ARTICLE | ബജറ്റ് കാലം

ബജറ്റ് എല്ലാവരും ശ്രദ്ധയോടെ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്താണ് ബജറ്റ്?

ഇത് ബജറ്റ് കാലമാണ്. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളും നഗരസഭയും കോര്‍പ്പറേഷനുമൊക്കെ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരും ശ്രദ്ധയോടെ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. എന്താണ് ബജറ്റ്? ബജറ്റുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 214-ാം വകുപ്പിലെ വ്യവസ്ഥകള്‍ ചുവടെ ചേര്‍ക്കുന്നു.

1) ബജറ്റ് തയ്യാറാക്കലും അതിന്റെ അനുമതി നല്‍കലും: സര്‍ക്കാര്‍ അതതു സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും നിര്‍ണ്ണയിക്കപ്പെടുന്ന ചട്ടങ്ങള്‍ക്കും വിധേയമായി 175-ാം വകുപ്പനുസരിച്ച് തയ്യാറാക്കിയതും അനുവദിച്ചതുമായ വികസന പദ്ധതികളുടെ ചെലവ് ഉള്‍പ്പെടെ അടുത്ത വര്‍ഷത്തേക്ക് ഉണ്ടാകാനിടയുളള വരവ്-ചെലവുകളുടെ വിശദമായ എസ്റ്റിമേറ്റ് ഉള്‍ക്കൊളളുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഓരോ വര്‍ഷവും ജനുവരി 15ന് മുമ്പായി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സെക്രട്ടറിയും അതതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും നല്‍കുന്ന എസ്റ്റിമേറ്റും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് തയ്യാറാക്കുന്നു. അത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നു.

(1എ) (1)-ാം ഉപവകുപ്പ് പ്രകാരം സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളും ആക്ടിലെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അതില്‍ നിന്നും പഞ്ചായത്തിന്റെ അടുത്ത വര്‍ഷത്തേക്കുളള വരവ്-ചെലവു കാണിക്കുന്ന ഒരു ബജറ്റ് തയ്യാറാക്കുകയും അത് പ്രസ്തുത സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച കഴിയുന്നതിന് മുമ്പായി പഞ്ചായത്ത് മുമ്പാകെ, ഒരു പ്രത്യേക യോഗത്തില്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രസിഡണ്ടിന്റെ ആമുഖ പ്രഖ്യാപനത്തിന് ശേഷം, പഞ്ചായത്തിന്റെ അംഗീകാരത്തിനായി വെക്കുന്നു. (1ബി) പഞ്ചായത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ബജറ്റ് എസ്റ്റിമേറ്റ് ഏത് വര്‍ഷത്തെ സംബന്ധിച്ചാണോ ആ വര്‍ഷം തുടങ്ങുന്നതിനു മുമ്പായി, അതില്‍ എന്തെങ്കിലും ഭേദഗതികളുണ്ടെങ്കില്‍ അതുസഹിതം, അന്തിമമായി പാസ്സാക്കുന്നു.

2) ബജറ്റില്‍ കാണിച്ചിട്ടുളള പ്രവര്‍ത്തന നീക്കിയിരിപ്പ് നടപ്പുവര്‍ഷത്തെ മതിപ്പു വരവില്‍ എന്‍ഡോവ്‌മെന്റുകളിലും സര്‍ക്കാര്‍ ഗ്രാന്റുകളിലും അംശാദായങ്ങളിലും ഋണശീര്‍ഷകങ്ങളിലും നിന്നുള്ള വരവുകള്‍ എന്നിവ ഒഴികെയുള്ളതിന്റെ അഞ്ചു ശതമാനത്തില്‍ കുറയാന്‍ പാടില്ല.

3) മുന്‍ വര്‍ഷത്തെ യഥാര്‍ത്ഥ വരവില്‍ നിന്നുള്ള ഏതൊരു പ്രത്യക്ഷ വ്യതിയാനങ്ങളോടുമൊപ്പം വിശദമായ കുറിപ്പുകളും വിശദീകരണങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.

4) എല്ലാ നിശ്ചിത ചാര്‍ജ്ജുകള്‍ക്കും കടങ്ങള്‍ കൊടുത്തുതീര്‍ക്കുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ അതില്‍ ഉണ്ടായിരിക്കണം.

