യാത്ര തന്നെ ജീവിതം

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വീണ്ടും കേരള യാത്ര നടത്തുകയാണ്. 2026 ജനുവരി 1 മുതല്‍ 16 വരെ നടത്തുന്ന യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. 'മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ഈ യാത്രക്ക് സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തിയും പ്രധാന്യവുമുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശദാബ്ദിയാഘോഷ വേളയിലെ പ്രധാന പദ്ധതികളിലൊന്നാണ് കേരളയാത്ര.
ഇത് കാന്തപുരം ഉസ്താദ് നയിക്കുന്ന മൂന്നാം കേരളയാത്രയാണ്. 1999ല്‍ മനുഷ്യമനസ്സിനെ കോര്‍ത്തിണക്കാനും 2012 ഏപ്രിലില്‍ മാനവികയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തിലും കേരള യാത്ര നടത്തിയപ്പോള്‍ സമൂഹത്തില്‍ നിന്ന് വലിയ സ്വീകാര്യതയും ആദരവുമാണ് ലഭിച്ചത്. സാമൂഹിക വിദ്യാഭ്യാസ പ്രാസ്ഥാനിക രംഗത്ത് ഈ യാത്രകള്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. മാനവികതാബോധം കെട്ടിപ്പടുത്താനും മതസൗഹാര്‍ദ്ദം കോര്‍ത്തിണക്കാനും സാധിച്ചിട്ടുണ്ട്.
യാത്ര കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ജീവിതത്തില്‍ ജീവല്‍ വായുവാണ്. രാജ്യത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ക്കും സാമൂഹിക മുന്നേറ്റത്തിനും ധാര്‍മ്മിക സംരക്ഷണ ത്തിനുമാണ് യാത്രകളുടെ ചരിത്രം പറയുന്നത്. ഇതൊരു പണ്ഡിത ധര്‍മ്മമാണ്. സമൂഹിക ബാധ്യത പണ്ഡിതര്‍ നിര്‍വ്വഹിക്കുകയാണ്. ഏറെ ക്ലേശകരവും ദുഷ്‌കരവുമാണെങ്കിലും ഉസ്താദിന് ആത്മീയനുഭൂതിയായാണ് തോന്നുന്നത്.
പിച്ചവെച്ച കാലം മുതല്‍ അദ്ദേഹം ആരംഭിച്ച യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ദൂഖണ്ഡങ്ങള്‍ താണ്ടിയും വന്‍കരകള്‍ മുറിച്ചുള്ള യാത്ര. വിദ്യാര്‍ഥി ജീവിതത്തിലും അധ്യാപന കാലങ്ങളിലും പ്രബോധന പ്രഭാഷണ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിയ യാത്ര ഏറെയാണ്. ചിലതെല്ലാം തന്റെ ആത്മകഥ വിശ്വാസ പൂര്‍വ്വത്തിലുണ്ട്.
മനുഷ്യര്‍ക്കൊപ്പമെന്നാണ് ഇന്ന് ആരംഭിക്കുന്ന യാത്രയുടെ പ്രമേയം. മനുഷ്യനെ തിരിച്ചറിയണം. മാനുഷിക അവകാശങ്ങള്‍ ലഭ്യമാവണം. സ്‌നേഹവും കാരുണ്യവും ആര്‍ദ്രതയും പാരസ്പര്യവും മനസ്സുകളില്‍ നിന്ന് വരണ്ട് പോവരുത്. ഇതാണ് യാത്രയുടെ ആശയം. ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക എന്നാല്‍ സൃഷ്ടാവിന്റെ കാരുണ്യം ലഭിക്കും ഇതാണ് തിരുനബി(സ)യുടെ അധ്യാപനം.
പട്ടാപകല്‍ ചൂട്ട് പിടിച്ച് മനുഷ്യനെ തപ്പിനടന്ന ഡയോജന്‍സിന്റെ കാലം രാജ്യത്തുണ്ടാവുമോ എന്ന ആശങ്ക ജനിപ്പിക്കുന്നുണ്ട്. വര്‍ഗീയ വിധ്വംസക ഭീകര പ്രവര്‍ത്തനങ്ങളും ആള്‍കൂട്ട ആക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിച്ച് വരികയാണ്. മനുഷ്യര്‍ക്കൊപ്പം എന്ന മഹനീയ സന്ദേശം കൂടുതല്‍ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്നേഹവും സഹവര്‍ത്തിത്തവുമുള്ള ഒരു ആദര്‍ശ സമൂഹത്തിന്റെ നിര്‍മ്മിതിക്കുള്ളതും മനുഷ്യവിരുദ്ധമായ എല്ലാ പ്രവണതകളെയും തള്ളി കളയാനുമാണ് ഈ കേരള യാത്ര പുതുവര്‍ഷ ദിനത്തില്‍ തുടക്കം കുറിക്കുന്നത്.

