മയക്കുമരുന്ന് രഹിത സമൂഹത്തിനായി നമുക്ക് ഒന്നിക്കാം...

ലഹരി മരുന്നുകളുടെ വില്‍പ്പനയും വ്യാപനവും തടയുന്നതിനും ലഹരിക്ക് എതിരെ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിനും ലഹരിക്കടിപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. ലഹരി വിപത്തിനെതിരായ പോരാട്ടം ശക്തമാക്കിയില്ലെങ്കില്‍ യുവതലമുറ വഴിതെറ്റുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം കൂടി കടന്നുപോയി. എന്തുകൊണ്ടാണ് എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരുപക്ഷേ അധികമാരും ചിന്തിച്ചു കാണില്ല. 1839 ജൂണ്‍ 25ന് ചൈനയിലെ ഗുവാങ്ഡോങ്ങിലെ ഹ്യൂമെനില്‍, ലിന്‍ ഴെക്‌സു എന്ന ചൈനീസ് രാഷ്ട്രീയ നേതാവ്, ഓപ്പിയം വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കുന്ന 'ഒന്നാം ഓപ്പിയം യുദ്ധത്തിന്' തൊട്ടുമുമ്പായിരുന്നു ഈ സംഭവം. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഈ സംഭവം ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

1987 ജൂണ്‍ 26ന് നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

1987 ജൂണ്‍ 26ന് വിയന്നയില്‍ നടന്ന മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ രണ്ട് പ്രധാന പ്രമേയങ്ങള്‍ അംഗീകരിക്കപ്പെട്ടു. 1. ഭാവിയിലെ മയക്കുമരുന്ന് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമഗ്ര ബഹുമുഖ രൂപരേഖ. 2. മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രഖ്യാപനം.

അങ്ങനെ, 1989 മുതലാണ് ഈ ദിനം ലോകമെമ്പാടും ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്. ലഹരിമുക്തമായ ഒരു അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരെ സഹകരണവും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

എന്താണ് മയക്കുമരുന്ന്

മയക്കുമരുന്ന് എന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളാണ്. ഇവയുടെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും അത് ഉപയോഗിക്കുന്നവര്‍ ക്രമേണ അതിന്റെ അടിമകളാവുകയും ചെയ്യുന്നു. കഞ്ചാവ്, ഹെറോയിന്‍, കൊക്കെയ്ന്‍, എല്‍.എസ്.ഡി, എം.ഡി.എം.എ (എക്സ്റ്റസി) തുടങ്ങി പലതരം മയക്കുമരുന്നുകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപകമാണ്. ഓരോ മയക്കുമരുന്നിനും അതിന്റേതായ ദൂഷ്യഫലങ്ങളുണ്ട്.

എന്തുകൊണ്ട് മയക്കുമരുന്ന്

ഉപയോഗം വര്‍ധിക്കുന്നു?

പല കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ മയക്കുമരുന്നിന് അടിമകളാകുന്നത്. ഇതിന് ഒരുത്തരം മാത്രം നല്‍കുക പ്രയാസകരമാണ്. ഓരോ വ്യക്തിയും ഓരോ വഴിയിലൂടെയാണ് മയക്കുമരുന്നിന് അടിമയാകുന്നത്. പലപ്പോഴും യുവാക്കള്‍ ലഹരിക്ക് അടിപ്പെടുന്നത് താഴെപ്പറയുന്ന കാരണങ്ങളാലാണ്.

