'നിങ്ങള്‍ ജയിച്ചതല്ല, ജയിപ്പിച്ചതാണ്?'

'നിങ്ങള്‍ ജയിച്ചതല്ല, ജനങ്ങള്‍ ജയിപ്പിച്ചതാണ്. മലപ്പുറത്ത് പ്രതിപക്ഷമില്ലെന്ന് കരുതി അഹങ്കാരം വേണ്ട. ചോദിക്കാനും പറയാനും ആളുണ്ട്. അതായത് പാര്‍ട്ടിയുണ്ട്. ജനാഭിലാഷം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെങ്കില്‍ ഈ പണി നിര്‍ത്തിവെച്ച് പോവണം'.

'നിങ്ങള്‍ ജയിച്ചതല്ല, ജനങ്ങള്‍ ജയിപ്പിച്ചതാണ്. മലപ്പുറത്ത് പ്രതിപക്ഷമില്ലെന്ന് കരുതി അഹങ്കാരം വേണ്ട. ചോദിക്കാനും പറയാനും ആളുണ്ട്. അതായത് പാര്‍ട്ടിയുണ്ട്. ജനാഭിലാഷമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെങ്കില്‍ ഈ പണി നിര്‍ത്തിവെച്ച് പോവണം'.

മലപ്പുറത്ത് വെച്ച് ഇക്കാര്യം അര്‍ത്ഥസങ്കക്കിടമില്ലാതെ പ്രഖ്യാപിച്ചത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്‌നേഹ വിരുന്നില്‍ വെച്ചായിരുന്നു കടുത്ത താക്കീത് സ്വരത്തില്‍ ഈ വാക്കുകള്‍. ഇവ വെറും മലപ്പുറത്തുകാര്‍ക്ക് മാത്രം കേള്‍ക്കേണ്ട കാര്യമല്ല. സംസ്ഥാനമൊട്ടുള്ള നേതാക്കളും അണികളും ജനപ്രതിനിധികളും മുഴുവനും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും വേണം. പലതരം സുന്ദരമോഹന വാഗ്ദാനങ്ങളും മറ്റും നല്‍കി വിജയം വരിച്ച ശേഷം കാലാവധി കഴിയുന്നതുവരെ ആ ഭാഗം തിരിഞ്ഞുനോക്കാതെ വിജയിപ്പിച്ച വോട്ടര്‍മാരോട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ നാടിന്റെയും നാട്ടാരുടെയും അഭിലാഷത്തിനനുസരിച്ച് ഒന്നും ചെയ്യാതെ അനങ്ങാപാറ നയം സ്വീകരിച്ച് പുറം തിരിഞ്ഞുനടക്കുന്ന ജനപ്രതിനിധികള്‍ക്ക് പാണക്കാട് തങ്ങളുടെ വാക്കുകള്‍ ഒരു താക്കീതാണ്.

എല്ലാ ജനപ്രതിനിധികളും അക്കൂട്ടത്തിലുണ്ടെന്ന് ആരും പറയില്ല. ജീവിതം തന്നെ ജനസേവനമായി എല്ലാ കാര്യങ്ങള്‍ക്കും തന്റെ കുടുംബത്തെ പോലും മറന്ന് മുന്നിട്ടിറങ്ങുന്ന ജനപ്രതിനിധികളും ഇല്ലാതില്ല. സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോട് താക്കീത് സ്വരത്തില്‍ സംസാരിച്ച സാദിഖലി തങ്ങളുടെ ആഹ്വാനം എന്തുകൊണ്ടും പ്രശംസനീയമാണ്. മാതൃകാപരമെന്നതിലും യാതൊരു സംശയമില്ല.

ജയിപ്പിച്ച നാട്ടുകാരോട് യാതൊരു ബാധ്യതയുമില്ലാതെ സമൂഹത്തോടും സ്വന്തം പാര്‍ട്ടിയോടും വെല്ലുവിളി സ്വരത്തില്‍ അഹങ്കരിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ആ വാക്കുകള്‍. ഇക്കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത് മുസ്ലിംലീഗ് നേതാവായത് കൊണ്ട് ലീഗുകാര്‍ മാത്രം കേള്‍ക്കേണ്ട കാര്യമല്ല എന്നതാണ് വാസ്തവം. ഇത് ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഏറ്റെടുത്തുകൊണ്ട് നാടിന്റെയും നാട്ടാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ മാറ്റിവെച്ച് ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന ഉത്തമ ബോധ്യത്തോടുകൂടി പ്രവര്‍ത്തിക്കണം.

തോല്‍വിയും വിജയവുമെല്ലാം ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളില്‍പെട്ടതാണ്. അത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവസാനച്ചു. ഇനി നാം എല്ലാവരും ഒന്നിച്ച് നാടിന്റെ പൊതുകാര്യത്തിന് വേണ്ടി, ജനനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അത് തന്നെയായിരിക്കട്ടെ സത്യപ്രതിജ്ഞുടെ കാമ്പും. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നാടിന്റെ വികസന കാര്യങ്ങളിലും മറ്റും തടസമായി വരരുത്. അതായിരിക്കണം നമ്മുടെ ഭാവി പ്രവര്‍ത്തനം. അതല്ലാതെ കിട്ടിയ അധികാരങ്ങള്‍ കയ്യില്‍ വെച്ചു അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെങ്കില്‍ മാപ്പില്ല എന്ന ചിന്ത എല്ലാവരും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

ഒരു പഞ്ചായത്ത് മെമ്പറോ അല്ലെങ്കില്‍ മുനിസിപ്പല്‍ കൗണ്‍സിലറോ ആയാല്‍ ഒരു സാമ്രാജ്യം ലഭിച്ചു എന്ന മേനി നടിച്ച് വോട്ട് ചെയ്ത് വിജയിപ്പച്ചവരെ അഗണിക്കുന്ന ചിലരെയെങ്കിലും മുന്‍കാലങ്ങളില്‍ നാം കണ്ടതാണ്. അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ നാടിനെയും നാട്ടാരെയും മറന്നുള്ളതാണ് അത്തരക്കാരുടെ പ്രവര്‍ത്തനം. പഴയകാലമല്ലിത്. എല്ലാം സസൂക്ഷമം നിരീക്ഷിക്കാന്‍ ആളുകളുണ്ട്. പ്രത്യേകിച്ച് യുവസമൂഹം കാതും കൂര്‍പ്പിച്ച് കണ്ണുംനട്ട് കാത്തിരിപ്പുണ്ട്. വിരല്‍തുമ്പില്‍ കൂടി ലോകത്തിന്റെ മുഴുവന്‍ ചലനങ്ങളും തിരിച്ചറിയുന്ന ഈ യുഗത്തില്‍ ജാഗ്രതൈ.

ജനസേവനം തന്നെ ജീവിതം എന്നാക്കി മാറ്റി സ്വന്തം ജീവിതം തന്നെ മറന്നുപോയ നിരവധി ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ഇടയിലാണ് ജീവിക്കുന്നതെന്ന ചിന്ത ഇത്തരക്കാര്‍ക്ക് എപ്പോഴും ഉണ്ടാവണം. ജനസേവനവുമായി നമ്മുടെ ചുറ്റുപാടുകളില്‍ മെഴുകുതിരി പോലെ ഉരുകി തീരുന്നവരും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. നാടിന്റെ സര്‍വോത്മമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കി മുന്നോട്ട് നയിക്കാന്‍ ഓരോ ജനനായകര്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിക്കണം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it