B M ABDUL RAHMAN | ഓര്‍മ്മയുടെ നാല് പതിറ്റാണ്ട്

ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം ബി.എം അബ്ദു റഹ്മാന്‍
എളിമയുടെ പര്യായമായി സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത് ഏവരുടെയും ഓര്‍മ്മകളില്‍ ഒളിമങ്ങാത്ത സ്ഥാനം ഉറപ്പിച്ച ബി.എം അബ്ദുല്‍ റഹ്മാന്‍ വിട പറഞ്ഞു പോയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. ആര്‍ക്കും ഏതു സമയത്തും ചെന്ന് ആവലാതികളുടെ കെട്ടഴിക്കാനും അതിന് പരിഹാരം കാണുമെന്ന ഉറച്ച വിശ്വാസത്തോടെ ആശ്വാസത്തോടെ മടങ്ങാനും സാധിച്ചിരുന്ന ഒരു അത്താണിയാണ് ബി.എം. അബ്ദുല്‍ റഹ്മാന്റെ വിയോഗത്തിലൂടെ അവര്‍ക്ക് നഷ്ടമായത്.
കേരളമെങ്ങും അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രാദേശിക പൊതു പ്രവര്‍ത്തകനും കൂടിയായിരുന്നു സ്വാര്‍ത്ഥത കലരാത്ത ജനസേവനം. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന, പല വികസനത്തിന്റെ മുദ്രകളിലും കൊത്തി വെക്കപ്പെടാതെ പോയ പേരുകള്‍ക്കിടയില്‍ കുറെയെണ്ണം ബി.എം സാഹബിന്റെതാണ്. കാസര്‍കോടിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും സാംസ്‌കാരിക മുന്നേറ്റങ്ങളുടെ അടയാളപ്പെടുത്തലുകളിലും എവിടെയോ ഒക്കെ ബി.എം. സാഹിബിന്റെ കൈപ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്.
ബി.എംന്റെ പൊതു പ്രവര്‍ത്തന രംഗപ്രവേശത്തിന് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് തുടക്കമിടുന്നത്. അന്നേ സ്വായത്തമായിരുന്ന തന്റെ വാക്ചാതുരി സ്‌കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് നിദാനമാകുന്നു. വളരെ വൈകാതെ തന്നെ സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതൃത്വത്തിലേക്ക് ഉയര്‍ന്നു. 1953ല്‍ നെല്ലിക്കുന്ന് വാര്‍ഡ് അംഗമായി കാസര്‍കോട് പഞ്ചായത്തിലെത്തുന്നു. 70 ന്റെ തിരഞ്ഞെടുപ്പ് ആസന്നമാകുന്ന വേളയില്‍ കാസര്‍കോട്ട് സ്ഥാനാര്‍ഥി ആരെന്ന് ചോദിക്കാനെ ഇല്ല. ബി.എം സാഹബ്, കൊറേക്കാലത്തെ കന്നഡ ആധിപത്യത്തെ മറികടന്ന് എം.എല്‍. എ ആകുന്നു.
1970ല്‍ ബി.എം അബ്ദു റഹ്മാന്‍ എം.എല്‍.എ ആയിരിക്കെ ആണ് കാസര്‍കോട് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. ചന്ദ്രഗിരി പാലത്തിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയെങ്കിലും അത് യാഥാര്‍ഥ്യമാകുന്നത് വരെ ആ ആയുസ്സ് നീണ്ടില്ല. കടപ്പുറം തീരദേശ റോഡിന്റെ ശില്പിയും മറ്റാരുമല്ല. നിയമസഭാ അംഗമായ കാലത്ത് തുടക്കത്തില്‍ തന്നെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് 15 പ്രൈമറി സ്‌കൂളുകള്‍ കൊണ്ടുവന്നു. സംസ്ഥാനത്ത് മൊത്തം അനുവദിച്ചതിന്റെ 10 ശതമാനം വരും അത്. അവയില്‍ 8 എണ്ണവും കാസര്‍കോട് സബ് ജില്ലക്ക്. അതോടെ ബി.എം. അബ്ദുല്‍റഹ്മാന്‍ വികസന നായകനായി അറിയപ്പെട്ടു.
കാസര്‍കോടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഇടപെടലുകളിലും ബി.എം സജീവമായിരുന്നു. ടി ഉബൈദിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയുള്ള വരവില്‍ റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തിലും എം.എല്‍.എ. എന്ന നിലയില്‍ മുമ്പിലുണ്ടായിരുന്നു. ടി ഉബൈദ്, ടി.എ ഇബ്രാഹിം മുതല്‍ കെ.എസ് അബ്ദുല്ല എന്നിങ്ങനെ ബീയെമ്മിന്റെ ഉറ്റ സൗഹൃദങ്ങളുടെ പട്ടിക നീളും. 1959-ല്‍ വിമോചന സമരത്തില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചിട്ടുണ്ട്.
കാസര്‍കോട് വെല്‍ഫയര്‍ അസോസിയേഷന്‍, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ ഉപദേശക സമിതിയംഗം, മലയാള മഹാജന സഭയുടെ സ്ഥാപക അംഗം, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂള്‍ മാനേജര്‍, ജമാഅത്ത് സെക്രട്ടറി, കാസര്‍കോട് താലൂക്ക് ലീഗ് സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കാസര്‍കോട് നഗരസഭ അംഗം തുടങ്ങി ജീവിത കാലത്ത് ബി.എം അബ്ദുറഹ്മാന്‍ സര്‍വ മേഖലകളിലും സജീവമായിരുന്നു.