മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം; ചരിത്രവും ഐതിഹ്യവും, അനന്തം, അവാച്യം, അവര്‍ണനീയം

സപ്തഭാഷകള്‍ നൃത്തംവെക്കുന്ന, ചരിത്രവും ഐതിഹ്യവും ഇഴകള്‍ നെയ്യുന്ന കാസര്‍കോടിന്റെ മടിത്തട്ടില്‍, ചുട്ടുപൊള്ളുന്ന ഈ കെട്ടകാലത്തിലും പട്ടുപോവാത്ത നന്മയുടെ നനുത്ത മഞ്ഞുകണംപോല്‍ കണ്ണിനും കരളിനും കുളിരേകുന്ന ഒരു കുഞ്ഞു ദേശമുണ്ട്... പ്രകൃതിയുടെ കാന്‍വാസില്‍ ദൈവം കോറിയിട്ട ഒരു ജലഛായാ ചിത്രംപോലെ മനോഹരമായ ഒരു ഗ്രാമം... പച്ചപ്പട്ടണിഞ്ഞ കൊച്ചുകുന്നുകളും പുന്നെല്ലിന്‍ മണമോലും വയലേലകളും ഇരുളും കുളിരും ചേക്കേറുന്ന കാവുകളും... പഴമയുടെ പ്രൗഢിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഗ്രാമത്തിന് വെള്ളിയരഞ്ഞാണം ചാര്‍ത്തിയൊഴുകുന്ന കൊച്ചരുവിയും...


തളിരും മലരും തരുപ്പടര്‍പ്പും

തണലും തണുവണിപ്പുല്‍പ്പരപ്പും

കളകളം പെയ്തുപെയ്തങ്ങുമെങ്ങും

ഇളകിപ്പറക്കുന്ന പക്ഷികളും...

കരളും മിഴികളും കവര്‍ന്നുമിന്നി

കറയറ്റൊരാലസല്‍ ഗ്രാമഭംഗി... എന്ന കവി ഭാവനയെ അന്വര്‍ത്ഥമാക്കുംവിധം നയനാഭിരാമമായ ഒരു ഗ്രാമം... ശംഖനാദവും തക്ബീര്‍ ധ്വനിയും അലയൊലികള്‍ തീര്‍ക്കുന്ന അന്തരീക്ഷം... മതമാത്സര്യങ്ങള്‍ക്കതീതരായി ഏകോദരസോദരങ്ങളായി വാഴുന്ന മണ്ണിന്റെ മണമുള്ള ഒരുപിടി മനുഷ്യരുടെ ദേശം... ഈ ഗ്രാമത്തിന്നോരത്ത് മധുവാഹനിപ്പുഴയുടെ തീരത്ത് ആലിലകള്‍ നാമം ജപിക്കുന്ന ഒരു അമ്പലമുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ പുകള്‍പെറ്റ സാക്ഷാത് ശ്രീ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം. കാസര്‍കോട് നഗരത്തില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ വടക്കുകിഴക്കായി നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലില്‍ മദനന്‍ അതായത് കാമദേവന്റെ അന്തകനായ മദനന്തേശ്വരനായി കൈലാസനാഥന്‍ കിഴക്ക് ദര്‍ശനമേകി കുടികൊള്ളുന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പൗരാണികതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് സ്‌കന്ദപുരാണത്തിലും ബ്രഹ്മാണ്ഡ പുരാണത്തിലും 11-ാം നൂറ്റാണ്ടിലെ മധ്വവിജയത്തിലും പരാമര്‍ശമുണ്ട്.

