അടിത്തട്ടിലേക്ക് ഇറങ്ങിവന്ന ജനാധിപത്യം

കാസര്‍കോട് അടക്കമുള്ള വടക്കന്‍ പകുതി ഇന്ന് ബൂത്തുകളിലാണ്. അധികാരം അടിത്തട്ടിലേക്ക് ഇറങ്ങിവന്ന മഹത്തായ ജനാധിപത്യത്തിന്റെ നാള്‍വഴികളുടെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ.
പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കാനുള്ള നിര്‍ണ്ണായക വിധിയെഴുത്ത് പ്രക്രിയയിലാണ് പൊതുജനം. കേരളത്തിന്റെ തെക്കന്‍ പകുതി ചൊവ്വാഴ്ച വിധിയെഴുത്ത് നടത്തി. കാസര്‍കോട് അടക്കമുള്ള വടക്കന്‍ പകുതി ഇന്ന് ബൂത്തുകളിലാണ്. അധികാരം അടിത്തട്ടിലേക്ക് ഇറങ്ങിവന്ന മഹത്തായ ജനാധിപത്യത്തിന്റെ നാള്‍വഴികളുടെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ. ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും അടിത്തട്ടിലുള്ളതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രം കൂടിയാണത്. അവയൊന്ന് പരിശോധിക്കാം:
ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുമുള്ള അടുത്ത അഞ്ചുവര്‍ഷത്തെ ജനഹിതം വ്യക്തമാകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗമായ വോട്ടെടുപ്പ് പ്രക്രിയയില്‍ മുഴുകിയിരിക്കുകയാണ് കാസര്‍കോട് അടക്കമുള്ള ജില്ലകള്‍. കേരളത്തിന്റെ പ്രാദേശിക വികസനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഈ ദിനങ്ങള്‍ സംസ്ഥാന ഭരണകൂടത്തിനുള്ള ഒരു ജനകീയ വിലയിരുത്തല്‍ കൂടിയാകും.
സ്വാതന്ത്രാനന്തരം 1949ലാണ് തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങളെ സംയോജിപ്പിച്ച് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം രൂപീകൃതമാവുന്നത്. ഇതേ തുടര്‍ന്ന് 1950ല്‍ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നു. ഇതിലെ വ്യവസ്ഥകള്‍ക്കനുസൃതമായി 1953ലാണ് ഇവിടെ ആദ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തുകള്‍ക്ക് പരിമിതമായ അധികാരങ്ങളും ധനസഹായങ്ങളും മാത്രമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1956ല്‍ കേരള സംസ്ഥാനം രൂപീകരിച്ച ശേഷം, ഭരണരംഗത്തും നിയമനിര്‍മ്മാണത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി 1957ല്‍ ഭരണപരിഷ്‌കരണ കമ്മിറ്റി നിലവില്‍ വന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റി അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് കൈമാറുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും അധികാര വികേന്ദ്രീകരണത്തിന് ശുപാര്‍ശ ചെയ്തു. ഗ്രാമപഞ്ചായത്തുകളും ജില്ലാ കൗണ്‍സിലുകളും ഉള്‍പ്പെട്ട ദ്വിതലഭരണ സംവിധാനത്തിനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍, 1960ല്‍ കേരള പഞ്ചായത്ത് ആക്ടും, 1961ല്‍ കേരള മുനിസിപ്പാലിറ്റി ആക്ടും നിലവില്‍ വന്നു. തദ്ദേശസ്വയം ഭരണവകുപ്പിനെ പഞ്ചായത്ത് വകുപ്പ്, മുനിസിപ്പാലിറ്റി വകുപ്പ് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതായിരുന്നു ഈ നിയമങ്ങള്‍. എന്നാല്‍, ജില്ലാ കൗണ്‍സിലുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പല കാരണങ്ങളാല്‍ നടപ്പിലായില്ല. 1963ല്‍ സംസ്ഥാനത്തെ രണ്ടാമത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 1979ലും 1988ലും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളും നടന്നു. 1980ലാണ് ജില്ലാ കൗണ്‍സിലുകള്‍ സ്ഥാപിക്കാനുള്ള നിയമം വരുന്നത്. 1991ല്‍ ഇവയിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും, 1994ല്‍ പഞ്ചായത്ത് രാജ് നിയമം വന്നതോടെ ഈ ജില്ലാ കൗണ്‍സിലുകള്‍ ജില്ലാ പഞ്ചായത്തുകളായി രൂപാന്തരപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലെ
ആദ്യ പൊതു തിരഞ്ഞെടുപ്പ് 1995ല്‍
1992ലെ ഭരണഘടന 73-ാം ഭേദഗതി പ്രകാരം സംസ്ഥാനത്ത് 1994 മാര്‍ച്ച് 24ന് കേരള പഞ്ചായത്ത് രാജ് ആക്ടും 74-ാം ഭേദഗതി പ്രകാരം അതേ വര്‍ഷം മെയ് 30ന് കേരള മുനിസിപ്പാലിറ്റി ആക്ടും നിലവില്‍ വന്നു. ഭരണഘടനയുടെ 243 കെ പ്രകാരം കേരള സംസ്ഥാനത്ത് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ 1993 ഡിസംബര്‍ 3ന് സ്ഥാപിതമായി. തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് 1995ല്‍ നടത്തി. 1994ലെ കേരള പഞ്ചായത്ത് രാജ് നിയമമാണ് നിലവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ രൂപീകരണത്തിലേക്ക് കേരളത്തെ നയിച്ചത്.
