ഇശലുകളുടെ പൂങ്കാവനം

കലോത്സവ ലഹരിയില്‍ മൊഗ്രാല്‍...

കാസര്‍കോടിന്റെ വടക്കന്‍ അതിര്‍ത്തിയില്‍, മൊഗ്രാല്‍ പുഴയുടെ തീരത്ത് പ്രകൃതിയും കലയും സൗഹൃദം കൂടുന്ന ഒരു സുന്ദര ഗ്രാമമുണ്ട്-മൊഗ്രാല്‍. ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുമ്പോള്‍, വെറുമൊരു ഗ്രാമമല്ല, മറിച്ച് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു 'ഇശല്‍ ഗ്രാമമാണ്' പ്രതിഭകളെ വരവേല്‍ക്കുന്നത്.

'മൊഗ്രാല്‍' എന്ന പേരിന് പിന്നില്‍ മനോഹരമായ ഒരു അര്‍ത്ഥമുണ്ട്. തുളു പദമായ 'മൊഗ്ര' എന്നതില്‍ നിന്നും ഉത്ഭവിച്ച ഈ പേരിന്റെ അര്‍ത്ഥം 'കൂട്ടം' എന്നാണത്രെ. പേരിനെ അന്വര്‍ത്ഥമാക്കുംവിധം, പണ്ട് കാലത്ത് ആല്‍മരങ്ങള്‍ കൂട്ടമായി തണല്‍വിരിച്ചു നിന്നിരുന്ന ഭൂപ്രദേശമായിരുന്നു ഈ ഗ്രാമം.

മലയാളക്കരയില്‍ ഒരേ ഗ്രാമത്തില്‍ നിന്ന് ഇത്രയധികം കവികള്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രദേശം ഉണ്ടാകില്ല. അമ്പതോളം കവികളാല്‍ സമ്പന്നമാണ് ഈ മണ്ണ്. മാപ്പിളപ്പാട്ടിന്റെ ലോകത്ത് മൊഗ്രാല്‍ ശൈലി തന്നെ രൂപപ്പെടുത്തിയെടുത്തു ഈ മഹാപ്രതിഭകള്‍.

സാവുക്കാര്‍ കുഞ്ഞി ഫഖീഹ്, ബാലാ മുബിനു ഫഖീഹ്, നടുത്തോപ്പില്‍ അബ്ദുല്ല, അഹമ്മദ് ഇസ്മായില്‍ സാഹിബ്, നടുത്തോപ്പില്‍ മമ്മുഞ്ഞി മൗലവി, നടുത്തോപ്പില്‍ കുഞ്ഞായിശു, എ.കെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ഈ നിരയിലെ പ്രസിദ്ധരായ കവികളാണ്.

മൊഗ്രാലിന് മറ്റൊരു പേരുണ്ട്, ഇശല്‍ ഗ്രാമം. മാപ്പിളപ്പാട്ടിന്റെ തറവാടാണത്. മലയാള മാപ്പിള സാഹിത്യത്തിലെ ഇതിഹാസം മോയിന്‍കുട്ടി വൈദ്യര്‍ തന്റെ വിഖ്യാത കൃതിയായ 'ബദര്‍ പടപ്പാട്ട്' പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുത്തത് ഈ ഗ്രാമത്തെയായിരുന്നു. സാവുക്കാര്‍ കുഞ്ഞി ഫഖീഹ്, ബാലാ മുബിനു ഫഖീഹ് തുടങ്ങിയ പ്രതിഭകള്‍ ഇശലുകളുടെ വസന്തം തീര്‍ത്തു. മൊഗ്രാല്‍ പുഴയുടെ ഓളങ്ങളില്‍ തട്ടി വരുന്ന കാറ്റിന് ഇന്നും പഴയ കിസ്സപ്പാട്ടുകളുടെ ഈണമാണ്. കവി അഹമ്മദ് ഇസ്മായിലിന്റെ ഹൃദയസ്പര്‍ശിയായ താരാട്ടുപാട്ടുകള്‍ ഇന്നും ഈ ഗ്രാമത്തിന്റെ സ്മൃതികളിലുണ്ട്.

നടുത്തോപ്പില്‍ അബ്ദുല്ലയുടെ 'പക്ഷിപ്പാട്ട്' കേള്‍ക്കാത്ത മലബാര്‍ വീടുകള്‍ ഒരുകാലത്ത് വിരളമായിരുന്നു. പ്രവാചകന്റെ കാരുണ്യത്തെയും പക്ഷിയുടെ ആത്മവേദനയെയും വരികളിലാവാഹിച്ച ആ കൃതി ഇന്നും മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ ഗൃഹാതുരമായ ഒരോര്‍മ്മയാണ്.