കുമ്പള സീമ രാജവംശം

പണ്ട് കുംഭിനി എന്ന പുഴയുടെ തീരത്തെത്തിയ കണ്വമഹര്‍ഷി അവിടെ തപസ്സനുഷ്ഠിക്കുകയും പിന്നീട് ആ ദേശം കണ്വപുരം എന്നറിയപ്പെടുകയും പിന്നീടത് കണിപുര ആയി മാറിയെന്നുമാണ് ഐതിഹ്യം. പില്‍ക്കാലത്ത് കുംഭിനിപ്പുഴ എന്നത് വാക്‌മൊഴി ലോപിച്ച് കുമ്പളപ്പുഴ ആയി മാറുകയും ദേശം കുമ്പള എന്ന സ്ഥലനാമത്താല്‍ അറിയപ്പെടുകയും ചെയ്തുവത്രെ. പിന്നീട് കുലശേഖര സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടര്‍ന്ന് നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്ര നാട്ടുരാജ്യങ്ങള്‍ പിറവിയെടുത്തു. അതിലൊരു നാട്ടുരാജ്യമായിരുന്നു കുമ്പള സീമ. ചന്ദ്രഗിരിപ്പുഴക്കിപ്പുറത്ത് ഇന്നത്തെ കാസര്‍കോട് താലൂക്കിന്റെയും മഞ്ചേശ്വരം താലൂക്കിന്റെയും സിംഹഭാഗവും ഉള്‍പ്പെടുന്ന തുളുനാട് പ്രദേശങ്ങളുടെ ഭാഗമായിരുന്നു കുമ്പള സീമ. പ്രാരംഭത്തില്‍ കുമ്പളയില്‍ കൊട്ടാരവും രാജധാനിയും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ശ്രീമുഖം (ശിരിബാഗിലു) ഗ്രാമത്തിലെ മായിപ്പാടിയില്‍ വന്ന് താമസമുറപ്പിച്ച ശ്രീ രാമവര്‍മ്മ രാമന്തരസു എന്ന തൗളവ ക്ഷത്രിയ രാജാവായിരുന്നു ഈ സീമയുടെ പ്രഭു. ഈ സീമയുടെ അധീനപ്രദേശത്തെ ക്ഷേത്രങ്ങളാണ് അഡൂര്‍, മധൂര്‍, കാവ് (മുജ്ജംകാവ്), കണിയാര (കുമ്പള കണിപുര ക്ഷേത്രം) എന്നിവ.

ഐതിഹ്യം

പണ്ടുപണ്ട് മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായുള്ള കുറ്റിക്കാട്ടില്‍ മദറു എന്ന ഹരിജന്‍ സ്ത്രീ പുല്ലരിയുമ്പോള്‍ അരിവാള്‍ ഒരു കല്ലില്‍ തട്ടുകയും ആ കല്ലില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട് പരിഭ്രാന്തയായ ആ സ്ത്രീ സമീപത്തുണ്ടായിരുന്നവരോട് പറയുകയും അവരെല്ലാവരും കൂടി സീമയുടെ രാജാവിനെ സമീപിച്ച് കാര്യമവതരിപ്പിക്കുകയും ചെയ്തു. രാജാവ് പരിവാരസമേതനായി സ്ഥലം സന്ദര്‍ശിച്ച് അത് ഒരു ദൈവികശിലയാണെന്ന് കണ്ടെത്തുകയും രക്തമൊഴുകുന്ന മുറിവിന്മേല്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ചന്ദനം സമര്‍പ്പിക്കുകയും അതോടെ രക്തപ്രവാഹം നിലയ്ക്കുകയും ചെയ്തുവത്രെ. തുടര്‍ന്ന് രാജാവ് സമീപ ദേശത്തെ നീലേശ്വരം രാജാവുമായി ചര്‍ച്ച നടത്തുകയും ശിലയുടെ ദൈവികത മനസിലാക്കിയ രാജാവ് തന്റെ ആശ്രയത്തിലുള്ള നിപുണരായ തന്ത്രിവര്യന്മാരെ പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്ന് നടന്ന ദേവപ്രശ്‌നവിധിപ്രകാരം പുലിയും പശുക്കളും അരുമയോടെ മേവുന്ന സ്ഥലം കണ്ടെത്തി. അവിടെ നിന്ന് മദറുവിന്റെ അരിവാള്‍ വലിച്ചെറിയുകയും ആ അരിവാള്‍ അല്‍പമകലെയായി മധുവാഹിനി തീരത്ത് വന്ന് പതിക്കുകയും ചെയ്തു. ആ അരിവാള്‍ വന്ന് വീണ സ്ഥലത്ത് ആചാരനുഷ്ഠാനവിധിപ്രകാരം ഈ സ്വയംഭൂ വിഗ്രഹം പ്രതിഷ്ഠിക്കുകയും ആരാധിച്ചുപോരുകയും ചെയ്തു. ഇന്നും ഈ വിഗ്രഹത്തില്‍ കാണപ്പെടുന്ന ചെറിയൊരു മുറിപ്പാടിന്റെ അടയാളത്തില്‍ ചന്ദനം അര്‍പ്പിക്കാറുണ്ടത്രെ. പിന്നീട് ആ തന്ത്രി കുടുംബക്കാര്‍ സമീപത്തുള്ള ഉളിയയില്‍ താമസമുറപ്പിച്ചുവത്രെ. പുലിയും പശുക്കളും സൗഹാര്‍ദ്ദപൂര്‍വ്വം വിഹരിച്ച സ്ഥലത്ത് അതിന്റെ ഓര്‍മ്മപ്പെടുത്തലായി ക്ഷേത്രത്തിന്റെ പിന്നില്‍ റോഡരികിലായുള്ള അരയാല്‍ത്തറയ്ക്കടുത്ത ഒരു കല്ല് (പുലിക്കല്ല്) ഇപ്പോഴും കാണാം. മദറുവിന്റെ ഊര് എന്നര്‍ത്ഥത്തില്‍ ഈ ദേശം പിന്നീട് മദരൂര്‍ എന്നറിയപ്പെടുകയും കാലാന്തരത്തില്‍ ലോപിച്ച് മധൂര്‍ എന്ന് പരിണാമപ്പെടുകയും ചെയ്തു.

