നൂറിന്റെ നിറവില്‍ പക്ഷിപ്പാട്ട്
അക്ബര്‍ സദഖയുടെ സംശയവും ഇണക്കിളിയുടെ പരാതിയും

മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി ചേര്‍ന്ന് വിപുലമായ തരത്തിലാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. തീയതിയും സ്ഥലവുമൊക്കെ നിശ്ചയിച്ചു കഴിഞ്ഞു. മൊഗ്രാലിലെ നടുത്തോപ്പില്‍ അബ്ദുല്ല എഴുതിയ ഈ കൃതി നൂറ് കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട, നാടാകെ പാടിക്കേട്ട പാട്ട് കഥയാണിത്.
മൊഗ്രാലില്‍ പിറന്ന പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി ചേര്‍ന്ന് വിപുലമായ തരത്തിലാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. തീയതിയും സ്ഥലവുമൊക്കെ നിശ്ചയിച്ചു കഴിഞ്ഞു.
എന്താണ് പക്ഷിപ്പാട്ട്. മൊഗ്രാലിലെ നടുത്തോപ്പില്‍ അബ്ദുല്ല എഴുതിയ ഈ കൃതി നൂറ് കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട, നാടാകെ പാടിക്കേട്ട പാട്ട് കഥയാണിത്.
പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായിരുന്ന പ്രൊ. ഇബ്രാഹിം ബേവിഞ്ച എഴുതിയ 'പക്ഷിപ്പാട്ട്-ഒരു പുനര്‍വായന' എന്ന പുസ്തകത്തില്‍ പക്ഷിപ്പാട്ടിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മൊഗ്രാല്‍ മാപ്പിള്ളപ്പാട്ട് ആസ്വാദക സംഘം 2008ല്‍ പുറത്തിറക്കിയ ഈ പുസ്തകം പക്ഷിപ്പാട്ടിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇബ്രാഹിം ബേവിഞ്ചയുടെ പുസ്തകത്തില്‍ 'കഥാ വായന' എന്ന സബ് ടൈറ്റിലില്‍ പക്ഷിപ്പാട്ടിനെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്:
'പക്ഷിപ്പാട്ടിലെ കഥ ഇതാണ്. തന്റെ ആണ്‍പക്ഷിയുമൊത്ത് നാല്‍പത് കൊല്ലം ജിവിച്ച ഒരു പെണ്‍പക്ഷി ഒരു ദിവസം രണ്ടുനേരം മുട്ടയിട്ടതിന്റെ പേരില്‍ ഭര്‍ത്താവിന്റെ സംശയത്തിനിരയാകുന്നു. അങ്ങനെ ആ പെണ്ണിനെ ആട്ടിപ്പുറത്താക്കപ്പെടുന്നു. തന്റെ ചാരിത്ര്യശുദ്ധി ആണിണയെ പറഞ്ഞു മനസ്സിലാക്കണമെന്ന് നബിയോട് പെണ്‍പക്ഷി അഭ്യര്‍ത്ഥിക്കുന്നു. ഇണപ്പക്ഷിയെ കൂട്ടി വന്നാല്‍ സങ്കടം തീര്‍ക്കാമെന്ന് നബി മറുപടി പറയുന്നു. താന്‍ പോയി വിളിച്ചാല്‍ അക്ബര്‍ സദഖ എന്ന ആണിണ വരില്ലെന്നും നബി തന്നെ ഒരാളെ അയച്ചു വരുത്തണമെന്നും പരാതിക്കാരിയായ പക്ഷി പറഞ്ഞപ്പോള്‍ എവിടെയാണ് നിന്റെ ഇണപ്പക്ഷിയുടെ വാസമെന്ന് നബി അന്വേഷിച്ചു. ഉയരമുള്ള ജബല്‍ ഖുബൈസ് കഴിഞ്ഞ്, പിന്നെ ജബല്‍ നൂറും കഴിഞ്ഞ് ഒരു മൈതാനിയും കഴിഞ്ഞ് മൂസ നബി ജനിച്ച തൂരിസിനാ മലയാണ് സ്ഥലമെന്ന് അറിയിച്ചപ്പോള്‍ പ്രവാചകന്‍ പള്ളീല്‍ ബിലാലിനെ പറഞ്ഞയക്കുന്നു. ബിലാല്‍ അവിടെയെത്തി പക്ഷിയെ പേര് ചൊല്ലി രണ്ടു തവണ വിളിച്ചിട്ടും അത് കേട്ടഭാവം നടിച്ചില്ല. ദേഷ്യപ്പെട്ട് മൂന്നാം തവണ വിളിച്ചപ്പോള്‍ തന്റെ ആനന്ദച്ചുണ്ട് പുറത്താക്കിക്കാണിച്ച് എന്നെ വിളിച്ച ബാലനായ നീ ആരാണെന്ന് അഹങ്കാരത്തോടെ ചോദിച്ചു. നബിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഞാന്‍ വന്നതെന്നറിയിച്ചപ്പോള്‍ അക്ബര്‍ സദഖ പറയുന്നതിങ്ങനെയാണ്. മുന്നൂറ്റിപന്ത്രണ്ട് പട്ടങ്ങള്‍ വാണുള്ള നബികളെയെല്ലാം എനിക്കറിയാം. പക്ഷെ നിന്റെ നബിയെ മാത്രം കണ്ടിട്ടില്ല. അതുകൊണ്ട് അക്ബര്‍ സദഖ വിളിക്കുകയാണെന്ന് നീ നിന്റെ നബിയോട് പറയണം. ഇതുകേട്ട ബിലാല്‍ മടങ്ങി നബിയോട് വിവരം പറയുന്നു. തുടര്‍ന്ന് ഉമറിനെ അയക്കുന്നു. ബിലാലിനോട് കാണിച്ചതും പറഞ്ഞതുമെല്ലാം അക്ബര്‍ സദഖ ഉമറിനോടും ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് നബി തന്റെ മരുമകനായ വള്ളിപ്പുലി അലി വീരപ്പുലി ഉണ്ടായിരുന്നതെങ്കില്‍ പക്ഷിയെ കൂട്ടി വരുമായിരുന്നുവെന്ന് വിചാരിക്കുന്നു. 93 ദിവസത്തെ വഴി ദൂരത്താണ് അലിയുള്ളത്. യുദ്ധത്തിനായി പോയിരിക്കുകയാണ്. സ്വപ്നത്തിലൂടെ അലി നബിയുടെ വിചാരം അറിയുന്നു. തന്റെ ദുല്‍ദുല്‍ കുതിരയില്‍ കയറി സുബ്ഹി നിസ്‌കാര സമയത്ത് നബി സന്നിധാനത്തില്‍ എത്തുന്നു. അലിയുടെ യാത്ര വേഗത്തിലാവാന്‍ അല്ലാഹു ഭൂമിയെ ചുരുക്കാനായി ജിബ്‌രീലിനോട് കല്‍പിച്ചതിന്റെ ഫലമായിരുന്നു അത്. അക്ബര്‍ സദഖയെ തേടി അലി എത്തുന്നു.
പതിവ് പോലെ ഒന്നും രണ്ടും വിളിക്ക് ഉത്തരം കിട്ടാതിരുന്നപ്പോള്‍ ആകാശവും ഭൂമിയും വിറച്ചുപോകുന്ന തരത്തില്‍ മൂന്നാം തവണ വിളിച്ചു. അലിയാറിനെ ചിങ്കപ്പുലിയലിയാര്‍ എന്ന് അക്ബര്‍സദഖ വിശേഷിപ്പിക്കുകയും ചെയ്തു. പക്ഷി അലിയാറോടും പറഞ്ഞത് മുമ്പ് വന്നവരോട് പറഞ്ഞ അതേ വര്‍ത്തമാനങ്ങള്‍ തന്നെയായിരുന്നു. മുന്നൂറ്റി പതിമൂന്ന് തികഞ്ഞ നബിയാണെന്നായിരുന്നു അതിനുള്ള അലിയുടെ മറുപടി. അങ്ങനെയുള്ള ഒരു നബിയുണ്ടെങ്കില്‍ നാലാംവേദം ശരിയായി നടത്താത്തതെന്ത് എന്നായി പക്ഷി. വിശദീകരണം ആരാഞ്ഞപ്പോള്‍ പക്ഷി പറഞ്ഞത് ഇങ്ങനെ. ഇബ്‌നു ഉബൈദുള്ള എന്ന അസ്ഹാബിയുടെ പ്രിയപ്പെട്ട മകളെ, പ്രസവിച്ച് അറുപത്തി മൂന്നാം ദിവസത്തില്‍ ഇഫ്രീത്ത് ജിന്ന് തട്ടിക്കൊണ്ടുപോയി പതിനാറു വര്‍ഷമായി 'കാഫിറാ'യി വളര്‍ത്തുകയാണ്. ആ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നിന്റെ നബിക്ക് സാധിക്കാത്തതെന്ത്?
