നീതി നടപ്പാക്കുന്ന ആള്‍ക്കൂട്ടങ്ങള്‍

ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ ദയക്ക് വേണ്ടിയുള്ള അയാളുടെ കരളുരുക്കുന്ന യാചനകള്‍പോലും മനസ്സില്‍ തട്ടുന്നില്ലെങ്കില്‍ അവരെ മനുഷ്യരെന്ന് വിളിക്കാനൊക്കുമോ? സ്‌നേഹവും കരുണയും തൊട്ടുതീണ്ടുക പോലും ചെയ്യാത്ത തികച്ചും വന്യമായ വ്യക്തിവിശേഷങ്ങളുള്ള ഇത്തരക്കാര്‍ സമൂഹത്തിന്റെ ഭാഗമാകുന്നത് തന്നെ എന്തുമാത്രം അപകടകരമായിരിക്കും.
ദിനേനയെന്നോളം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നമ്മുടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തിന് മേല്‍ ഭീതിയുടെ കരിനിഴല്‍ പടര്‍ത്തുകയാണ്. പശുവിന്റെയും മറ്റും പേരില്‍ ഉത്തരേന്ത്യയില്‍ മാത്രം ഇടമുറിയാതെ അരങ്ങേറിയ നെറികെട്ട സംസ്‌കാരം പൊതുവെ സ്വസ്ഥതയും സുരക്ഷിതത്വവും കൈമുതലായുള്ള കേരളവും കൂടി ഏറ്റുപിടിക്കുന്നുവെന്നതാണ് നമ്മെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം. വാര്‍ത്താ പ്രാധാന്യത്തിനും ഇസ്തിരിയിട്ട് സൂക്ഷിച്ച കണക്കുകള്‍ക്കുമപ്പുറം ചെറുതും വലുതുമായ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാവുന്നുണ്ട് എന്നതാണ് വസ്തുത. സാംസ്‌കാരിക മഹിമയെക്കുറിച്ച് വാചാലമാകുമ്പോഴും കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തികച്ചും പ്രാകൃതമായ മുറകളിലേക്കും രീതിശാസ്ത്രങ്ങളിലേക്കുമാണ് നാട് അതിവേഗം തിരിച്ചു നടക്കുന്നത്.
മേജര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മാത്രമല്ല; നാട്ടിന്‍പുറങ്ങളിലെ കുഞ്ഞു അധീശത്വ പ്രവണതകളും അടിച്ചമര്‍ത്തലുകളും വരെ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലേക്കാണ് നാടിനെ നിര്‍ദയം തള്ളിയിടുന്നത്. തുടരുന്ന ഈ പേക്കൂത്തുകളുടെ നിലവിലെ പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നേര്‍ക്കുള്ള ആക്രമണവും തുടര്‍ന്നുള്ള മരണവും. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാമനാരയണന്‍ ഭയ്യ എന്ന 31കാരനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് പറഞ്ഞാണ് ഇയാളെ തടഞ്ഞ് വെച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാമനാരയണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്തം ഛര്‍ദ്ദിച്ച് മരണപ്പെടുകയായിരുന്നു.
ഉത്തരേന്ത്യയെ വെല്ലുംവിധം നമ്മുടെ ആള്‍ക്കൂട്ട ആക്രമണോത്സുകതയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളോടുള്ള വര്‍ഗീയ മനസ്ഥിതിയും രാഷ്ട്രീയ എതിരാളികളോടുള്ള പകയുമാണ് പലപ്പോഴും ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ മൂലഹേതുവെങ്കില്‍ ഇവിടെ തുലോം നിസാരമായ കാരണങ്ങളാണ് അതിന് പിറകിലുള്ളത്. സംസ്ഥാനത്ത് നടന്ന ആള്‍ക്കൂട്ടക്കൊലകളുടെ ചരിത്രം നോക്കിയാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും. സംശയത്തിന്റെയും കേവലമായി ആരോപിക്കപ്പെടുക മാത്രം ചെയ്യുന്ന കുറ്റങ്ങളുടെയും പേരിലാണ് ഇവിടെ ഏറിയപങ്കും കൊലകള്‍ നടന്നിട്ടുള്ളത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത കാരണത്താല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് ഇരുപതോളം വിലപ്പെട്ട മനുഷ്യ ജീവനുകളാണ്. ഈ കാലയളവിലും അതിനു മുമ്പും നടന്ന കൊലകളുടെ കാരണങ്ങള്‍ ചികഞ്ഞുനോക്കിയാല്‍ ഏതാണ്ടെല്ലാം സമാനവും അതിനിസാരവുമായിരുന്നെന്ന് കാണാം.
അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ 2018 ഫെബ്രുവരി 22ന് മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സമൂഹത്തിന്റെ നടുക്കത്തില്‍ നിന്ന് കേരള സമൂഹം ഇനിയും ഉണര്‍ന്നിട്ടില്ല. കൈകള്‍ പിന്നിലേക്ക് പിടിച്ചുകെട്ടിയ നിലയില്‍ മര്‍ദ്ദനമേറ്റ് നിസ്സഹായനായി നില്‍ക്കുന്ന മധുവിന്റെ ചിത്രം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിഷ്‌കളങ്കമായ ആ കണ്ണുകളില്‍ നിന്ന് പ്രത്യാശയുടെ ഒരായിരം കിരണങ്ങള്‍ തൊടുത്തുവിട്ടിട്ടും മന:സാക്ഷി മരവിച്ചവര്‍ക്ക് മുന്നില്‍ അവ നിഷ്ഫലമാവുകയായിരുന്നു. മധുവിന് മുമ്പും ശേഷവും കേരളത്തില്‍ പലരും ആള്‍ക്കൂട്ടത്തിന്റെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
2007ല്‍ പാദസരം മോഷ്ടിച്ചെന്ന് വിധിയെഴുതിയാണ് എടപ്പാളില്‍ ഗര്‍ഭിണിയും മകളും ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. 2011 ഒക്ടോബറില്‍ ബസില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് പെരുമ്പാവൂരില്‍ പാലക്കാട് സ്വദേശി ലഘുവിനെ നിര്‍ദയം കൊലപ്പെടുത്തിയത്. എന്നാല്‍ 2017 ജൂണില്‍ മലപ്പുറത്ത് നാസിര്‍ ഹുസൈനെ മരണത്തിലേക്ക് തള്ളിയിട്ടത് സദാചാര പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. 2012 നവംബര്‍ 9ന് കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവയെന്ന യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. 2016 മെയ് നാലിന് അസം സ്വദേശി കൈലാഷ് ജ്യോതി ബെഹ്‌റയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത് പൊരിവെയിലത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയായിരുന്നു. മോഷണം തന്നെയായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തൃശൂര്‍ സ്വദേശി ജിജീഷ് ആക്രമിക്കപ്പെട്ടത് പെണ്‍സുഹൃത്തിനൊപ്പം നടന്നതിനായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന് മര്‍ദ്ദനമേറ്റതും മോഷണക്കുറ്റം ചുമത്തിയായിരുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയതായിരുന്നു വിശ്വനാഥന്‍.
തെളിയിക്കപ്പെടാത്ത നിസാരമായ കാര്യങ്ങളുടെ പേരില്‍ പോലും ഒരാളെ സംഘംചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയും നിര്‍ദാക്ഷിണ്യം കൊന്നുതള്ളുകയും ചെയ്യാന്‍ മന:സാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ ദയക്ക് വേണ്ടിയുള്ള അയാളുടെ കരളുരുക്കുന്ന യാചനകള്‍പോലും മനസ്സില്‍ തട്ടുന്നില്ലെങ്കില്‍ അവരെ മനുഷ്യരെന്ന് വിളിക്കാനൊക്കുമോ? സ്‌നേഹവും കരുണയും തൊട്ടുതീണ്ടുക പോലും ചെയ്യാത്ത തികച്ചും വന്യമായ വ്യക്തിവിശേഷങ്ങളുള്ള ഇത്തരക്കാര്‍ സമൂഹത്തിന്റെ ഭാഗമാകുന്നത് തന്നെ എന്തുമാത്രം അപകടകരമായിരിക്കും. നിസ്സഹായതയുടെ ആ നിര്‍ന്നിമേഷ നിമിഷങ്ങളില്‍ എന്തുമാത്രം സത്യങ്ങള്‍ വിളിച്ചു പറയാനുണ്ടായിരിക്കും ഇരകള്‍ക്കൊക്കെയും.
