ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; തിരിച്ചു വരവോ, ഒലിച്ചു പോക്കോ?

ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ഒരു തിരിച്ചു വരവ് സാധ്യമാകണമെങ്കില്‍, 65 ശതമാനത്തിലധികം വരുന്ന യുവ തലമുറയുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയണം. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ മാത്രം ഒതുങ്ങിയ പ്രചാരണം പോരെന്നുള്ള വലിയ സത്യം പാര്‍ട്ടി തിരിച്ചറിയണം.
അഹമ്മദാബാദ് എ.ഐ.സി.സി പ്ലീനറി യോഗത്തില്‍ നടത്തിയ പാര്‍ട്ടിയുടെ ചില പ്രഖ്യാപനങ്ങള്‍ സാധാരണക്കാരായ ഏതു ഇന്ത്യക്കാരനെയും ഇരുത്തി ചിന്തിപ്പിക്കുമെങ്കില്‍ നമുക്ക് ഇനിയും പ്രതീക്ഷക്ക് വകയുണ്ട്.
വൈകിയാണെങ്കിലും പാര്‍ട്ടി, കാലിന്നടിയിലെ മണ്ണൊലിപ്പ് യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഒരു ജനാധിപത്യ, മതേതര പാര്‍ട്ടിയായി നിലകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യ ശക്തിയായിരുന്ന ബ്രിട്ടീഷുകാരെ അടിയറവു പറയിപ്പിച്ചു രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പില്‍ക്കാലത്തു സംഭവിച്ച അപചയം ഇന്ന് രാജ്യത്തെ ഒരു ഭയാനകമായ ചുറ്റുപാടുകളിലേക്ക് എത്തിച്ചിരിക്കുകയാണ്.
സോഷ്യലിസത്തിന്റെ പാതയിലേക്ക് രാജ്യത്തെ നയിക്കാന്‍ 1969ല്‍ ഇന്ദിര ഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു, പ്രിവിപ്‌ഴ്‌സ് നിര്‍ത്തലാക്കി, സമ്പത്തു സാധാരണക്കാരിലേക്ക് ക്രമേണ ഒഴുകി തുടങ്ങി. എന്നാല്‍ ഇന്ദിരഗാന്ധിയുടെ കാലത്ത് തന്നെ നടന്ന അടിയന്തിരാവസ്ഥ പ്രഖ്യാപനവും, അവര്‍ക്കു ചുറ്റുമുള്ള ഉപജാപക സംഘങ്ങളും ചേര്‍ന്നു പാര്‍ട്ടിയെ വ്യക്തി കേന്ദ്രീകൃതമായ പ്രസ്ഥാനമാക്കി മാറ്റിയപ്പോള്‍ മുതല്‍ രാജ്യം പിറകോട്ടു പോയിത്തുടങ്ങിയിരുന്നു.
സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയോ, ബംഗ്ലാദേശ് രൂപീകരണം തുടങ്ങിയ നയതന്ത്ര സാഹസങ്ങളോ പാര്‍ട്ടിയെ രക്ഷിച്ചില്ലെന്നു മാത്രമല്ല, വിലപ്പെട്ട ഒരമ്മയുടെയും മകന്റെയും ജീവിതം ബലിയാടാക്കേണ്ടിയും വന്നു. താഴെക്കിടയിലുള്ള, അടിസ്ഥാന വര്‍ഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പാര്‍ട്ടിയെ വളര്‍ത്തുന്നതിനു പകരം, പാര്‍ട്ടി പഞ്ച നക്ഷത്ര സംസ്‌കാരത്തിലേക്കു വഴുതിവീണു. വ്യക്തി കേന്ദ്രീകൃതമായി സംഘടനയെ നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി ജനവികാരങ്ങള്‍ നേതൃമണ്ഡലത്തില്‍ പരിഗണിക്കപ്പെട്ടതേയില്ല. ചിട്ടയായ തിരഞ്ഞെടുപ്പിലൂടെ സംഘടനയെ കെട്ടിപ്പടുക്കുന്നതിനു പകരം താല്‍പര്യമുള്ളവരെയും പാര്‍ശ്വവര്‍ത്തികളെയും നേതൃത്വത്തിലേക്കു നോമിനേറ്റ് ചെയ്യുക വഴി ജനാധിപത്യ വിരുദ്ധരായ ഒരു പിടി ആളുകള്‍ക്ക് തോന്നിയത് ചെയ്യാനുള്ള ഒരു കൂട്ടമായി സംഘടന മാറിപ്പോയി എന്നതാണ് സത്യം.
രാജ്യത്തെ ഇന്നുള്ള എല്ലാ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിതാവും മാതാവുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സത്യം പോലും ഇടക്കാലത്തു പാര്‍ട്ടി മറന്നിരുന്ന പോലെ തോന്നി. ഗാന്ധിജിയും പാട്ടേലും അംബേദ്കറും സുഭാഷ് ചന്ദ്ര ബോസും അബ്ദുല്‍ കലാമും പാര്‍ട്ടി കെട്ടിട്ടങ്ങളുടെ ചുമരുകള്‍ അലങ്കരിക്കാനുള്ള ഫോട്ടോകള്‍ മാത്രമായി മാറിപ്പോയി എന്നതാണ് പാര്‍ട്ടി നേരിട്ട ദുര്യോഗം!
അതാതു പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലും തിരിച്ചറിയാനോ, ആദരിക്കപ്പെടാനോ സ്വാതന്ത്ര്യാനന്തര പാര്‍ട്ടി നേതൃത്വങ്ങള്‍ മിനക്കെട്ടില്ല. മറിച്ചു ആനുകാലിക രാഷ്ട്രീയ സംഘട്ടനങ്ങളില്‍ രക്ത സാക്ഷികളായവര്‍ക്ക് സ്മാരകങ്ങള്‍ പണിതു, അതിലൂടെ സ്ഥാനനമാനങ്ങള്‍ നേടിയെടുക്കാമെന്നുള്ള തലതിരിഞ്ഞ രാഷ്ട്രീയ ചിന്ത വ്യാപകമായി. പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണ്ടത്ര ചരിത്രാവബോധമോ, ത്യാഗസന്നദ്ധതയോ വളര്‍ത്താനുള്ള തുടര്‍ പരിശീലനത്തിനുപോലും പാര്‍ട്ടി മുതിര്‍ന്നില്ല. ഒരു കാലത്ത് പാര്‍ട്ടി സമ്മേളനങ്ങളുടെ അവിഭാജ്യ ഘടകമായിരുന്ന സേവാദള്‍ പേരിനു പോലും ഇല്ലാതായി.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാദേശികമായി രൂപം കൊണ്ട സഹകരണ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കുവാനുള്ള കുറുക്കു വഴി മാത്രമായി ഖദര്‍ സംസ്‌കാരവും, പാര്‍ട്ടി പിന്തുണയും തരം താഴുകയും ചെയ്തു. മദ്യം, മയക്കു മരുന്ന്, സ്വര്‍ണക്കടത്ത്, മരാമത്തു കരാര്‍ എന്നിവയിലൂടെ സമ്പന്നരായവരുടെ ഔദാര്യം കൊണ്ട് മാത്രം പാര്‍ട്ടി യന്ത്രങ്ങള്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍, നേതാക്കള്‍ മണിമാളിക സ്വന്തമാക്കുകയും പാര്‍ട്ടി താറുമാറാവുകയും ചെയ്തു.
തക്കം പാര്‍ത്തിരുന്ന വര്‍ഗീയ, പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങള്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുകയും തഴച്ചു വളരുകയും ചെയ്തു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന കൊടിയ അഴിമതിയുടെ കഥകള്‍ പാര്‍ട്ടിയെ തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്തു.
ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ഒരു തിരിച്ചു വരവ് സാധ്യമാകണമെങ്കില്‍, 65 ശതമാനത്തിലധികം വരുന്ന യുവ തലമുറയുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയണം. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ മാത്രം ഒതുങ്ങിയ പ്രചാരണം പോരെന്നുള്ള വലിയ സത്യം പാര്‍ട്ടി തിരിച്ചറിയണം.
കേവലം ഡി.സി.സി. പ്രസിഡണ്ടുമാര്‍ക്ക് അധികാരം കൂട്ടിയത് കൊണ്ട് മാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ക്കപ്പുറം പാര്‍ട്ടി വഴുതി വീണു കഴിഞ്ഞു. സമഗ്രമായ ഒരു അഴിച്ചു പണിയിലൂടെയും, ജനാധിപത്യ പ്രക്രിയയിലൂടെയും, അധികാരത്തിനപ്പുറമുള്ള വിശാല ലക്ഷ്യത്തോടെയും ജനങ്ങളെ അണി നിരത്താന്‍ കഴിവുള്ള പ്രവര്‍ത്തനം കാഴ്ച വെക്കണം. അതിനു നിസ്വാര്‍ത്ഥരായ, മദ്യപിക്കാത്ത, സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന, സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ നേതാക്കളുടെ ത്യാഗത്തിന്റെ ഇതിഹാസകഥകള്‍ നെഞ്ചോട് ചേര്‍ക്കാന്‍ തയ്യാറുള്ള നേതൃനിരയെ വാര്‍ഡ്, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി, കെ.പി.സി.സി.സി, എ.ഐ. സി.സി തലങ്ങളില്‍ വാര്‍ത്തെടുക്കണം. അത് തന്നെയാവും പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ വൈകുന്തോറും പാര്‍ട്ടിയുടെ കാല്‍ചുവട്ടിലെ മണ്ണ് ഒഴുകുന്നത് കൂടിക്കൊണ്ടേയിരിക്കും.
