പട്ടി, മനുഷ്യന്‍ മരുന്നു കമ്പനി

നമ്മുടെ നാട്ടില്‍ തെരുവുപട്ടികളെ ഇല്ലാതാക്കുന്നതിന് തടസം മരുന്നുകമ്പനികളെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. പട്ടിയുടെ ജീവനേക്കാള്‍ മനുഷ്യന്റെ ജീവനാണ് വിലപ്പെട്ടത് എന്ന് മരുന്നു കമ്പനിക്കാര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞുകൊടുക്കണം. സര്‍ക്കാറിന് പ്രക്ഷോഭത്തിലൂടെ പൊതുജനവും.
എട്ടും പൊട്ടും തിരിയാത്ത പേരക്കുട്ടി കുക്കുടഭോഗം കണ്ട് ലജ്ജാലുവായ അമ്മൂമ്മയോട്: എന്തിനാണ് പൂവന്‍കോഴി പിടക്കോഴിയെ ഇങ്ങനെ ഉപദ്രവിക്കുന്നത്? അമ്മൂമ്മ: അത് ഉപദ്രവിക്കുന്നതല്ല, പിടക്കോഴിയുടെ പുറം ചൊറിയുന്നതാണ്. കുട്ടി: എന്തിനാണ് ചൊറിയുന്നത്?
അമ്മൂമ്മ: മുട്ടയിടാന്‍. കുട്ടിക്ക് സമാധാനമായി. പിന്നീടൊരിക്കല്‍ അമ്മൂമ്മ അവനെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ ശ്വാനഭോഗം കണ്ട് അമ്മൂമ്മയോട് അവന്‍ ചോദിച്ചു: പട്ടി മുട്ടയിടുമോ?
അല്‍പം കുഴപ്പിക്കുന്ന ചോദ്യമായതിനാല്‍ അമ്മൂമ്മ തന്ത്രപൂര്‍വ്വം വിഷയം മാറ്റി. ജന്തുക്കളുടെ ലിബറലിസമാണ് ഇവിടെ കണ്ടത്. മനുഷ്യരിലും ഈ സംസ്‌കാരമാകണമെന്നാണ് ലിബറലിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ഇത് ആശാസ്യമല്ലെന്നും കാക്കയില്‍ നിന്നും മനുഷ്യര്‍ പലതും പഠിക്കണമെന്നുമാണ് ചാണക്യന്റെ മതം. കാക്കകള്‍ ഒരിക്കലും പരസ്യമായി 'പുറം ചൊറി'യില്ല.
'ഗൂഢ മൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പഞ്ച ശിക്ഷേച്ച വായസാല്‍'.
- ചാണക്യന്‍.
നമ്മുടെ നാട്ടിലും ഉണ്ട് ഒരു പഴഞ്ചൊല്ല്. അത് സഭ്യമായ ഭാഷയില്‍ ഇങ്ങനെ വായിക്കാം-കാക്കക്ക് ജനനേന്ദ്രിയമുണ്ടായിരുന്നെങ്കില്‍ പാറുമ്പോള്‍ കാണുമായിരുന്നു. കാക്കയില്‍നിന്ന് മനുഷ്യന് പലതും പഠിക്കാനുണ്ട് എന്നു പറഞ്ഞുവല്ലോ. കൂടപ്പിറപ്പിന്റെ ജഡം അടക്കം ചെയ്യേണ്ടത് എങ്ങനെയെന്ന് ആദം സന്തതിക്ക് ആദ്യം കാണിച്ചുകൊടുത്തത് കാക്കയായിരുന്നുവെന്ന് ഓര്‍ക്കാവുന്നതാണ്.