കൂട്ടുകാരുടെ സമ്മര്‍ദ്ദം: പലപ്പോഴും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്, ജിജ്ഞാസ: എന്താണെന്നറിയാനുള്ള ആകാംഷ, സാഹസികത: പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള താല്‍പര്യം, മാനസിക സമ്മര്‍ദ്ദം: പഠനത്തിലെ ബുദ്ധിമുട്ടുകള്‍, കുടുംബപ്രശ്‌നങ്ങള്‍, പ്രണയ നൈരാശ്യം തുടങ്ങിയവയെ അതിജീവിക്കാന്‍ മയക്കുമരുന്നില്‍ അഭയം തേടുന്നവര്‍, തെറ്റായ ധാരണകള്‍: മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും ആത്മവിശ്വാസം കൂടും എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍, ലഭ്യത: മയക്കുമരുന്നുകള്‍ ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നത് ഒരു വലിയ പ്രശ്‌നമാണ്, പൊതുജനങ്ങളുടെ ഇടയില്‍: മാനസിക പിരിമുറുക്കം, വിഷാദം: ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍, വേദനകള്‍ കുറയ്ക്കാന്‍: ശാരീരിക വേദനകള്‍ മാറ്റാനെന്ന വ്യാജേന മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത്, ബോറടി മാറ്റാന്‍: വെറുതെ സമയം കളയാന്‍ വേണ്ടി, മദ്യത്തിന് അടിമയായ ആളുകള്‍ പലപ്പോഴും അതിന്റെ ലഹരി മതിയാവാതെ വരുമ്പോള്‍ പുത്തന്‍ രാസ ലഹരികള്‍ക്ക് അടിമയാകാറുണ്ട്. മയക്കുമരുന്ന് അടിമയാകുന്നവര്‍ ശാരീരികവും മാനസികവുമായ ധാരാളം ദൂഷ്യഫലങ്ങള്‍ക്ക് വിധേയരാകും. മയക്കുമരുന്ന് ഉപയോഗം വ്യക്തിക്ക് മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും വലിയ ദോഷങ്ങളാണ് വരുത്തിവെക്കുന്നത്.

മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍:

ശാരീരിക ദൂഷ്യഫലങ്ങള്‍: തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നു. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നു. വിവിധതരം അണുബാധകള്‍ (പ്രത്യേകിച്ച് ഇന്‍ജക്ഷന്‍ വഴി ഉപയോഗിക്കുന്നവരില്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്). ഭക്ഷണത്തോടുള്ള താല്‍പര്യം കുറയുന്നു, ശരീരഭാരം കുറയുന്നു. ഉറക്കമില്ലായ്മ, ശാരീരിക ബലഹീനത.

മാനസിക ദൂഷ്യഫലങ്ങള്‍:

വിഷാദം, ഉത്കണ്ഠ. ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ്. ഭ്രാന്തമായ ചിന്തകള്‍, മതിഭ്രമം. പെട്ടെന്നുള്ള ദേഷ്യം, അക്രമവാസന. ആത്മഹത്യാ പ്രവണത.

സാമൂഹികവും കുടുംബപരവുമായ

ദൂഷ്യഫലങ്ങള്‍:

പഠനത്തില്‍ പിന്നോട്ട് പോകുന്നു, ജോലി നഷ്ടപ്പെടുന്നു. കുടുംബബന്ധങ്ങള്‍ വഷളാകുന്നു, കുടുംബത്തില്‍ വഴക്കുകള്‍ കൂടുന്നു. സാമ്പത്തിക പ്രതിസന്ധി. മോഷണം, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. സാമൂഹിക ഒറ്റപ്പെടല്‍.

മയക്കുമരുന്ന് നിര്‍മാര്‍ജ്ജനം ചെയ്യുക എന്നുള്ളത് എല്ലാവരുടെയും ആവശ്യം ആണെങ്കിലും പലപ്പോഴും അതിന് വേണ്ടി മുന്നിട്ടിറങ്ങുന്ന ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ തയ്യാറാകുന്നില്ല എന്നത് ദു:ഖകരമാണ്. മയക്കുമരുന്ന് പിടികൂടുന്ന സമയത്ത് സാക്ഷിയാകാന്‍ വേണ്ടി പൊതുജനങ്ങള്‍ മുന്നോട്ടു വരാത്തത് പലപ്പോഴും പ്രതികള്‍ക്ക് അനുകൂലമാകാറുണ്ട്. കോടതിയില്‍ കേസ് വിചാരണക്ക് വരുന്ന സമയത്ത് പ്രതിഭാഗം വക്കീല്‍ ഡിറ്റക്ഷന്‍ സമയത്തെ സാക്ഷികളുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പല ചോദ്യങ്ങളും കോടതികളില്‍ പോലീസുകാരുടെ പ്രവര്‍ത്തിയെ കുറിച്ച് സംശയങ്ങള്‍ക്ക് ഇട നല്‍കാറുണ്ട്. ജനവാസമുള്ള മേഖലകളില്‍ നിന്നും മയക്കുമരുന്ന് പിടി കൂടുമ്പോള്‍ പൊലീസ് അല്ലാത്ത സാക്ഷികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ചോദ്യം സംശയത്തിന്റെ ആനുകൂല്യത്താല്‍ ശിക്ഷയില്‍ നിന്നും ഇളവ് നേടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുന്നു.