ദേശീയ തലത്തില്‍ പാര്‍ട്ടിയെ ഒരു കുടുംബത്തിന്റെ മാത്രം വിചാരവികാരങ്ങള്‍ക്കനുസൃതമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്തോറും എതിര്‍പ്പാളയത്തില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടികൊണ്ടേയിരിക്കും എന്ന സത്യം മറന്നുകൂടാത്തതാകുന്നു. പ്രത്യേകിച്ചും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 5000 കോടി രൂപയുടെ വെട്ടിപ്പു നടന്നു എന്നാരോപിച്ച് ഇ.ഡി സോണിയഗാന്ധിയെയും മകന്‍ രാഹുലിനെയും ഒന്നും രണ്ടും പ്രതികളായി ചേര്‍ത്ത കേസും വന്ന സാഹചര്യത്തില്‍!
ഭൂരിപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മുകളില്‍, ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തികൊണ്ടുള്ള നയരൂപീകരണങ്ങള്‍ യു.പി.എ ഭരണകാലത്തു വ്യാപകമായിരുന്നുവെന്ന ആരോപണം വിശ്വസിക്കത്തക്ക രീതിയില്‍ എതിരാളികളുടെ പ്രചരണങ്ങള്‍ ഒരളവുവരെ പുതിയ തലമുറയിലെ വോട്ടര്‍മാര്‍ വിശ്വസിച്ചിരുന്നു എന്ന് വേണം പില്‍ക്കാല തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍. അതേസമയം രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ ശിക്ഷിക്കപ്പെടുകയും വേണം.
മുന്‍കാല ചരിത്രങ്ങളെ തിരുത്തിക്കൊണ്ടും തമസ്‌കരിച്ചുകൊണ്ടും രാജ്യത്തെ ഭരണം കയ്യാളുന്ന ഇന്നത്തെ ഭരണകൂടത്തെയും അതിനു ഒത്താശ ചെയ്തുകൊണ്ടിരിക്കുന്ന ഗോഡ്സെ അനുകൂലികളെയും ഒരേസമയം എതിര്‍ക്കാനുള്ള ശക്തമായ നേതൃത്വം പാര്‍ട്ടിക്കുണ്ടാകേണ്ടിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഭയാനകമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും ജനക്ഷേമങ്ങളില്‍ ഊന്നിയുള്ള, ശക്തമായ നയരൂപീകരണത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ അഹമ്മദാബാദ് എ.ഐ.സി.സി. അത്തരത്തില്‍ സമ്പൂര്‍ണമായ ഒരു നയമാറ്റത്തിന് തയ്യാറായിരിക്കുന്നു എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാത്തതാകുന്നു. വൈകുന്തോറും നാം പവിത്രമെന്നു കരുതിപ്പോന്ന ഈ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്ന തരത്തിലേക്ക് രാജ്യം തെന്നി വീണേക്കാവുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരികയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ആദിവാസികള്‍, പിന്നോക്ക വര്‍ഗക്കാര്‍, സായുധ സേനാ കുടുംബാംഗങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്തലമുറക്കാര്‍ എന്നിവരെയും തൊഴില്‍ രഹിതരായ ഭൂരിപക്ഷം വരുന്ന യുവാക്കളെയും അവഗണിച്ചു കൊണ്ടുള്ള ഒരു പാര്‍ട്ടി നയത്തിനും ഇന്നത്തെ ഏകാധിപത്യ, ജനവിരുദ്ധ സര്‍ക്കാരിനെ മുട്ട് കുത്തിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു വേണം മുന്നോട്ടു പോകാന്‍ എന്ന് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍, വിശ്വസിക്കുന്നവര്‍ ആഗ്രഹിച്ചു പോകുന്നു. മറിച്ചാണെങ്കില്‍ രാജ്യം ഭീകരമായ ഒരു ഭാവിയിലേക്ക് നീങ്ങി ശിഥിലമാകാനുള്ള സാധ്യത ഏറെയുമാണ് എന്നതുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുത്തേണ്ടത് തിരുത്തികൊണ്ട് തന്നെ ജനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഇനിയും ഒഴുകിപ്പോയ്‌കൊണ്ടേയിരിക്കും.
(മുന്‍കാല കെ.എസ്.യു. /യൂത്ത് കോണ്‍ഗ്രസ് /സേവാദള്‍/തൊഴിലാളി സംഘടന നേതാവും ഇപ്പോള്‍ മുളിയാറിലെ 'നാരന്തട്ട ഗാന്ധി രാമന്‍ നായര്‍ ട്രസ്റ്റ്' ചെയര്‍മാനുമാണ് ലേഖകന്‍.)