താഡനാല്‍ ബഹവോ ഗുണ:

'തായാട്ടു കാട്ടുന്ന ശിശുക്കളെത്താന്‍

താടിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം'

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തേണ്ടത് എങ്ങനെ? വികൃതി കാട്ടുമ്പോള്‍ അടിക്കണം. തെറ്റുകുറ്റങ്ങളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍, നേര്‍വഴിക്ക് കൊണ്ടുവരാന്‍ അതേ മാര്‍ഗമുള്ളൂ. രക്ഷകര്‍ത്താക്കള്‍ ആ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ അത് ചെയ്യും. അപ്പോള്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാമൂഹ്യദ്രോഹികളായി കുട്ടികള്‍ വളരാതിരിക്കാന്‍ വേറെ വഴിയില്ല.

വാസുദേവ പുത്രനായ ഉണ്ണികൃഷ്ണന്റെ വികൃതിത്തരങ്ങള്‍ എണ്ണിപ്പറഞ്ഞ് അയല്‍പക്കത്തെ പെണ്ണുങ്ങള്‍ അവന്റെ അമ്മയോട് പരാതി പറഞ്ഞു. (ശ്രീകൃഷ്ണചരിതം മണിപ്രവാളം). പണ്ട് ദ്വാപരയുഗത്തില്‍ മാത്രമല്ല ഇന്നും ഇതിന് പ്രസക്തിയുണ്ട്. എന്നാല്‍ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുമോ?നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പരാതിയുണ്ടെങ്കില്‍ പരിഹാരം തേടാം. അതിന് നിയമം അനുശാസിക്കുന്ന മാര്‍ഗമുണ്ട്. പൊലീസില്‍ അറിയിക്കുക. തുടര്‍ന്ന് വേണ്ടത് അവര്‍ ചെയ്തുകൊള്ളും.

കളമശ്ശേരി പൊലീസും അതാണ് ചെയ്തത്. ആറാംതരം വിദ്യാര്‍ത്ഥിയെ അവന്റെ അച്ഛന്‍ തല്ലി. ഉത്തരവാദിത്വബോധമുള്ള പിതാവിനെ പോലെ മകന്റെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോള്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് കണ്ടില്ല. എവിടെപ്പോയി? താന്‍ വാങ്ങി കൊടുത്തിട്ടുണ്ടല്ലോ. അതെവിടെ? മകന്‍ 'ബ ബ ബ്ബ' പറഞ്ഞു. അച്ഛന് ദേഷ്യം വന്നു. കയ്യില്‍ കിട്ടിയ വടികൊണ്ട് തുരുതുരെ തല്ലി. കൈ ഒടിഞ്ഞു. വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല -ഭാര്യ നേരത്തെ പിണങ്ങിപ്പോയതിനാല്‍. മകന്റെ കൈ ഒടിഞ്ഞു എന്ന് കണ്ടപ്പോള്‍ അച്ഛന്‍ രാത്രി തന്നെ എറണാകുളം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൊണ്ടുപോയി. സൈക്കിളില്‍ നിന്ന് വീണ് കൈ ഒടിഞ്ഞു എന്ന് പറഞ്ഞു. ഡോക്ടര്‍ പരിശോധിച്ച് വേണ്ടത് ചെയ്തു. കുട്ടിയെ അഡ്മിറ്റ് ചെയ്തു.

ആരോ പറഞ്ഞ് വിവരമറിഞ്ഞ അമ്മ അടുത്ത ദിവസം ആസ്പത്രിയില്‍ എത്തി. അച്ഛന്‍ തല്ലിയ കാര്യം മകന്‍ അമ്മയോട് പറഞ്ഞു. അമ്മ പൊലീസില്‍ അറിയിച്ചു. മദ്യലഹരിയില്‍ തന്നെ തല്ലാറുള്ളത് അവര്‍ ഓര്‍ത്തിട്ടുണ്ടാകും. താന്‍ വീടുവിട്ടു പോകാന്‍ അതാണ് കാരണം. (പകരം വീട്ടാന്‍ ഒരു അവസരം കിട്ടി). പൊലീസ് അമ്മയുടെ പരാതിയില്‍ കേസെടുത്തു. മര്‍ദ്ദകനായ അച്ഛനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി. കോടതി റിമാണ്ട് ചെയ്തു. (05.03.2025 മാതൃഭൂമി). കോടതി ന്യായമായത് ചെയ്യും.