മയക്കുമരുന്നിന് അടിപ്പെടുന്നത് ഒരുതരം രോഗമാണ്. അതിന് ആവശ്യമായ ചികിത്സ നല്‍കുക എന്നുള്ളതാണ് മറ്റുള്ളവരുടെ കടമ. ഏതു പ്രായത്തിലുള്ളവരെയും ഏത് സാമൂഹിക നിലവാരത്തിലുള്ളവരെയും എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന ഒരുതരം രോഗം. ഇതിന് ആവശ്യമായിട്ടുള്ള ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

മയക്കുമരുന്ന് വ്യാപാരം എന്നത് വലിയ ലാഭമുള്ള കച്ചവടം ആയതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പോലും മലയാളികളായ പലരും മയക്കുമരുന്ന് ഇറക്കുമതി ചെയ്തുവരുന്നുണ്ട്. അങ്ങനെയാണ് ഹൈബ്രിഡ് കഞ്ചാവുകള്‍ തായ്ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന പൊലീസ് സേനയ്ക്ക് പരിമിതികള്‍ ഉണ്ട്. ഇത്തരം കേസുകള്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. നിയമത്തിന്റെ പഴുതുകള്‍ പലപ്പോഴും ലഹരി മാഫിയക്ക് രക്ഷപ്പെടാനുള്ള വഴികള്‍ ഒരുക്കാറുണ്ട്. അത്തരം പഴുതുകള്‍ ഇല്ലാതാക്കുന്നതിന് നിയമഭേദഗതികള്‍ നടത്തേണ്ടത് അനിവാര്യമാണ്.

ലഹരി മരുന്നുകളുടെ വില്‍പ്പനയും വ്യാപനവും തടയുന്നതിനും ലഹരിക്ക് എതിരെ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിനും ലഹരിക്കടിപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. ലഹരി വിപത്തിനെതിരായ പോരാട്ടം ശക്തമാക്കിയില്ലെങ്കില്‍ യുവതലമുറ വഴിതെറ്റുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

സിനിമകളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനത്തോടെ ലഹരിയിലേക്കുള്ള യുവതയുടെ കുത്തൊഴുക്ക് പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഇതിനെതിരെ ആസൂത്രിതമായ പ്രചരണം നടത്തേണ്ടത് അനിവാര്യമാണ്.

പണ്ടുകാലത്തെ പോലെയല്ല ന്യൂജന്‍ തലമുറയുടെ മയക്കുമരുന്ന് ഉപയോഗം. പുതിയ തലമുറയില്‍ സിറിഞ്ച് ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്തു മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് അധികപേരും. ഇതിലൂടെ അവര്‍ അറിയാതെ പല മാരകരോഗങ്ങളും ക്ഷണിച്ചുവരുത്തുകയാണ്. ഈയിടെ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ച 15 പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ട് വന്നിരുന്നു. മയക്കുമരുന്നിന്റെ അടിമയാകുന്നതോടൊപ്പം മറ്റു മാരകമായ രോഗങ്ങളും ഇതുപോലുള്ളവരെ തേടിയെത്തുന്നു എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിച്ചു പോകരുത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20ലധികം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. സ്‌കൂളുകള്‍, മദ്രസകള്‍, പി.ടി.എ കൂട്ടായ്മകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഓണ്‍ലൈനായും ഓഫ് ലൈനായും ബോധവല്‍ക്കരണം നടത്തിയെങ്കിലും അവയെല്ലാം വെറും ചടങ്ങുകള്‍ മാത്രമായാണ് അനുഭവപ്പെട്ടത്.