ഇതുകേട്ട അലി ഇഫ്രീത്ത് രാജാവിന്റെ കോട്ടയെ ലക്ഷ്യമാക്കി പോകുന്നു. തൂരിസിനാ മലയുടെ വലത് ഭാഗത്ത് കല്ല് കൊണ്ട് മൂടിയ ഒരു ഗുഹ. മനുഷ്യനായ ആരെങ്കിലും ഈ ഗുഹയില്‍ ഇറങ്ങിയാല്‍ അയാളെ തീ കൊണ്ട് ചുട്ടുകരിക്കുമെന്ന് എഴുതിയിരുന്നു. അലി തന്റെ കുതിരയെ ഗുഹയുടെ അടപ്പില്‍ തന്നെ കെട്ടിയിട്ട് അതിനകത്തേക്ക് നടന്നു. തുടര്‍ന്ന് അലി വലിയൊരു സമുദ്രത്തെയും അതിന്റെ കാവല്‍ക്കാരായ രണ്ടു പാമ്പുകളെയും കാണുന്നു. ആ നാഗങ്ങള്‍ അലിയാറിനെ തിരിച്ചറിയുന്നു. അലിയെ ചില വ്യവസ്ഥകളോടെ പാമ്പുകള്‍ കോട്ടക്കകത്തെത്തിക്കുന്നു. പിന്നീട് അലി കാണുന്നത് ഒരു മരത്തെയാണ്. മരം അലിയാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഏഴു കോട്ടകളുടെയും താക്കോലുകള്‍ മരം അലിയാര്‍ക്ക് നല്‍കി. അതിനും ചില വ്യവസ്ഥകളുണ്ടായിരുന്നു. ഓരോ കോട്ടയുടെയും വാതിലുകള്‍ തുറക്കുമ്പോള്‍ അത്ഭുതകരമായ കാഴ്ചകളാണ് അലിയാര്‍ കാണുന്നത്. ഏഴാമത്തെ കോട്ടക്കുള്ളില്‍, ഇഫ്രീത്ത് കട്ടുകൊണ്ടുപോയ പെണ്‍കുട്ടിയെ ഒരു ജിന്ന്ഭൂതത്തിന്റെ കാവലില്‍ അലി കണ്ടു. അലി അവളെ ഉണര്‍ത്തി. മക്കത്തലിയാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇവിടെ വരാനാവില്ല എന്നായിരുന്നു അവളുടെ പ്രതികരണം. ഇഫ്രീത് രാജന്‍ വേട്ടക്ക് പോയിരിക്കുകയാണെന്നും മടങ്ങിവരുന്നതിന്റെ ആരവങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ആ പെണ്‍കിടാവ് പറഞ്ഞു. അകത്തെത്തിയ ഇഫ്രീത്ത് കോട്ടകളെല്ലാം തുറന്ന് കിടക്കുന്നത് കാണുന്നു. ആരാണകത്ത് വന്നിരിക്കുന്നതെന്നറിയാതെ തട്ടിക്കൊണ്ട് വന്ന പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിക്കുന്നു. തനിക്ക് മനുഷ്യനെ മണക്കുന്നുവെന്നും തനിക്ക് അലിയെ മണക്കുന്നുവെന്നും ഇഫ്രീത്ത് രാജന്‍ പറഞ്ഞു. മക്കത്തലിയെ ഇവിടെകണ്ടാല്‍ താന്‍ ചുട്ടുകരിച്ചുകളയുമെന്ന് വീരവാദം മുഴക്കിയപ്പോള്‍ അലിയാര്‍ അയാളുടെ മുന്നില്‍ ചാടിവീണു. ഇഫ്രീത്ത് രാജാവിനോട് അലി ഇസ്ലാം മതം വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നു. പിന്നീട് രാജാവിന്റെ ഒസീറന്മാരുമായി ഏറ്റുമുട്ടുന്നു. മല്‍പിടിത്തം നടത്തുന്നു. അവസാനം ഉഹദ് മല പോലെ രാജാവ് വീഴുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിക്കൊണ്ട് അലിയാര്‍ മടങ്ങുന്നു. അക്ബര്‍ സദഖ ഇരിക്കുന്ന സ്ഥലത്തെത്തുന്നു. അലിയാറിന്റെ ആദ്യത്തെ വിളിയില്‍ തന്നെ ആ പക്ഷി 'ലബ്ബയ്ക്കും ലബ്ബയ്ക്കും' രാജാവേ എന്നിങ്ങനെ അഭിവാദനം ചെയ്യുന്നു. ഇപ്പോള്‍ തനിക്ക് അലിയുടെ പ്രവാചകന്‍ മുത്ത് നബി തന്നെയാണെന്ന് മനസ്സിലായതായി പറഞ്ഞുകൊണ്ട് അലിയാറിന്റെ കൂടെ നബിയുടെ സന്നിധാനത്തിലെത്തുന്നു.
