ഇബ്രാഹിം ബേവിഞ്ചയുടെ ഇസ്ലാമിക സാഹിത്യം മലയാളത്തില്‍

കാസര്‍കോട് സാഹിത്യവേദി, അന്തരിച്ച പ്രശസ്ത സാഹിത്യക്കാരന്‍ ഇബ്രാഹിം ബേവിഞ്ചയുടെ 10 പുസ്തകങ്ങളെ അധികരിച്ച് നടത്തിയ 'പുനര്‍വായന' സംഗമത്തില്‍ കവി പി.എസ്. ഹമീദ് നടത്തിയ പ്രസംഗം

അനുസ്മരണങ്ങള്‍ ഇവിടെ സര്‍വ്വസാധാരണമാണ്. അതെല്ലാം പതിവ് പോലെ സമാനമായ ട്രാക്കിലൂടെ കടന്ന്‌പോകുന്നതും. അപൂര്‍വ്വം ചിലതില്‍ ചില പുതുചേരുവയുടെ സ്പര്‍ശം കണ്ടേക്കാം. അനുസ്മരണത്തോടൊപ്പം ഒരു പുസ്തകപ്രകാശനം. അല്ലെങ്കില്‍ അനുസ്മരിക്കപ്പെടുന്ന വ്യക്തിയുടെ പേരില്‍ ഒരു അവാര്‍ഡ് ദാനം. ബാക്കിയെല്ലാം ക്ലോണിംഗ് പകര്‍പ്പ് തന്നെ.

എന്നാല്‍ കാസര്‍ക്കോട് സാഹിത്യ വേദി സംഘടിപ്പിച്ച പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ അനുസ്മരണച്ചടങ്ങ് വേറിട്ട അനുഭവമായിരുന്നു. കെട്ടിലും മട്ടിലും മാത്രമല്ല സമയനിഷ്ഠയിലും പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിലും കാണിച്ച ഗൗരവവും കണിശതയും ശ്രദ്ധേയമായി. നല്ല മുന്നൊരുക്കവും സൂക്ഷ്മ നിരീക്ഷണ പാടവവും കൃത്യതയും വ്യക്തതയുമുള്ള പദബോധ്യവുമൊക്കെ ഒത്ത് വന്നാല്‍ ഒരു പുസ്തക ചര്‍ച്ചയില്‍ നീതി കാട്ടാന്‍ ഏഴ് മിനുട്ട് അത്ര തുച്ഛമല്ലെന്ന് തെളിയിക്കുന്നതായി വിഷയാവതരണങ്ങള്‍. ഒരു നിമിഷം പോലും പാഴായിപ്പോകരുതെന്ന നിഷ്‌കര്‍ഷതയുള്‍ക്കൊണ്ട് അനര്‍ഘവും അവിസ്മരണീയവുമായൊരു സര്‍ഗ്ഗ സായാഹ്നം ഒരുക്കിയ കാസര്‍ക്കോട് സാഹിത്യ വേദി അഭിനന്ദനമര്‍ഹിക്കുന്നു.

ഇബ്രാഹിം മാഷുടെ പത്ത് പുസ്തകങ്ങളാണ് പുനര്‍വായനയ്ക്കായി പത്തോളം പേരെ നിയോഗിക്കപ്പെട്ടത്. 'ഇസ്ലാമിക സാഹിത്യം മലയാളത്തില്‍' എന്ന കൃതിയാണ് എന്റെ കൈകളിലെത്തിയത്. കല-സാഹിത്യം-ഇസ്ലാം, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, മലയാളവും മുസ്ലിംകളും, മാഹമ്മദം മഹാകാവ്യത്തിലൂടെ, വെളിച്ചത്തിലേക്ക് തുറക്കുന്ന വാതിലുകള്‍, സി.എച്ചിന്റെ സഞ്ചാര സാഹിത്യം എന്നിവയാണ് 120 പേജുകളുള്ള ഈ കൃതിയിലെ പ്രമേയങ്ങള്‍.