ഈ പിതാവ് ചെയ്തത് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണോ? സ്‌കൂളിലേക്ക് ആവശ്യമായതെല്ലാം പാഠപുസ്തകം, നോട്ടുബുക്ക്, പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് -ഇത്യാദി പഠനോപകരണങ്ങള്‍ വാങ്ങി കൊടുത്തിട്ടുണ്ട്. അതെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് മകന്റെ കടമയാണ്. എല്ലാം സൂക്ഷിച്ചുവെക്കണം. ഓരോ ദിവസവും മക്കളുടെ സ്‌കൂള്‍ ബാഗ് രക്ഷാകര്‍ത്താക്കള്‍ പരിശോധിക്കണം. അവര്‍ വാങ്ങി കൊടുത്തിട്ടുള്ളതല്ലാത്ത എന്തെങ്കിലും ബാഗില്‍ കണ്ടാല്‍ അന്വേഷിക്കണം: എവിടെ നിന്ന് കിട്ടി? വാങ്ങിക്കൊടുത്ത എന്തെങ്കിലും ഒന്ന് കാണുന്നില്ലെങ്കില്‍ അത് എവിടെ എന്നും അന്വേഷിക്കണം. സൂക്ഷ്മതയോടെ, ഉത്തരവാദിത്വബോധത്തോടെ മക്കള്‍ വളരണമെങ്കില്‍ മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ഇന്‍സ്ട്രുമെന്റ് ബോക്‌സ് എവിടെ? ബാഗില്‍ കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാതിരുന്ന മകനെ അടിച്ചു. ബോക്‌സ് സൂക്ഷിച്ചു വെക്കാതിരുന്നതിനുള്ള ശിക്ഷ. അത് കുറെ കൂടിപ്പോയി. ലഹരിയാണ് കാരണം. പൊലീസ് കേസെടുക്കേണ്ടത് ലഹരി ഉപയോഗിച്ചതിനാണ്.

കുട്ടികള്‍ വികൃതിത്തരം കാട്ടുന്നതിന് ആരാണ് ഉത്തരവാദി? എക്കാലത്തെയും ചര്‍ച്ചാവിഷയമാണ്. രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നില്ല; മക്കളെ നന്നായി വളര്‍ത്തുന്നില്ല എന്ന് വിമര്‍ശിക്കും.

കുട്ടികള്‍ വഷളാകുന്നതെങ്ങനെ? കുട്ടികള്‍ക്കിടയില്‍ തെറ്റുകുറ്റങ്ങള്‍ പെരുകാന്‍ എന്താണ് കാരണം! ആരാണ് ഉത്തരവാദി? സ്‌കൂള്‍ സമയത്ത് നടന്നതാണെങ്കില്‍ അധ്യാപകര്‍. വീട്ടില്‍ വെച്ചാണെങ്കില്‍ മാതാപിതാക്കള്‍. പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങണം. മാതാപിതാക്കളുടെ ഏകലക്ഷ്യം അതാണ്. എന്നാല്‍ അവരുടെ സ്വഭാവം? അത് എന്തുമായിക്കൊള്ളട്ടെ എന്നോ? നാട് നശിക്കാന്‍ മറ്റെന്ത് വേണം? ഉപദേശിച്ചും ശാസിച്ചും വളര്‍ത്തണം മക്കളെ.

കളമശ്ശേരിയിലെ കേസ് പരിഗണിക്കുന്ന കോടതി എന്ത് തീരുമാനം എടുക്കും എന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഈ പ്രമാണം ഓര്‍ക്കുമോ? 'താഡനാല്‍ ബഹവോ ഗുണ' (താഡനം -അടി -വളരെ ഗുണകരം).

Related Articles
Next Story
Share it