ചുമര്‍ ചിത്രത്തില്‍ നിന്നുള്ള ഗണപതിയുടെ ആവിര്‍ഭവനം

മധുവാഹിനിപ്പുഴയുടെ തീരത്ത് സ്വയംഭൂ ശിവ വിഗ്രഹത്തിന് ശ്രീകോവില്‍ പണിത് തന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം നിത്യ നൈമിത്തിക പൂജകള്‍ ചെയ്തുവന്നു. ഒരിക്കല്‍ പൂജാരിമാരുടെ കൂടെ വന്ന കുട്ടികള്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന പൂജാവിധികള്‍ കണ്ട് മനസിലാക്കുകയും ശ്രീകോവിലിന് തെക്കുവശത്തായി ചുമരില്‍ ഗണപതിയുടെ ചിത്രംവരച്ച് പൂക്കളര്‍പ്പിക്കുകയും പൂജാരികള്‍ പൂജാ കര്‍മ്മത്തിനായി കൊണ്ടുവന്ന അരിപ്പൊടിയില്‍ വെള്ളം തളിച്ച് ഉരുളയാക്കി നിവേദ്യം സമര്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ടുവന്ന പൂജാരികള്‍ ചുമരിലെ ഗണപതി ചിത്രത്തിലെ ചൈതന്യം കണ്ട് ഇത് ദൈവ സങ്കല്‍പമായിരിക്കാം എന്ന് കരുതി താന്ത്രികവിധിയാല്‍ പ്രാണപ്രതിഷ്ഠ നടത്തി വിധിപ്രകാരമുള്ള പൂജാദികര്‍മ്മങ്ങള്‍ നടത്തിയത്രെ. അന്ന് താന്ത്രിക പാരമ്പര്യമുള്ള ബാലകന്മാര്‍ അരിമാവ് കലക്കി നിവേദിച്ച ഉരുളയുടെ പ്രതീകമായി മധുരം ചേര്‍ക്കാത്ത പകുതിവേവിച്ച 'പച്ചയപ്പം' പച്ചപ്പ നിവേദ്യമായി ഇന്നും തുടര്‍ന്നുപോരുന്നു. പിന്നീട് 'കടുശര്‍ക്കര പാക്ക' എന്ന കൂട്ടുപയോഗിച്ച് ഈ ചിത്രത്തിന്റെ മുമ്പോട്ട് തള്ളിയുള്ള ശില്‍പം നിര്‍മ്മിക്കുകയും ചെറിയ വാതിലോട് കൂടിയുള്ള ശ്രീകോവില്‍ നിര്‍മ്മിക്കുകയും ചെയ്തുവത്രെ. പിന്നീട് ഈ വിഗ്രഹം സ്വയം വളര്‍ന്ന് ഒരാള്‍ ഉയരത്തിലെത്തി എന്നാണ് ഐതിഹ്യം. തുമ്പിക്കൈ വലത് ഭാഗത്തേക്ക് തിരിഞ്ഞ്, ഇരിക്കുന്ന രീതിയിലുള്ള ഈ 'വലമുരി ഗണപതി' വിഗ്രഹത്തില്‍ അഭിഷേകത്തിന് പകരം പ്രോക്ഷണ്യമാണത്രെ നടത്തിവരുന്നത്.