മലയാളത്തിലെ ഇസ്ലാമിക സാഹിത്യ ശാഖ ഇന്ന് ഏറെ പുഷ്‌കലമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് ഈ രംഗത്തുണ്ടായ വളര്‍ച്ച ആശാവഹവും അത്ഭുതകരവുമാണ്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് രചിക്കപ്പെടുന്ന കൃതികള്‍ വേണ്ടത്ര നിരൂപണ വിധേയമാകാറില്ല എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. മലയാളത്തിലെ ഇസ്ലാമിക സാഹിത്യ ശാഖയെ വിമര്‍ശനം നടത്തുന്ന ഒരൊറ്റ കൃതിപോലും പിറന്നിട്ടില്ലാത്ത കാലത്താണ് മുപ്പത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995ല്‍ ആ വിടവ് നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇബ്രാഹിം ബേവിഞ്ച കടന്നുവരുന്നത്. അതിന് മുമ്പേ ബേവിഞ്ച മാഷ് സാഹിത്യലോകത്ത് അറിയപ്പെട്ടിരുന്നു. മലയാള സാഹിത്യ നിരൂപണ ശാഖയില്‍ ഏറെ ശ്രദ്ധേയനും സമുന്നതനും സ്വീകാര്യനുമായി മാഷ് വളര്‍ന്ന് കഴിഞ്ഞിരുന്നു. ഇതിന് പുറമെ കേരള സാഹിത്യ അക്കാദമി അംഗം, മികവുറ്റ വാഗ്മി, മൗലിക കാഴ്ചപ്പാടുള്ള ചിന്തകന്‍, ഗവേഷകന്‍, കോളമിസ്റ്റ് എന്നീ നിലയിലും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.

ആദ്യ പേജില്‍ തന്നെ കൊടിപ്പടം പോലെ മാഷ് ഈ പുസ്തകത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു വാക്യം ഇതാണ്- 'മതം തനിക്കൊരു സൗന്ദര്യപൂരമായിരുന്നു' എന്നാണാ വാക്യം. 'മതത്തില്‍ നിന്നാണ് സാഹിത്യത്തിലേക്കും പിന്നെ കലയിലേക്കും കടക്കുന്നതെന്ന്' പറഞ്ഞ് അടുത്തവരി 'ഇത് വഴി സ്വര്‍ഗ്ഗീയമായ ഒരു നവലോകത്തിലേക്ക് തന്റെ മനസ്സ് വിടര്‍ന്നു' എന്നായത് പാരമ്പര്യമായി മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ഒരു പ്രാണനാണ് തന്റെ ഉള്ളില്‍ തുടിക്കുന്നതെന്ന ആത്മഹര്‍ഷപ്രചോതിതമായ ഉറച്ച സ്വത്വബോധം കൊണ്ട്കൂടിയാകണം. ബേവിഞ്ചയുടെ ഉപ്പ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍ക്കും ഉമ്മ ഉമ്മാലിയുമ്മയ്ക്കും മതം അത്രമേല്‍ പ്രിയമായിരുന്നല്ലോ.

ബേവിഞ്ച മാഷ് തൂലിക ചലിപ്പിക്കുമ്പോഴും ചുണ്ടനക്കുമ്പോഴും മുമ്പ് കേട്ടിട്ടില്ലാത്ത കല്‍പനകളുടെയും ബിംബങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഉപമകളുടെയും ഉല്‍പ്രേക്ഷയുടെയും ഉള്‍ക്കാഴ്ചയുടെയും നിറങ്ങളും ഗന്ധങ്ങളും അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും പടര്‍ന്ന് പെരുക്കുന്നത് കാണാം.

