ഷാര്‍ജയിലെ പുസ്തക പൂന്തോട്ടം

ഷാര്‍ജ പുസ്തകോത്സവത്തില്‍ നിറയെ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള ലക്ഷകണക്കിന് പുസ്തകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച എന്തൊരാനന്ദകരമാണെന്നോ. 118 രാജ്യങ്ങളാണ് പുസ്തകോത്സവത്തില്‍ പങ്കെടുത്തത്. 2350 പ്രസാദകര്‍. 20 ലക്ഷത്തിലേറെ സന്ദര്‍ശകര്‍.

പൂന്തോട്ടം നിറയെ പൂക്കള്‍ പോലെ, ഷാര്‍ജ പുസ്തകോത്സവത്തില്‍ നിറയെ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള ലക്ഷകണക്കിന് പുസ്തകങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച എന്തൊരാനന്ദകരമാണെന്നോ. 118 രാജ്യങ്ങളാണ് പുസ്തകോത്സവത്തില്‍ പങ്കെടുത്തത്. 2350 പ്രസാദകര്‍. 20 ലക്ഷത്തിലേറെ സന്ദര്‍ശകര്‍. 'പുസ്തകവും നിങ്ങളും തമ്മില്‍' എന്ന തലവാചകത്തില്‍ അരങ്ങേറിയ പുസ്തകോത്സവം ഓരോ സന്ദര്‍ശകന്റെയും ലോകമായി, സുഹൃത്തായി, മരുന്നായി മാറുകയായിരുന്നു. വായനയുടെ ഉത്സവമെന്നാണ് രാജ്യാന്തര പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ ഓരോ ആളുകളും വിശേഷിപ്പിച്ചത്. 12 ദിവസം വായനയുടെയും സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി ഷാര്‍ജ മാറുകയായിരുന്നു. മലയാളികളടക്കമുള്ള വായനാ പ്രിയര്‍ ഒരു മേളയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് അവിസ്മരണീയമായ അനുഭവമായി മാറി. മലയാളത്തില്‍ നിന്ന് കവി സച്ചിദാനന്ദനും വയലാര്‍ അവാര്‍ഡ് ജേതാവ് ഇ. സന്തോഷ് കുമാറും കെ.ആര്‍. മീരയുമൊക്കെ പുസ്തകോത്സവത്തിന്റെ ഭാഗമാവാനെത്തി. അറിയപ്പെടുന്ന എഴുത്തുകാര്‍ക്ക് മാത്രമല്ല, അറിയപ്പെടാത്തവര്‍ക്ക് പോലും തങ്ങളുടെ രചനകള്‍ വായനക്കാരുടെ കൈകളിലെത്തിക്കാനുള്ള അവസരമാണ് ഷാര്‍ജ പുസ്തകോത്സവം തുറന്ന് കൊടുത്തത്. യു.എ.ഇയുടെ സാംസ്‌കാരിക മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജ, വിഞ്ജാനം ലോകമാകെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു. ഷാര്‍ജ ഭരണാധികാരി ഷെയ്ക് ഡോ. സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് കുട്ടികളുമൊത്ത് വന്നാണ്.

അപ്രതീക്ഷിതമായാണ് ഇത്തവണ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം എനിക്കുണ്ടായത്. അതൊരു ഭാഗ്യമെന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. പുസ്തകോത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കരയുടെ ക്ഷണം.

'പുസ്തകോത്സവ വേദിയില്‍ അസോസിയേഷന്‍ ഒരു സംവാദം സംഘടിപ്പിക്കുന്നുണ്ട്, ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ ഇനിയും യോഗ്യത നേടാത്തതെന്തേ എന്ന വിഷയത്തിലാണ് സംവാദം. അന്താരാഷ്ട്ര കായിക എഴുത്തുകാരനും ചന്ദ്രിക എഡിറ്ററുമായ കമാല്‍ വരദൂര്‍ സംബന്ധിക്കുന്നുണ്ട്. അതിഥിയായി ഷാഫിയും വരണം....'