തെരുവുനായ്ക്കളുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് അറപ്പുണ്ടാക്കുന്നുവെങ്കിലും അതുകൊണ്ട് മനുഷ്യന് അംഗഭംഗമോ അപമൃത്യുവോ ഉണ്ടാകുന്നില്ലെന്നാശ്വസിക്കാം. എന്നാല്‍ പേവിഷബാധക്ക് പ്രതിരോധമല്ലാതെ ചികിത്സ ഇല്ലെന്നത് ഗൗരവത്തില്‍ തന്നെ അധികൃതര്‍ എടുക്കണമായിരുന്നു. അതിലും ഗൗരവത്തില്‍ കാണണം പേപ്പട്ടിയുടെ കടിയേറ്റയാള്‍ക്ക് മരുന്നു കുത്തിവെച്ചാലും പേ ഇളകുന്നു എന്നത്. പണ്ടൊന്നും ഇങ്ങനത്തെ കേട്ടുകേള്‍വി ഉണ്ടായിരുന്നില്ല. മനുഷ്യനല്ലേ, മരുന്നു മാറി അബദ്ധത്തില്‍ കുത്തിവെച്ചിരിക്കാം. ടി. ഉബൈദിന്റെ 1942ല്‍ ജനിച്ച ഒരു ശിഷ്യന് അങ്ങനെ സംഭവിച്ചു, 1966ല്‍. പേപ്പട്ടി പിറകില്‍ നിന്നാണ് കടിച്ചത്. ശിഷ്യന്‍ പട്ടിയുടെ മേല്‍ വീണുപോയി. ധര്‍മ്മാസ്പത്രിയില്‍ ചികിത്സയും തുടങ്ങി. പൊക്കിളിന് ചുറ്റും 14 ദിവസം മുടങ്ങാതെ സൂചിവെപ്പാണ് ചികിത്സ. ഒരു ദിവസം മരുന്നുമാറിയാണ് കുത്തിവെച്ചത്. അതോടെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദേഹാസ്വാസ്ഥ്യം. ഡോ. ഷംനാട്, ഡോ. ബി.എസ്. റാവു മുതലായ പ്രഗത്ഭന്മാര്‍ ധര്‍മ്മാസ്പത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലമായിരുന്നു അതെന്നാണ് തോന്നുന്നത്. ഡോക്ടര്‍മാര്‍ ഉബൈദ് ശിഷ്യന്റെ അടുത്ത് പാഞ്ഞെത്തി. കുത്തിവെച്ച സിസ്റ്ററെ ശകാരിച്ചു. മറുമരുന്നു കൊടുത്തു. എല്ലാം ശരിയായി. ഇന്ന് ആ ശിഷ്യന്‍ ഉബൈദിന്റെ പാട്ടുകള്‍ മൂളി വിശ്രമ ജീവിതം നയിക്കുന്നു.
പണ്ടുകാലങ്ങളില്‍ തെരുവുനായ്ക്കളും പേപ്പട്ടികളും എണ്ണത്തില്‍ കുറവ്. അവയെ പിടിക്കാന്‍ പ്രത്യേകം പരിശീലനം നേടിയവര്‍ ഉണ്ടായിരുന്നു. ഒരു പട്ടിയെ പിടിച്ചാല്‍ പഞ്ചായത്താപ്പീസില്‍ നിന്ന് നാലണ കിട്ടും-ഇന്നത്തെ ഇരുപത്തഞ്ചു പൈസ. ഇന്നാണെങ്കില്‍ ജയിലായിരിക്കും കിട്ടുക. അമേരിക്കയില്‍ തോക്കുപയോഗം നിയന്ത്രിക്കുന്നതിന് തടസം തോക്കു കമ്പനികളത്രെ. നമ്മുടെ നാട്ടില്‍ തെരുവുപട്ടികളെ ഇല്ലാതാക്കുന്നതിന് തടസം മരുന്നുകമ്പനികളെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. പട്ടിയുടെ ജീവനേക്കാള്‍ മനുഷ്യന്റെ ജീവനാണ് വിലപ്പെട്ടത് എന്ന് മരുന്നുകമ്പനിക്കാര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞുകൊടുക്കണം. സര്‍ക്കാറിന് പ്രക്ഷോഭത്തിലൂടെ പൊതുജനവും.
1.7.2025ലെ ഉത്തരദേശം എഡിറ്റോറിയല്‍ വായിച്ചപ്പോഴാണ് എന്റെ മനസില്‍ പല ചിന്തകളും അങ്കുരിച്ചത്. പിറ്റേന്ന് അതേ പത്രത്തില്‍ കെ. ബാലകൃഷ്ണന്‍ മതേതരത്വവും സോഷ്യലിസവും ഭരണഘടനയും എന്ന തലക്കെട്ടിലെഴുതിയ ലേഖനവും വളരെ ശ്രദ്ധേയമാണ്. ഏത് സര്‍ക്കാറിനെതിരെയും വിരലനക്കാന്‍ ഭരണപക്ഷത്തിന് മന:പ്രയാസമുണ്ടാകാം. പക്ഷെ പേപ്പട്ടിക്ക് പക്ഷപാതമില്ലല്ലോ. ഈ അവസരത്തില്‍ ഡോക്ടര്‍മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും ഇടപെടല്‍ വിലപ്പെട്ടതായിരിക്കും.