എന്നിട്ട് തന്റെ പെണ്‍ പക്ഷിയെക്കുറിച്ചുള്ള സംശയം ഉന്നയിക്കുന്നു. പടച്ചോന്റെ കുദ്‌റത്താണത് എന്ന് നബി പറഞ്ഞതോടെ അക്ബര്‍ സദഖിന്റെ സംശയം നീങ്ങിപ്പോയി. പക്ഷി നബിയോട് മാപ്പ് ചോദിച്ചു. ഇണയേയും കൂട്ടി തന്റെ താമസ സ്ഥലത്തേക്ക് മടങ്ങി. ഇബ്‌നു ഉബൈദുള്ളയുടെ മകള്‍ ഇഫ്രീത്തിന്റെ കോട്ടയില്‍ താമസിക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ പ്രവാചകനോട് പറഞ്ഞു. ഇങ്ങനെ പാട്ടിലെ കഥ സമംഗളം അസാനിക്കുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി, രണ്ടുപക്ഷികള്‍, ബിലാല്‍, ഉമര്‍, അലി എന്നീ സ്വഹാബികള്‍, തട്ടിക്കൊണ്ടുവരപ്പെട്ട പെണ്‍കിടാവ്, രണ്ടു നാഗങ്ങള്‍, ഒരു വന്മരം, ഇഫ്രീത്ത് രാജാവ്, വസീറന്മാര്‍ ഇത്രയും പേരെ ചേര്‍ത്തു വെച്ചുകൊണ്ടാണ് നടുത്തോപ്പില്‍ അബ്ദുല്ല 'പക്ഷിപ്പാട്ടി'നെ രൂപപ്പെടുത്തിയിരിക്കുന്നത്. ഇണപ്പക്ഷി ഇണയോട് പരാതി പറയുന്നു. ആണിണ ആ കഥയെ വികസിപ്പിക്കുന്നു.
***
പാട്ട് കഥകളുടെ കൂട്ടത്തിലാണ് അക്ബര്‍ സദഖ പക്ഷിപ്പാട്ടിനെപ്പെടുത്തേണ്ടത്. നടുത്തോപ്പില്‍ അബ്ദുല്ല എഴുതിയ ഈ മാപ്പിള കാവ്യം ഒരു കാലഘട്ടത്തില്‍ വിസ്മയിപ്പിക്കുന്ന ജനകീയത നേടിയിരുന്നു. ആരിലും അത്ഭുതം ജനിപ്പിക്കുന്ന തരത്തിലാണ് കവിതയിലെ കഥയും അതിന്റെ ആവിഷ്‌ക്കാരവും നടത്തിയിരിക്കുന്നത്. സ്പഷ്ടത, ലാളിത്യം, സരളത, കാസര്‍കോടന്‍ മലയാളത്തിലുള്ള അപൂര്‍വ്വ പദങ്ങളുടെ ചേരുവ ഇങ്ങനെയാണ് ഈ പാട്ടിനെ നെയ്‌തെടുത്തിരിക്കുന്നത്. കേരളത്തിലെ മുസ്ലീം സ്ത്രീകളുടെയിടയില്‍ പ്രചുരപ്രചാരം നേടിയ കൃതിയായിട്ടാണ് പക്ഷിപ്പാട്ട് വിശേഷിക്കപ്പെടുന്നത്.
കേരളത്തില്‍ ഷിയാ സ്വാധീനം വ്യാപിച്ചിരുന്ന കാലത്താണ് ഇത്തരത്തിലുള്ള ചില മാപ്പിളപ്പാട്ടുകള്‍ ഉണ്ടായത്. പക്ഷിപ്പാട്ടിനും ഷിയാ സ്വാധീനം തെളിഞ്ഞു കാണാം.
