ARTICLE | പെരുന്നാള്‍ വരവായി; ഗള്‍ഫിലും ആഘോഷ പെരുമ

ഈദുല്‍ ഫിത്വറിന്റെ സുഗന്ധം ലോകമാകെ വീശിത്തുടങ്ങി. നാട്ടില്‍ കൊടും ചൂടിലാണ് നോമ്പ് അനുഷ്ഠിക്കേണ്ടി വന്നതെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല കാലാവസ്ഥയായിരുന്നു ഇത്തവണ.

നോമ്പനുഷ്ഠാനം ഗള്‍ഫിലാണ് കൂടുതല്‍ സന്തോഷം പകരുന്നതെങ്കില്‍ പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലേക്ക് ഓടിവരാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഭാര്യ-മക്കള്‍ക്കും അയല്‍വാസികള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം നോമ്പ് അനുഷ്ഠിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകളുമൊരുങ്ങി. നാടിനെക്കുറിച്ചുള്ള മധുരതരമായ ഓര്‍മ്മകളുമായാണ് ഗള്‍ഫ് പ്രവാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. നല്ല കാലാവസ്ഥ ഇത്തവണ വ്രതാനുഷ്ഠാനത്തിന് ഏറെ അനുഗ്രഹമായിരുന്നു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാള്‍ കടന്നുവരുമ്പോള്‍ നാടും വീട്ടുകാരും ഒപ്പമില്ലെങ്കിലും ഈ സുദിനത്തെ ആഘോഷഭരിതമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ പ്രവാസിയും.

പ്രഭാതനേരത്തെ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പ്രവാസികള്‍ ഉറങ്ങുകയാണ് പതിവെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും സ്നേഹ സൗഹൃദങ്ങളുമായി ഓരോ പ്രവാസിയും ബന്ധുക്കളുടെ താമസസ്ഥലങ്ങളിലും പാര്‍ക്കുകളിലും ഒത്തുകൂടുന്ന കാഴ്ചകള്‍ ഏറെയാണ്. ദുബായ് അടക്കമുള്ള നഗരങ്ങളിലെ പാര്‍ക്കുകള്‍ പെരുന്നാള്‍ ദിനത്തില്‍ നിറഞ്ഞു കവിയുന്നു. പെരുന്നാളിന് മുന്നോടിയായി ഇത്തവണയും റെഡിമെയ്ഡ്-പാദരക്ഷാ വില്‍പ്പന കടകളില്‍ വലിയ തിരക്കായിരുന്നു. പെരുന്നാളിന് മക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ വേണ്ടി ഇലക്ട്രോണിക് കടകളിലും വിവിധ ഉപകരണങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാള്‍ വസ്ത്രങ്ങളില്‍ ഇത്തവണ പുതിയ ട്രെന്റുകള്‍ ഉണ്ടായിട്ടുണ്ട്. ഷാര്‍ജയിലും ദുബായിലുമടക്കം ജെന്റ്‌സ് റെഡിമെയ്ഡ് കടകളില്‍ വലിയ തിരക്കായിരുന്നു.

നാട്ടിലെ പെരുന്നാളിന്റെ ഓര്‍മ്മകളെ അയവിറക്കി ഓരോ പ്രവാസിയും ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുമ്പോള്‍ അവരുടെ മനതാരില്‍ നിറയുന്ന സന്തോഷത്തിന് അതിരുകളില്ല. ഇത്തവണയും റമദാനില്‍ കേരളത്തില്‍ നിന്ന് നിരവധി മത നേതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തി. സാരാംശം നിറഞ്ഞ പ്രഭാഷണങ്ങളും സദുപദേശങ്ങളും വിശ്വാസികള്‍ക്ക് അനുഗ്രഹമായി. ഇഫ്താര്‍ മീറ്റുകള്‍ ഗള്‍ഫിന്റെ പല ഭാഗങ്ങളിലും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വിളക്കുകളായി ജ്വലിച്ചു. ദുബായ് സംസ്ഥാന കെ.എം.സി.സി ഒരുക്കിയ റമദാന്‍ ടെന്റ് ഒരു വിസ്മയം തന്നെയായിരുന്നു. കെ.എം.സി.സിയുടെയും മറ്റ് വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പലയിടങ്ങളിലും പല ദിവസങ്ങളിലായും ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയിരുന്നു.

Related Articles
Next Story
Share it