നന്മയുടെ മൊഗ്രാല്‍ ടച്ച്

മൊഗ്രാല്‍ ഗ്രാമത്തിന്റെ സാംസ്‌കാരിക പൈതൃകവും കൂട്ടായ്മയുടെ കരുത്തും ഒരുമിച്ച് വിളിച്ചോതിയ കലാമേളയില്‍ നന്മയുടെ ഒരു 'മൊഗ്രാല്‍ ടച്ച്' എങ്ങും പ്രകടമായിരുന്നു.
മൂന്ന് ദിനരാത്രങ്ങളിലായി കലയുടെ വര്‍ണ്ണമഴ പെയ്തിറങ്ങിയ കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കടന്നുപോയി എന്ന യാഥാര്‍ത്ഥ്യം ഇശല്‍ഗ്രാമത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മൊഗ്രാലിന്റെ മനസില്‍ അത്രമാത്രം ഇഴുകി ചേര്‍ന്നാണ് കലാമാമാങ്കം കടന്നുപോയത്.
കലയുടെ ചിറകിലേറി എത്തിയ ആയിരക്കണക്കിന് കൗമാര പ്രതിഭകളെയും അതിഥികളെയും ഒരുപോലെ ഹൃദയത്തിലേറ്റെടുക്കുകയായിരുന്നു ഈ കൊച്ചു ഗ്രാമം. മൊഗ്രാല്‍ ഗ്രാമത്തിന്റെ സാംസ്‌കാരിക പൈതൃകവും കൂട്ടായ്മയുടെ കരുത്തും ഒരുമിച്ച് വിളിച്ചോതിയ കലാമേളയില്‍ നന്മയുടെ ഒരു 'മൊഗ്രാല്‍ ടച്ച്' എങ്ങും പ്രകടമായിരുന്നു.
മനുഷ്യഹൃദയങ്ങളിലേക്കും സംഗീതം പകര്‍ന്ന ഈ കൗമാര കലാമേള, മൊഗ്രാല്‍ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക മഹത്വം പൂര്‍ണ്ണമായി വരച്ചുകാട്ടിയ ഒരനുഭവമായി മാറി.
കുറ്റമറ്റ സംഘാടനമാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ ഘട്ടങ്ങളിലും സബ് കമ്മിറ്റികള്‍ സൂക്ഷ്മമായ ഇടപെടലുകള്‍ നടത്തിയത് കലോത്സവ വിജയം എളുപ്പമാക്കി. വേദികളുടെ ക്രമീകരണം, സമയക്രമം, മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ് എല്ലാം തന്നെ ശാസ്ത്രീയവും ശാന്തവുമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ, സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കിയ ക്രമീകരണങ്ങള്‍ സംഘാടക സമിതിയുടെ വിശിഷ്യാ പി.ടി.എ, എസ്.എം.സി, മദര്‍ പി.ടി.എ കമ്മിറ്റികളുടെ പക്വത വ്യക്തമാക്കുന്നു.
കലോത്സവത്തിന്റെ ഹൃദയമായി മാറിയത് ഊട്ടുപുര തന്നെയായിരുന്നു. മൂന്നു ദിവസങ്ങളിലും മത്സരാര്‍ത്ഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കുമെല്ലാം ഒരുപോലെ ഹൃദ്യമായ സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാന്‍ കഴിഞ്ഞത് മൊഗ്രാലിന്റെ ആതിഥ്യ സംസ്‌കാരത്തിന്റെ മനോഹരമായ ഉദാഹരണമായി.
'എല്ലാവര്‍ക്കും ഭക്ഷണം' എന്ന മാനവിക സമീപനം ഉയര്‍ത്തി പിടിച്ച് ആരെയും അവഗണിക്കാതെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച ഈ ഊട്ടുപുര കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു.
കൈമെയ് മറന്നുള്ള വളണ്ടിയര്‍ സേവനം ഈ മഹോത്സവ വിജയത്തിന്റെ മുഖ്യഘടകമായിരുന്നു. യുവാക്കളും വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ സംഘടനകളിലെ സന്നദ്ധ പ്രവര്‍ത്തകരും രാവും പകലും മറന്ന് സേവനരംഗത്ത് നിറഞ്ഞുനിന്നു. മത്സരാര്‍ത്ഥികളെ വഴിനടത്തല്‍ മുതല്‍ വേദികളിലെ ക്രമീകരണം, ഭക്ഷണ-കുടിവെള്ള വിതരണം, ശുചിത്വ പരിപാലനം വരെ എല്ലായിടത്തും അവരുടെ സാന്നിധ്യം അനുഭവപ്പെട്ടു.
