ജനറല്‍ ആസ്പത്രി എന്ന കാസര്‍കോട്ടുകാരുടെ മെഡിക്കല്‍ കോളേജ്

കാസര്‍കോട്ടുകാരുടെ ഇഷ്ടപ്പെട്ട ചികിത്സാ കേന്ദ്രമാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി. വിദഗ്ദ ഡോക്ടര്‍മാരും നല്ല ചികിത്സയും ലഭ്യമായതോടെ എന്നും നല്ല തിരക്കാണ് ഈ ചികിത്സാ കേന്ദ്രത്തില്‍. നമ്മുടെ മെഡിക്കല്‍ കോളേജെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഈ ആസ്പത്രി ഇപ്പോള്‍ പഴയ ധര്‍മ്മാസ്പത്രിയല്ല. കാഷ്വാലിറ്റി, ലേബര്‍ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, കുട്ടികളുടെ ഐ.സി.യു, പുരുഷ വാര്‍ഡ്, സ്ത്രീകളുടെ വാര്‍ഡ്, ഐ.സി.യു എന്നീ വാര്‍ഡുകളെല്ലാം എപ്പോഴും ഫുള്ളാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നു പോലും രോഗികളെ റഫര്‍ ചെയ്യുന്നത് ഇവിടേക്കാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്യുന്ന കേരളത്തിലെ ഏക ജനറല്‍ ആസ്പത്രി ഇതായിരിക്കാം. ഡയാലിസ് യൂണിറ്റും ഫിസിയോ തെറാപ്പിയും ടി.ബി സെന്ററും കാന്‍സര്‍ ചികിത്സക്കെത്തുന്നവരും എ.ആര്‍.ടി സെന്ററും ഓഡിയോളജി, ബ്ലഡ് ബാങ്ക് എല്ലായിടത്തും എപ്പോഴും തിരക്കോട് തിരക്ക്.

ഓര്‍ത്തോ, ഇ.എന്‍.ടി, ശ്വാസകോശം, സര്‍ജറി, കുട്ടികളുടെ, സ്ത്രീരോഗ, മെഡിസിന്‍, എന്‍.സി.ഡി, ഡയറ്റീഷ്യന്‍, സൈക്കാട്രി, ചര്‍മ്മം, കണ്ണ്, പല്ല്, ന്യൂറോ എല്ലാ ഒ.പികളിലും ഡോക്ടര്‍മാര്‍ ഉള്ളപ്പോള്‍ എപ്പോഴും നല്ല തിരക്കാണ്,

പരിശോധനയും അഡ്മിഷന്‍, ഡിസ്ചാര്‍ജ് വാര്‍ഡിലെ റൗണ്ട്‌സ് ഇങ്ങനെ പോകുന്നു അവരുടെ തിരക്കുകള്‍. കാസര്‍കോട് നഗരസഭയുടെ ചെയര്‍മാന്‍, ആരോഗ്യ വിഭാഗം മറ്റു ജനപ്രതിനിധികളുടെ ശ്രദ്ധയും സഹായങ്ങളും എടുത്ത് പറയേണ്ടതാണ്. സര്‍ക്കാരിന്റെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് ഇവിടെ നടന്നത്.