ടിപ്പുസുല്‍ത്താന് മാനസാന്തരം വരുത്തിയ ഔഷധക്കിണര്‍

ടിപ്പുസുല്‍ത്താന്‍ തന്റെ പടയോട്ടകാലത്ത് കുമ്പള സീമക്ക് നേരെ ആക്രമണം നടത്തുകയും തുടര്‍ന്ന് മധൂരിലെത്തി ശ്രീ ക്ഷേത്ര ഗോപുരം കടന്ന് അകത്ത് പ്രവേശിക്കുകയും ക്ഷേത്രം തകര്‍ക്കാനായി മുതിരുകയും ചെയ്തുവത്രെ. അതിനിടയില്‍ ദാഹംകൊണ്ട് ക്ഷീണിതനായ അദ്ദേഹം കിണറില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും തുടര്‍ന്ന് മാനസാന്തരം വന്നതിനെ തുടര്‍ന്ന് ആക്രമണം നിര്‍ത്തി മടങ്ങുകയും ചെയ്തുവത്രെ. താന്‍ അവിടെയെത്തിയിരുന്നു എന്നതിന്റെ തെളിവായി തന്റെ കഠാരകൊണ്ട് ചന്ദ്രശാലയുടെ മേല്‍ക്കൂരക്ക് ക്ഷതമേല്‍പിച്ചാണ് അന്ന് അദ്ദേഹം മടങ്ങിയത്. ഈ കിണര്‍ ചെമ്പ് കൊണ്ട് പൊതിഞ്ഞ മേല്‍ക്കൂരയുള്ള ചന്ദ്രശാലയുടെ അകത്ത് കരിങ്കല്ലില്‍ അടിത്തറയും ചുറ്റുമതിലും കെട്ടിയ നിലയിലാണുള്ളത്. കിണറിന്റെ അടിഭാഗത്ത് ധന്വന്തരിയെ സിദ്ധിച്ചെടുത്ത് ശിലയില്‍ ആവാഹിച്ച് സ്ഥാപിച്ചതിനാല്‍ ഈ ജലം രോഗ നിവാരണിയാണെന്നും ഈ കിണര്‍ വെള്ളം സേവിച്ചാല്‍ പനിയും ത്വക്ക് രോഗവും അടക്കമുള്ള അസുഖങ്ങള്‍ക്ക് ശമനം കിട്ടുമെന്നും പറയപ്പെടുന്നു. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തുവെച്ചിട്ടുളള കിണറിന്റെ തീര്‍ത്ഥം കേട് കൂടാതെ ബാക്കിയായത് അതിന്റെ പ്രത്യേകതയെയാണ് സൂചിപ്പിക്കുന്നത്.


അവഭൃതസ്‌നാനം നടക്കുന്ന അമ്പലക്കുളം

ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് വടക്ക്-കിഴക്കായി സുന്ദരമായ ഒരു തടാകമുണ്ട്. ഇത് കേരളത്തിന്റെ തനത് വാസ്തുകലാരൂപത്തില്‍ ശില്‍പശാസ്ത്രപ്രകാരം വെട്ടുകല്ലിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഇവിടെയാണ് ദേവന്റെ അവഭൃത സ്‌നാനം നടക്കുന്നത്. അമ്പലത്തിന്റെ ആവശ്യത്തിന് മാത്രമാണ് ഇത് ഉപയോഗിക്കാറുള്ളത്.




മഴക്കാലത്ത് മധുവാഹിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ വെള്ളം കയറിയപ്പോള്‍ (ഫയല്‍ചിത്രം)

ക്ഷേത്രത്തെക്കുറിച്ച്...

