ഹൃദയത്തില്‍ തറച്ച വെടിയുണ്ടച്ചീള്; കാന്തത്തില്‍ ഒപ്പിയെടുത്ത് ഡോ. മൂസക്കുഞ്ഞി

യുദ്ധത്തില്‍ ഹൃദയത്തില്‍ ആഴത്തില്‍ തറച്ച വെടിയുണ്ടയുമായി ചികിത്സ തേടി എത്തിയ സുഡാനില്‍ നിന്നുള്ള രോഗിക്ക് പുതുജീവന്‍ നല്‍കിയ അപൂര്‍വ്വ നേട്ടത്തിന്റെ കഥയാണിത്.

ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ കാസര്‍കോട് ഉപ്പള സ്വദേശിയായ ഡോ. എം.കെ മൂസക്കുഞ്ഞി രാജ്യമാകെ അറിയപ്പെടുന്ന പ്രശസ്തനായ ഡോക്ടറാണ്. ആയിരകണക്കിന് ഹൃദയശസ്ത്രക്രിയകള്‍ നടത്തി ശ്രദ്ധേയനാണ്. അതില്‍ പലതും അത്യപൂര്‍വ്വ ശസ്ത്രക്രിയകളായിരുന്നു. അതുകൊണ്ട് തന്നെ എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്, ഡോ. മൂസക്കുഞ്ഞി.

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിജയകരമായ മറ്റൊരു അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ഡോ. മൂസക്കുഞ്ഞിയും സംഘവും കൈവരിച്ച നേട്ടങ്ങളുടെ കഥകളുമായാണ് ഇന്നലെ ചെന്നൈയിലെ പത്രങ്ങളിറങ്ങിയത്. യുദ്ധത്തില്‍ ഹൃദയത്തില്‍ ആഴത്തില്‍ തറച്ച വെടിയുണ്ടയുമായി ചികിത്സ തേടി എത്തിയ സുഡാനില്‍ നിന്നുള്ള രോഗിക്ക് പുതുജീവന്‍ നല്‍കിയ അപൂര്‍വ്വ നേട്ടത്തിന്റെ കഥയാണിത്. ചെന്നൈ റേഡിയല്‍ റോഡിലെ കാവേരി ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. അവിടത്തെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനാണ് ഡോ. മൂസക്കുഞ്ഞി.

സുഡാനിലെ യുദ്ധമേഖലയിലെ ഒരു ബോംബ് മിസൈല്‍ സ്‌ഫോടനത്തില്‍ സുഡാനില്‍ നിന്നുള്ള 37 വയസുള്ള ഒരു ഡോക്ടറുടെ ഹൃദയത്തില്‍ ആഴത്തില്‍ തറച്ച നീണ്ട ലോഹക്കഷണം ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി നീക്കം ചെയ്തു. ഇതൊരു അത്ഭുതമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. കഴിഞ്ഞ 4 മാസമായി ഹൃദയത്തില്‍ വെടിയുണ്ട തറച്ചുകിടന്നിട്ടും മാരകമായേക്കാവുന്ന ആന്തരിക രക്തസ്രാവം, ഹൃദയപേശീ വിള്ളല്‍, വൈദ്യുത ചാലകത തടസം അല്ലെങ്കില്‍ ശ്വാസകോശത്തിലേക്ക് മാറല്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും കൂടാതെ എങ്ങനെ ജീവിച്ചു എന്നോര്‍ത്ത് ഞങ്ങള്‍ അമ്പരപ്പെട്ടുവെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ശരീരത്തില്‍ ഇടത് നെഞ്ചിലൂടെയാണ് വെടിയുണ്ട തുളഞ്ഞുകയറിയത്. ശ്വാസകോശം, അന്നനാളിക, ശ്വാസനാളം തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി മധ്യഭാഗത്ത് തറച്ചു നില്‍ക്കുകയായിരുന്നു.

