'ലഹരി മാഫിയയ്ക്ക് വേണം കൂച്ചുവിലങ്ങ്'

കുറച്ചുകാലം മുമ്പുവരെ ഒരു മറയൊക്കെ കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്നു മാഫിയ അടക്കമുള്ള സമൂഹവിരുദ്ധര്‍ വളരെ പെട്ടെന്ന് മറയയേതുമില്ലാതെ രംഗത്തുവന്ന് സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിച്ച് പരസ്യമായി അഴിഞ്ഞാടുന്ന ഘട്ടം വന്നെത്തിയിരിക്കുകയാണ്! നാട്ടിലെ നിയമവ്യവസ്ഥയെയും എന്തിന്, നാടിനെ തന്നെയും ഒരു ഭയവുമില്ലാതെ കീഴ്‌പ്പെടുത്താന്‍ മാത്രം ശക്തി ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്ന ഈ വിപത്തിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ പിന്നീടൊരു വീണ്ടെടുപ്പിന് നമുക്കു മുന്നില്‍ അവസരം ഉണ്ടായെന്ന് വരില്ല.
മദ്യവും കഞ്ചാവും എം.ഡി.എം.എ പോലുള്ള രാസലഹരിയും പതഞ്ഞൊഴുകുന്ന പുഴകളായി മാറിക്കഴിഞ്ഞിരിക്കുകയാണ് നമ്മുടെ നാട്ടിലെ ഓരോ നിരത്തുകളും ഇടവഴികളും വിദ്യാലയ-ഗാര്‍ഹികാന്തരീക്ഷങ്ങളും എന്നത് സാധാരണ പൗരന്മാരില്‍ ആശങ്കയും ഉത്കണ്ഠയും നിറയ്ക്കുകയാണ്. ഒരു നാടിന്റെ സമാധാനവും കുടുംബങ്ങളിലെ പരസ്പര വിശ്വാസവും സാമൂഹികാന്തരീക്ഷവും അപ്പാടെ തകിടം മറിയുമ്പോള്‍ കുറ്റവാളികള്‍ക്കൊപ്പം ഓടിയെത്താനാവാതെ തളരുകയാണ് പൊലീസും എക്‌സൈസും. ഓരോ ദിവസവും അനേകംപേര്‍ മനുഷ്യരാശിയെ നാശത്തിലേയ്ക്കു തള്ളിയിടുന്ന സമൂഹവിരുദ്ധരെ പിടികൂടുന്നുണ്ടെങ്കിലും ഒരു വാശി പോലെയോ വൈരാഗ്യം പോലെയോ അതിന്റെ എത്രയോ മടങ്ങ് പുതിയ കുറ്റവാളികള്‍ ഇവിടെ ജനിച്ച് തഴച്ചു വളരുകയാണ്! പിടിക്കപ്പെടുന്ന വാര്‍ത്തകളാല്‍ സമ്പുഷ്ടമാണ് മാധ്യമങ്ങളെങ്കിലും ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ അതി വിരളമാണെന്നത് നമ്മുടെ നിയമ-നീതിന്യായ വ്യവസ്ഥകള്‍ക്കു നേരേ ഉയരുന്ന ചോദ്യമാണ്. നിലവിലെ രാഷ്ട്രീയ-ഭരണകൂട സാഹചര്യങ്ങളില്‍ ലഹരി കടത്തു കേസുകളില്‍ നിലവിലുള്ളതില്‍ നിന്നും കര്‍ക്കശമായ നടപടികളും നിയമ നിര്‍മ്മാണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉള്ള നിയമങ്ങള്‍ തന്നെ അതിദയനീയമായി ചോര്‍ന്നുപോകുന്ന വിധത്തിലാണ് അപരാധികള്‍ കോടതികളില്‍ നിര്‍ത്തപ്പെടുന്നത് എന്നതും പകല്‍ പോലെ വ്യക്തമാണ്.
