പി.എം. ശ്രീ കരാര്‍; കേരളത്തിന്റെ വിദ്യാഭ്യാസ സ്വാശ്രയത്വം വിറ്റഴിക്കപ്പെട്ടോ...?

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തെയും ജയ് വിളിച്ച് ശിരസാവഹിക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ നിന്നുപോലും ഇങ്ങനെയൊരു ചോദ്യം ഉയരുന്നുണ്ട്. ഐക്യകേരളം രൂപം കൊണ്ട നാള്‍ മുതല്‍ പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിലൂടെ നാം പടുത്തുയര്‍ത്തിയ ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെയാണ്, കേവലം ഏതാനും കോടികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അടിയറവെച്ചിരിക്കുന്നത്.

സി.പി.എമ്മിന് ഇത് എന്തുപറ്റിയെന്ന് പലരും ചോദിക്കുന്നുണ്ട്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തെയും ജയ് വിളിച്ച് ശിരസാവഹിക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ നിന്നുപോലും ഇങ്ങനെയൊരു ചോദ്യം ഉയരുന്നുണ്ട്. ഐക്യകേരളം രൂപം കൊണ്ട നാള്‍ മുതല്‍ പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിലൂടെ നാം പടുത്തുയര്‍ത്തിയ ലോകോത്തര പൊതുവിദ്യാഭ്യാസ മാതൃകയെയാണ്, കേവലം ഏതാനും കോടികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അടിയറവെച്ചിരിക്കുന്നത്. 'പി.എം ശ്രീ' (പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ) പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള തീരുമാനം, കേരളത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ ഭാവിയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്. ഇത് ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ സ്വാശ്രയത്വത്തെ ബലികൊടുക്കുന്ന ചരിത്രപരമായ ഒരു കീഴടങ്ങലാണ്.

നിലവില്‍ പി.എം ശ്രീ ഡാഷ്‌ബോര്‍ഡ് പ്രകാരം 13,070 സ്‌കൂളുകള്‍ പദ്ധതിയില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ സ്‌കൂളുകളെല്ലാം ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി2020) നടപ്പിലാക്കുന്നതിനുള്ള മാതൃകാ സ്ഥാപനങ്ങളായി മാറും. 1466 കോടി രൂപയുടെ കേന്ദ്ര വിഹിതമെന്ന വാഗ്ദാനത്തിലാണ് കേരളം വീണത്. എന്നാല്‍ ഈ തുകയുടെ 40 ശതമാനം (ഏകദേശം 977 കോടിയോളം രൂപ) സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറച്ചുവെക്കപ്പെടുന്നു.

നമ്മുടെ സ്വന്തം പണം മുടക്കി, നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനും അവരുടെ രാഷ്ട്രീയ അജണ്ടകള്‍ക്കും തീറെഴുതിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേവലം ഒരു ഫണ്ടിംഗ് പദ്ധതി എന്നതിലുപരി, ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി 2020) സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു 'ട്രോജന്‍ ഹോഴ്‌സ്' ആണ് പി.എം ശ്രീ. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ താഴെ നല്‍കുന്നു:

വിദ്യാഭ്യാസ നയത്തിന്റെ

കാവിവല്‍ക്കരണം

എന്‍.ഇ.പി 2020 അടിച്ചേല്‍പ്പിക്കല്‍: ദേശീയ വിദ്യാഭ്യാസ നയം 2020 എന്നത് ആര്‍.എസ്.എസ് അജണ്ടയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് സി.പി.എമ്മും സി.പി.ഐയും. ആ നയം പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് ഈ പദ്ധതി. ഇത് കേരളം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളെയും ശാസ്ത്രബോധത്തെയും തകര്‍ക്കും.

പാഠ്യപദ്ധതിയുടെ കാവിവല്‍ക്കരണം: പദ്ധതിയില്‍ ചേരുന്നതോടെ, കേരളത്തിന്റെ തനതായ സംസ്ഥാന സിലബസിന് പകരം എന്‍.സി.ഇ.ആര്‍.ടിയുടെ കേന്ദ്ര സിലബസ് നടപ്പിലാക്കാന്‍ നാം നിര്‍ബന്ധിതരാകും. ആര്‍.എസ്.എസ് സങ്കല്‍പ്പത്തിലുള്ള ദേശീയതയും ഹിന്ദുത്വ ആശയങ്ങളും ചരിത്രത്തെ വളച്ചൊടിച്ചും നമ്മുടെ ക്ലാസ് മുറികളിലേക്ക് അടിച്ചേല്‍പ്പിക്കാനുള്ള എളുപ്പവഴിയാണിത്. നമ്മുടെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന് ഇനി ഡല്‍ഹി തീരുമാനിക്കും.

കേരള മാതൃകയെ തകര്‍ക്കുന്ന ഘടനാമാറ്റം: കേരളം വിജയകരമായി നടപ്പാക്കുന്ന സ്‌കൂള്‍ ഘടനയ്ക്ക് പകരം, കേന്ദ്ര നയത്തിലെ 5+3+3+4 എന്ന രീതി നടപ്പിലാക്കേണ്ടി വരും. ഇത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയാകെ താറുമാറാക്കും.