അലിയും ഭാര്യ ഫാത്തിമയും പേര്‍ഷ്യക്കാരുമായി ബന്ധപ്പെടുന്നത് ഷിയാസ്വാധീനത്തിന്റെ ഫലമായാണ്. പേര്‍ഷ്യന്‍ വാക്കുകള്‍ ധാരാളമായി മലയാളത്തിലുണ്ട്. മൊല്ല എന്ന പദം കേരളത്തില്‍ പ്രചാരമുള്ള വാക്കാണ്. അറിവ് പകര്‍ന്നു കൊടുക്കുന്ന പണ്ഡിതനാണ് മൊല്ലാക്ക. ഇത് പേര്‍ഷ്യന്‍ സംഭാവനയാണ്. 'ബാങ്കും' പേര്‍ഷ്യന്‍ പദം തന്നെ. പഞ്ചായത്ത്, ജില്ല, തഹസില്‍ദാര്‍ തുടങ്ങി ഭരണ നിയമ രാഷ്ട്രീയ രംഗങ്ങളിലും കോടതി ഭാഷയില്‍ പോലും പേര്‍ഷ്യന്‍ സ്വാധീനം കാണാം. പള്ളിദര്‍സ് പാനത്തില്‍ പോലും ഈ സ്വാധീനമുണ്ട്. ദര്‍സുകളില്‍ ഓതുന്ന സഞ്ചാന്‍, മീസാന്‍, മുക്തസര്‍ പോലുള്ള കിതാബുകള്‍ പേര്‍ഷ്യന്‍ പണ്ഡിതന്മാര്‍ രചിച്ചതാണ്.
നൂറാം വാര്‍ഷികം 31ന് കാസര്‍കോട്ടും മൊഗ്രാലിലും; സംഘാടക സമിതിക്ക് ഒഴുകിയെത്തിയത് നിറഞ്ഞ സദസ്
പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം ജനുവരി 31ന് മൊഗ്രാലില്‍ സംഘടിപ്പിക്കുന്നു
കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം ജനുവരി 31ന് ശനിയാഴ്ച മൊഗ്രാലില്‍ സംഘടിപ്പിക്കാന്‍ സ്വാഗതസംഘം രൂപീകരണ യോഗം തീരുമാനിച്ചു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ വ്യാഴ്‌ഴാച ചേര്‍ന്ന യോഗത്തിന് ജില്ലയില്‍ നിന്നുള്ള മാപ്പിളകലാരംഗത്തെ പ്രമുഖരടക്കം നിറഞ്ഞ സദസാണ് എത്തിയത്.
മാപ്പിളപ്പാട്ടിലെ ശ്രദ്ധേയമായ ഒരു കാവ്യശൃംഖലയാണ് പക്ഷിപ്പാട്ട്. മൊഗ്രാല്‍ സ്വദേശി നടുതോപ്പില്‍ അബ്ദുല്ലയുടെ രചനയില്‍ ഇത് ഇന്നും ഇമ്പമാര്‍ന്ന ഈണത്തില്‍ പ്രസിദ്ധമാണ്. 31ന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. അന്ന് വൈകിട്ട് മൊഗ്രാലില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മാപ്പിള കലാ പരിപാടികള്‍ അരങ്ങേറും.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി നിര്‍വാഹക സമിതി അംഗം പക്കര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കെ.വി കുമാരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍, ടി.എ ഷാഫി, ബഷീര്‍ അഹമ്മദ് സിദ്ദിഖ്, അഷ്റഫലി ചേരങ്കൈ, സെഡ്.എ മൊഗ്രാല്‍, എ.എസ് മുഹമ്മദ്കുഞ്ഞി, നാഷണല്‍ അബ്ദുല്ല, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹമീദ് കോളിയടുക്കം, ജുനൈദ് തൃക്കരിപ്പൂര്‍ സംസാരിച്ചു. സിദ്ദീഖ് എരിയാല്‍, ടി.കെ അന്‍വര്‍, ഇ.എം ഇബ്രാഹിം എന്നിവര്‍ പക്ഷിപ്പാട്ട് അവതരിപ്പിച്ചു. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ.എച്ച് മുഹമ്മദ് നന്ദിയും നന്ദിയും പറഞ്ഞു.
സ്വാഗതസംഘം തിരഞ്ഞെടുത്തു: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം എന്നിവര്‍ രക്ഷാധികാരികളും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ ചെയര്‍മാനും കെ.എം മുഹമ്മദ് മൊഗ്രാല്‍ വര്‍ക്കിംങ് ചെയര്‍മാനും കെ.എച്ച് മുഹമ്മദ് ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

