വര്‍ധിക്കുന്ന വൈദ്യുതി അപകടങ്ങള്‍; എ.ബി.സി പദ്ധതി മന്ദഗതിയില്‍

സാമ്പത്തിക മാന്ദ്യവും ഫീല്‍ഡ് ജീവനക്കാരുടെ കുറവുമാണ് എ.ബി.സി പദ്ധതിയുടെ കാലതാമസത്തിന് പിന്നിലെ പ്രധാനകാരണം. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട നിര്‍ണായകമായ ഈ പദ്ധതി മിക്ക പ്രദേശങ്ങളിലും മന്ദഗതിയിലാണ്. ഇതിന്റെ മുഖ്യകാരണം ഫീല്‍ഡ് തലത്തിലുള്ള ജീവനക്കാരുടെ കുറവാണ്. ലൈന്‍മാന്‍, വര്‍ക്കര്‍, ഓവര്‍സീയര്‍ എന്നീ തസ്തികകളിലായി 5,194 ജീവനക്കാരുടെ കുറവുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ബോര്‍ഡ് തലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത്.

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നമ്മള്‍ വല്ലാണ്ടങ്ങ് വളര്‍ന്ന ഈ കാലത്തും കേരളത്തില്‍ പതിവ് വാര്‍ത്തയായിരിക്കുന്നു. തേവലക്കരയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനിന്റെ മരണം കേരളക്കരയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. നിരവധി വൈദ്യുതി ആഘാതമേറ്റുള്ള നിരവധി മരണങ്ങളും അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം കനത്തതോടെ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്നതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയത്. നഗരപ്രദേശങ്ങളില്‍ കാലവര്‍ഷത്തെ മുന്‍കൂട്ടി കണ്ട് പലയിടങ്ങളിലും അപകട മേഖലയെ തിരിച്ചറിയാനും പരിഹരിക്കാനും കെ.എസ്.ഇ.ബി അധികൃതര്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഗ്രാമങ്ങളില്‍ ഇത്തരം മുന്‍ കരുതലുകള്‍ അപൂര്‍വ്വമാണ്.

പനയംമുട്ട സ്വദേശി അക്ഷയ് എന്ന പത്തൊമ്പതുകാരന്റെ മരണത്തിനും കണ്ണമംഗലം സ്വദേശി അബ്ദുല്‍ വദൂദ് എന്ന പതിനെട്ടുകാരന്റെ മരണത്തിനും കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണമായിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരം മുറിക്കാനും തുരുമ്പിയ വൈദ്യുതി പോസ്റ്റ് മാറ്റിവെക്കാനും പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന നാട്ടുകാരുടെ ആക്ഷേപം മുഖവിലക്കെടുക്കാതിരിക്കാനാവില്ല. 2023-24 കാലയളവില്‍ മാത്രം കേരളത്തില്‍ 205 പേരാണ് വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ടത്. 2024 മുതല്‍ 2025 ജൂലൈ വരെയുള്ള കണക്കുകളില്‍ മരണപ്പെട്ടവരുടെ എണ്ണം 241 പിന്നിട്ടു. അതായത് ഓരോ വര്‍ഷവും മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വര്‍ഷങ്ങളായി ആവര്‍ത്തിച്ചുവരുന്ന ഇത്തരം മരണങ്ങള്‍, കേരളത്തിലെ പൊതുമേഖലയിലെ അനാസ്ഥയുടെ ഒരു തെളിവാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ, അപകടങ്ങള്‍ക്ക് ശേഷമാണ് നടപടികള്‍ സ്വീകരിക്കപ്പെടുന്നത്. അപകടങ്ങള്‍ക്ക് ശേഷം നല്‍കുന്ന നഷ്ടപരിഹാരം അത് എത്ര വലിയ തുക ആയാലും നഷ്ടപ്പെട്ട ജീവന് പകരമാവില്ല. പലപ്പോഴും നഷ്ട പരിഹാരം നല്‍കുന്ന തുകയുടെ മൂന്നിലൊരു ഭാഗം പോലും ഒരു പക്ഷെ അപകടാവസ്ഥയെ നീക്കം ചെയ്യന്‍ അവശ്യം വരുന്നില്ല. എന്നിട്ടും കൃത്യമായി അപകടമേഖലയെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി, എ.ബി.സി (ഇന്‍സുലേറ്റ് ചെയ്ത വൈദ്യുതി കേബിളുകള്‍) സിസ്റ്റത്തിലേക്ക് ലൈനുകള്‍ മാറ്റണമെന്ന തീരുമാനമെടുത്തത് 2021ലാണ്. ഡയറക്ടര്‍മാരുടെ യോഗവും വകുപ്പുമന്ത്രിയുടെ പ്രഖ്യാപനവും ഇതിന് തുടക്കം കുറിച്ചെങ്കിലും മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഈ പദ്ധതി മൂന്നില്‍ ഒരുഭാഗം പോലും നടപ്പിലായിട്ടില്ല. പുതിയ കണക്ഷനുകള്‍ നല്‍കുമ്പോഴും സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുമ്പോഴും ഇന്‍സുലേഷന്‍ ഇല്ലാത്ത കമ്പികളാണ് ഇപ്പോഴും കെ.എസ്.ഇ.ബി ഉപയോഗിക്കുന്നത്.

വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുന്നത്, മരച്ചില്ലകള്‍ തട്ടി ഷോക്കേല്‍ക്കല്‍, ജീവനക്കാര്‍ക്ക് ജോലി ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന അപകടങ്ങള്‍ എല്ലാം എ.ബി.സി വഴി കുറക്കാന്‍ സാധിക്കും. അതിനൊപ്പം തന്നെ, സംസ്ഥാനത്തിന് വലിയതോതില്‍ സാമ്പത്തിക നഷ്ടം സമ്മാനിക്കുന്ന വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കാനും സഹായകരമാകും. 2022ലെ കണക്കനുസരിച്ച് കേരളത്തില്‍ പ്രതിവര്‍ഷം 2,315 കോടി രൂപയുടെ വൈദ്യുതി നഷ്ടം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഭാരം ഉപഭോക്താക്കളുടെ മേല്‍ ചുമത്തിയാണ് ഈ നഷ്ടത്തെ പരിഹരിക്കുന്നത്. സാമ്പത്തിക മാന്ദ്യവും ഫീല്‍ഡ് ജീവനക്കാരുടെ കുറവുമാണ് എ.ബി.സി പദ്ധതിയുടെ കാലതാമസത്തിന് പിന്നിലെ പ്രധാനകാരണം. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട നിര്‍ണായകമായ ഈ പദ്ധതി മിക്ക പ്രദേശങ്ങളിലും മന്ദഗതിയിലാണ്. ഇതിന്റെ മുഖ്യകാരണം ഫീല്‍ഡ് തലത്തിലുള്ള ജീവനക്കാരുടെ കുറവാണ്. ലൈന്‍മാന്‍, വര്‍ക്കര്‍, ഓവര്‍സീയര്‍ എന്നീ തസ്തികകളിലായി 5,194 ജീവനക്കാരുടെ കുറവുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ബോര്‍ഡ് തലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ലൈന്‍മാന്മാരുടെ തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9,635 ജീവനക്കാര്‍ ആവശ്യമുള്ളിടത് നിലവിലുള്ളത് 7,647 പേരാണ്. 1,988 ജീവനക്കാരുടെ കുറവുണ്ട്. വര്‍ക്കര്‍ വിഭാഗത്തില്‍ 5,311 പേരെ ആവശ്യമുള്ളിടത് 3,409 പേരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഇവിടെയും 1,902 പേരുടെ കുറവുണ്ട്. ഇത്ര വലിയ ഒഴിവുകള്‍ പദ്ധതികളുടെ കാര്യക്ഷമതയെ ബാഹ്യമായും ആന്തരികമായും ബാധിക്കുന്നു. വൈദ്യുതി ലൈനുകള്‍ എ.ബി. സി സിസ്റ്റത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്യമായ ഇടപെടലുകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചാലേ ഇത്തരം അപകടങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി സുരക്ഷ നേടാനാവൂ.

Related Articles
Next Story
Share it