ഗജ ആയത്തിലാണ് ശ്രീ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പിന്‍ഭാഗം ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവില്‍ പുരാതന ബൗദ്ധിക സംസ്‌കാരത്തിന്റെ സംഭാവനയാണെന്ന് കരുതുമ്പോഴും നേപ്പാള്‍ ശൈലിയുടെ സ്വാധീനം ഇത്തരം നിര്‍മ്മിതിയുടെ പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. കിഴക്കുഭാഗത്ത് സ്വച്ഛശീതളമായൊഴുകുന്ന മധുവാഹിനിപ്പുഴയില്‍ കാല്‍നനച്ച് നൂറ്റാണ്ടുകളുടെ ചരിതം അയവിറക്കി അമ്പലമുറ്റത്ത് തപം ചെയ്യുന്ന അരയാല്‍ മുത്തശ്ശിയെ വണങ്ങി കിഴക്കേ ഗോപുരത്തിന്റെ പ്രധാനവാതില്‍ കടന്ന് രാജാങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ വെള്ളോട് കൊണ്ട് നിര്‍മ്മിക്കപ്പെട്ട ധ്വജസ്തംഭവും അതിനുപിറകിലായുള്ള ദീപസ്തംഭങ്ങളും നമ്മെ വരവേല്‍ക്കുകയായി. അതിന് പിറകിലായി നാദ മണ്ഡപവും ശ്രീകോവിലിന് അഭിമുഖമായി കൊത്തുപണികള്‍ ആലേഖനം ചെയ്ത നമസ്‌കാരമണ്ഡപവും കാണാം. പ്രദക്ഷിണവഴിയിലായി ആദ്യം കാണുന്നത് കാശിവിശ്വനാഥന്റെ ശ്രീകോവിലാണ്. മുമ്പ് ദേശം വാണിരുന്ന കുമ്പള രാജാവ് കാശിയാത്ര നടത്തിയതിന്റെ ഓര്‍മ്മക്കായി ദക്ഷിണാമൂര്‍ത്തിയെ കൊണ്ടുവന്ന് പ്രതിഷ്ഠച്ചതാണെന്ന് പറയപ്പെടുന്നു. അതിനരികിലുള്ള യാഗമണ്ഡപത്തിന് മുന്നിലായി തെക്ക് ദര്‍ശനമേകി മരുവുന്ന സാക്ഷാത് ശ്രീ സിദ്ധിവിനായകന്റെ ശ്രീകോവില്‍ കാണാം. ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ ദുര്‍ഗാപരമേശ്വരി, സുബ്രഹ്മണ്യസ്വാമി, ഹംസ സ്വരൂപിയായ സദാശിവന്‍, വീരഭദ്രസ്വാമി എന്നീ ഉപദൈവങ്ങളുടെ ശ്രീകോവിലുകളും ഇവിടെയുണ്ട്. മനോഹരമായ ദാരുശില്‍പങ്ങളാല്‍ അലംകൃതമായ ക്ഷേത്രത്തിന്റെ അകത്തളം പുനരുദ്ധാരണ വേളയിലും മാറ്റം വരാതെ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷംതോറും വിഷുത്തലേന്ന് ഇവിടെ ഉത്സവത്തിനായി കൊടിയേറ്റം നടത്താറുണ്ട്. ഉത്സവം അഞ്ചുനാള്‍ നീണ്ടുനില്‍ക്കും.






മൂടപ്പ സേവ

സീമയുടെ മറ്റ് ക്ഷേത്രങ്ങളില്‍ വിശേഷ ഉത്സവങ്ങള്‍ നടത്തി അവിടങ്ങളിലെ പ്രസാദം സന്നിധിയിലേക്ക് കൊണ്ടുവരികയും പ്രധാനപ്പെട്ട ദേവസ്ഥാനങ്ങളില്‍ സേവ നടത്തി പ്രാര്‍ത്ഥന സമര്‍പ്പിച്ച ശേഷം മധൂരില്‍ കൊടിയേറ്റത്തോടെ വിധി പ്രകാരം അഞ്ച് ദിവസങ്ങളിലായി വിശേഷ ഉത്സവം നടക്കുന്നു. നാലാം ദിവസത്തിന്റെ ഉത്സവം കഴിഞ്ഞ് ശ്രീ സിദ്ധി വിനായകന് മൂടപ്പസേവ സമര്‍പ്പിക്കപ്പെടുന്നു. മഹാഗണപതിയുടെ ശ്രീ കോവിലിനുള്ളില്‍ കരിമ്പ് കൊണ്ട് വേലി നിര്‍മ്മിച്ച് അതിനുള്ളില്‍ പതിനാറ് മൂട അരിയുടെ ഉണ്ണിയപ്പവും ഒരു മൂട അരിയുടെ പച്ചപ്പവും നൂറ്റി എട്ട് തേങ്ങയുടെ അഷ്ടദ്രവ്യവും നിറയ്ക്കുന്നു. ഇടവിട്ട് തേന്‍, കല്‍ക്കണ്ടം, നെയ്യ് എന്നിവയും ഉപയോഗിക്കുന്നു. ഇവയെല്ലാം വിഗ്രഹത്തിന്റെ ജിഹ്വാഗ്രം (നാവില്‍ തുമ്പ്) വരെ വ്യാപിക്കുന്നു. ഫലപുഷ്പങ്ങളാല്‍ അലങ്കിരിച്ച്, പൂജിച്ച്, പ്രാര്‍ത്ഥിച്ച് കവാട ബന്ധനം ചെയ്യപ്പെടുന്നു. പിറ്റേ ദിവസം രാവിലെ സാമൂഹിക പ്രാര്‍ത്ഥന നടത്തി വേദ പാരായണത്തോടെ കവാടോദ്ഘാടനം നടത്തി അപ്പ പര്‍വ്വതത്തില്‍ നിന്നുള്ള ഗണപതിയുടെ ദര്‍ശനം ഭക്തജനങ്ങള്‍ക്ക് സാധ്യമാക്കുന്നു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിവേദ്യങ്ങള്‍ അവിടെ സന്നിഹിതരായ എല്ലാ ഭക്തര്‍ക്കും വിതരണം ചെയ്യപ്പെടുന്നു.