മതങ്ങള്‍ക്കും ജാതികള്‍ക്കും അപ്പുറം മാനവികതയുടെ വലിയ സന്ദേശമാണ് മൊഗ്രാല്‍ ചരിത്രത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മായിപ്പാടി കോവിലകത്തെ ന്യായാധിപനും മുസ്ലിം പണ്ഡിതനുമായിരുന്ന സാവുക്കാര്‍ കുഞ്ഞി ഫഖീഹ് ക്ഷേത്ര ഭരണത്തിന്റെ ഭാഗമായി മാറിയത് ഇവിടുത്തെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്നു. വിജ്ഞാനത്തിന്റെ വെളിച്ചം പകരാന്‍ അദ്ദേഹം സ്ഥാപിച്ച 'നൂറുല്‍ അമീന്‍' കല്ലച്ച് പ്രസ്സ്, അക്ഷരങ്ങളോടുള്ള ഈ ഗ്രാമത്തിന്റെ അഭിനിവേശത്തിന് തെളിവാണ്.

മൊഗ്രാലിലെ വൈകുന്നേരങ്ങളില്‍ യക്ഷഗാനത്തിന്റെ ചെണ്ടമേളത്തിനൊപ്പം മാപ്പിളപ്പാട്ടിന്റെ മൊഞ്ചും ഇഴചേരുന്നു. അലിയും ചന്തൂട്ടിയും തമ്മിലുള്ള പവിത്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന 'ആലിച്ചാമുണ്ടി' എന്ന തെയ്യക്കോലം, ഈ മണ്ണിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കനല്‍ക്കെടാത്ത അടയാളമാണ്. മൊഗ്രാലിന്റെ മണ്ണില്‍ മതസൗഹാര്‍ദ്ദം എന്നത് വെറുമൊരു വാക്കല്ല, അതൊരു ജീവിതരീതിയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ടി.എം. കുഞ്ഞിയും ഭട്ടും ചേര്‍ന്ന് നടത്തിയിരുന്ന ബസ്സ് സര്‍വ്വീസ. രണ്ട് വ്യക്തികള്‍ കൈകോര്‍ത്ത് നടത്തിയ ആ സംരംഭം, വിഭജനത്തിന്റെ മതിലുകളില്ലാത്ത ഒരു ജനതയുടെ ഐക്യത്തിന്റെ പ്രതീകമായി ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.

നാട്ടുപ്രമാണിമാരും പണ്ഡിതരും കവികള്‍ തങ്ങള്‍ പുതുതായി രചിച്ച വരികള്‍ ചൊല്ലുമ്പോള്‍, നാട്ടുകാര്‍ അത് ഹൃദയത്തിലേറ്റുവാങ്ങി. ഇശലുകളുടെ താളത്തിനൊപ്പം കിസ്സപ്പാട്ടുകളും മാലപ്പാട്ടുകളും അവിടെ അലയടിച്ചു. സങ്കടങ്ങളും വിരഹവും പോലും ഇവിടെ കവിതകളായി. ഏതെങ്കിലും ഒരു ബന്ധം വേര്‍പിരിയുകയോ (മൊഴി ചൊല്ലുകയോ) ചെയ്താല്‍ പോലും ആ വേദനയെ പാട്ടിലാക്കി ആശ്വസിച്ചിരുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നു.

മൊഗ്രാലുകാര്‍ക്ക് ഫുട്‌ബോള്‍ വെറുമൊരു കളിയല്ല, ഒരു വികാരമാണ്. ആ കളിയാവേശത്തെ പോലും ഇശലുകളാക്കി മാറ്റി ഗാലറികളെ ആവേശത്തിലാഴ്ത്താന്‍ ഇവിടുത്തെ കവികള്‍ക്ക് കഴിഞ്ഞിരുന്നു. കലയ്‌ക്കൊപ്പം തന്നെ മൊഗ്രാലിന്റെ സിരകളില്‍ ഓടുന്നത് ഫുട്‌ബോളാണ്. മലബാറിലെ തന്നെ ഏറ്റവും പഴക്കമുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ ഒന്നായ മൊഗ്രാല്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ഇന്നും ഈ ഗ്രാമത്തിന് കരുത്തേകുന്നു. ചായക്കടകളിലും കവലകളിലും പാട്ടുകള്‍ക്കൊപ്പം തന്നെ ഫുട്‌ബോളും ചര്‍ച്ചയാകുന്ന അപൂര്‍വ്വ കാഴ്ച ഇവിടെ മാത്രം സ്വന്തം.

ഈ കലോത്സവത്തിന് ആതിഥ്യമരുളുന്ന മൊഗ്രാല്‍ സ്‌കൂള്‍ കേവലമൊരു വിദ്യാഭ്യാസ സ്ഥാപനമല്ല, ഈ നാടിന്റെ വിജ്ഞാന വിപ്ലവത്തിന്റെ സിരാകേന്ദ്രമാണ്. 1914-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു. വിദ്യാസമ്പരായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ കലാലയം വഹിച്ച പങ്ക് മൊഗ്രാലിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്.

അതിഥികളെ സ്വീകരിക്കാന്‍ ഈ ഗ്രാമം കാത്തിരിക്കുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it