സുപ്രണ്ട് ഡോ. ശ്രീകുമാര്‍, ഡപ്യൂട്ടി സുപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, നഴ്‌സിംഗ് സുപ്രണ്ട് ലതാ, പി.ആര്‍.ഒ സല്‍മ, പ്രശസ്തരും വിദഗ്ധരുമായ ഡോക്ടര്‍മാരായ ജനാര്‍ദ്ദന നായക്ക്, സുനില്‍ ചന്ദ്രന്‍, ധനഞ്ജയന്‍, ജമാലുദ്ദീന്‍, സാഹിര്‍, സാഹിദ്, ശ്രീജിത്ത്, ഷെറീന, അരുണ്‍ രാം, സ്വപ്‌ന, ബിന്ദു, വാസന്തി, ജ്യോതി, പ്രദീപ്, അഭിജിത്ത്, സന്ധ്യ, അരവിന്ദ്, മൊഹ്മിന, സരിക, രവികുമാര്‍, ഷെമീമ തുടങ്ങിയ ഡോക്ടര്‍മാര്‍ സേവനമനഷ്ഠിക്കുന്നു. വിരമിച്ചതറിയാതെ സത്താര്‍ ഡോക്ടറെ തേടി രോഗികള്‍ ഇന്നും എത്തുകയാണ്. സുപ്രണ്ട് മുതല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്‍ഡര്‍മാര്‍, റിസഫ്ഷനിസ്റ്റുകള്‍, ഡ്രൈവര്‍മാര്‍, വിവിധ ടെക്ക്‌നീഷന്മാര്‍, ക്ലീനിംഗ് ജീവനക്കാര്‍, ഓഫീസ്, ഫാര്‍മസി, കാരുണ്യ, ഇ.സി.ജി, ഐ.ടി.സി, പി.പി യൂണിറ്റ്, എക്‌സ്‌റേ, ലാബ്, സി.ടി, ബ്ലഡ് ബാങ്ക് ജീവനക്കാര്‍, സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങി ആസ്പത്രിയുമായി ബന്ധപ്പെട്ട എല്ലാ തരം ജീവനക്കാരും ജി.എച്ച് എന്ന കുടക്കീഴില്‍ ഒത്തൊരുമയോടെ നീങ്ങുന്നു. എന്തെങ്കിലും പ്രയാസങ്ങള്‍, വിഷമങ്ങള്‍ വന്നാല്‍ ഒരുമയോടെ താങ്ങും തണലുമാകുന്നു. മികച്ച രീതിയിലുള്ള സ്റ്റാഫ് കൗണ്‍സില്‍, റീഡേര്‍സ് ഫോറം എന്നിവക്ക് പുറമെ പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള ജീവനക്കാരുടെ നല്ല മനസ്സ് എടുത്ത് പറയേണ്ടതാണ്. പാവപ്പെട്ട രോഗികള്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ നല്‍കുന്നു. അശോകേട്ടനും എന്റെ സുഹൃത്തുക്കളും നല്‍കുന്ന കാന്റീനിലെ ഉച്ചഭക്ഷണം, ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ്, സേവാഭാരതിയുടെ കഞ്ഞി, സി.എച്ച് സെന്ററിന്റെ സഹായങ്ങളും ഭക്ഷണവും ഇതൊക്കെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്നു. 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മോര്‍ച്ചറി ഈ ആസ്പത്രിക്ക് മാത്രം സ്വന്തമാണ്. ഡോ. അംജിത്തും, ഡോ. റേച്ചലിന്റെയും നേതൃത്വത്തില്‍ പലപ്പോഴും അഞ്ചും ആറും പോസ്റ്റ് മോര്‍ട്ടങ്ങളാണ് നടത്തുന്നത്.

