും കിരീടവുമൊക്കെ വെച്ച് കഥാപാത്രമായി മാറുന്ന സമയത്ത് അത് മുഖത്ത് പ്രതിഫലിക്കുന്നത് കാണുമ്പോള്‍ പ്രത്യേക അനുഭവമായിരിക്കും.അത് വലിയൊരു കാഴ്ചയായിരുന്നു എനിക്ക്. കുഞ്ഞുമനസ്സില്‍ അന്ന് ആ കാഴ്ച ഏറെ കൗതുകം ജനിപ്പിച്ചിരുന്നു. പിന്നെ സ്‌കൂള്‍ നാടകങ്ങളിലും നാട്ടിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇതോടെ നാട്ടില്‍ നല്ലൊരു നാടക നടന്‍ എന്നുള്ളൊരു പരിഗണനയും കിട്ടി. ബാബു അന്നൂരിന്റെ കേളു എന്ന നാടകം കണ്ടതോടു കൂടി അമേച്വര്‍ നാടകങ്ങളോട് അതിയായ ഇഷ്ടം തോന്നി. സാഹിത്യ നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍, എഴുത്തുകാരനായ എന്‍. പ്രഭാകരന്‍ ഇങ്ങനെ നാടകപ്രവര്‍ത്തനം വലിയ സൗഹൃദവലയമുണ്ടാക്കിയിട്ടുണ്ട്. എന്‍. ശശിധരന്റെ തിരക്കഥയില്‍ ബാബു അന്നൂരിന്റെ സംവിധാനത്തില്‍ ഒരുക്കിയ നെയ്ത്തുകാരനില്‍ അഭിനയിക്കാന്‍ സാധിച്ചു. ഇങ്ങനെ സാംസ്‌കാരിക മേഖലയിലെ വലിയൊരു സംഘവുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

? നാടകത്തിന് പുറമെ ഡോക്യുമെന്ററി രംഗത്തും മുദ്ര പതിപ്പിച്ചിരുന്നല്ലോ

-പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ എം.എ റഹ്മാന്‍ ആണ് ഡോക്യുമെന്ററിയോടുള്ള എന്റെ ആഗ്രഹത്തിന് കൂട്ടുനിന്നത്. അദ്ദേഹം അച്ഛന്റെ സുഹൃത്തായിരുന്നു. കോളേജ് പഠനത്തിന് ശേഷം ഡോക്യുമെന്ററി മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം അദ്ദേഹവുമായി പങ്കുവെച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ നിരവധി ഡോക്യുമെന്ററികളില്‍ അസിസ്റ്റന്റായും അസോസിയേറ്റായും പങ്കാളിയായി. അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ഡോക്യുമെന്ററിയുടെ അസിസ്റ്റന്റ് ഡയറക്ടറാവാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നു.


? സിനിമയിലേക്കുള്ള ചുവടുവെപ്പ് എങ്ങനെയായിരുന്നു

- സമാന്തര സിനിമ പ്രസ്ഥാനത്തിന്റെ അതികായന്‍ ടി.വി ചന്ദ്രനാണ് സിനിമാ മേഖലയില്‍ എന്റെ ഗുരു. എങ്ങനെ ഏത് രീതിയില്‍ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. കേവലം അസിസ്റ്റന്റായല്ല അദ്ദേഹം എന്നെ കണ്ടത്. സ്വന്തം മകനെ പോലെ കണ്ട് ചേര്‍ത്ത് നിര്‍ത്തി. എം.എ റഹ്മാനാണ് എനിക്ക് ടി.വി ചന്ദ്രനെയും സതീഷ് പൊതുവാളിനെയും പരിചയപ്പെടുത്തി തരുന്നത്. സംവിധായകന്‍ ചിദംബരത്തിന്റെ അച്ഛനാണ് സതീഷ് പൊതുവാള്‍. സതീഷ് പൊതുവാളിന്റെ മലബാര്‍ മാന്വല്‍ എന്ന ഡോക്യുമെന്ററിയിലും സമയം എന്ന സിനിമയിലും പ്രവര്‍ത്തിച്ചു. 2008ല്‍ പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ 'ഭൂമി മലയാളം' എന്ന സിനിമയിലും പിന്നീട് രാമു കാര്യാട്ടിന്റെ ജീവിതം ഡോക്യുമെന്ററി ആക്കുമ്പോഴും ഭാഗമാകാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ 'മോഹവലയം' എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇതിലൂടെ സിനിമാ സംവിധാനം എന്നത് എന്റെ സ്വപ്‌നമായി തീര്‍ന്നു.