1992ല്‍ നടന്ന മൂടപ്പസേവയുടെ ഉത്സവ ബലി

ചരിത്രമായിത്തീര്‍ന്ന അപൂര്‍വ്വ സേവകള്‍

1795ല്‍ മായിപ്പാടി രാജാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂടപ്പ സേവ.

1797ല്‍ സീമയുടെ മഹാപ്രധാനിയായിരുന്ന കൂവലിയ സുബ്ബയ്യ ശ്യാനുഭാഗരുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം മൂടപ്പ സേവ.

1962ല്‍ നടന്ന അഷ്ടബന്ധ ബ്രഹ്മകലശോത്സവം

1962 ഏപ്രില്‍ 6 മുതല്‍ 10 വരെ നടന്ന മൂടപ്പ സേവ

1965 ഫെബ്രുവരി 19 മുതല്‍ 48 ദിവസക്കാലം ശൃംഗേരി സ്വാമികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ശ്രീ സിദ്ധിവിനായകന്റെ കോടിനാമാര്‍ച്ചന

1982 ഒക്ടോബര്‍ 17ന് നടന്ന ശ്രീ മഹാഗണപതി യജ്ഞവും 31ന് നടന്ന നവഗ്രഹ യജ്ഞവും.

1982 ഡിസംബര്‍ 28ന് രാമചന്ദ്രാപുര രാഘവേശ്വര ഭാരതി സ്വാമികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന രുദ്രയാഗം.

1986 ജനവരി 21 മുതല്‍ 28 വരെ നടന്ന ഋക് സംഹിതാ യാഗവും സഹസ്ര നാളികേര മഹാഗണപതി യാഗവും

1992ല്‍ അഷ്ടബന്ധ ബ്രഹ്മകലശവും ഏപ്രില്‍ 4 മുതല്‍ 12 വരെ നടത്തപ്പെട്ട മൂടപ്പ സേവയും

മധൂരിന്റെ മണ്ണും മനസ്സും ആനന്ദലഹരിയിലാണ്. ഇവിടത്തെ പുല്‍നാമ്പുകള്‍ പോലും പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് ആ ശുഭോദയത്തിനായി... ഇനി സകല ദേശത്തെയും വിശ്വാസി മനസുകള്‍ ചെറുപുഴകളായൊഴുകിയെത്തും; ശ്രീ സിദ്ധിവിനായകന്റെ തിരുസന്നിധിയില്‍ ജനസമുദ്രമായി അലയടിക്കാന്‍...

അവലംബം: മധൂര്‍ സ്ഥലപുരാണം, പരമ്പരാഗത വാങ്‌മൊഴികള്‍

1992ല്‍ നടത്തപ്പെട്ട അഷ്ടബന്ധ ബ്രഹ്മകലശ-മൂടപ്പ സേവയുടെ ദൃശ്യങ്ങള്‍


മൂടപ്പത്തിന്റെ അരിമുഹൂര്‍ത്തം നടത്തുന്ന ബ്രഹ്മശ്രീ ഹരികൃഷ്ണ തന്ത്രി


മൂടപ്പത്തിന് വേണ്ടി പൂജിച്ച അരി മൂടകള്‍


ആധുനിക സ്റ്റീം മെഷീനില്‍ അന്നദാനത്തിന് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്ന ദൃശ്യം








Related Articles
Next Story
Share it