5) പഞ്ചായത്ത്, ഒരു വര്‍ഷത്തിനിടയ്ക്ക് അതിന്റെ വരവിനേയോ, അത് ഏറ്റെടുത്തിട്ടുളള വിവധ സര്‍വ്വീസുകള്‍ക്കുള്ള ചെലവിനെയോ സംബന്ധിച്ച് കാണിച്ചിട്ടുളള എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് കാണുന്നുവെങ്കില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അനുപൂരകമോ പുതുക്കിയതോ ആയ ഒരു ബജറ്റ് തയ്യാറാക്കി, അനുവാദത്തിനുവേണ്ടി പഞ്ചായത്തിന്റെ മുമ്പാകെ വെക്കേണ്ടതാണ്.

6) അനിവാര്യമായ ഒരു അടിയന്തര സാഹചര്യത്തിലൊഴികെ ചെലവ് ചെയ്യുന്ന സമയത്ത് പ്രാബല്യത്തിലുള്ള ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്ത യാതൊരു തുകയും പഞ്ചായത്തോ പഞ്ചായത്തിന് വേണ്ടിയോ ചെലവാക്കാന്‍ പാടില്ല.

7) ബജറ്റ് പാസാക്കി കഴിഞ്ഞാലുടനെ അതിന്റെ പകര്‍പ്പുകള്‍ സര്‍ക്കാരിനും ഇതിലേക്കായി സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും നല്‍കേണ്ടതും അങ്ങനെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഓരോ ജില്ലയിലും പഞ്ചായത്തുകളുടെ ബജറ്റ് എസ്റ്റിമേറ്റിന്റെ ഒരു സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതുമാണ്.

ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവ പാസാക്കിയ ബജറ്റിന്റെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിനും ജില്ലാ ആസൂത്രണ കമ്മിറ്റിക്കും നല്‍കണം.

8) ഒരു പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയതില്‍ കവിഞ്ഞ എന്തെങ്കിലും ചെലവ് വരുത്തിവെക്കുകയോ ഏപ്രില്‍ ഒന്നാം തീയതിക്കു മുമ്പ് ആ വര്‍ഷത്തേക്കുള്ള ബജറ്റ് പാസ്സാക്കാത്തപക്ഷം അന്നു മുതല്‍ എന്തെങ്കിലും ചെലവ് വരുത്തുകയോ ചെയ്യാന്‍ പാടില്ല.

ബജറ്റും ഗ്രാമസഭയും

ബജറ്റില്‍ വകയിരുത്തിയ തുകയെക്കുറിച്ച് അറിയാന്‍ ഗ്രാമസഭയ്ക്ക് അവകാശമുണ്ട് (വകുപ്പ് 3എ(2)

പഞ്ചായത്ത് പിരിച്ചുവിടുന്നതിനു സര്‍ക്കാരിനുള്ള അധികാരം: ഒരു സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നതിന് മുമ്പ് തൊട്ടടുത്ത സാമ്പത്തികവര്‍ഷത്തെ പഞ്ചായത്തിന്റെ ബജറ്റ് അംഗീകരിക്കുന്നതില്‍ പഞ്ചായത്ത് പരാജയപ്പെടുകയും ആ കാരണത്താല്‍ പഞ്ചായത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുകയോ അല്ലെങ്കില്‍ ഭൂരിപക്ഷം അംഗങ്ങളും രാജിവെയ്ക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം മൂലം അതില്‍ പറയുന്ന തീയതി മുതല്‍ പഞ്ചായത്ത് പിരിച്ചുവിടാവുന്നതും അതിന്റെ ഒരു പകര്‍പ്പ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് സര്‍ക്കാര്‍ അയച്ചുകൊടുക്കേണ്ടതുമാണ്. എന്നാല്‍, അപ്രകാരം പിരിച്ചുവിടുന്നതിന് മുമ്പായി പഞ്ചായത്തിന് പറയാനുള്ളത് പറയാന്‍ ന്യായമായ ഒരവസരം നല്‍കേണ്ടതുണ്ട്.

ബജറ്റും അക്കൗണ്ടിങ് ചട്ടങ്ങളും

2011ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്‌സ്) ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഇപ്രകാരമാണ്.