അതെ, മാഷ് ബഷീറിനെക്കുറിച്ചെഴുതുമ്പോള്‍ 'ബഷീര്‍ ദ മുസ്ലിം' ആയി മഴവില്ലുടുക്കുന്നു. ശ്രീരാമഗാനം പാടിവന്ന കിളികള്‍ക്കൊപ്പം ഖുര്‍ആനിലെ പൊരുള്‍പാടിപ്പക്ഷികള്‍ ചിറകടിക്കുന്നു. എഴുത്തച്ഛനും ഖാളിമുഹമ്മദും ഒരേ സ്വര്‍ണ്ണത്തേരില്‍ ചാരിയിരുന്ന് തലയാട്ടി താളമിടുന്നു. കുമാരനാശാനും മോയിന്‍കുട്ടി വൈദ്യരും ഒരേ മാണിക്യവീണയിലെ കമ്പികളാകുന്നു. വള്ളത്തോളും ഉബൈദും ഒരു ഞെട്ടിലെ പൂക്കളായ് സുഗന്ധം പരത്തുന്നു. പൊറ്റക്കാടും സി.എച്ചും ഒരു വെള്ളിമേഘത്തുണ്ടിലേറി നക്ഷത്ര മുത്തുകള്‍ പെറുക്കി മണ്ണിലെറിയുന്നു. വയലാറും യൂസഫലിയും ഒരേ തൂവല്‍ പക്ഷികളായ് കൂടണയുന്നു. നടുത്തോപ്പില്‍ അബ്ദുല്ലയും പള്ളിക്കര എം.കെ. അബ്ദുല്ലയും പക്ഷിപ്പാട്ടിലൂടെ, പടപ്പാട്ടിലൂടെ ആദി കവിയുടെ അരങ്ങില്‍ അമൃതം പൊഴിക്കുന്നു. ബേവിഞ്ച എഴുതുമ്പോള്‍ ഇരുള് വെളിച്ചമായും ഇരമ്പുന്ന കടല്‍ ഇമ്പക്കടലായും പരിണാമം കൊള്ളുന്നു.

'കല, സാഹിത്യം, ഇസ്ലാം' എന്ന ഖണ്ഡത്തില്‍ പോയ കാലത്തെ മാഷ് അടയാളപ്പെടുത്തുന്നതിങ്ങനെ. വായനയുടെയും എഴുത്തിന്റെയും മഹത്ത്വത്തെ അടിവരയിട്ട് വ്യക്തമാക്കിക്കൊണ്ടാണ് ഖുര്‍ആന്‍ ആരംഭിക്കുന്നത്. സൃഷ്ടികളില്‍ വെച്ചേറ്റവും ഉന്നതന്‍ മനുഷ്യനാണെന്ന കാഴ്ചപ്പാട് ഖുര്‍ആനിലെ ജ്വലിക്കുന്ന പ്രകാശരേഖകളില്‍ ഒന്നാണ്. ജഗന്നിയന്താവായ ദൈവം ആദമിനെ മുന്നില്‍ നിര്‍ത്തി മാലാഖമാരോട് സാഷ്ടാംഗം പ്രണമിക്കാന്‍ ആജ്ഞാപിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ദര്‍ശന വെളിച്ചത്തെ ഉള്‍ക്കൊണ്ട് എം.പി. ബാലഗോപാലന്റെ 'വേറാക്കൂറി'ലെ വരികള്‍ നിരത്തി കലയുടെയും സാഹിത്യത്തിന്റെയും സത്തയെ കണ്ടെത്തുന്നു. മനുഷ്യന്റെ കഴിവുകള്‍ സീമാതീതമാണ്. അവ വളര്‍ത്തിയെടുത്താല്‍ ദേവദൂതന്‍മാര്‍ക്ക് പോലും അഭികാമ്യങ്ങളായ പദവികളില്‍ അവര്‍ ചെന്നെത്തുമെന്നും, ഭാവിശ്രേയ ശുഭാപ്തിവിശ്വാസം ഖുര്‍ആനെപ്പോലെ ഊട്ടിയുറപ്പിച്ച മറ്റൊരു വേദഗ്രന്ഥമില്ല എന്നും നിരീക്ഷിക്കുന്നു. അതെ, അറബികളുടെ കയ്യില്‍ ഖുര്‍ആനല്ലാതെ മറ്റൊരു മഹാത്ഭുതമില്ലായിരുന്നു.

പ്രകൃതിയിലേക്ക് കണ്ണ് തുറക്കാന്‍ ഉള്‍പ്രേരണ ചെലുത്തുന്ന കാവ്യമധുരമായ ഖുര്‍ആനിക സൂക്തങ്ങള്‍ മാത്രമായിരുന്നു അവരുടെ കൈമുതല്‍.

ഇരവ് പോലും പേടിച്ചൊളിച്ചിരുന്ന തമോയുഗത്തില്‍ പൊട്ടിമുളയ്ക്കുന്ന സ്വര്‍ണ്ണകിരീടം ചൂടിയ സര്‍ഗ്ഗാത്മകതയുടെ ആത്മാവിലേക്ക് ഉള്‍ക്കണ്ണ് നട്ട് മാഷ് സന്ദേഹമൊട്ടുമില്ലാതെ സാക്ഷ്യപ്പെടുത്തുന്നു-മനുഷ്യ ജീവിതത്തെ കടഞ്ഞെടുത്ത് നന്മയുടെ അമൃത് സഹൃദയരിലേക്ക് സംക്രമിപ്പിക്കുന്ന തത്ത്വ സംഹിതയുടെ പേരാണ് മതം എന്ന്. മനുഷ്യ മഹത്ത്വത്തെ കാണാനാവാത്ത കണ്ണുകള്‍ക്ക് ഈ അമൃത് കടഞ്ഞെടുക്കുകയോ കണ്ടെത്തുകയോ സാധ്യമല്ലെന്നും. നന്മ കാണാനുള്ള കണ്ണ് തുറക്കലാണ് സാഹിത്യമെന്നും കലാകാരന്റെ സര്‍ഗ്ഗശക്തി സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്താനുള്ളതെന്നും കലാകാരന്റെ പ്രതിഭ ദൈവത്തിന്റെ ദാനമാണെന്നും ഇസ്ലാമിന്റെ കാഴ്ചപ്പാടിതൊക്കെയാണെന്നും ഉണര്‍ത്തുന്നു.

വികാരങ്ങളെ ഉദാത്തവല്‍ക്കരിക്കാന്‍ ഉള്‍പ്രേരണയുണ്ടാക്കുന്ന കവിതയേയും കലയേയും ഇസ്ലാം അംഗീകരിക്കുന്നതിനെ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.

കാലഘട്ടങ്ങളുടെ അധ്യാപകനായി നിലകൊള്ളുക എന്ന ചരിത്രധര്‍മ്മം നിര്‍വ്വഹിക്കേണ്ടുന്ന ഖുര്‍ആന് കലാകാരന്മാരുടെ താല്‍ക്കാലിക വിഭ്രമങ്ങളെ മുഖവിലക്കെടുക്കാതെ കടന്ന് പോവുക മാത്രമേ ചെയ്യാനാവുകയുള്ളൂ. രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ പരിശുദ്ധമാണ് പണ്ഡിതന്റെ തൂലികത്തുമ്പിലെ മഷി എന്ന പ്രവാചക വചനം എഴുത്തിന് ഇസ്ലാം കല്‍പിക്കുന്ന പരമപ്രാധാന്യത്തിന്റെ അത്യുജ്ജ്വല വിളംബരം തന്നെ. ദൈവ മാര്‍ഗത്തില്‍ പടവെട്ടി വീരമൃത്യു വരിക്കുന്ന ശഹീദിന്റെ കര്‍മ്മത്തെക്കാള്‍ സാഹിത്യ രചനയെ വിലമതിക്കുകയും വിശുദ്ധമാക്കുകയും ചെയ്യുന്ന മത ദര്‍ശനം ഏതിരുളിലും വെളിച്ചമേകും. ഒരു വ്യക്തിക്ക് ഒരു പ്രകാശ ഗോപുരമാകാന്‍ ആവുക, സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള സൗന്ദര്യം സൃഷ്ടിക്കുന്ന മനുഷ്യ മാലാഖയാവുക ഈ കാഴ്ചപ്പാടിലൂടെയാണ്.

