വാളയാറില്‍ കൊല്ലപ്പെട്ടത് ഒരാള്‍ മാത്രമല്ല, മനുഷ്യത്വം തന്നെയാണ്

ഒരുനേരത്തെ അന്നത്തിനായി സ്വന്തം നാടും കുടുംബവും വിട്ട് ഇവിടെ എത്തിയ ഒരാളെ, നാടും പേരും നോക്കി ക്രൂരമായി ഇല്ലാതാക്കിയത് ഞെട്ടിക്കുന്നതും അതിലേറെ ലജ്ജാകരവുമാണ്. മനുഷ്യന്റെ ജീവന് വിലയില്ലാതാകുന്ന ഒരു കാലത്തിലേക്കാണോ നാം നീങ്ങുന്നത് എന്ന ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്.

വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം കേരള സമൂഹത്തിന്റെ മനസാക്ഷിയെ നടുക്കുന്നതാണ്. ഒരുനേരത്തെ അന്നത്തിനായി സ്വന്തം നാടും കുടുംബവും വിട്ട് ഇവിടെ എത്തിയ ഒരാളെ, നാടും പേരും നോക്കി ക്രൂരമായി ഇല്ലാതാക്കിയത് ഞെട്ടിക്കുന്നതും അതിലേറെ ലജ്ജാകരവുമാണ്. മനുഷ്യന്റെ ജീവന് വിലയില്ലാതാകുന്ന ഒരു കാലത്തിലേക്കാണോ നാം നീങ്ങുന്നത് എന്ന ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്ന് നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. നിര്‍മ്മാണ മേഖല മുതല്‍ കൃഷി, ചെറുകിട വ്യവസായങ്ങള്‍ വരെ അവരില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് കേരളം. എന്നാല്‍ അവരുടെ അധ്വാനം നമുക്ക് ആവശ്യമായിരിക്കുമ്പോഴും അവരെ മനുഷ്യരായി അംഗീകരിക്കാന്‍ പലപ്പോഴും നാം തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 'ഇതര സംസ്ഥാന തൊഴിലാളി' എന്ന ലേബല്‍ ഒട്ടിച്ചുകൊണ്ട് അവരെ സംശയത്തോടെയും അവഗണനയോടെയും കാണുന്ന സമീപനമാണ് ഇത്തരം അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

അന്നംതേടി എത്തിയ ഒരാള്‍ക്കും നമ്മളെപ്പോലെ തന്നെ സ്വപ്‌നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട്, കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. അയാളുടെ മരണത്തോടെ തകര്‍ന്നുപോയത് ഒരാള്‍ മാത്രമല്ല, അയാളുടെ വീട്ടിലെ മുഴുവന്‍ ജീവിതങ്ങളാണ്. അച്ഛനെയോ മകനെയോ ഭര്‍ത്താവിനെയോ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വേദനയെ നമുക്ക് എങ്ങനെ നിസ്സാരമായി കാണാന്‍ കഴിയും? ഭാഷയും വേഷവും ഭക്ഷണവും വ്യത്യസ്തമാണെന്ന ഒരേയൊരു കാരണത്താല്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാതെ പോകുന്നത് നമ്മുടെ സാമൂഹിക പരാജയമാണ്.

ഈ കൊലപാതകത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ കുറേ കാലങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള അക്രമങ്ങളും അപമാനങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതു ഇടങ്ങളിലൂടെയും അവരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രവണതയും ശക്തമാണ്. ഇത്തരം പൊതുബോധമാണ് ചിലരെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിന്റെ അന്തിമഫലമാണ് വാളയാറില്‍ കണ്ടത് പോലുള്ള നിഷ്ഠൂരമായ കൊലപാതകങ്ങള്‍.

ഇത്തരം സംഭവങ്ങളില്‍ ഏറ്റവും ആശങ്കാജനകം പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന കാഴ്ചകള്‍ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. അത് ഈ കേസില്‍ ആവര്‍ത്തിക്കരുത്.

കുറ്റം ചെയ്തവര്‍ ആരായാലും എത്ര സ്വാധീനമുള്ളവരായാലും നിയമത്തിന് മുന്നില്‍ അവര്‍ ഉത്തരവാദികളാകണം. ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇനിയുള്ള കാലത്ത് ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയൂ.

ഭരണകൂടത്തിന്റെയും നിയമസംവിധാനത്തിന്റെയും ഉത്തരവാദിത്വം ഇവിടെ നിര്‍ണായകമാണ്. അന്വേഷണം സുതാര്യവും വേഗത്തിലുമാകണം. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണം. അതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തേണ്ടതുമുണ്ട്. അവര്‍ താമസിക്കുന്ന ഇടങ്ങളിലും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും അവര്‍ക്കു നേരെ ഉണ്ടാകുന്ന വിവേചനങ്ങളും അക്രമങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ അനിവാര്യമാണ്.

സമൂഹം എന്ന നിലയിലും നമ്മള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. നമ്മള്‍ സംസാരിക്കുന്ന ഭാഷയിലും പ്രകടിപ്പിക്കുന്ന സമീപനങ്ങളിലും പോലും ഒളിഞ്ഞിരിക്കുന്ന വിദ്വേഷം തിരിച്ചറിയണം. 'അവര്‍' എന്ന വേര്‍തിരിവ് ഇല്ലാതാക്കി 'നമ്മള്‍' എന്ന ബോധം വളര്‍ത്തിയെടുക്കാതെ ഇത്തരം ദുരന്തങ്ങള്‍ അവസാനിക്കില്ല. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സംസ്‌കാരമാണ് യഥാര്‍ത്ഥ വികസനത്തിന്റെ അടയാളം.

വാളയാറില്‍ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് നീതി ലഭിക്കണം. അത് ഒരാളുടെ നീതി മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ നീതിയുമാണ്. നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍, നാളെ അത് ആരെയെങ്കിലും തേടിയെത്താം. അന്നംതേടി വന്നവനെ കൊലപ്പെടുത്തിയ നാടായി കേരളം അറിയപ്പെടരുത്. മനുഷ്യജീവിതത്തിന് വില കല്‍പ്പിക്കുന്ന നാടായി തന്നെ നാം നിലനില്‍ക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it