മാതാപിതാക്കള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത വിധം ഇരുളിലാണ് മക്കളില്‍ പലരും. നാടിന്റെ ഉജ്ജ്വല ഭാവിയായി വളരേണ്ട സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ കഴുകന്മാരുടെ ഭീമന്‍ ചിറകുകള്‍ക്കു കീഴിലാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ മദ്യവും മയക്കുമരുന്നും അവിശ്വാസത്തിന്റെ കിടങ്ങുകള്‍ തീര്‍ക്കുകയാണ്. പൊലീസും നാട്ടിലെ പൗരന്മാരും ആക്രമിക്കപ്പെടുകയാണ്. നാട്ടിടവഴികളില്‍ മാത്രമല്ല, വീടുകളില്‍ പോലും പട്ടാപ്പകല്‍ കയറിവന്ന് ഭീഷണി മുഴക്കാനും കൊലപ്പെടുത്താനും കൂടി ക്രിമിനലുകള്‍ സന്നദ്ധരായിത്തുടങ്ങിയിരിക്കേ ഒരു സമൂഹം എന്ന നിലയ്ക്ക് നമുക്കും ചിലത് ചെയ്യാന്‍ പറ്റില്ലേ? തീര്‍ച്ചയായും പറ്റും. ദുര്‍ബ്ബലമാണെങ്കിലും നിയമപാലകരെ സഹായിക്കുന്നതോടൊപ്പം നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1) ഒറ്റപ്പെടുത്തുക, ബഹിഷ്‌കരിക്കുക എന്നതാണ് ഒരു അരുതായ്മയെ ചെറുക്കാനുള്ള ഏറ്റവും പ്രാഥമികമായ ചുവടുവയ്പ്പ്.
സമൂഹത്തില്‍ നാശത്തിന്റെ വിത്തു വിതയ്ക്കുന്നവര്‍ ആരാണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. അത്തരക്കാര്‍ക്ക് സമൂഹഭ്രഷ്ട് കല്‍പ്പിക്കണം. ഒരു തരത്തിലും ഒരു കാര്യത്തിലും സഹകരിക്കാതിരിക്കണം. മുസ്ലിം സമുദായത്തില്‍ പെട്ട ആളാണെങ്കില്‍ (അങ്ങനെയുള്ളവരാണ് ബഹുഭൂരിപക്ഷവും കണ്ടുവരുന്നത്) അത്തരം ക്രിമിനലുകള്‍ ഉള്‍പ്പെട്ട കുടുംബത്തെ ഒന്നടങ്കം ജമാഅത്തില്‍ നിന്നും പുറത്താക്കണം. അവിവാഹിതരായ ചെറുപ്പക്കാരാണെങ്കില്‍ അത്തരക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ കിട്ടുന്നില്ല എന്ന് ഉറപ്പാക്കണം. എന്നിട്ടും വിവാഹം നടക്കുകയാണെങ്കില്‍ ഒരു പള്ളിയില്‍ നിന്നും ഖത്തീബുമാര്‍ നിക്കാഹ് കര്‍മ്മത്തിന് പോകരുത്. ജമാഅത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യരുത്. നാട്ടുകാര്‍ ഒന്നടങ്കം അത്തരം ക്രിമിനലുകളുടെ വിവാഹ സദ്യകള്‍ ബഹിഷ്‌കരിക്കണം. ഒരൊറ്റ കൂട്ടായ്മയിലും സുഹൃദ് വലയങ്ങളിലും അവരെ ഉള്‍ക്കൊള്ളിക്കരുത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമെല്ലാം നിര്‍ദ്ദയം പുറത്താക്കണം. ഒരു രൂപ പോലും അത്തരക്കാരില്‍ നിന്നും സംഭാവന സ്വീകരിക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ തീര്‍ത്തും ഒറ്റപ്പെടുത്തണം.
2) നാട്ടുകാര്‍ പരസ്പരം കൈകോര്‍ത്ത് ഒരു മതിലായി നില്‍ക്കണം. ഒരു ശക്തിക്കും ഭേദിക്കാനാവാത്ത മതിലായി നിന്നാല്‍ ഏതു കിരാത ശക്തികള്‍ക്കും മുട്ടുമടക്കാതിരിക്കാനാവില്ല. സമൂഹ വിരുദ്ധരുടെ കൈകളാല്‍ വ്യക്തികളോ കുടുംബങ്ങളോ ആക്രമിക്കപ്പെടുകയാണെങ്കില്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ സമൂഹം ജാതിമത-രാഷ്ട്രീയ വേര്‍തിരിവുകളെല്ലാം തല്‍ക്ഷണം മറന്ന് ഒറ്റക്കെട്ടായങ്ങ് നില്‍ക്കണം. രക്ഷപ്പെടാന്‍ പഴുതില്ലാത്ത വിധം വളഞ്ഞ് നിയമപാലകരെ ഏല്‍പ്പിക്കാന്‍ എല്ലാവരും ഐക്യം കാണിക്കണം. ഒറ്റക്കെട്ടായ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ക്രിമിനലുകള്‍ക്ക് കഴിഞ്ഞെന്നുവരില്ല. നമ്മുടെ ഐക്യമില്ലായ്മയും നാട്ടിലെ എല്ലാ തിന്മകള്‍ക്കുമുള്ള വളം തന്നെയാണ്.