മനസ്സിലെ അഗാധതകളില്‍ വെളിച്ചം ചൊരിഞ്ഞ് അവിടം നവീകരിക്കാനും വിമലീകരിക്കാനും കലയെയും സാഹിത്യത്തെയും പോലെ ശക്തമായ മറ്റൊരു ഉപാധി ഇല്ലെന്ന് മനസ്സിലാക്കിയതോടെ മതസാഹിത്യത്തോടും സര്‍ഗ്ഗ സാഹിത്യത്തോടും സൗന്ദര്യാത്മകമായ അടുപ്പം ദീക്ഷിക്കാന്‍ കേരള മുസ്ലിം സമൂഹം ആവേശപൂര്‍വ്വം മുന്നോട്ട് വരുന്നതിനെ സഹര്‍ഷം സാഭിമാനം ശ്ലാഘിക്കുകയും അക്ഷരപ്പൂക്കള്‍ വാരിയെറിയുകയുമാണ് ബേവിഞ്ച മാഷ്. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ഷേക്‌സിപിയര്‍, ലോണ്‍ജിനസ്സ്, ഷെല്ലി, ടോള്‍സ്റ്റോയി, ഗോയ്‌ഥേ, ജോര്‍ജ് സാര്‍ട്ടന്‍, ഡോ. ജോണ്‍സന്‍, സയ്യിദ് ഖുതുബ് തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരും ദാര്‍ശനികരും ബേവിഞ്ചയുടെ വരികള്‍ക്കിടയില്‍ വെളിച്ചത്തുള്ളികളായി കടന്ന് വരുന്നു.

മലയാളത്തിലെ ഇസ്ലാമിക സാഹിത്യം ചികയുമ്പോള്‍ മാഷെഴുത്തിന്റെ കാന്തിയും കരുത്തും വല്ലാതെ കവിയുന്ന തലത്തിലെത്തിയതായി അനുഭവപ്പെടുന്നു. അറബി മലയാള സാഹിത്യത്തിലെ സുവര്‍ണ്ണ കാലത്തിലൂടെയും പൂര്‍വ്വ കവിപുംഗവന്മാരുടെ തേരോട്ടത്തിന്റെ കഥകളിലൂടെയും കടന്ന് വര്‍ത്തമാനകാല മാപ്പിളപ്പാട്ടിന്റെ ചിത്രത്തിലേക്ക് കൂടി ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ബേവിഞ്ച മാഷ് ചിന്തയ്ക്ക് തീപിടിപ്പിക്കുന്ന ഒരുപാട് പൊള്ളുന്ന ചോദ്യങ്ങള്‍ വായനക്കാരന്റെ മുമ്പില്‍ ഇട്ട് കൊടുക്കുന്നുണ്ട്.

ഖാളി മുഹമ്മദിന്റെ 'മുഹ്‌യദ്ദീന്‍ മാല' തൊട്ട് പി.ടി. അബ്ദുര്‍റഹ്മാന്റെ 'കറുത്ത മുത്ത്' വരെ തിളക്കമാര്‍ന്ന് നില്‍ക്കുന്ന മാപ്പിളപ്പാട്ടിന്റെ വിസ്മയലോകം ചൂണ്ടി മതത്തെക്കുറിച്ചും കവിതയെക്കുറിച്ചും ഭാഷയെക്കുറിച്ചും മുസ്ലിം സമൂഹത്തിന് ഉള്‍ബോധമുണ്ടായത് മാപ്പിളപ്പാട്ടുകള്‍ വഴിയാണെന്ന് ബേവിഞ്ച നിരീക്ഷിക്കുന്നു. അയ്യായിരത്തിലധികം വരുന്ന അറബി മലയാള സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്ലിം സമൂഹത്തിന് മതകീയമായതും സര്‍ഗ്ഗാത്മകവുമായ താളൈക്യം പകര്‍ന്നു എന്നും മലയാളികള്‍ക്കാകമാനം മധുരക്കനിയായെന്നും മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ശക്തിസൗന്ദര്യം പരിപോഷിപ്പിച്ചുവെന്നും ആധികാരികതയോടെ മാഷ് അടയാളപ്പെടുത്തുന്നു.