ഷാര്‍ജ പുസ്തകോത്സവത്തില്‍ സംബന്ധിക്കണമെന്നത് വര്‍ഷങ്ങളായി മനസിലിട്ട് നടന്ന ഒരു സ്വപ്‌നമായിരുന്നു. നിസാര്‍ തളങ്കരയുടെ ക്ഷണം ആ ആഗ്രഹത്തെ വല്ലാതെ പൊലിപ്പിച്ചു. സുഹൃത്ത് സമീര്‍ ബെസ്റ്റ്ഗോള്‍ഡിനും ഇബ്രാഹിം ബാങ്കോടിനുമൊപ്പം ഷാര്‍ജയിലേക്ക് തിരിച്ചു. മനസ് നിറയെ ഷാര്‍ജ ബുക്ക് ഫെയറിനെ കുറിച്ച് കാലങ്ങളായി കേട്ടറിഞ്ഞ നിറമുള്ള കഥകളായിരുന്നു. ലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ സംഗമവേദിയാണത്. ലക്ഷകണക്കിന് പുസ്തകങ്ങള്‍, നിരവധി രാജ്യങ്ങളുടെ സാന്നിധ്യം, വ്യത്യസ്ത ഭാഷകളിലുള്ള രചനകള്‍...

പുസ്തകോത്സവം സമാപിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അവിടെയെത്തിയത്. ഷാര്‍ജ എക്സ്പോ സെന്ററിലെ പാര്‍ക്കിംഗ് ബില്‍ഡിംഗില്‍ ഒമ്പതാം നിലയില്‍ കയറിയിട്ടും കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഒരിടമില്ല. അത്രമാത്രം തിരക്ക്. ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കനിവില്‍ ഏറ്റവും മുകളിലെ ഒരു മൂലയില്‍ ഒരിടം അനുവദിച്ച് കിട്ടി. അവിടെ പാര്‍ക്ക് ചെയ്ത് തൊട്ടടുത്ത വിശാലമായ കെട്ടിടത്തിലെ പുസ്തകോത്സവ വേദിയിലേക്ക് ഇറങ്ങാന്‍ ഓടി ലിഫ്റ്റില്‍ കയറുമ്പോഴാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഫിനാന്‍സിംഗ് ഹെഡ് റാഫി പട്ടേല്‍ എന്ന മുഹമ്മദ് റഫീഖിനെ അവിചാരിതമായി കാണുന്നത്. അദ്ദേഹം ഞങ്ങളേയും കൂട്ടി പുസ്തകോത്സവ നഗരിയിലേക്ക് ഒരോട്ടമായിരുന്നു. രാത്രി 7 മണിക്ക് ആരംഭിക്കുന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുണ്ട്. റൈറ്റേഴ്‌സ് ഫോറത്തില്‍ നടക്കുന്ന പ്രകാശന ചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം പരമാവധി 20 മിനിറ്റ് ആണ്. ഒരു മിനിറ്റ് കൂടുതല്‍ കിട്ടില്ല. അങ്ങനെ ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഓരോ പുസ്തകങ്ങള്‍ പ്രകാശിതമാവുന്നു. അവയില്‍ വ്യത്യസ്ത ഭാഷകളിലുള്ള വിവിധ പുസ്തകങ്ങളുണ്ട്. ചില നേരങ്ങളില്‍ ആ 20 മിനിറ്റ് പരിധിയില്‍ രണ്ടും മൂന്നും പുസ്തകങ്ങള്‍ പ്രകാശിതമാവുന്നത് കണ്ടു. വലിപ്പ ചെറുപ്പമില്ലാതെ ഏത് രചയിതാക്കള്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള അവസരമുണ്ട്.


പ്രധാന കവാടത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ ധൃതിയില്‍ നടന്നു. ഗേറ്റ് നമ്പര്‍ 7 ലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പുസ്തക സ്റ്റാളുകളുളളത്. ഒരു ഉത്സവപ്പറമ്പ് പോലെ ആഘോഷ മേളമാണിവിടെ. ആളുകള്‍ക്ക് ഇടയിലൂടെ തിക്കിത്തിരക്കി ഞങ്ങള്‍ റൈറ്റേഴ്‌സ് ഫോറത്തിലെത്തി. കേരളത്തിലെ കോളേജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇയിലെ അലൂമ്‌നി കൂട്ടായ്മയായ അക്കാഫ് ജന. സെക്രട്ടറിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്കാണ് എന്നെയുംകൊണ്ട് റാഫി പട്ടേല്‍ ആദ്യം ചെന്നത്. ഏറ്റവും മുന്‍ നിരയില്‍ തന്നെ എനിക്ക് വേണ്ടി ഒരു കസേരയൊരുക്കി. 20 മിനിറ്റ് ആകുമ്പോഴേക്കും ചുരുങ്ങിയ വാക്കുകളില്‍ മൂന്ന് നാല് പേര്‍ സംസാരിച്ച് പുസ്തക പ്രകാശന ചടങ്ങ് ഭംഗിയായി അവസാനിപ്പിച്ചു. അപ്പോഴേക്കും പുതിയ രചയിതാക്കള്‍, പുതിയ പുസ്തകങ്ങളുമായി വേദിയിലേക്ക്... കുഞ്ഞു കുഞ്ഞു പ്രസംഗങ്ങള്‍, പ്രകാശനങ്ങള്‍... വീണ്ടും അടുത്ത പുസ്തകങ്ങള്‍-അങ്ങനെ രാവ് വൈകുവോളം അളവറ്റ പുസ്തകങ്ങള്‍ പുസ്തകോത്സവ നഗരിയില്‍ പെറ്റു വീണുകൊണ്ടിരുന്നു.


വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അവിടങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കാനുമുള്ള അവസരങ്ങളുമുണ്ടായി. നിസാര്‍ തളങ്കരയോടൊപ്പം പുസ്തകോത്സവ നഗരി കറങ്ങിക്കണ്ടു. നിസാര്‍ തളങ്കരക്ക് എങ്ങും വലിയ സ്വീകാര്യതയാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ട് പദവി വല്ലാത്ത സന്തോഷത്തോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ കൊണ്ടാടുന്നത്. നിസാറിന് ചുറ്റും പ്രമുഖ വ്യക്തികളടക്കമുള്ളവര്‍ കൂടുന്നു. ഫോട്ടോ എടുക്കുന്നു. കുശലം പറയുന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം ഇന്ത്യയുടെ ഒരു ക്യാബിനറ്റ് മന്ത്രിയുടെ പദവി പോലെയാണ് പലരും ആദരപൂര്‍വ്വം കാണുന്നത്. അത്തരം ഉത്തരവാദിത്വങ്ങള്‍ ഉണ്ട് താനും. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന, അധ്യാപകരടക്കം ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന, വന്‍ ബാങ്ക് ബാലന്‍സുള്ള, ജോലി സംബന്ധമായതടക്കം പ്രവാസികളുടെ എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന വലിയൊരു സംഘടന എന്ന നിലക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ഒരു അഭയ കേന്ദ്രമായാണ് ഷാര്‍ജയിലെ ഭാരതീയര്‍ കാണുന്നത്.


അസോസിയേഷന്റെ ബഹുനില ഓഫീസില്‍ ചെന്നാല്‍ ഇക്കാര്യം വ്യക്തമാവും. പ്രസിഡണ്ടിന്റെ വരവും കാത്തിരിക്കുന്ന നിരവധി പേര്‍ക്കിടയില്‍ നിസാര്‍ തളങ്കര കയറിച്ചെല്ലുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പ്രതീക്ഷയും പുഞ്ചിരിയും ആ പദവിയുടെ വലിപ്പം എന്താണെന്ന് വിളിച്ചുപറയുന്നുണ്ട്.

സമീര്‍ ബെസ്റ്റ് ഗോള്‍ഡ് അസോസിയേഷനെക്കുറിച്ച് അദ്ദേഹത്തോട് തിരക്കികൊണ്ടിരുന്നു. നിസാര്‍ തളങ്കര ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചരിത്രവും വളര്‍ച്ചയും വിവരിക്കുമ്പോള്‍ അതിശയംകൊണ്ട് സമീറിന്റെ നെറ്റി വിടരുന്നത് കണ്ടിട്ടുണ്ട്. 'മാഷാ അല്ലാഹ്, ഞങ്ങളുടെ നാട്ടില്‍ നിന്ന് ഒരാള്‍ ഈ പദവിയിലെത്തിയല്ലോ, വലിയ സന്തോഷം...' - സമീര്‍ നിസാറിനെ കെട്ടിപ്പുണര്‍ന്നു.


നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി, രണ്ടായിത്തിലേറെ പ്രതിഭകള്‍ സംഗമിച്ച, ലക്ഷക്കണക്കിനാളുകള്‍ ഒഴുകിയെത്തിയ പുസ്തകോത്സവം സമാപിക്കാനിനി രണ്ട് ദിവസം മാത്രം. അവസാനിക്കാറാകുമ്പോഴേക്കും ആള്‍ക്കൂട്ടത്തിന്റെ ബഹളം ഏറുകയാണ്.

(തുടരും)

Related Articles
Next Story
Share it