3) സദാ ജാഗരൂകരായിരിക്കുക. ഓരോ മാതാവും പിതാവും തങ്ങളുടെ അരുമ മക്കള്‍ ഏതു ചാലിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഓരോ അധ്യാപകരും തങ്ങളുടെ ശിഷ്യന്മാര്‍ ഏതു പാഠങ്ങളാണ് പഠിച്ചു കൊണ്ടിരിക്കുന്നതെന്നു കൂടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഓരോ ഭാര്യയ്ക്കും കാമുകിക്കും തങ്ങളുടെ ഭര്‍ത്താക്കന്മാരും കാമുകന്മാരും ഏതു മാനസിക നിലയിലാണെന്ന് ഓരോ നിമിഷവും ഉറപ്പുവരുത്തേണ്ടതുണ്ട്.
4) നിയമപാലകരും കുറ്റാന്വേഷകരും കൂടുതല്‍ നീതിനിഷ്ഠയും ധൈര്യവുമുള്ളവരുമാകണം. ഓരോ ദിവസവും പിടികടി കൊണ്ടിരിക്കുന്ന കേസുകളിലും പ്രതികളിലും സല്യൂട്ട് ചെയ്തു കൊണ്ടു തന്നെ പറയട്ടെ, ഇത്രയും പോരാ. പൊലീസിന്റെ കൈകളും ബുദ്ധിയും കൂടുതല്‍ നീളേണ്ടതുണ്ട്. ഏതാനും ഗ്രാമോ കിലോ ഗ്രാമോ ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ അവിടെ അന്വേഷണം നിര്‍ത്തി പിടികൂടിയ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രം പോരാ. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. വേരുകളാണ് അറുക്കേണ്ടത്; വെറും തളിരുകള്‍ വെട്ടിക്കളയുന്നതു കൊണ്ടാണ് വിഷവൃക്ഷങ്ങള്‍ കൂടുതല്‍ കരുത്തോടെ തളിര്‍ക്കുന്നത്. സിനിമകളിലൊക്കെ കാണുന്നതു പോലെയുള്ള ഓപ്പറേഷനുകളാണ് നടത്തേണ്ടത്. മുഖം നോക്കാതെ നടപടിയെടുത്താല്‍ നിങ്ങളുടെ സ്ഥാനം ഭദ്രമായിരിക്കില്ല എന്ന് അറിയാമെങ്കിലും ജനം അങ്ങനെ ആഗ്രഹിച്ചു പോകുന്നു. പറ്റുമെങ്കില്‍ നമ്മുടെ നഗര-ഗ്രാമാന്തരങ്ങളിലൂടെ ഓടുന്ന ഓരോ വാഹനങ്ങളും അരിച്ചുപെറുക്കണം. നിലവിലെ പൊലീസ്-എക്‌സൈസ് ബലം വെച്ച് അത് പ്രായോഗികമല്ലെന്നും അറിയാം. ആ സംവിധാനങ്ങളെ ബലപ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ സാമൂഹിക ഉത്തരവാദിത്വമാണ്.
ഒരു നാടിന് സൈ്വരവും നാട്ടുകാരുടെ ജീവനും സ്വത്തിനും ഭാവിയ്ക്കും കാവല്‍ നില്‍ക്കുക എന്നതും ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഉയര്‍ത്തിപ്പിടിക്കാനാവാത്ത വിധം മത്തില്‍ കുനിഞ്ഞുപോകുന്ന ശിരസ്സുകളെ നേരെ നിര്‍ത്തുന്നതിനായി ഭരണകൂടങ്ങള്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളതായി മാറണം. ലഹരി കടത്തിനും വിതരണത്തിനും ജാമ്യമോ പരോളോ ഇല്ലാത്ത ജീവപര്യന്ത ശിക്ഷ നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുന്നതില്‍ ഭരണകൂടത്തിന് നിയന്ത്രണം വല്ലതുമുണ്ടോ? ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള വധശിക്ഷയാണ് മയക്കുമരുന്നു കടത്തുകാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ടതെങ്കിലും നമ്മുടേതു പോലൊരു ജനാധിപത്യ രാജ്യത്ത് അത് ഒരു പക്ഷെ, സാധ്യമല്ലായിരിക്കാം. എന്നാല്‍, പത്തോ ഇരുപതോ വര്‍ഷം ജയിലുകളില്‍ പാര്‍പ്പിക്കുന്നതിന് എന്താണ് തടസ്സം? ഏതു വിധേനയും പണം സമ്പാദിക്കുക എന്ന കിരാതത്വത്തിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ സര്‍ക്കാറുകള്‍ കാര്‍ക്കശ്യം കാട്ടേണ്ടതുണ്ട്. നാടിനെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്ന ഒരു മഹാവിപത്തിന് നേര്‍ക്ക് കണ്ണടച്ചു നിന്നാല്‍ ഈ പ്രബുദ്ധ കേരളത്തിന് ഇനിയും കുറേകാലം കൂടി ആ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.