ആക്രമിക്കപ്പെടുന്നവനും ഒരു കുടുംബമുണ്ട്. പ്രതീക്ഷയുടെ വിളക്കില്‍ ഇല്ലായ്മയിലും എണ്ണയൊഴിച്ച് കാത്തിരിക്കുന്ന കുടുംബിനിയും മക്കളുമുണ്ടവര്‍ക്കും. വൈകാരികതയുടെ പരമകോടിയില്‍ ബുദ്ധിയും വിവേകവും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് അതൊന്നും ആലോചനയില്‍ കടന്നുവരില്ല. ഒരുതരം തീവ്രമായ സാഡിസ്റ്റ് മനോഭാവത്തില്‍ സ്വയം അകപ്പെട്ടു പോകുന്ന അക്രമികള്‍ക്ക് ഇരയുടെ മേലിലുള്ള ഓരോ മര്‍ദ്ദനവും കൂടുതല്‍ ഉന്മാദം പകരുകയാവും.
നിയമവും നീതിയും തങ്ങള്‍ തീരുമാനിക്കുമെന്ന ചിന്താഗതി അങ്ങേയറ്റം അപകടകരമാണ്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തേണ്ടതും കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ടതും അതത് പ്രദേശങ്ങളിലെ വ്യക്തികളും സംഘങ്ങളുമാണെന്ന ഒരു സദാചാര നിഷ്ഠയിലധിഷ്ടിതമായ പൊതുബോധം നിര്‍ഭാഗ്യവശാല്‍ അടുത്തിടെ എല്ലാവരെയും വല്ലാതെ പിടിമുറുക്കിയിട്ടുണ്ട്. കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഇത്തരം ആള്‍ക്കൂട്ട കോടതികള്‍ വ്യാപകമാവുന്നത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെ വ്യാപകമായ കയ്യേറ്റങ്ങള്‍ നടക്കാന്‍ കാരണമാകുന്നു. കുറ്റമാരോപിക്കപ്പെടുന്നവനെ ശിക്ഷിക്കാന്‍ ആവേശം കാണിക്കുന്ന പലരും സമാനമോ അതിലപ്പുറമോ കുറ്റങ്ങളിലേര്‍പ്പെടുന്നവരാകുമെന്ന വിരോധാഭാസവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത സാമൂഹിക വികാസത്തെയും മാനുഷിക ബോധത്തെയുമാണ് നാം കളഞ്ഞുകുളിക്കുന്നത്.
ഒരാള്‍ കുറ്റം ചെയ്‌തോയെന്ന് ഉറപ്പിക്കേണ്ടത് വ്യക്തികളോ ആള്‍ക്കൂട്ടങ്ങളോ അല്ല. മറിച്ച് കുറ്റം ചെയ്തുവെന്ന് കരുതുന്നുവെങ്കില്‍ അന്വേഷണവും വിചാരണയും സജീവമാക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ജുഡീഷ്യല്‍ നടപടികളിലൂടെ മാത്രമേ ഒരാളുടെ കുറ്റവിചാരണയും വിധിയും നടപ്പാക്കാവൂ. ജുഡീഷ്യറിയുടെ തലവനാകാന്‍ ഒരു വ്യക്തിക്കോ ആള്‍ക്കൂട്ടങ്ങള്‍ക്കോ അവകാശമില്ല. അനാവശ്യ സംഭവങ്ങളും കുറ്റകൃത്യങ്ങളും തടയേണ്ടത് രാജ്യത്തെ നിലവിലുള്ള ജുഡീഷ്യറിയുടെയും നിയമങ്ങളുടെയും ഉത്തരവാദിത്തമാണ്. പൗരന്‍ പൗരനെ നിയന്ത്രിക്കുന്ന രീതിയും സംവിധാനങ്ങളും ഉണ്ടാക്കാവുന്ന സാമൂഹിക അപകടങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നതിന് എതിരെ ശബ്ദങ്ങളുയരണം. വ്യക്തികള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ നീതിപാലകരും ജാഗ്രത കാണിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ട ആക്രമണ സംഘത്തില്‍ ഉള്‍പ്പെടുന്ന വര്‍ക്ക് 3 വര്‍ഷം വരെയുള്ള തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് നിലവിലുണ്ട്. നോക്കി നില്‍ക്കുന്നവര്‍ക്കും ഫോണില്‍ പകര്‍ത്തുന്നവര്‍ക്കുമെതിരെയും ഈ നിയമമനുസരിച്ച് കേസെടുക്കാനാവും. ആരുടെ മേലിലും ആര്‍ക്കും എപ്പോഴും പാഞ്ഞുകയറാമെന്ന ചിന്ത തിരുത്തപ്പെടണം. മതബോധത്തിനോ സാമൂഹിക ഔന്നത്യത്തിനോ തടുത്തുനിര്‍ത്താനാവാത്ത ഈ വൈകാരികതയെ തല്ലിക്കെടുത്താന്‍ ശക്തമായ നിയമങ്ങളുണ്ടാവണം.