1994ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ആക്ടുകള്‍ നിലവില്‍ വന്നതിന് ശേഷം ഇതുവരെ 6 പൊതുതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടന്നത്. ആദ്യ തിരഞ്ഞെടുപ്പ് 1995 സെപ്റ്റംബര്‍ 23, 25 തീയതികളിലായിരുന്നു. ഒക്ടോബര്‍ 2ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന ഭരണ സമിതികള്‍ നിലവില്‍ വന്നു. 2000ത്തില്‍ മൂന്ന് ഘട്ടങ്ങളിലായി പൊതുതിരഞ്ഞെടുപ്പ് നടന്നു. 2005 സെപ്റ്റംബര്‍ 24, 26 തീയതികളിലായിരുന്നു അടുത്ത പൊതു തിരഞ്ഞെടുപ്പ്. 2010ല്‍ സര്‍ക്കാര്‍ പുതിയ 7 മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തും രൂപീകരിച്ചു.
2010ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് പുനര്‍വിഭജനം നടന്നു. 978 ഗ്രാമപഞ്ചായത്തുകളിലായി 16,680 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2095 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലായി 332 വാര്‍ഡുകള്‍, 60 മുനിസിപ്പാലിറ്റികളിലായി 2216 വാര്‍ഡുകള്‍, 5 കോര്‍പ്പറേഷനുകളിലായി 359 വാര്‍ഡുകള്‍ എന്നിങ്ങനെയായിരുന്നു പുനര്‍വിഭജനം. 2010 ഒക്ടോബര്‍ 23, 25 തിയതികളിലായി ഇവിടേക്ക് പൊതു തിരഞ്ഞെടുപ്പ് നടന്നത്. 2015ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും രൂപീകരിക്കപ്പെട്ടു. 2015 നവംബര്‍ 12ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവില്‍ വന്നു.
2020 ഡിസംബര്‍ 8, 10, 14 എന്നീ തീയതികളിലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവിലുണ്ടായിരുന്ന കൗണ്‍സിലിന്റെ കാലാവധി 2022 സെപ്റ്റംബര്‍ 10ന് മാത്രമാണ് അവസാനിച്ചിരുന്നത്. അതിനാല്‍, അവിടേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2022 ആഗസ്റ്റ് 20നാണ് നടത്തിയത്. മട്ടന്നൂര്‍ നഗരസഭയിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി 2027 സെപ്തംബര്‍ 10 നാണ് അവസാനിക്കുക. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയെ മാത്രം മാറ്റി നിര്‍ത്തി.
ഇത്തവണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായാണ് തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായത്. കാസര്‍കോട് അടക്കം ഏഴ് ജില്ലകള്‍ ഇപ്പോള്‍ ബൂത്തിലാണ്. 941 ഗ്രാമപഞ്ചായത്തുകള്‍ (17337 വാര്‍ഡുകള്‍), 152 ബ്ലോക്ക് പഞ്ചായത്തുകള്‍ (2267 വാര്‍ഡുകള്‍), 14 ജില്ലാ പഞ്ചായത്തുകള്‍ (346 വാര്‍ഡുകള്‍), 86 മുനിസിപ്പാലിറ്റികള്‍- മട്ടന്നൂര്‍ ഒഴികെ (3205 വാര്‍ഡുകള്‍), 6 കോര്‍പ്പറേഷനുകള്‍ (421 വാര്‍ഡുകള്‍) എന്നിവിടങ്ങളിലേക്കാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്.