?പിന്നീട് സിനിമകളില്‍ സജീവമായി കണ്ടില്ലല്ലോ, മനപ്പൂര്‍വം വിട്ടുനില്‍ക്കുകയായിരുന്നോ

- സിനിമകള്‍ ചെയ്യാന്‍ ഏറെ താത്പര്യമുണ്ടായെങ്കിലും പലരും അവഗണിച്ചു. പിന്നീട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലൊക്കെ എന്‍ട്രി ലഭിച്ച 'തടിയനും മുടിയനും' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചു. അതിലെ അഭിനയത്തിന് പലരും പ്രശംസിച്ചു. അന്നുതൊട്ട് സിനിമാ മോഹം കൂടി.

സിനിമയില്‍ മുഖം കാണിച്ചുതുടങ്ങിയപ്പോള്‍ അത് പുതിയൊരു ലോകമാണെന്ന് തോന്നിയിട്ടില്ല. സിനിമ സാങ്കേതികമായും കഥാപരമായും ഏറെ മാറിക്കഴിഞ്ഞു.

? നാടകങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയില്‍ കുറവ് വന്നതായി തോന്നിയിട്ടുണ്ടോ

- ഒരിക്കലുമില്ല. ഇപ്പോഴും നാടകം അവതരിപ്പിക്കപ്പെടുന്ന വേദിക്ക് മുന്നില്‍ നിറഞ്ഞ സദസ്സിനെ കാണാം. സ്‌കൂള്‍ കലോത്സവങ്ങളിലൊക്കെ നാടക മത്സരം കാണാന്‍ നിരവധി പേരാണ് ഒത്തുകൂടുന്നത്. സംഗീത നാടക അക്കാദമിയുടെ നാടകങ്ങള്‍ക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി പേരാണ് സദസ്യരായി എത്തുന്നത്.

? കാസര്‍കോടിനെ സിനിമാമേഖലയില്‍ അടയാളപ്പെടുത്താന്‍ വൈകിയതായി തോന്നുന്നുണ്ടോ

- നേരത്തെ ഇങ്ങനെയൊരു ഇടം കണ്ടെത്തിയിരുന്നെങ്കില്‍ സംവിധാന രംഗത്തും അഭിനയ രംഗത്തും മുഴുവന്‍ മേഖലകളിലും നിരവധി സിനിമാ പ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്നും ഉണ്ടായേനെ. കാസര്‍കോട് ജില്ലയില്‍ ഓഡിഷന്‍ ഒക്കെ നടക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അന്ന് മുതലാണ് ഇവിടത്തുകാര്‍ സിനിമയില്‍ മുഖം കാണിച്ച് തുടങ്ങിയത്.

? സിനിമയ്ക്ക് പുറമെ കൃഷിയിലും സജീവമാണല്ലോ

- സിനിമ ഇതുവരെ അന്നമായിട്ടില്ല. കൃഷി തന്നെയാണ് ഉപജീവനമാര്‍ഗം. പരമ്പരാഗതമായി ഞങ്ങള്‍ കൃഷിക്കാരാണ്. അത് കൊണ്ട് കൃഷി വിട്ടൊരു ജീവിതമില്ല.

? പുതിയ പ്രൊജക്ടുകള്‍ എന്തൊക്കെയാണ്

- മാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന 'ദൃഢം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഷെയ്ന്‍ നിഗം ആണ് നായകന്‍. മറ്റൊരു നവാഗത സംവിധായകന്റെ 'സംഭവം' എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ആയത് 'സംശയം', 'ആസാദി' എന്നീ ചിത്രങ്ങളാണ്.

നിധീഷ് ബാലന്‍
നിധീഷ് ബാലന്‍ - ഓണ്‍ലൈന്‍ എഡിറ്റര്‍, ഉത്തരദേശം ഓണ്‍ലൈന്‍  
Related Articles
Next Story
Share it