മഹാ ശത്രു പുറത്തല്ല, അകത്ത്

നാവില്‍ നിന്ന് വരുന്നത് ചീത്തയാണെങ്കില്‍ എല്ലാവരും ശത്രുക്കളാവും. നാവിന്‍ തുമ്പത്ത് തന്നെയാണ് മിത്രങ്ങളും ശത്രുക്കളും കുടികൊള്ളുന്നത്.

മനുഷ്യന്റെ ഏറ്റവും അടുത്ത മിത്രം ആര്? ബന്ധുവും? അവന്റെ നാവ്. ഏറ്റവും വലിയ ശത്രുവോ? അതും അവന്റെ നാവ് തന്നെ. ബന്ധുവാര്? ശത്രുവാര്? എന്ന ചലച്ചിത്ര ഗാനത്തെക്കുറിച്ചല്ല. ചില നിത്യസത്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ഒരു സംസ്‌കൃത ശ്ലോകം ഉണ്ട്:

'ജിഹ്വാഗ്രേ വസതേ ലക്ഷ്മി

ജിഹ്വാഗ്രേ മിത്രബാന്ധവ

ജിഹ്വാഗ്രേ വസതേ വൈരി

ജിഹ്വാഗ്രേ വസതേ യമ:

നാവിന്‍ തുമ്പത്ത് ലക്ഷ്മി (ധനദേവത) വസിക്കുന്നു. സഹായം അഭ്യര്‍ത്ഥിക്കുന്നത് നല്ല മട്ടില്‍ ആണെങ്കില്‍ എന്തും ലഭ്യമാകും. എന്നാല്‍ നാവ് -നാവില്‍ നിന്ന് വരുന്നത് ചീത്തയാണെങ്കില്‍ എല്ലാവരും ശത്രുക്കളാവും. നാവിന്‍ തുമ്പത്ത് തന്നെയാണ് മിത്രങ്ങളും ശത്രുക്കളും കുടികൊള്ളുന്നത്. നല്ല മട്ടില്‍ സംസാരിച്ചാല്‍ കേള്‍ക്കുന്നവര്‍ നമ്മുടെ ആപ്ത മിത്രം ആവും; ഉറ്റബന്ധുവാകും. നാവിന്‍ തുമ്പത്താണ് കാലന്‍ (യമന്‍ മൃത്യുദേവന്‍) വസിക്കുന്നത്. ചീത്ത പറഞ്ഞാല്‍ തല്ലു കൊള്ളും- അത് ചിലപ്പോള്‍ മാരകമായേക്കാം.

മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണ് നാവ്. ഓരോ ഇന്ദ്രിയത്തിനും ഒന്നിലധികം ധര്‍മ്മങ്ങള്‍ ഉണ്ട്. കണ്ണ് കാണാനും കാണാതിരിക്കാനും. കണ്‍പോള സ്വയം മൂടണം എന്നില്ല. കാണേണ്ട എന്ന് നിശ്ചയിച്ചാല്‍ മതി. നാവ് രുചിക്കാന്‍. രുചി നല്ലതോ ചീത്തയോ എന്ന് നിശ്ചയിക്കുന്നത് അവനവന്റെ നാവ്. അതായത് അവനവന്‍ തന്നെ. മൂക്ക് ശ്വസിക്കാനും മണം അറിയാനും. മണം തികച്ചും വ്യക്തിപരം. ത്വക്ക് സ്പര്‍ശനേന്ദ്രിയം തൊട്ടറിയാന്‍. തൊട്ടാലും അറിഞ്ഞില്ല എന്നും ഭാവിക്കാം.

നാവ് രുചി അറിയാന്‍ മാത്രമല്ല, സംസാരിക്കാനും വേണ്ടിയുള്ള ഇന്ദ്രിയം. ആശയവിനിമയത്തിനുള്ള ഒരു ഉപാധി ആണല്ലോ സംസാരം. വളരെ കരുതലോടെ വേണം സംസാരിക്കാന്‍. എന്തും വിളിച്ചു പറയരുത്. ചിലപ്പോള്‍ തല്ലുകൊണ്ടു എന്നും വരും. ശത്രു കുടികൊള്ളുന്നത് ജിഹ്വാഗ്രത്തില്‍ ആണല്ലോ -നാവിന്‍ തുമ്പത്ത്.

വളരെ കരുതലോടെ വേണം സംസാരിക്കാന്‍ എന്ന് പറഞ്ഞല്ലോ. ശ്രോതാക്കളില്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കണം. ആരെയും പ്രകോപിപ്പിക്കുകയോ നോവിക്കുകയോ ചെയ്യുന്ന മട്ടില്‍ സംസാരിക്കാന്‍ പാടില്ല. നാവില്‍ നിന്ന് വിട്ട വാക്ക് തിരികെ എടുക്കാന്‍ ആകില്ല. അതുണ്ടാക്കുന്ന മുറിവ് കരിയുകയില്ല.

'അമ്പ് കൊണ്ടുള്ള വ്രണം

കാലത്താല്‍ ശമിച്ചിടും;

കൊമ്പുകള്‍ കണ്ടിച്ചാലും

പാദപം തളിര്‍ത്തിടും

കേട്ടുകൂടാത്ത വാക്കാമായുദ്ധം

പ്രയോഗിച്ചാല്‍ കര്‍ണ്ണങ്ങള്‍ക്കകം

പുണ്ണായലതു പിന്നെ

പൂര്‍ണ്ണമായി ശമിക്കില്ല

മനുഷ്യനൊരുനാളും'

എന്ന ആര്‍ഷോപദേശം ഓര്‍ക്കുക.

അവനവന്റെ നാവ് തന്നെ മഹാ ശത്രു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it