കൗമാര കലയുടെ വസന്തം -ഇശല്‍ ഗ്രാമം പുഷ്പിക്കും

കാല്‍പന്ത് കളിയുടെ സുല്‍ത്താന്മാര്‍ വാഴുന്ന നാട്, ഇശലുകളും കലകളും കൊണ്ട് സമ്പന്നമായ നാട്. ഇനി വിദ്യാര്‍ഥി കലയുടെ ജില്ലാ മാമാങ്കത്തിന് വേദിയൊരുക്കുകയാണ്. നാടും നാട്ടുകാരും ഉണര്‍ന്നു കഴിഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുപ്രവര്‍ത്തകരുമെല്ലാം നിറ താല്‍പര്യത്തോടെ കര്‍മ ഭൂമിയില്‍ കലാ കൗമാരത്തെ കാത്തു തുടങ്ങി. കലകള്‍ കാലത്തിന്റെ കാന്‍വാസില്‍ തീര്‍ക്കുന്ന വര്‍ണ ചിത്രങ്ങളുടെ കമനീയതയാണ്, കലകള്‍ നാട്ടു നന്മയുടെ നേര്‍ത്തുടിപ്പുകളാണ്, കലകള്‍ കൗമാരത്തിന്റെ കര്‍മ ശേഷിയിലേക്കുള്ള കാല്‍പാടുകളാണ്, കലകള്‍ സാഹിത്യ സാര്‍ത്ഥകമായ സമ്പുഷ്ടിയാണ്, കലകള്‍ സാംസ്‌കാരികതയുടെ സമവാക്യമാണ്. വിദ്യാര്‍ഥി കാലം നാളെയുടെ വാഗ്ദാനങ്ങളാകുന്നത് ഇന്നിന്റെ പഠിപ്പു മുറിയില്‍ സുഗന്ധം പെയ്യിക്കുമ്പോഴാണ്.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയായി കണക്കാക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നേറ് താഴെ തട്ടാണ് ജില്ലാ കലാമല്‍സര വേദി. ഇവിടെ കലയുടെ കര്‍മ ഗോതയെ കമനീയമാക്കുമ്പോള്‍ കേരള കലോത്സവത്തിലേക്ക് കമാനം തുറക്കപ്പെടുന്നു, കാഴ്ചകള്‍ക്ക് കൗതുകമേറുന്നു. കര്‍ണ്ണപുടങ്ങള്‍ക്ക് ശ്രവണ മാധുര്യത്തിന്റെ കലാവീചികള്‍ മധുരമേകുന്നു. ജില്ലാ മല്‍സരത്തിന്റെ വീറും വാശിയുമായി വിവിധ സബ് ജില്ലാ ടീമുകള്‍ വേദികളില്‍ പോരാട്ട വീര്യത്തിന്റെ വെമ്പല്‍ തീര്‍ക്കാനെത്തും.

ഡിസംബറിലെ മഞ്ഞുപെയ്യുന്ന പുലരിയും ശൈത്യകാല കുളിര്‍മ തുടിക്കുന്ന സായാഹ്നവും ഹൃദയഹാരിയാകുന്ന മൂന്നു നാളുകള്‍ മൊഗ്രാലിന്റെ അന്തരീക്ഷം കലയുടെ പറുദീസ ഒരുക്കും. തുളുനാടിന്റെ തുടിപ്പ് പേറുന്ന മഞ്ചേശ്വരം, കലാ കുതിപ്പിനായി കോപ്പു കൂട്ടുന്ന കുമ്പള, കലാ കപ്പിനു മേല്‍ കൈയൊപ്പ് ചാര്‍ത്താന്‍ കാസര്‍കോട് ചരിത്രത്തിന്റെ ചന്തം പേറുന്ന കോട്ടയുടെ കലാ പൈതൃക കാവല്‍ക്കാരാവാന്‍ ബേക്കല്‍, ചെറു ചിത്രങ്ങളുടെ ചെഞ്ചായം കൊണ്ട് ചൈതന്യമാവാന്‍ ചെറുവത്തൂര്‍, ഹര്‍ഷാരവം തിമിര്‍ത്തു പെയ്യുന്ന കലാവേദിയെ ഹര്‍ഷപുളകിതമാക്കാന്‍ ഹോസ്ദുര്‍ഗ്, ചമല്‍കാര ചന്തത്തിലൊരു ചാഞ്ചാട്ടമാവാന്‍ ചിറ്റാരിക്കാല്‍ തുടങ്ങി ഏഴ് സബ് ജില്ലാ ടീമുകള്‍ ചാമ്പ്യന്‍ പട്ടത്തിനായി കലകളുടെ തുഷാര ഹര്‍ഷത്താല്‍ സീല്‍ക്കാരം തീര്‍ക്കുമ്പോള്‍ കലാസ്വാദകര്‍ക്കത് നിറം ചാര്‍ത്തുന്ന ചേലുകളാല്‍ ചമയം തീര്‍ക്കും. മൊഗ്രാലിന്റെ ഇശല്‍ മണ്ണിലേക്ക് ദേശാടനക്കിളികളായി പറന്നെത്തുന്ന കലാ യൗവനത്തിന്റെ വിദ്യാര്‍ഥി സൗകുമാര്യത്തിന് വര്‍ണക്കൂടൊരുക്കാന്‍ ഈ നാട് രാപ്പകലുളെ ഭേദിച്ച് നിതാന്ത പരിശ്രമത്തിലാണ്. ഡിസംബര്‍ 29, 30, 31 തിയ്യതികളില്‍ മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിശാലമായ ഫുട്‌ബോള്‍ ഗ്രൗണ്ടിലും അനുബന്ധമായൊരുങ്ങുന്ന മറ്റു വേദികളും ദേശീയ പാതയുടെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന ഈ വിഹായസ്സിലേക്ക് ആസ്വാദനത്തിന്റെ ആനന്ദം തുടിപ്പിക്കാന്‍ ഇനി നാളുകള്‍ മാത്രം ബാക്കി. കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും കലയുടെ കാവ്യാത്മകതയെ കൈമാറി കൈമാറി ഇന്നിന്റെ കൗമാരങ്ങളിലും കൊണ്ടെത്തിച്ച മൊഗ്രാലിലെ ഇശല്‍ സൗന്ദര്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതു ചരിതം കൂടി ഇഴുകിച്ചേര്‍ക്കാന്‍ സ്‌കൂള്‍ കാലോല്‍സവ നാളുകള്‍ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it