മലയാള ലിപിയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'കഠിന കഠോര'മെഴുതിയ സനാഉള്ള മക്തി തങ്ങളുടെ കാലംതുടങ്ങി മോയിന്‍കുട്ടി വൈദ്യര്‍, വക്കം മൗലവി, വൈക്കം മുഹമ്മദ് ബഷീര്‍, സി.എച്ച്. മുഹമ്മദ് കോയ, സി.എന്‍. അഹമ്മദ് മൗലവി, ടി. ഉബൈദ്, മാഹമ്മദം മഹാകാവ്യം രചിച്ച പൊന്‍കുന്നം സെയ്ത് മുഹമ്മദ്, ടി.പി കുട്ട്യാമു, യൂസഫലി കേച്ചേരി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.ടി. അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പ്രഗത്ഭരുടെ ഓര്‍മ്മകളെ തൊട്ടുഴിഞ്ഞ് പ്രസക്തമായ ചോദ്യങ്ങളിലേക്ക് കടക്കുന്നു.

എന്ത്‌കൊണ്ട് ഇവിടെ ഒരു ഇഖ്ബാല്‍ പിറക്കുന്നില്ല? എന്ത്‌കൊണ്ട് ഒരു മോയിന്‍കുട്ടി വൈദ്യര്‍ ഉണ്ടാകുന്നില്ല? എന്ത്‌കൊണ്ട് ഒരു ഉബൈദ് കടന്ന് വരുന്നില്ല?

കലാ സാഹിത്യ രംഗത്ത് മുസ്ലിം സാന്നിദ്ധ്യത്തിന്റെ എണ്ണം പെരുകാതിരിക്കാന്‍ ഹേതുവാകുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ഒപ്പം ഒരുപാട് മതിലുകള്‍ മനസ്സകത്ത് ഇനിയും ഇടിയാനുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതിനും മൂര്‍ച്ചയുള്ള വാക്കുകളെ തന്നെ മാഷ് കൂട്ട്പിടിക്കുന്നു.

ഇതിലെ ഭാഷയുടെ തെളിമ, ആശയ ഗരിമ, ആഖ്യാനത്തിലെ മധുരിമ, വാക്കുകളുടെ വജ്രത്തിളക്കം, എഴുത്തിലെ ചമല്‍ക്കാരം ഏതൊരു സഹൃദയനിലും ആശ്ചര്യം ജനിപ്പിക്കുന്നവയാണ്. ചരിത്ര പഠിതാക്കള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഭാവി തലമുറകള്‍ക്കും വലിയ ഒരു മുതല്‍കൂട്ടാണ് ഈ ഗ്രന്ഥം. ഇബ്രാഹിം ബേവിഞ്ച മാഷ് അക്ഷരനക്ഷത്രങ്ങളിലൂടെ കാലത്തെ അതിജയിക്കുമെന്ന് ഈ കൃതി അടിവരയിടുന്നു.

80കളില്‍ സച്ചിദാനന്ദനും ടി.കെ. രാമചന്ദ്രനും ബി. രാജീവനും കൂട്ടായി ചേര്‍ന്ന് കൊണ്ട് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെ അവതരിപ്പിച്ചതിനെ ഓര്‍മ്മിപ്പിക്കും വിധം ഇബ്രാഹിം ബേവിഞ്ച ഒറ്റയ്‌ക്കെടുത്ത ഈ ധൈഷണിക യത്‌നം എത്ര മഹത്തരമെന്ന് വരുംകാലം തിരിച്ചറിയുക ചെയ്യും. ഇസ്ലാമിക ഭാവുകത്വത്തെ, അതിന്റെ സൗന്ദര്യതലങ്ങളെ, സര്‍ഗ്ഗാത്മക നിറവിനെ ഇത്ര സൂക്ഷ്മവും സമഗ്രവും സമര്‍പ്പിതവുമായ നിരീക്ഷണങ്ങളിലൂടെയും മനനങ്ങളിലൂടെയും അടയാളപ്പെടുത്തിയ ബേവിഞ്ച മാഷെ ഭാവി തലമുറയെങ്കിലും വേണ്ട രീതിയില്‍ കൊണ്ടാടുമെന്ന് നമ്മുക്ക് ആശിക്കാം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it