ഇങ്ങനെയും ഒരു ഓണക്കിനാവ്...!

'പ്രിയപ്പെട്ട പ്രജകള്‍ മുറിവിളി കൂട്ടി. ഞാന്‍ വാമനനോട് അപേക്ഷിച്ചു: ആണ്ടിലൊരിക്കല്‍ എന്റെ പ്രിയപ്പെട്ട പ്രജകളെ വന്നുകാണാന്‍ അനുവദിക്കണം. സന്ദര്‍ശനം കഴിഞ്ഞ് അന്ന് തന്നെ തിരികെ പോയിക്കൊള്ളാം... വാമനന്‍ കനിഞ്ഞു, അനുവദിച്ചു. അത് പ്രകാരം ഞാന്‍ വരികയാണ്, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍.'
'അല്ല; എങ്ങോട്ടാണ് അതിരാവിലെ ഇത്ര തിടുക്കത്തില്‍?'
'കേരളത്തിലേക്ക്. എന്റെ സ്വന്തം നാടല്ലെ? എന്റെ പ്രിയപ്പെട്ട പ്രജകള്‍ക്ക് വാക്കുകൊടുത്തതാണ്; ആണ്ടില്‍ ഒരിക്കല്‍ ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ വരും എന്ന്. എന്നെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യാന്‍ താങ്കള്‍ ആരാണ്? കോടാലി ഉണ്ടല്ലോ കയ്യില്‍. മരം വെട്ടുകാരനാണോ? പരിസ്ഥിതി പ്രേമികള്‍ ഉണ്ട് നാട്ടില്‍. ഫോറസ്റ്റുകാരും ജാഗ്രതയിലാണ്. മാധ്യമപ്രവര്‍ത്തകരും എത്തും.'
'കൊള്ളാമല്ലോ അവകാശവാദം? ഭീഷണിയും. തന്റെ സ്വന്തം നാടാണത്രേ? അതെന്ത് ന്യായത്തില്‍? എന്റെ നാടാണ് ഇത്. എനിക്ക് ഉപഹാരമായി വരുണ ദേവന്‍ തന്നതാണ് ഈ രാജ്യം. ഞാന്‍ ഭാര്‍ഗവരാമന്‍, മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരം. എന്റേതാണ് ഈ രാജ്യം. ഞാന്‍ ഗോകര്‍ണ പര്‍വ്വതത്തിന്റെ മുകളില്‍ നിന്ന് എന്റെ ഈ മഴു- പിതാവായ പരമശിവന്‍ സമ്മാനിച്ച പരശു- കടലിലേക്ക് തെക്കോട്ട് വീശി എറിഞ്ഞു. അത്രയും ഭാഗം കടല്‍ നീങ്ങി കര പൊങ്ങിവന്നു. അതാണ് 'ഭാര്‍ഗവ ക്ഷേത്രം' എന്ന് വാഴ്ത്തപ്പെടുന്ന കേരളം. അത് ഞാന്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്‍കി.
'ഭൂമി തന്നെ ബ്രാഹ്മണര്‍ക്ക് ദാനമായി കൊടുക്കുവാന്‍/ഭാര്‍ഗവനായവതരിച്ച രാമ രാമ പാഹിമാം! എന്ന് കേരളീയര്‍ സന്ധ്യാനാമം ചൊല്ലുന്നു എന്നെ പ്രകീര്‍ത്തിച്ചുകൊണ്ട്.'
'മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരം കേരളം സൃഷ്ടിച്ചുവെന്നോ? അസംബന്ധം! അഞ്ചാമത്തെ അവതാരമായ വാമനന്‍ ആണ് എന്നെ തെറ്റിദ്ധരിപ്പിച്ച്, വഞ്ചിച്ച് അധോഭുവനമായ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. ഞാന്‍ സ്വന്തം കരബലത്താല്‍ മൂന്നു ലോകവും കീഴടക്കി വാഴുമ്പോള്‍ മഹാവിഷ്ണു കുള്ളന്‍ വേഷം കെട്ടിവന്ന് തപസ് ചെയ്യാന്‍, ശാന്തമായി ശല്യം ഇല്ലാതെ ഇരിക്കുന്നതിന് മൂന്നടി ഭൂമി വേണമെന്ന് അഭ്യര്‍ത്ഥിച്ചു. സ്വന്തം പാദം കൊണ്ട് ഭൂമി അളന്നെടുത്തു കൊള്ളാം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. ചതിയാണ്, ഈ നില്‍ക്കുന്ന കുള്ളന്‍ വിഷ്ണുവാണ്. സമ്മതിക്കരുത് എന്ന് എന്റെ ഗുരു ശുക്രചാര്യര്‍ മുന്നറിയിപ്പ് നല്‍കിയത് ഞാന്‍ കേട്ടില്ല. ഗുരുവചനം ധിക്കരിച്ചുപോയി. ദാന നീര് വീഴ്ത്തിയപ്പോഴാണ് ചതി മനസ്സിലായത്. കുള്ളന്‍ ആകാശം മുട്ടെ വളര്‍ന്നു. പെരും കാല് വെച്ച് രണ്ടടി അളന്നപ്പോഴേക്കും ഭൂമിയും സ്വര്‍ഗ്ഗവും തീര്‍ന്നു. വാമനന്റെ കൈവശമായി. മൂന്നാമത്തെ ചുവടുവെക്കാന്‍ സ്ഥലം എവിടെ? 'വാഗ്ദാനം ചെയ്തിട്ട് വാക്കുമാറുന്നോ നുണയാ, ചതിയ' എന്ന് അലറി. ഞാന്‍ പതറിയില്ല. ഇതാ മൂന്നാമത്തെ ചുവടുവെക്കാനുള്ള ഇടം എന്ന് പറഞ്ഞ് കുനിഞ്ഞ് തല കാണിച്ചുകൊടുത്തു. എന്നെ ചവിട്ടിത്താഴ്ത്തി. എന്റെ ദുര്‍ഗതി കണ്ട് എന്റെ പ്രിയപ്പെട്ട പ്രജകള്‍ മുറിവിളി കൂട്ടി. ഞാന്‍ വാമനനോട് അപേക്ഷിച്ചു: ആണ്ടിലൊരിക്കല്‍ എന്റെ പ്രിയപ്പെട്ട പ്രജകളെ വന്നുകാണാന്‍ അനുവദിക്കണം. സന്ദര്‍ശനം കഴിഞ്ഞ് അന്ന് തന്നെ തിരികെ പോയിക്കൊള്ളാം... വാമനന്‍ കനിഞ്ഞു, അനുവദിച്ചു. അത് പ്രകാരം ഞാന്‍ വരികയാണ്, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍. എന്റെ കാലത്തെ അവസ്ഥ തന്നെയല്ലേ ഇപ്പോഴുമുള്ളത് എന്ന് നേരിട്ട് കണ്ടറിയണം. എന്നെ സ്വീകരിച്ചിരുത്താന്‍ ഓരോ വീട്ടുമുറ്റത്തും അവര്‍ പൂക്കളം-പുഷ്പാസനം- ഒരിക്കിയിട്ടുണ്ടാകും. ഓണപ്പാട്ട് പാടി കളിക്കുന്നുണ്ടാകും. എന്റെ വാഴ്ത്തുപാട്ട്. സമയം വൈകി, മാറൂ; പോകട്ടെ. ഞാന്‍ പറഞ്ഞതിന്റെ നിജസ്ഥിതി അറിയണമെന്നുണ്ടെങ്കില്‍ വ്യാസ മഹര്‍ഷി രചിച്ചത് എന്ന് വാഴ്ത്തപ്പെടുന്ന ശ്രീ മഹാഭാഗവതം വായിക്കുക' -മഹാബലി പറഞ്ഞു.
പരശുരാമന്‍: 'മതി പൊങ്ങച്ചം പറഞ്ഞത്. ഞാന്‍ ആരാണ് എന്ന് അറിയാമല്ലോ. പണ്ട് കൈലാസത്തില്‍ അഭിവന്ദ്യ ഗുരുവായ പരമശിവനെ വന്ദിക്കാന്‍ പോകുമ്പോള്‍ വഴി തടഞ്ഞ ഗണേശന്റെ -സാക്ഷാല്‍ ശിവപുത്രനായ ഗണപതിയുടെ -കവിളത്ത് ആഞ്ഞുവെട്ടി ഞാന്‍ ഒരു കൊമ്പ് മുറിച്ചു വീഴ്ത്തി. ഇപ്പോഴും ഏകദന്തന്‍- ഒറ്റക്കൊമ്പന്‍ ആയിട്ടാണ് ഗണപതി നടക്കുന്നത്. 'ഏകദന്തം, മഹാകായം എന്ന് ഭക്തര്‍ പാടുന്നു. ഒറ്റക്കൊമ്പന്‍, പെരുവയറന്‍ എന്ന്. അതാണ് എന്നോട് കളിച്ചാലുള്ള ഗതി. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുമോ? ഭാര്‍ഗവന്‍ കോടാലി വീശുമ്പോള്‍ തടുക്കാന്‍ മഹാബലിയുടെ കയ്യില്‍ ഓലക്കുട! ഓണത്തല്ല് കാണേണ്ടി വന്നില്ല. പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. എല്ലാം സ്വപ്‌നമായിരുന്നുവോ? എങ്കിലും ചിന്തിക്കാന്‍ വകയുള്ളത്.