ഞായറാഴ്ചയായിട്ടും രാവിലെ മുതല്‍ ജനറല്‍ ആസ്പത്രിയിലെ ഒ.പിയില്‍ നല്ല തിരക്കായിരുന്നു. 2 വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെ പരിശോധനക്കിരുന്നിരുന്നു, സര്‍ജനും കുട്ടികളുടെ ഡോക്ടറും കുട്ടികളുമായി അമ്മമാരുടെ നീണ്ട ക്യൂ. അതിഥി തൊഴിലാളികളുടെ ഇഷ്ട ചികിത്സാ കേന്ദ്രമാണ് ഈ ആസ്പത്രി. ഡോക്ടര്‍ക്ക് ഹിന്ദി അറിഞ്ഞില്ലെങ്കില്‍ ഗുലുമാലാകും. കുട്ടികള്‍ക്ക് അധികവും പനിയും ചര്‍ദ്ധിയും വയറു വേദനയും. ഞായറാഴ്ചയായിട്ടും ഡപ്യൂട്ടി സുപ്രണ്ട് ഡോ. ജമാല്‍ റൗണ്ട്‌സിനെത്തിയിരുന്നു. ഒരു മണിക്ക് ശേഷം ജനറല്‍ ഒ.പി കഴിഞ്ഞു. പിന്നെ അത്യാഹിത വിഭാഗത്തില്‍ (കാഷ്വാലിറ്റി) മാത്രമാണ് ഒരു ഡോക്ടര്‍. ളുഹര്‍ നിസ്‌ക്കരിച്ചതിന് ശേഷം അവിടെ എത്തുമ്പോള്‍ പുറത്ത് നല്ല ക്യുവാണ്. അകത്തും നല്ല തിരക്ക്. നെഞ്ച് വേദനയായി വന്ന സ്ത്രീയും പൂച്ച കടിച്ചതിന് സൂചി വെച്ചപ്പോള്‍ തല കറങ്ങിയ കുട്ടിയും ശ്വാസം കിട്ടാതെ പിടക്കുന്ന അപ്പൂപ്പനും പനിയില്‍ തിളക്കുന്ന കുഞ്ഞും. ബി.പി കൂടിയതും കുറഞ്ഞതിന്റെ ബുദ്ധിമുട്ടിലെത്തിയവര്‍. നഴ്‌സുമാര്‍ 2 പേരും ഒപ്പം ഹെഡ് നഴ്‌സും പൂരത്തിരക്കിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്ത രോഗിയുമായി 108 ആംബുലന്‍സുമെത്തി. ഒളിച്ചോടിയ കമിതാക്കളുമായി പോലീസും. അടിയേറ്റ ഒരു യുവാവും തോളെല്ലിന് പരിക്കുമായി എത്തി. ഡോക്ടര്‍ ഓരോ ആളുകളോടും കാര്യങ്ങള്‍ അന്വേഷിക്കുന്നു. പരിശോധിക്കുന്നു. കുറിപ്പ് എഴുതുന്നു. ചാര്‍ജ് ഉള്ള ഡോക്ടറെ വിളിക്കുന്നു. 108 വിളിച്ച് പരിയാരത്തേക്ക് അയക്കാനുള്ള രോഗിയെ വിടുന്നു. തിരക്കോട് തിരക്ക്. ക്യൂവിന്റെ നീളം കൂടി വരുന്നു. പ്രസവ ഡേറ്റ് അടുത്ത ഗര്‍ഭിണി എത്തുന്നു. അവരുടെ ഒ.പി ടിക്കറ്റ് ഞാന്‍ വാങ്ങി ഡോക്ടര്‍ക്ക് നല്‍കി. തിരക്കിനിടയിലും ഡോക്ടര്‍ അഡ്മിഷന്‍ എഴുതുന്നു. ഇതിനിടയിലാണ് ഒരു സ്ത്രീ ഒരു കുട്ടിയുമായി ഓടി വരുന്നത്. കുഞ്ഞിനെ എന്തോ കടിച്ചിട്ടുണ്ട്, എന്തെന്നറിയില്ല. കടിച്ച ഭാഗം ഡോക്ടര്‍ നോക്കുന്നു. ലാബില്‍ വിളിക്കുന്നു. രക്ത പരിശോധന നടത്തുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും രക്തം പരിശോധിക്കാനുണ്ടെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിലിരിക്കണമെന്നും പറയുന്നു. ഇതിനിടയില്‍ തന്നെയതാ ഒരു കുഞ്ഞുമായി യുവതിയും യുവാവും വരുന്നു. കുഞ്ഞിനെ കളിക്കുന്നതിനിടയില്‍ പാമ്പ് കടിച്ചതാണ്. രക്ത പരിശോധന നടത്തുന്നു. അഡ്മിറ്റാക്കുന്നു. വയറു വേദന കൊണ്ട് പിടക്കുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. ആരു പറഞ്ഞാലും ആവശ്യത്തിന് വെള്ളം കുടിക്കില്ല, സമയത്തിന് ഭക്ഷണം കഴിക്കാത്തവര്‍. ആസ്പത്രിയില്‍ വന്ന് നിലവിളിക്കുകയാണ്. ദാ വരുന്നു 2 വയസ്സുകാരിയുമായി ഒരുമ്മ. കുഞ്ഞിന്റെ കണ്ണിലേക്കാണ് പൂച്ച കടിച്ചത്. തൊട്ടുപിന്നാലെ പട്ടിയുടെ കടിയേറ്റ അപ്പൂപ്പനും പൂച്ച മാന്തിപ്പറിച്ച സ്ത്രീയും എത്തി. രാവിലെ പരിശോധനക്ക് വിട്ട രോഗികള്‍ റിസള്‍ട്ടുമായി എത്തിത്തുടങ്ങി. ലേബര്‍ വാര്‍ഡിലും ഐ.സി.യു വിലും സ്ത്രീകളുടെ വാര്‍ഡിലും മൊത്തം രോഗികളാണെന്നും ബെഡ് ഒഴിവില്ലെന്നും സിസ്റ്റര്‍ ഡോക്ടറെ വന്ന് അറിയിച്ചു.