നാട്ടുകാര്‍, അവരുടെ വീടുകള്‍ തന്നെ കലോത്സവത്തിന്റെ ഭാഗമാക്കിയ മനുഷ്യസ്‌നേഹം മൊഗ്രാലിന്റെ നന്മയെ ഏറ്റവും ഹൃദയസ്പര്‍ശിയായ രീതിയില്‍ വെളിപ്പെടുത്തുന്നതായിരുന്നു. മേക്കപ്പിനും ഒരുക്കങ്ങള്‍ക്കുമായി നിരവധി വീട്ടുകാര്‍ തങ്ങളുടെ വീടുകളും ശുചിമുറികളും മനസുതുറന്ന് വിട്ടുനല്‍കി. അപരിചിതരായ മത്സരാര്‍ത്ഥികളെ സ്വന്തം വീട്ടുകാരെന്ന പോലെ സ്വീകരിച്ച ഈ മനോഭാവം, മൊഗ്രാല്‍ ഗ്രാമത്തിന്റെ മാനവിക സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അടയാളമായി മാറി.
മത്സരാര്‍ത്ഥികള്‍ക്ക് വിവിധ സ്റ്റേജുകളിലേക്ക് സമയബന്ധിതമായി എത്താന്‍ പലരും സ്വന്തം വാഹനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയതും കലോത്സവത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു.
ഒരു ഔപചാരിക സംവിധാനത്തെക്കാളുപരി ഗ്രാമം തന്നെ ഒരു വലിയ സേവന ശൃംഖലയായി മാറിയ അപൂര്‍വ്വ കാഴ്ചയായിരുന്നു അത്. പല മത്സരാര്‍ത്ഥികളും രക്ഷിതാക്കളും ഇക്കാര്യം സോഷ്യല്‍ മീഡിയയിലടക്കം പങ്കുവെക്കുന്നത് കാണാമായിരുന്നു.
വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടും മികച്ച ട്രാഫിക് നിയന്ത്രണം ഉറപ്പാക്കാന്‍ കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളും സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണവും ഫലപ്രദമായി. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ സന്ദര്‍ശകര്‍ക്ക് ആശ്വാസകരമായ അനുഭവം നല്‍കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിച്ചു. മീഡിയാ പവലിയനിലെ ആകര്‍ഷകമായ പരിപാടികള്‍ കലോത്സവത്തിന് മാറ്റുകൂട്ടി.
കലോത്സവത്തിന്റെ വിജയത്തിന് പിന്നില്‍ വിവിധ സബ് കമ്മിറ്റികളുടെ സമര്‍പ്പണ സേവനം നിര്‍ണ്ണായക പങ്കുവഹിച്ചു. എല്ലാ മേഖലകളിലും പരസ്പരം കൈകോര്‍ത്ത് അവര്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു.
നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെല്ലാം ഒരേ മനസ്സോടെ പ്രവര്‍ത്തന വീഥിയില്‍ സക്രിയരായി. അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം, കലോത്സവ വിജയത്തിനും ഗ്രാമത്തിന്റെ അഭിമാനത്തിനുമായി ഒരുമിച്ച് നിന്ന ഈ കൂട്ടായ്മ, മൊഗ്രാലിന്റെ നന്മയുടെ ഏറ്റവും വലിയ അടയാളങ്ങളായി മാറി.
ഇശലുകളുടെ നാടായ മൊഗ്രാല്‍, തന്റെ നന്മയും ആതിഥ്യ മര്യാദയും സംഘാടക മികവും ഒരുമിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഈ കലോത്സവം, കാലം കഴിഞ്ഞാലും അഭിമാനത്തോടെ ഓര്‍മ്മിക്കപ്പെടുന്ന ഒരു സാംസ്‌കാരിക നാഴികക്കല്ലായി നിലനില്‍ക്കും.

