തൊഴിലുറപ്പിനെ തൊഴിച്ചുമാറ്റുന്ന വ്യവസ്ഥകള്‍

അധ്വാനിച്ച് ജീവിക്കുന്നവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ അതിദാരിദ്ര്യത്തെ പ്രതിരോധിക്കാനുമാണ് 2005ല്‍ മഹാത്മാഗാന്ധിയുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. തൊഴിലുറപ്പില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ ഉപജീവനത്തിനായി തേടുന്ന മറ്റുവഴികളൊന്നും ഈ പദ്ധതി നല്‍കുന്ന സുരക്ഷിതത്വത്തിനും അന്തസിനും പകരമാകില്ല.
തൊഴിലുറപ്പിനെ തൊഴിച്ചുമാറ്റുന്ന കടുപ്പമുള്ള വ്യവസ്ഥകളടങ്ങിയ പുതിയ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതോടെ രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളി സമൂഹം വലിയ ആശങ്കയിലായിരിക്കുകയാണ്. 2005ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് അടിമുടിമാറ്റം വരുത്തി തൊഴിലാളിവിരുദ്ധ പദ്ധതിയാക്കി ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റി വിബി-ജി റാംജി എന്ന പേരിട്ടാണ് പദ്ധതിയില്‍ വികലമായ പരിഷ്‌ക്കരണം നടത്തിയിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ തൊഴിലുറപ്പിനെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ പട്ടികക്ക് നിന്ന് പുറത്താകും. അതിനാവശ്യമായ അപകടകരമായ വ്യവസ്ഥകളുമായാണ് റാംജി തൊഴിലുറപ്പ് പദ്ധതി തൊഴിലാളിജീവിതത്തിലേക്ക് അതിക്രമിച്ചുകയറുന്നത്. അധ്വാനിച്ച് ജീവിക്കുന്നവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ അതിദാരിദ്ര്യത്തെ പ്രതിരോധിക്കാനുമാണ് 2005ല്‍ മഹാത്മാഗാന്ധിയുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. യു.പി.എ സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷത്തിന്റെ ആശയം കൂടിയായിരുന്നു ഇത്.
2005 സെപ്തംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സെപ്തംബര്‍ 7 ന് നിലവില്‍ വരികയും ജമ്മു-കാശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. അവിദഗ്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതികൊണ്ട് ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ സ്വന്തം നാട്ടില്‍ ഉറപ്പുനല്‍കുന്നതോടൊപ്പം ഉല്‍പാദന വര്‍ദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കല്‍, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളും നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഗ്രാമസഭകളുടെ വര്‍ധിച്ച പങ്കാളിത്തം കൂടാതെ സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേല്‍നോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വര്‍ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാല്‍ ജനകീയമായ അടിത്തറയും ശക്തമായിട്ടുണ്ട്. തൊഴിലിനുള്ള മൗലികാവകാശവും മിനിമം കൂലിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനവും ഉറപ്പു നല്‍കുന്നുവെന്ന സവിശേഷതയും ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളാണ്. തൊഴിലുറപ്പ് പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും ത്രിതല പഞ്ചായത്തുകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് നടപ്പിലാക്കിവരുന്നത്. തൊഴിലുറപ്പ് പദ്ധതി കാരണം രാജ്യത്തെ അനേകം ദരിദ്രകുടുംബങ്ങളിലെ പട്ടിണിക്ക് വലിയ തോതിലല്ലെങ്കിലും ചെറിയ രീതിയിലെങ്കിലും പരിഹാരമായിട്ടുണ്ട്. എന്നാല്‍ രൂപവും ഭാവവും മാറിയ പുതിയ പദ്ധതി രാജ്യത്ത് തൊഴില്‍ രഹിതരുടെയും പട്ടിണിയിലാകുന്ന കുടുംബങ്ങളുടെയും എണ്ണത്തില്‍ ഭീമമായ വര്‍ധനവ് വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 125 ആയി ഉയര്‍ത്തിയത് വലിയ നേട്ടമാണെന്ന് പുതിയ പദ്ധതിയെ അനുകൂലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ബില്ലിലെ മറ്റൊരു വ്യവസ്ഥ നടപ്പിലായാല്‍ തൊഴില്‍ ദിനങ്ങള്‍ എഴുപത്തഞ്ചോ അതില്‍ താഴെയോ ആയി കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതിയിലെ കേന്ദ്രവിഹിതം 60ഉം സംസ്ഥാനവിഹിതം 40 ഉം ആക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അധികസാമ്പത്തിക ബാധ്യത വരുന്നതിനാല്‍ തൊഴില്‍ ദിനങ്ങള്‍ കുറയാന്‍ തന്നെയാണ് സാധ്യത കാണുന്നത്. കാര്‍ഷിക സീസണില്‍ 60 ദിവസം തൊഴിലുറപ്പിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ കൂടി ഇതിലുണ്ട്. വിളവെടുപ്പ് കാലത്ത് ജോലിയും കൂലിയുമില്ലാത്ത വലിയ പ്രതിസന്ധിയെ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരിടേണ്ടിവരും. തൊഴിലുറപ്പില്‍ നിന്ന് ഗുണഭോക്താക്കളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും പദ്ധതിയിലുള്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ മാത്രമേ തൊഴിലുറപ്പ് ജോലി നടത്താവൂ എന്നതാണ് ആ വ്യവസ്ഥ. കേരളത്തില്‍ ഈ വ്യവസ്ഥ ഭൂരിഭാഗം പേരും തൊഴിലുറപ്പില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടവരുത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ബി.ജെ.പി ഭരിക്കുന്നതോ, അവര്‍ക്ക് കൂടി പങ്കാളിത്തമുള്ളതോ ആയ പഞ്ചായത്തുകളില്‍ മാത്രമായി തൊഴിലുറപ്പ് പദ്ധതി ചുരുങ്ങാനുള്ള സാധ്യതയും ഏറെയാണ്. കേന്ദ്രം തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പഞ്ചായത്തുകളെ മാത്രം പരിഗണിക്കുമ്പോള്‍ മറ്റ് പഞ്ചായത്തുകളിലെ ജനങ്ങളില്‍ അസംതൃപ്തി ഉടലെടുക്കും. ഈ വികാരം തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന നിലയിലും പദ്ധതി മാറ്റത്തെ വിലയിരുത്താവുന്നതാണ്.
ഇപ്പോള്‍ തന്നെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ട തുക നല്‍കാതെ കേന്ദ്രം കോടികളുടെ കുടിശിക വരുത്തിയിരിക്കുകയാണ്.
തൊഴിലുറപ്പില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ ഉപജീവനത്തിനായി തേടുന്ന മറ്റുവഴികളൊന്നും ഈ പദ്ധതി നല്‍കുന്ന സുരക്ഷിതത്വത്തിനും അന്തസിനും പകരമാകില്ല. കേരളത്തില്‍ ജന്മിത്വം ശക്തമല്ലെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോഴും അത് കൊടികുത്തിവാഴുന്നുണ്ട്. ജന്മികളുടെ പറമ്പുകളില്‍ ജാതീയ ഉച്ചനീചത്വങ്ങളും ചൂഷണവും അനുഭവിച്ച് തുച്ഛമായ കൂലിക്ക് ജോലി ചെയ്തിരുന്ന പല നിര്‍ധന കുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയിലേക്കെത്തിയതോടെ അവരുടെ ജീവിതനിലവാരം മാത്രമല്ല അന്തസും അഭിമാനവും കൂടിയാണ് ഉയര്‍ന്നത്. ജന്മിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പറമ്പുകളില്‍ അവരുടെ ആട്ടും തുപ്പും സഹിച്ച് പണിയെടുക്കേണ്ട അവസ്ഥയില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു തൊഴിലുറപ്പ് പദ്ധതി. ആ പദ്ധതിയിലെ മുന്‍ വ്യവസ്ഥകള്‍ മാറ്റുകയും പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ രാജ്യത്ത് ജന്മിത്വവും ദാരിദ്ര്യവും ശക്തിപ്പെടുത്തുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിക്കാണ് കേന്ദ്രം പരവതാനി വിരിക്കുന്നതെന്ന് തിരിച്ചറിയണം. രാജ്യത്ത് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലുള്ള ശാക്തീകരണത്തെയും സ്വയംപര്യാപ്തതയും തകര്‍ത്ത് തരിപ്പണമാക്കാന്‍ പുതിയ പദ്ധതി ഇടവരുത്തും. അടിസ്ഥാന തൊഴില്‍ മേഖലകളില്‍ അരക്ഷിതാവസ്ഥയും ചൂഷണങ്ങളും പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിക്കും. ഈ വിപത്തുകളൊക്കെയും തിരിച്ചറിഞ്ഞ് തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും കക്ഷിരാഷ്ട്രീയത്തിനതീതമായ പോരാട്ടം അനിവാര്യമാണ്.