പരിപാടികള്‍ക്ക് വേണ്ടിയുള്ള ഒരു പരിപാടിയായിട്ടായിരുന്നു അവ ഫീല്‍ ചെയ്തത്. ഈ പരിപാടികളില്‍ ഒന്നുപോലും ടാര്‍ഗറ്റ് ചെയ്യേണ്ടവരിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബോധവല്‍ക്കരണ പരിപാടികളിലും സദസ്സില്‍ ഉണ്ടായിരുന്നത് ഒരു പ്രാവശ്യം പോലും മദ്യത്തിന്റെയോ, മയക്കുമരുന്നുകളുടെയോ രുചി ആസ്വദിക്കാത്തവരായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ തലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കൃത്യമായ ആസൂത്രണത്തോടെ ചെയ്താല്‍ മാത്രമേ ഇവയ്ക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.

എങ്ങനെ മയക്കുമരുന്നില്‍

നിന്ന് വിട്ടുനില്‍ക്കാം?

'നോ' പറയാന്‍ പഠിക്കുക: കൂട്ടുകാര്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ധൈര്യമായി 'നോ' എന്ന് പറയാന്‍ പഠിക്കുക. നിങ്ങളുടെ ജീവിതം നിങ്ങളുടേതാണ്. തെറ്റായ വഴികളിലേക്ക് തിരിയാന്‍ ആര്‍ക്കും നിങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

ശരിയായ സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുക: നല്ല കൂട്ടുകാരുമായി മാത്രം കൂട്ടുകൂടുക. തെറ്റായ വഴിക്ക് പോകുന്നവരെ ഒഴിവാക്കുക.

മാനസിക പിരിമുറുക്കങ്ങളെ നേരിടാന്‍ പഠിക്കുക: യോഗ, വ്യായാമം, ധ്യാനം തുടങ്ങിയവ ശീലമാക്കുക. ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക. കുടുംബവുമായി തുറന്നു സംസാരിക്കുക: എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാതാപിതാക്കളോടോ വിശ്വസിക്കാവുന്ന മറ്റ് മുതിര്‍ന്നവരോടോ തുറന്നു സംസാരിക്കുക.

തെറ്റിദ്ധാരണകള്‍ തിരുത്തുക: മയക്കുമരുന്ന് ഉപയോഗം ഒരു ഹീറോയിസമായി കരുതുന്ന പ്രവണത തെറ്റാണ്. അത് നിങ്ങളെ അടിമയാക്കുകയും ജീവിതം നശിപ്പിക്കുകയും ചെയ്യും.

വിവിധതരം വിനോദങ്ങളില്‍ ഏര്‍പ്പെടുക: കളികളില്‍ ഏര്‍പ്പെടുക, പുസ്തകങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുക. ആരോഗ്യകരമായ ഹോബികള്‍ വളര്‍ത്തിയെടുക്കുക.

സഹായം തേടാന്‍ മടിക്കരുത്: ആരെങ്കിലും മയക്കുമരുന്നിന് അടിമയായിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍, അവരെ കളിയാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ സഹായം തേടാന്‍ പ്രേരിപ്പിക്കുക. പൊലീസ്, ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ലഹരിവിമുക്ത കേന്ദ്രങ്ങള്‍ എന്നിവയുടെ സഹായം തേടാം.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പങ്ക്:

പൊലീസ് സേന മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 'യോദ്ധാവ്' പോലുള്ള പദ്ധതികള്‍ മയക്കുമരുന്നിനെതിരെ ശക്തമായ ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ മടിക്കരുത്.

മയക്കുമരുന്ന് വില്‍പ്പനയുമായോ മറ്റോ ബന്ധപ്പെട്ട എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ 9995966666 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കാവുന്നതാണ്. നിങ്ങളുടെ ഒരു വിളി ഒരുപക്ഷേ ഒരു ജീവിതത്തെ രക്ഷിച്ചേക്കാം.

നമ്മുക്ക് ഒരുമിച്ച് നില്‍ക്കാം:

മയക്കുമരുന്ന് എന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ഓരോരുത്തരും അവരവരുടെ വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഈ വിപത്തിനെ തുടച്ചുനീക്കാന്‍ പ്രതിജ്ഞയെടുക്കണം.

ആരോഗ്യകരവും സന്തോഷകരവുമായ ഒരു നാളേക്കായി മയക്കുമരുന്ന് രഹിത സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.

Related Articles
Next Story
Share it