വസന്തോത്സവമാണ് പൂരം...

മീന മാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍ വരെയാണ് പൂരോത്സവം. ആചാരങ്ങളില്‍ അല്‍പം വ്യത്യാസത്തോടെ ആണ് വിവിധ സ്ഥലങ്ങളില്‍ പൂരം ആഘോഷിക്കുന്നത്. കാമദഹനവുമായി ബന്ധപ്പെട്ടതാണ് പൂരോത്സവം. 7 ദിവസങ്ങളില്‍ ആണ് പൂവിടുക. ചെമ്പകം, ചെക്കി, നരയന്‍, എരിക്ക് തുടങ്ങിയ പൂക്കള്‍ കൊണ്ട് കാമനെ ഉണ്ടാക്കും.

പൂരം കേരളത്തില്‍ എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും വടക്കേ മലബാറില്‍ അതിന് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്. വസന്തോത്സവമാണ്, കാമ പൂജയാണ് ഇവിടത്തെ പൂരം. മീന മാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍ വരെയാണ് പൂരോത്സവം. കാമദഹനവുമായി ബന്ധപ്പെട്ടതാണ് പൂരോത്സവം. ദാക്ഷായണി എന്ന സതിയുടെ ആത്മാഹൂതിയെ തുടര്‍ന്ന് വിരഹ ദുഃഖത്താല്‍ ശിവന്‍ കൊടും തപസ്സാരംഭിച്ചു. തപസ്സിളക്കാന്‍ ദേവേന്ദ്രന്‍ തീരുമാനിച്ചു. അതിനായി കാമദേവന്‍ നിയുക്തനായി. കാമന്‍ പുഷ്പ ശരമെയ്തു. പൂവമ്പേറ്റ് മനശ്ചാഞ്ചല്യം അനുഭവപ്പെട്ട ശിവന്‍ നെറ്റിയിലെ മൂന്നാം കണ്ണ് മിഴിച്ച് കാമനെ ദഹിപ്പിച്ചു. ഇതേ തുടര്‍ന്ന് കാമദേവന്റെ പത്‌നിക്ക് മാത്രമല്ല വിരഹം ഉണ്ടായത്. മദനവികാരം ഇല്ലാതെ ലോകം വരണ്ടുപോയി. പ്രണയവും കാമവും പരസ്പരാകര്‍ഷണവുമില്ലാത്ത ഒരു അന്തരാള കാലഘട്ടം. രതീദേവി തപസ് ചെയ്തു. ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് മഹാവിഷ്ണുവിനെ പൂജിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ കാമന്‍ തിരിച്ചു വരൂ എന്നും പറഞ്ഞു. രതീ ദേവി വിഷ്ണുവിനെ സമീപിച്ചു. ചൈത്ര മാസത്തിലെ മീനം-കാര്‍ത്തിക നാള്‍ തൊട്ട് പൂരം വരെ 9 കന്യകമാര്‍ പൂക്കള്‍ കൊണ്ട് കാമനെ ഉണ്ടാക്കി പൂജിക്കണമെന്ന്, അങ്ങനെയായാല്‍ കാമവികാരം വീണ്ടും ഉണ്ടാകും എന്നും വിഷ്ണു പറഞ്ഞു. അത് നടന്നു. ആഹ്‌ളാദം അടക്കാനാവാതെ 18 കന്യകമാര്‍ 18 നിറങ്ങളില്‍ പാട്ടുപാടി കളിച്ചു. അതാണ് പൂരക്കളി.

