ജപ്പാനിലെ ഇന്ത്യന്‍ അമരത്ത് കാസര്‍കോടിന്റെ നഗ്മ

കാസര്‍കോട് ഫോര്‍ട്ട് റോഡ് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് ഹബീബുല്ലയുടെയും മന്നിപ്പാടി സ്വദേശിനി സുലേഖ ബാനു എന്ന സുലു ബാനുവിന്റെയും മകള്‍ നഗ്മ ഇനി ജപ്പാനിലെ ഇന്ത്യന്‍ ജനതയുടെ നായികയാണ്. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി ഉയര്‍ന്ന പദവിയിലേക്ക് നഗ്മ വളരുമ്പോള്‍ കാസര്‍കോടിനത് അത്യപൂര്‍വ്വ സൗഭാഗ്യമാണ്.

കാസര്‍കോടുകാരി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതയായതോടെ കാസര്‍കോടും ലോകത്തോളം പ്രശസ്തമാവുകയാണ്. കാസര്‍കോട് ഫോര്‍ട്ട് റോഡ് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ മന്നിപ്പാടി സ്വദേശിനി സുലേഖ ബാനു എന്ന സുലു ബാനുവിന്റെയും മകള്‍ നഗ്മ ഇനി ജപ്പാനിലെ ഇന്ത്യന്‍ ജനതയുടെ നായികയാണ്. ഇന്ത്യന്‍ എംബസിയില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് നഗ്മ വളരുമ്പോള്‍ കാസര്‍കോടിനത് അത്യപൂര്‍വ്വ സൗഭാഗ്യമാണ്. പോളണ്ടില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു നഗ്മ നേരത്തെ. തുണീഷ്യയിലും സുല്‍ത്താന്‍ ഓഫ് ബ്രൂണയിലും അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1991 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ഈ അഭിമാന നക്ഷത്രം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യത്തെ മുസ്ലിം വനിത കൂടിയാണ്. പാരീസില്‍ നയതന്ത്ര ജീവിതം ആരംഭിച്ച് ഇന്ത്യന്‍ എംബസിയിലും യുനെസ്‌കോയിലും ജോലി ചെയ്തിട്ടുണ്ട്.

പലപ്പോഴും കാസര്‍കോട് അങ്ങനെയാണ്. ഇല്ലായ്മകളുടെ സങ്കടം ഏറെയുണ്ടെങ്കിലും അപ്പോഴും ലോകത്തിന്റെ നെറുകയില്‍ ചില അപൂര്‍വ്വ പ്രതിഭകള്‍ ഈ നാടിന് പറഞ്ഞാല്‍ തീരാത്ത അഭിമാനം കണക്കെ ഉദിച്ചുയരും. അക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള ഒരാളാണ് നഗ്മ മുഹമ്മദ് മാലിക് എന്ന നഗ്മ ഫരീദ്.

ജപ്പാന്‍ പോലുള്ള ലോകത്തെ ഏറ്റവും പ്രമുഖമായ ഒരു രാജ്യത്ത് അംബാസഡറാവുക എന്നത് ഏതൊരു ഐ.എഫ്.എസ് ബിരുദധാരിയുടെയും സ്വപ്‌നമാണ്. നഗ്മ ജപ്പാന്‍ അംബാസഡര്‍ പദവി അലങ്കരിക്കുമ്പോള്‍ കാസര്‍കോട് അനുഭവിക്കുന്ന അഭിമാനം ചെറുതല്ല. കാസര്‍കോട് ഫോര്‍ട്ട് റോഡിനും തെരുവത്ത് ഹാഷിം സ്ട്രീറ്റിനും ഇടയില്‍ ഡോ. ഷംനാടിന്റെ വീടിന് സമീപമായിരുന്നു നേരത്തെ വക്കില്‍ അഹമ്മദ് എന്നറിയപ്പെട്ടിരുന്ന കാസര്‍കോട്ടെ ആദ്യകാല അഭിഭാഷകരില്‍ ഒരാളായ അഡ്വ. പി. അഹമ്മദിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ എഞ്ചിനീയര്‍ പി. മുഹമ്മദ് ഹബീബിന്റെ പുത്രിയാണ് നഗ്മ.


പി. മുഹമ്മദ് ഹബീബ് വിവാഹം കഴിച്ചത് കര്‍ണാടകയില്‍ മുന്‍ പൊലീസ് സൂപ്രണ്ട് ആയിരുന്ന പൈവളിഗെ മന്നിപ്പാടിയിലെ എം.എസ്. മന്നിപ്പാടിയുടെ മകള്‍ സുലുബാനുവിനെയാണ്.

