ARTICLE | പ്രവാസ മാധ്യമ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഇഫ്താര്‍

ഗള്‍ഫിലെ റമദാന്‍ ആണ് എനിക്കിഷ്ടം. ഇസ്ലാമിലെ സോഷ്യലിസ്റ്റ് സമീപന രീതി നേരിട്ട് അനുഭവിക്കാന്‍ കഴിയും. ഉന്നതനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വിവേചനം എവിടെയും കാണാനാവില്ല. അല്ലാഹുവിന് മുന്നില്‍ എല്ലാവരും ഒന്ന്. സമശീര്‍ഷത. പൊതു നോമ്പ് തുറകള്‍. ഒരേ ഭക്ഷണം.
പ്രവാസ മാധ്യമ ജീവിതത്തില്‍ ഒട്ടേറെ നല്ല അനുഭവങ്ങള്‍ ഓര്‍ക്കാനായി ഉണ്ടെങ്കിലും ഏറ്റവും അഭിമാനവും ആഹ്ലാദവും ഒരു ഓര്‍മയാണ്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ഭരണാധികാരിയുമായ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ ഇഫ്താര്‍. അന്ന് ഞാന്‍ ഇന്ത്യന്‍ മീഡിയ ഫോറം യു.എ.ഇയുടെ പ്രസിഡണ്ടായിരുന്നു. യു.എ.ഇയിലെ വിശിഷ്യ ദുബായിലെ മലയാളികളായ എല്ലാ മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഇന്ത്യന്‍ മീഡിയ ഫോറത്തെ ലോകത്തിലെ ഇംഗ്ലീഷ്, അറബ്, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഇഫ്താറിന് ക്ഷണിച്ചതായിരുന്നു.
ഇഫ്താര്‍ വിരുന്ന് ആസ്വദിച്ച ശേഷം ഞങ്ങള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്തി സൗഹാര്‍ദ്ദ നന്ദി അറിയിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളുമായി അല്‍പനേരം സംസാരിച്ചു. വലിയ തിരക്കുള്ള സമയമാണല്ലോ. ലോകത്തിലെ മിക്കവാറും എല്ലാ ദൃശ്യ, റേഡിയോ, അച്ചടി മാധ്യമ പ്രതിനിധികളും ഫോട്ടോഗ്രാഫര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റു പ്രതിനിധികളും തിങ്ങിനിറഞ്ഞ ആ രാജകീയ കൂടാരത്തില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വ്വം കാണാന്‍ അനുവദിച്ചു.
ലോകം ഉറ്റുനോക്കുന്ന പ്രഗത്ഭനായ ഒരു ഭരണാധികാരിയോട് സംസാരിക്കാന്‍ കിട്ടിയ അല്‍പസമയത്തില്‍ ഞാന്‍ ചോദിച്ചത് അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള യാത്ര അടുത്തുതന്നെ ഉണ്ടാകുമോ എന്നതായിരുന്നു. ചിരിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്: അത് തീരുമാനിച്ചില്ല എന്നാണ്.
യു.എ.ഇ പ്രധാനമന്ത്രി ഞങ്ങളുടെ കൂടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ അനുവദിച്ചു. അറബ് മീഡിയയിലെയും ഒഫീഷ്യല്‍ മീഡിയയിലെയും ഫോട്ടോഗ്രാഫര്‍മാര്‍ അവിടെ എത്തി.
പിറ്റേന്ന് പ്രസിദ്ധീകരിച്ച എല്ലാ അറബ് പത്രങ്ങളിലും മുന്‍ പേജില്‍ തന്നെ യു.എ.ഇ പ്രധാനമന്ത്രിയും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമുള്ള ഫോട്ടോ അച്ചടിച്ച് വന്നു. എന്റെ ഗള്‍ഫ് മാധ്യമ പ്രവര്‍ത്തന ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഇഫ്താര്‍ ആയിരുന്നു അത്.
ഒന്നര ദശാബ്ദം ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. നോമ്പ് കാലങ്ങളില്‍ നാട്ടില്‍ പോവാറില്ല. ഗള്‍ഫിലെ റമദാന്‍ ആണ് എനിക്കിഷ്ടം.
ഇസ്ലാമിലെ സോഷ്യലിസ്റ്റ് സമീപന രീതി നേരിട്ട് അനുഭവിക്കാന്‍ കഴിയും.
ഉന്നതനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വിവേചനം എവിടെയും കാണാനാവില്ല. അല്ലാഹുവിന് മുന്നില്‍ എല്ലാവരും ഒന്ന്. സമശീര്‍ഷത.
പൊതു നോമ്പ് തുറകള്‍. ഒരേ ഭക്ഷണം. ഉയര്‍ന്ന അറബ് വംശകരോടൊപ്പം ഇഫ്താര്‍ അതിഥിയായി പോയിട്ടുണ്ട്. ഒരു വലിയ തളികയില്‍ അറബ് മന്തി ബിരിയാണി. അതില്‍ വിവിധ ഇറച്ചികള്‍. എല്ലാവരും നിലത്തിരുന്ന് അവരുടെ മുന്നിലുള്ള തളികയില്‍ നിന്നും കഴിക്കുന്നു.
ഒരു പാത്രത്തിന് ചുറ്റും ഒട്ടേറെ പേര്‍ ഇരുന്നിട്ടുണ്ടാവും. അവര്‍ ഒരു വീട്ടിലെ അംഗങ്ങളെ പോലെ സ്‌നേഹാര്‍ദ്രമായി ഇഫ്താര്‍ ആസ്വദിക്കുന്നു, സ്‌നേഹം പങ്കിടുന്നു. മതമില്ല, ജാതിയില്ല. വര്‍ഗ വര്‍ണ വ്യത്യാസമില്ല. രാജ്യങ്ങള്‍ ഏതെന്നു അന്വേഷിക്കുന്നില്ല. അതാണ് അറബ് ജനതയുടെ മാനുഷിക സമീപനം!