എന്തൊരാശ്വാസം... ഈ സേവനം

കാസര്‍കോട് സി.എച്ച് സെന്ററിന്റെ സേവനം നിരവധി വൃക്ക രോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്നതിന് പുറമെ, ആംബുലന്‍സ്, മോര്‍ച്ചറി, സ്‌നേഹവീട് തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്. കെ.എം.സി.സിയും കാരുണ്യ ഹൃദയമുള്ള വ്യക്തികളും ഈ കൂട്ടായ്മയെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു.
എട്ട് ഡയാലിസിസ് മെഷീനുകളില്‍ നിന്ന് കാസര്‍കോട് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം 22 ഡയാലിസിസ് മെഷീനുകളുള്ള വിപുലമായ രീതിയിലേക്ക് വളരുകയാണ്. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സി.എച്ച് സെന്റര്‍ ദുരിതം പേറുന്നവര്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ സേവന രംഗത്ത് ഇറങ്ങിയതോടെ നിസാരമല്ല കാര്യങ്ങളെന്ന് ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ തിരിച്ചറിഞ്ഞു. ചുറ്റും എണ്ണമറ്റ രോഗികള്‍, ചികിത്സക്ക് വകയില്ലാതെ വലയുന്നവര്‍, ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ പോലും പ്രയാസപ്പെടുന്നവര്‍... ലക്ഷ്യം വലുതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനവും വിപുലമായി. ആവശ്യം കണ്ടറിഞ്ഞ് വിവിധ എമിറേറ്റുകളിലെ കെ.എം.സി.സിയും കാരുണ്യ ഹൃദയമുള്ള വ്യക്തികളും സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. 8 യൂണിറ്റുകളുമായി കാസര്‍കോട് നഗരത്തിലെ വിന്‍ടെച്ച് ആസപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഡയാലിസിസ് സെന്ററിലേക്ക് രോഗികളുടെ ഒഴുക്കായിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം വലയുന്ന എത്രയെത്ര പേരാണ് നമുക്കിടയിലുള്ളത്. അസുഖം അലട്ടുന്ന ദുരിതം തന്നെ വലുത്. ഇതിന് പുറമെ ഡയാലിസിസ് അടക്കമുള്ള ചികിത്സക്ക് നല്ല തുക വേണം.
ദുബായ് കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ 10 ലക്ഷം രൂപ ജില്ലാ ലീഗ് നേതാക്കള്‍ കൈമാറുന്നു
എട്ട് ഡയാലിസിസ് മെഷീനില്‍ തുടക്കം, ഇനി 22ലേക്ക്
ഇവര്‍ക്ക് മുന്നിലാണ് സി.എച്ച് സെന്റര്‍ ആശ്വാസത്തിന്റെ വാതില്‍ തുറന്നുവെച്ചത്. നഗരത്തിലെ വിന്‍ടെച്ച് ആസ്പത്രിയില്‍ വിശാലമായ ഡയാലിസിസ് സെന്റര്‍ തുടങ്ങി. പരമാവധി ആളുകള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുത്തു. 8 മെഷീനുകളില്‍ 3 സ്വിഫ്റ്റുകളായി 24 പേര്‍. ഇപ്പോള്‍ ഏതാണ്ട് 49 വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കിവരുന്നു. അതുകൊണ്ടും മതിയായില്ല. 75 അപേക്ഷകള്‍ ബാക്കി നില്‍ക്കുകയാണ്. ഇവര്‍ക്ക് കൂടി ഉടന്‍ തന്നെ സൗജന്യ ഡയാലിസിസ് ആരംഭിക്കണം. അധികം ആലോചിക്കാനൊന്നും നിന്നില്ല. പുതുതായി 14 ഡയാലിസിസ് യൂണിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. വിന്‍ടെച്ച് ആസ്പത്രിക്ക് തൊട്ടടുത്ത കെട്ടിടത്തില്‍ വിശാലമായ മുറി സൗജന്യമായി കിട്ടി.
സഹകരിക്കാന്‍ ഉത്സാഹം, കെ.എം.സി.സികള്‍ നിറഞ്ഞ മനസോടെ...
സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ കെ.എം.സി.സി അടക്കമുള്ള കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും വലിയ ഉത്സാഹമാണ്. സെന്ററിന്റെ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് തന്നെ രണ്ട് ഡയാലിസിസ് മെഷീനുകള്‍ നല്‍കി ആദ്യം രംഗത്ത് വന്നു. മറ്റൊരെണ്ണം കൂടി ഓഫര്‍ ചെയ്തു. മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കരയും വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാടും മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജിയും സൗദി അറേബ്യയിലെ എക്‌സ്പാട്രിയേറ്റ്‌സ് സംഘടനയും (രണ്ടെണ്ണം) തമ്പ് മേല്‍പ്പറമ്പും മെഷീനുകള്‍ നല്‍കി. ഇവ കൊണ്ടാണ് തുടക്കം കുറിച്ചത്.