ഏഴു ദിവസങ്ങളില്‍ ആണ് പൂവിടുക. ചെമ്പകം, ചെക്കി, നരയന്‍, എരിക്ക് തുടങ്ങിയ പൂക്കള്‍ കൊണ്ട് കാമനെ ഉണ്ടാക്കും. ഉണക്കലരി കൊണ്ട് ഉപ്പിടാത്ത കഞ്ഞി. പിറ്റേന്നാണ് കാമനെ അയക്കുന്ന ചടങ്ങ്. പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച കാമനെ വാരിമുറത്തിലാക്കി പാലുള്ള മരത്തിന് ചുവട്ടില്‍ കൊണ്ടിടും. അവസാനമായി വെള്ളം കൊടുക്കും. 'അടുത്തകൊല്ലം നേരത്തെ വരണേ കാമ' എന്ന് കാമനോട് ചോദിക്കും. ആചാരങ്ങളില്‍ അല്‍പം വ്യത്യാസത്തോടെയാണ് വിവിധ സ്ഥലങ്ങളില്‍ പൂരം ആഘോഷിക്കുന്നത്.



പൂരത്തിന് അഞ്ച് ദിവസങ്ങള്‍ മുമ്പേ കാമനെ ഒരുക്കാനുള്ള പൂക്കള്‍ ശേഖരിക്കാന്‍ ആയി സ്ത്രീകളും പെണ്‍കുട്ടികളും നാട്ടിലേക്ക് ഇറങ്ങും.

പൂരക്കളിയില്‍ പ്രധാനമാണ് പൂരമാല. 18 തരത്തിലുള്ള കളികളും അതിനനുസരിച്ചുള്ള പാട്ടുകളുമടങ്ങിയതാണ് പൂരമാല. പാട്ടുകള്‍ സംഖ്യയുടെ അടിസ്ഥാനത്തില്‍ ഏഴ് പ്രാസങ്ങളിലാണ്.

പൂരക്കളി കഴിഞ്ഞ് പൂരം കുളിക്ക് മുമ്പ് മറ്റൊരു ചടങ്ങുണ്ട്. ആണ്ടും പള്ളം. പാപ നിവാരണത്തിനായി പാര്‍വതി-പരമേശ്വരന്മാര്‍ നടത്തിയ ഭിക്ഷാടനത്തിന്റെ വിവരണമാണ് 'ആണ്ട്' എന്ന പരിപാടി. 'പള്ളാ'കട്ടെ ഊര്‍വരതയുമായി ബന്ധപ്പെട്ടതാണ്. ശിവന്‍ പള്ളനും പാര്‍വതി പള്ളത്തിയുമായി പള്ളിവയലില്‍ കൃഷി ചെയ്യുന്നു. കൊയ്ത്തു കഴിഞ്ഞ് മേലാളനായ ദേവേന്ദ്രന് 'വാരം' അളന്നു നല്‍കുന്നു. മിച്ച ധാന്യം കര്‍ഷകത്തൊഴിലാളികള്‍ പങ്കുവെച്ചെടുക്കുന്നു. ഈ ആശയമുള്ള പാട്ട് പാടിക്കൊണ്ട് പണിക്കരും അനുയായികളും വൃത്തത്തില്‍ കൈകൊട്ടി കളിക്കുന്നു. ഊര്‍വരതക്ക് വേണ്ടി പൊലി പൊലി പാടി കളിക്കുന്നു. പൂരം കുളിയോടെ പൂരക്കളി അവസാനിക്കുന്നു.



പാര്‍വതിയില്‍ ശിവന്‍ അനുരക്തനാകുന്നതിന് തുടക്കം കുമാര സംഭവത്തില്‍ വര്‍ണിക്കുന്നുണ്ട്. കൊടുംതപസ് അനുഷ്ഠിക്കുന്ന ശിവന്റെ പാദങ്ങളില്‍ പാര്‍വതി പുഷ്പാര്‍ച്ചന നടത്തുന്നു.

അപ്പോള്‍ വസന്തന്‍ (കാമന്‍) വസന്തം സൃഷ്ടിക്കുകയും ആ മുഹൂര്‍ത്തത്തില്‍ കാമദേവന്‍ പൂവമ്പ് എയ്യുകയും തപസ്സിളകിയ ശിവന്‍ മുമ്പില്‍ പാര്‍വതിയെ കണ്ട് അനുരക്തനാകുകയും ക്ഷണത്തില്‍ കോപാന്ധനായി തന്റെ തപസ്സിളക്കിയ കാമനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു.

Related Articles
Next Story
Share it