സംസ്ഥാനത്തിന്റെ അധികാരം

കവരലും ഫെഡറല്‍ ലംഘനവും

അധികാരം കവരല്‍: വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ആണെങ്കിലും പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാകും. നമ്മുടെ സ്‌കൂളുകള്‍ ഫലത്തില്‍ കേന്ദ്ര നിയന്ത്രണത്തിലേക്ക് മാറും. ഇത് ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

അടിച്ചേല്‍പ്പിക്കുന്ന ബ്രാന്‍ഡിംഗും വ്യക്തിപൂജയും: നമ്മുടെ സ്‌കൂളുകള്‍ക്ക് മുന്നില്‍ 'പി.എം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണമെന്ന നിബന്ധന, വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റും.

കേന്ദ്രത്തിന്റെ നിയന്ത്രണം ഉറപ്പാക്കുന്ന

6 സ്തംഭങ്ങള്‍

പി.എം ശ്രീ പദ്ധതിയുടെ ആറ് സ്തംഭങ്ങള്‍ പരിശോധിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ എത്രത്തോളം ആഴത്തില്‍ ഇടപെടും എന്നുള്ളത് വ്യക്തമാകും. ഈ സ്തംഭങ്ങളെല്ലാം എന്‍.ഇ.പി 2020 നടപ്പാക്കാനുള്ള ഉപകരണങ്ങളാണ്. 1) ആക്സസ് ഇന്‍ഫ്രാസ്ട്രക്ചര്‍. ലക്ഷ്യം-അപകടം അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റാന്‍ സംസ്ഥാനം നിര്‍ബന്ധിതരാകും. 2) ഹ്യൂമന്‍ റിസോഴ്സസ് ആന്റ് സ്‌കൂള്‍ ലീഡര്‍ഷിപ്പ്. ലക്ഷ്യം-അപകടം അധ്യാപക പരിശീലനവും നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര നയങ്ങള്‍ അടിച്ചേല്‍പ്പിക്കും. 3) മാനേജ്മെന്റ്, മോണിറ്ററിംഗ് ആന്റ് ഗവേണന്‍സ്. ലക്ഷ്യം-അപകടം സ്‌കൂളുകളുടെ നടത്തിപ്പും മേല്‍നോട്ടവും കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറും. സംസ്ഥാന അധികാരങ്ങള്‍ ഇല്ലാതാകും. 4) ബെനിഫിഷ്യറി സാറ്റിസ്ഫാക്ഷന്‍. ലക്ഷ്യം-അപകടം വിദ്യാര്‍ത്ഥി സംതൃപ്തി കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിലയിരുത്തപ്പെടും. 5) കരിക്കുലം, പെഡഗോഗി ആന്റ് അസസ്മെന്റ് (പാഠ്യപദ്ധതി). ലക്ഷ്യം-അപകടം ഏറ്റവും അപകടകരം. പാഠ്യപദ്ധതി, പഠനരീതി, മൂല്യനിര്‍ണ്ണയം എന്നിവയില്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം വരും. 6) ഇന്‍ക്ലൂസീവ് പ്രാക്ടീസസ് ആന്റ് ജെന്‍ഡര്‍ ഇക്വിറ്റി. ലക്ഷ്യം-അപകടം കേന്ദ്രത്തിന്റെ സാംസ്‌കാരിക കാഴ്ചപ്പാടിലുള്ള സമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടും.

ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെയും വിദ്യാഭ്യാസ നയങ്ങളെയും തെരുവുകളില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും അധികാരത്തിന്റെ ഇടനാഴികളില്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ്. നമ്മുടെ കുട്ടികളുടെ പാഠപുസ്തകത്തില്‍ പോലും ആര്‍.എസ്.എസ് കൊണ്ടുവന്ന ചിത്രങ്ങളായിരിക്കും ഇനി പഠിക്കാനുണ്ടാകുക.

നേരത്തെ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാതിരുന്നത് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് കാരണമായിരുന്നു. എന്നാല്‍ കേന്ദ്രം 'സമഗ്ര ശിക്ഷാ അഭിയാന്‍' പദ്ധതി പ്രകാരമുള്ള പണം തടഞ്ഞുവെച്ച് ഈ സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി. എന്നാല്‍ തമിഴ്നാട് സ്വീകരിച്ച നിലപാട് കേരളം കണ്ടുപഠിക്കേണ്ടതുണ്ട്. കേന്ദ്രം ഫണ്ട് തടഞ്ഞപ്പോള്‍ അവര്‍ അതിനെ നിയമപരമായി നേരിട്ടു. മദ്രാസ് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ച്, തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപയുടെ ഫണ്ട് അവര്‍ പോരാടി നേടിയെടുത്തു. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാതെ തന്നെ, തങ്ങളുടെ അവകാശങ്ങള്‍ പോരാടി നേടാന്‍ തമിഴ്നാടിന് കഴിഞ്ഞു.

കേരള സര്‍ക്കാരിന് ഈ നിയമപോരാട്ടത്തിന്റെ പാത തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അതിന് മെനക്കെടാതെ, ഫണ്ട് നഷ്ടമാകുമെന്ന ഭയത്തില്‍ പദ്ധതിയില്‍ ഒപ്പിടുകയായിരുന്നു. ഇത് ഒരു ഇടത് മുന്നണിയില്‍ തന്നെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. സി.പി.ഐ കടുത്ത പിണക്കത്തിലാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് സി.പി.എം തന്നെ തുറന്ന് സമ്മതിക്കുന്ന ഒരു സാഹചര്യം അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം. വൈകിയാണെങ്കിലും അത്തരം തിരിച്ചറിവുകള്‍ പിന്നീട് ഉണ്ടായത് നമ്മള്‍ പലവട്ടം കണ്ടതുമാണല്ലോ.

Related Articles
Next Story
Share it