രണ്ടാംഘട്ട പദ്ധതിക്ക് ദുബായ് ഉദുമ മണ്ഡലം കെ.എം.സി.സി രണ്ട് മെഷീനുകള്‍ വാഗ്ദാനം ചെയ്തു. ഒരെണ്ണം സ്പീഡ്‌വെ അബ്ദുല്ല കുഞ്ഞി ഹാജി കൈമാറി. ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി ഒരു മെഷീന്‍ നല്‍കി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറ്റം നടത്തി. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് സംഘടിപ്പിച്ച വിപുലമായ ഹലാ കാസര്‍കോട് പരിപാടിയില്‍ വെച്ച്, മുസ്ലിംലീഗ് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ സി.എച്ച് സെന്ററിന് 10 ലക്ഷം രൂപ കൈമാറി. ഡയാലിസിസ് മെഷീനുകള്‍ കിട്ടിയാല്‍ മാത്രം പോരാ. സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഭീമമായ തുക വേണം. സൗദിയിലെ 4 പ്രവിശ്യകളില്‍ നിന്നുള്ള കെ.എം.സി.സിയുടെ നിര്‍ലോഭമായ സഹായം ഒഴുകി. കിഴക്കന്‍ പ്രവിശ്യക്ക് പുറമെ ജിദ്ദ, റിയാദ്, മദീന പ്രവിശ്യകള്‍ കൂടി ദൈനംദിന ചെലവിനുള്ള സഹായം എത്തിച്ചു.
സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന ഐ.സി.യു. ആംബുലന്‍സിനുള്ള ആദ്യ ഗഡു യഹ്‌യ തളങ്കര കൈമാറുന്നു
സ്വന്തമായി ആംബുലന്‍സ്, അത്യാധുനിക ഐ.സി.യു ആംബുലന്‍സും എത്തും
ഡയാലിസിസ് കേന്ദ്രത്തിന് പുറമെ സി.എച്ച് സെന്ററിന്റെ ആംബുലന്‍സും സേവന രംഗത്തുണ്ട്. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററിന് വാഗ്ദാനം ചെയ്തത് 45 ലക്ഷം രൂപയോളം വില വരുന്ന അത്യാധുനിക രീതിയിലുള്ള ഐ.സി.യു ആംബുലന്‍സാണ്. ഇതിന്റെ ആദ്യ തുക യഹ്‌യ തളങ്കരയുടെ സാന്നിധ്യത്തില്‍ കൈമാറി. ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കിറ്റും മോര്‍ച്ചറി കിറ്റും വാങ്ങാനായും ദുബായ് കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി സഹായവുമായി രംഗത്ത് വന്നു. ഇതിന് പുറമെ വിവിധ കെ.എം.സി.സികളുടെ സഹായവും വാഗ്ദാനവും വേറെയും. കെ.എം.സി.സി കമ്മിറ്റികള്‍ റമദാനില്‍ സി.എച്ച് സെന്ററിന് വേണ്ടി പിരിവെടുക്കാറുണ്ട്. ഇവയും കൃത്യമായി എത്തിച്ച് നല്‍കും. റമദാനിലെ രണ്ടാം വെള്ളിയാഴ്ച സി.എച്ച് സെന്റര്‍ ജില്ലയില്‍ സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുന്നു. അന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തും. നാട്ടുകാരുടെ ഇത്തിരി കൈനീട്ടമായി ശേഖരിക്കുന്ന ആ തുക ചിലപ്പോഴൊക്കെ ഏതാണ് 20 ലക്ഷ മെങ്കിലും വരും.
ആംബുലന്‍സ് സേവനത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വഹിക്കുന്നു
സ്‌നേഹവീടൊരുക്കി; ഫാര്‍മസിയും ലാബും തുറക്കുന്നു
നഗരസഭാ ഓഫീസ് കാര്യാലയത്തിലേക്ക് പോകുന്ന വഴിക്ക്, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രധാന കവാടത്തിന് സമീപമായി സി.എച്ച് സെന്റര്‍ വിപുലമായ ഒരു ഫാര്‍മസിയും തുറക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം ഈ മാസം 25ന് ശേഷം നടക്കും. ഇതിനോട് ചേര്‍ന്ന് ഒരു ലാബും തുറക്കും. സെന്ററിന്റെ കീഴില്‍ ആലംപാടി യത്തീംഖാനയില്‍ ആലംബഹീനരെ സഹായിക്കാനായി സ്‌നേഹവീടും പ്രവര്‍ത്തിക്കുന്നുണ്ട്.
ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണം
മെഡിക്കല്‍ കോളേജിന് സമീപവും സേവനം
ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപത്തായി 19 സെന്റ് സ്ഥലം ഉള്‍പ്പെട്ട ഒരു കെട്ടിടം വിലക്ക് വാങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ക്കും പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മ്മിക്കാനും വേണ്ടിയാണിത്. ഏതാനും വര്‍ഷങ്ങളായി റമദാന്‍ മാസത്തില്‍ കാസര്‍കോട് സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നോമ്പ് തുറ വിഭവവും അത്താഴവും ഒരുക്കി വരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിനുള്ള തുക നല്‍കുന്നത് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയാണ്. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം രോഗികളുടെ ക്ഷേമത്തില്‍ മാത്രം ഒതുങ്ങുന്നില്ല, മരണപ്പെടുന്നവരിലേക്കും നീളുന്നു. ജനറല്‍ ആസ്പത്രി മോര്‍ച്ചറി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ എപ്പോഴും സേവന സന്നദ്ധരായി ഉണ്ട്. സെന്റര്‍ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് എടനീരും കാസര്‍കോട് നഗരസഭ അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും അടക്കമുള്ളവരുടെ സേവനം ഏത് പാതിരാവിലും ഇവിടെ ലഭ്യം.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് കാസര്‍കോട് കെ.എം.സി.സിയുടെ പ്രവര്‍ത്തനം. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും മറ്റു സി.എച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാസര്‍കോട് വിന്‍ടച്ച് ആസ്പത്രിയില്‍ സി.എച്ച്. സെന്ററിന്റെ ഡയാലിസിസ് സെന്റര്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
സാരഥികള്‍ ഇവര്‍
യഹ്‌യ തളങ്കര മുഖ്യരക്ഷാധികാരിയായി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍മാനായുള്ള ഹൈപ്പര്‍ കമ്മിറ്റിയാണ് കാസര്‍കോട് സി.എച്ച് സെന്ററിന് നേതൃത്വം നല്‍കുന്നത്. അബ്ദുല്‍ കരീം കോളിയാട് വര്‍ക്കിംഗ് ചെയര്‍മാനും മാഹിന്‍ കേളോട്ട് കണ്‍വീനറും എന്‍.എ അബൂബക്കര്‍ ട്രഷററും അഷ്‌റഫ് എടനീര്‍ കോര്‍ഡിനേറ്ററും ഖാദര്‍ ചെങ്കള ഗള്‍ഫ് കോര്‍ഡിനേറ്ററുമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 17 അംഗ മാനേജിംഗ് കമ്മിറ്റിയും 22 അംഗ സെക്രട്ടേറിയറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൃദയം കുളിര്‍പ്പിച്ച ചടങ്ങ്...
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും. മേല്‍ പറഞ്ഞ പ്രവാചക തിരുമൊഴി മനസ്സിലേക്ക് കടന്നുവന്നത്, കഴിഞ്ഞാഴ്ച ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ്. നവജീവന്‍ പദ്ധതി എന്ന പേരില്‍ നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയാണത്. ഈ പദ്ധതിയില്‍ കാസര്‍കോട് സി.എച്ച് സെന്ററിന് ഒരു ഡയാലിസിസ് യൂണിറ്റ് കൈമാറി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കരങ്ങളാലാണ് അത് നിര്‍വഹിക്കപ്പെട്ടത്. ഖത്തറിലുള്ള കാസര്‍കോട് മുനിസിപ്പല്‍ നിവാസികളില്‍ നിന്ന് ആറ് മാസം കൊണ്ട് സ്വരൂപിച്ച പത്തു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഡയാലിസിസ് മെഷീന്‍ വാങ്ങിയത്. ചടങ്ങിന് സാക്ഷിയാവാന്‍ നാട്ടിലുള്ള കെ.എംസി.സി പ്രവര്‍ത്തകരും ഭാരവാഹികളും കുടുംബാംഗങ്ങളും എത്തിയിരുന്നു. മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി ഷാഫി ഹാജിയുടെ സാന്നിധ്യത്തില്‍ ഭാരവാഹികളായ ഫൈസല്‍ ഫില്ലി, എരിയാല്‍ ഹാരിസ്, മെഹഫുസ്, സാബിത് തുരുത്തി, ബഷീര്‍ തളങ്കര, ഷാംനാസ്, മുഹമ്മദ്കുഞ്ഞി നെല്ലിക്കുന്ന്, അലി ചേരൂര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ജില്ലാ-പ്രാദേശിക നേതാക്കളും ആശംസകളുമായി വേദിയില്‍ ഉണ്ടായിരുന്നു.കാസര്‍കോട് സി.എച്ച് സെന്റര്‍ കണ്‍വീനര്‍ കരീം കോളിയാടാണ് ഡയാലിസിസ് യൂണിറ്റ് ഏറ്റുവാങ്ങിയത്.
ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി. സി.എച്ച്. സെന്ററിന് നല്‍കുന്ന ഡയാലിസിന് മെഷീന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ കൈമാറുന്നു
അബുഅല്‍ത്വാഫ് ചേരങ്കൈ