4 മാസം മുമ്പാണ് ബോംബ് മിസൈല്‍ സ്‌ഫോടനത്തിന് ഇരയായത്. ഇദ്ദേഹം അധികകാലം ജീവിക്കുമെന്ന് കുടുംബാംഗങ്ങല്‍ ഒരു ഉറപ്പും ഇല്ലായിരുന്നു. എങ്കിലും എവിടെയോ പ്രകതീക്ഷയുടെ ഒരു തരിമ്പ്. ഭൂഖണ്ഡങ്ങള്‍ക്കപ്പുറം തിരയാന്‍ തുടങ്ങി. അങ്ങനെയാണ് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്ത് മികവ് കാട്ടിയ ഡോ. മൂസക്കുഞ്ഞിയെ കുറിച്ച് അവര്‍ അറിയുന്നത്. താമസിയാതെ രോഗിയെയും കൊണ്ട് ചെന്നൈയിലെത്തുകയും ചെയ്തു. ഹൃദയത്തില്‍ വെടിയുണ്ടയുമായി കഴിയുന്ന ഒരാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുക എന്നത് ഏറെ ദുഷ്‌കരവും സങ്കീര്‍ണ്ണവുമാണെന്ന് ഡോ. മൂസക്കുഞ്ഞിക്ക് തിരിച്ചറിവുണ്ടായിരുന്നു. എന്നാല്‍ ഒരു ജീവന്‍ രക്ഷിക്കുക എന്ന പ്രഥമമായ ദൗത്യം കൈവിടാന്‍ തയ്യാറുമല്ല. ഹൃദയത്തിന്റെ സി.ടി സ്‌കാന്‍ പരിശോധിച്ച് മറ്റ് വിദഗ്ധ ഡോക്ടര്‍മാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തി. ഹൃദയപേശിയുടെ ആഴത്തില്‍ തറച്ച ലോഹക്കഷണം കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നായിരുന്നു എല്ലാവരുടെയും ഉദേശം. ഒരു ചെറിയ പിഴവ് പോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കാം.

എങ്കിലും റിസ്‌ക് ഏറ്റെടുക്കാന്‍ തന്നെ ഡോക്ടര്‍ തയ്യാറായി. ലോഹക്കഷണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ ഓപ്പറേഷന്‍ കിറ്റില്‍ ഒരു അണുവിമുക്തമായ കാന്തം പോലും സൂക്ഷിച്ചു. വലത് ഏട്രിയല്‍ അറയുടെ സമീപനം സ്വീകരിച്ച് ട്രൈകസ്പിഡ് വാല്‍വിലൂടെ വലത് വെന്‍ട്രിക്കിളിലേക്ക് പ്രവേശിച്ചു. അത് വളരെ സൂക്ഷമമായ ഒരു ഘടനയാണ്. 4.5 മടങ്ങ് വലിപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിച്ചിട്ടും വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞില്ല. സമയം അതിക്രമിച്ചു. ഡോക്ടര്‍ കിറ്റില്‍ നിന്ന് കാന്തം എടുത്ത് രോഗിയുടെ ഹൃദയത്തിനുള്ളില്‍ വെച്ചു. ഒരുപക്ഷേ മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു കാന്തം ഹൃദയത്തിനുള്ളില്‍ വെക്കുന്നത്, ഭാഗ്യവശാല്‍, ആ നൂതന ആശയം നന്നായി പ്രവര്‍ത്തിച്ചു. കാന്തം കൃത്യമായി അത് കണ്ടെത്തി. തുടര്‍ന്ന് ഹൃദയപേശിയില്‍ വെടിയുണ്ടയുടെ അഗ്രം ഡോക്ടര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഹൃദയത്തിന്റെ മറ്റ് ഘടനകള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ച് ആ വെടിയുണ്ട പുറത്തെടുത്തു. അത് മെഡിക്കല്‍ സംഘത്തിന് വലിയ ആശ്വാസവും രോഗിക്ക് പ്രതീക്ഷയുടെ നിമിഷങ്ങളും സമ്മാനിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരികയാണെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

ഉടന്‍ തന്നെ ആസ്പത്രി വിടും.

ഹൃദയത്തില്‍ വെടിയുണ്ടയുമായി മരണം കണ്ടുകിടന്ന ഒരു രോഗിയെ ചികിത്സിക്കുക മാത്രമല്ല, ഒരു കുടുംബത്തെ ഹൃദയവേദനയില്‍ നിന്ന് രക്ഷിക്കുക കൂടിയായിരുന്നു ഡോ. മൂസക്കുഞ്ഞിയും സംഘവുമെന്ന് ആ കുടുംബം കണ്ണീരില്‍ പൊതിഞ്ഞ നന്ദിയോടെ പറഞ്ഞു.


ഹൃദയത്തില്‍ നിന്ന് വെടിയുണ്ടച്ചീള് നീക്കം ചെയ്യപ്പെട്ട സുഡാന്‍ സ്വദേശി ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞിയോടൊപ്പം

Related Articles
Next Story
Share it