എഞ്ചിനീയര്‍ പി. മുഹമ്മദ് ഹബീബിനും സുലുബാനുവിനും മൂന്ന് മക്കളാണ്. രണ്ട് ആണും ഒരു പെണ്ണും. മൂത്തത് ഷമീം അഹ്മദ്; യു.എസില്‍ സൈന്റിസ്റ്റാണ്. നഗ്മയാണ് രണ്ടാമത്തേത്. ഏറ്റവും ഇളയത് ജൗഹര്‍ മുഹമ്മദ്. എയര്‍ഫോഴ്സില്‍ വിംഗ് കമാണ്ടറാണ്. നഗ്മയെ പ്രശസ്തയായൊരു ഡോക്ടര്‍ ആക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ നഗ്മ സ്വപ്നം കണ്ടത് സിവില്‍ സര്‍വീസും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോടായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ നഗ്മക്ക് താല്‍പര്യം. ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് നേടിയെടുക്കാതെ നഗ്മ അടങ്ങിയിരിക്കില്ല. അത് പഠനത്തിനാണെങ്കിലും കലയിലാണെങ്കിലും ശരി. ലക്ഷ്യ പ്രാപ്തിയിലേക്കുള്ള നഗ്മയുടെ പ്രയാണം വിജയം കാണാതെയിരുന്നില്ല. ഐ.എഫ്.എസില്‍ മുസ്ലിം വനിതകള്‍ കടന്നുവരാത്ത കാലത്താണ് 1991ല്‍ നഗ്മ ഐ.എഫ്.എസില്‍ ചേരുന്നത്. ആദ്യ നിയമനം പാരീസിലായിരുന്നു. പാരീസില്‍ യുനോസ്‌കോയുടെ ഇന്ത്യന്‍ സംഘത്തില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് ദീര്‍ഘകാലം ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍. വെസ്റ്റേണ്‍ യുറോപ് ഡെസ്‌കില്‍ അടക്കം സേവനം ചെയ്യാനുള്ള അവസരം ഉണ്ടായി. പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാളിന്റെ ഓഫീസിലും ഉയര്‍ന്ന പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ ഡെപ്യൂട്ടി പ്രോട്ടോക്കോള്‍ ചിഫ് ആയും നഗ്മ ചരിത്രം സൃഷ്ടിച്ചു. മന്ത്രി സുഷ്മാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ കോമേഴ്സ്യല്‍ മേധാവിയായും കൊളംബോ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പ്രസ് ആന്റ് കള്‍ച്ചറല്‍ വിംഗ് ഹെഡായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറുമായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തി വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് പദവിയിലും തിളങ്ങി. 2015ലാണ് സുല്‍ത്താന്‍ ഓഫ് ബ്രൂണെയുടെ ഹൈകമ്മിഷണറായി നിയമിതയായത്. ഈ പദവി അലങ്കരിക്കുന്നതിന് മുമ്പാണ് ടുണീഷ്യയിലെ അംബാസഡറായി സേവനം അനുഷ്ടിച്ചത്. 2012 ഒക്ടോബര്‍ മുതല്‍ 2015 നവംബര്‍ വരെയായിരുന്നു ഇത്. പിന്നീട് പോളണ്ടിനൊപ്പം ലിത്വേനിയയുടെ അംബാസഡറായി. ജനനവും പഠനവുമൊക്കെ ഡല്‍ഹിയില്‍ ആണെങ്കിലും കാസര്‍കോടന്‍ ദമ്പതികളുടെ ഈ മകള്‍ക്ക് മലയാളവും നല്ലപോലെ വഴങ്ങിയിരുന്നു. കാസര്‍കോടന്‍ സംസ്‌കാരവുമായി ജീവിച്ച വാപ്പയുടെയും ഉപ്പയുടെയും വര്‍ത്തമാനങ്ങള്‍ കേട്ട് നഗ്മയും മലയാളം സംസാരിക്കുമായിരുന്നു. കുട്ടിക്കാലത്ത് കാസര്‍കോട്ടെയും മന്നിപ്പാടിയിലെയും ബാംഗ്ലൂരുവിലെയും ബന്ധുവീടുകളില്‍ വന്നിട്ടുണ്ട്. ഡല്‍ഹിയിലെ പ്രശസ്ത അഭിഭാഷകന്‍ അഡ്വ. ഫരീദാണ് നഗ്മയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളാണ് അഫ്താബും അര്‍ണോസും.


നഗ്മ കുട്ടിക്കാലത്ത് തന്നെ അസാമാന്യമായ പഠന മികവ് കാട്ടിയിരുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടേണ്ടതല്ലെന്നും കഠിനമായി ശ്രമിച്ചാല്‍ ഉയര്‍ന്ന നിലയില്‍ എത്താന്‍ കഴിയുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.

നഗ്മയുടെ പഠനം ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെയാണ് നഗ്മയുടെ പിതാവ് മുഹമ്മദ് ഹബീബുള്ളയും കുടുംബവും കാസര്‍കോട്ടു നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയത്.


പി. മുഹമ്മദ് ഹബീബുല്ലക്ക് പുറമെ 5 മക്കളുണ്ട് അഡ്വ. അഹമ്മദിന്. മൂത്ത മകന്‍ പി. അബ്ദുല്ല പഠന കാലത്ത് മദ്രാസില്‍ അസുഖം മൂലം മരണപ്പെട്ടത് കുടുംബത്തിന് ഉണ്ടാക്കിയ വേദന ചെറുതല്ല. രണ്ടാമത്തെ മകനാണ് എഞ്ചിനീയര്‍ പി. മുഹമ്മദ് ഹബീബുല്ല. മൂന്നാമത്തെ മകന്‍ പി. ശംസുദ്ദീന്‍ ഇംഗ്ലണ്ടിലെ പേരെടുത്ത ഡോക്ടറായി അറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ മകളാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന മുന ശംസുദ്ദീന്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരിയായിരുന്ന സാറാ അബൂബക്കറാണ് അഡ്വ. പി. അഹമ്മദിന്റെ നാലാമത്തെ സന്തതി. അഞ്ചാമത്തെ മകന്‍ അഡ്വ. പി. അബ്ദുല്‍ ഹമീദ് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്. കോഴിക്കോടാണ് ഇപ്പോള്‍ താമസം. ഏറ്റവും ഇളയ മകന്‍ 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിം ധീരദേശാഭിമാനത്തിന്റെ പ്രതീകമായി ജനമനസുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.




Related Articles
Next Story
Share it