ബജറ്റ് തയ്യാറാക്കല്‍: 1) 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ 214-ാം വകുപ്പും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വാര്‍ഷിക ബജറ്റ് പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്. (ചട്ടം 71)

2) ഓരോ ഫണ്ടിനും പ്രത്യേകം ബജറ്റ് തയ്യാറാക്കണം. ഇതിന് പുറമേ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് പഞ്ചായത്ത് തയ്യാറാക്കണം.

3) സമാഹൃത ബജറ്റ് എസ്റ്റിമേറ്റിന്റെ കൂടെ താഴെ നിര്‍ദ്ദേശിക്കുന്ന പത്രികകള്‍ കൂടി ഉണ്ടായിരിക്കേണ്ടതാണ്.

എ) റവന്യൂ വരുമാനം സംബന്ധിച്ച എസ്റ്റിമേറ്റ്, ബി) റവന്യൂ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ്, സി) മൂലധന വരവ് സംബന്ധിച്ച എസ്റ്റിമേറ്റ്, ഡി) മൂലധന ചെലവ് സംബന്ധിച്ച്, ഇ) വായ്പ തിരിച്ചടവ് സംബന്ധിച്ച എസ്റ്റിമേറ്റ്, എഫ്) വായ്പകളും മുന്‍കൂറുകളും സംബന്ധിച്ച എസ്റ്റിമേറ്റ്, ജി) ഡെപ്പോസിറ്റുകളും റിക്കവറികളും സംബന്ധിച്ച എസ്റ്റിമേറ്റ്, എച്ച്) നിക്ഷേപങ്ങള്‍ സംബന്ധിച്ച എസ്റ്റിമേറ്റ്

അനുപൂരകമായതോ പുതുക്കിയതോ ആയ ബജറ്റ്:

ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്തതോ ബജറ്റില്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതലോ ആയ ചെലവ് ചെയ്യേണ്ടിവരികയാണെങ്കില്‍, അത്തരം ചെലവ് ചെയ്യുന്നതിന് മുമ്പ് അനുപൂരക ബജറ്റോ പുതുക്കിയ ബജറ്റോ പഞ്ചായത്ത് ചെയ്യേണ്ടിവന്നാല്‍ തൊട്ടടുത്തു ചേരുന്ന പഞ്ചായത്ത് യോഗത്തില്‍ അനുപൂരക ബജറ്റോ പുതുക്കിയ ബജറ്റോ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതാണ്. അടുത്ത വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങളുടെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിക്കുന്ന പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്, തന്നാണ്ടിലെ ബജറ്റില്‍ വകയിരുത്താതെ തുകകള്‍ ചെലവ് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്ന, പുതുക്കിയ ബജറ്റായി കണക്കാക്കാന്‍ പാടില്ല (ചട്ടം 72).

ബജറ്ററി നിയന്ത്രണം:

ഉചിതമായ ബജറ്റ് വകയിരുത്തിയിട്ടില്ലെങ്കില്‍ ഒരു ചെലവും അവദനീയമല്ല. ഉചിതമായ ബജറ്റ് നിയന്ത്രണം കൈവരുത്തുന്നതിനുളള ഉത്തരവാദിത്തം സെക്രട്ടറിക്കും നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കും അക്കൗണ്ടന്റിനുമായിരിക്കും. (ചട്ടം73)

ചെലവ് ഏറ്റെടുക്കല്‍:

ചെലവിന് ആവശ്യമായ തുക ബജറ്റില്‍ വകയുരുത്തിയിട്ടില്ലെങ്കില്‍ അനുമതി ഉത്തരവ് അല്ലെങ്കില്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കൊണ്ട് ഒരു ചെലവും ഏറ്റെടുക്കാന്‍ പാടില്ലാത്തതാണ്. ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലെങ്കില്‍ അനുമതി ഉത്തരവോ വര്‍ക്കിങ്ങ് ഓര്‍ഡറോ സെക്രട്ടറി പുറപ്പെടുവിക്കാന്‍ പാടില്ല. ചെലവ് ചെയ്യേണ്ടതാണെങ്കില്‍ അനുപൂരക ബജറ്റോ പുതുക്കിയ ബജറ്റോ വഴി ആവശ്യമായ അധിക തുക ബജറ്റില്‍ വകയിരുത്തേണ്ടതാണ്. (ചട്ടം74)

Related Articles
Next Story
Share it