പൂച്ചയും പട്ടിയും മത്സരിച്ചു കടിക്കുകയാണ്. ഇവയുടെ കടിയേറ്റ നിരവധി പേരാണ് ഈ ഞായറാഴ്ച മാത്രം എത്തിയത്. പൂച്ച, നായ കടിച്ച ഭാഗത്തേക്ക് സൂചി കുത്തിവെക്കുമ്പോള്‍ നിലവിളിക്കുന്ന കുഞ്ഞുങ്ങള്‍. നമ്മുടെ കുട്ടികളുടെ അവധിക്കാലം പൂച്ചയുടെയും നായയുടെയും പാമ്പിന്റെയും കടിയേറ്റ് തീരുകയാണോ എന്ന് സംശയിച്ച് പോവുകയാണ് ഈ കാഴ്ച കാണുമ്പോള്‍. പുറത്തെ ക്യൂവിന്റെ വലിപ്പം കൂടിവരിയാണ്. അകത്ത് അത്യാഹിതക്കാരുടെ തിരക്കും. പുറത്ത് ക്യൂവിലെ ഒരു യുവാവ് ബഹളം വെക്കുകയാണ്. ക്യൂ അനങ്ങുന്നില്ലെന്നും ഇപ്പോള്‍ വന്നവരെല്ലാം അകത്തേക്ക് പോവുന്നുവെന്നാണ് പരാതി. നിങ്ങള്‍ക്ക് എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ കയ്യിലെ പാട് കാണിച്ചു പറയുകയാണ് രണ്ട് മാസമായി ചൊറിച്ചിലാണെന്നും ഇത് കാണിക്കാന്‍ വന്നതാണെന്നും. നിങ്ങള്‍ ഒച്ചയും ബഹളവും വെച്ചിട്ട് കാര്യമില്ല. അവിടെ ഡോക്ടര്‍ സീരിയസ് കേസുകള്‍ നോക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മാസം മുമ്പത്തെ ചൊറിച്ചില്‍ കാണിക്കേണ്ടത് രാവിലെ വന്ന് ചര്‍മ്മത്തിന്റെ ഡോക്ടര്‍ക്കാണെന്നും അറിയിച്ചു. അപ്പോഴും 108 ആംബുലന്‍സ് ഒരു രോഗിയുമായി കടന്നു വന്നു. അവധി ദിനമയിട്ടും തിരക്കോട് തിരക്ക് പിടിച്ച ഞായര്‍ ദിനം. അപ്പോഴും ആസ്പത്രിയും ഡോക്ടര്‍മാരും നഴ്‌സുമാരടക്കമുള്ള ജീവനക്കാരും ക്ഷമയോടെ എന്തിനും സജ്ജം. ഇതാണ് നമ്മുടെ ജനറല്‍ ആസ്പത്രി. മെഡിക്കല്‍ കോളേജാണെന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ്.


Related Articles
Next Story
Share it