അംഗടിമുഗറിന്റെ ഭീതി കനക്കുന്നു; ഉരുളെടുക്കുമോ നാടിനെ...?

അസാധാരണ ശക്തിയോടെ എത്തിയ നിലയ്ക്കാത്ത മഴ നട്ടുച്ചയിലും കൂരിരുട്ട് തീര്‍ത്ത് പെയ്തു തിമിര്‍ക്കുമ്പോള്‍ അതുവരെ കാണാത്ത കുന്നിന്റെ രൂപം കണ്ട് നാട്ടുകാര്‍ നെഞ്ചത്ത് കൈവെച്ചു നിലവിളിച്ചു... കാലവര്‍ഷം തുടങ്ങാന്‍ ഇനി അധികനാളില്ല. ഒരു 'ദുരന്തത്തിന്റെ' ബാക്കിപത്രം പോലെ വാപിളര്‍ന്ന കുന്ന് ഇപ്പോഴും പ്രകൃതിയുടെ അപ്രതീക്ഷിതമായ ആക്രോശത്തിനുള്ള വിസിലിനായി കാത്തുനില്‍പ്പുണ്ട്.

'ഒഴുകുന്ന നദികളുടെയും നൃത്തമാടുന്ന വെള്ളച്ചാട്ടങ്ങളുടെയും മനോഹാരിത, ശാന്തസംഗീതം പൊഴിക്കുന്ന തീരദേശങ്ങളുടെ നീലിമ, പച്ചപ്പാര്‍ന്ന കാടുകളും മലനിരകളും മീട്ടുന്ന കുയില്‍നാദം, അലകളുടെ മന്ത്രങ്ങളില്‍ കവിത വിരിയുന്ന കായലുകളുടെ മൗനഗീതം'. കേരളം സുന്ദരമാണ്, സഞ്ചാരികളുടെ പറുദീസയാണ്, പ്രകൃതിസൗന്ദര്യം കൊണ്ടു സമ്പന്നവുമാണ്. എന്നാല്‍, മണ്‍സൂണ്‍ കാലങ്ങളില്‍ പ്രകൃതി മനോഹരമായ കേരളത്തിന് പേമാരിയും ഉരുള്‍പൊട്ടലുകളും അതിനോടനുബന്ധിച്ചുണ്ടാകുന്ന ദുരന്തങ്ങളും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. അനേകം ജീവനുകള്‍ കവര്‍ന്നും അനേകം ഭവനങ്ങള്‍ തകര്‍ത്തും ഒരു നാടിന്റെ ജീവിത പരിസരങ്ങളെ നിമിഷനേരം കൊണ്ട് നഷ്ടത്തിന്റെയും ദു:ഖങ്ങളുടെയും നടുക്കുന്ന യാഥാര്‍ഥ്യമാക്കി മാറ്റുന്നു. ഒരു സമൂഹത്തിന്റെ സുരക്ഷിതത്വവും അതുവരെ കൂട്ടിവെച്ച സ്വപ്‌നങ്ങളും തകര്‍ന്നടിയുമ്പോള്‍ ജീവിതം പുനര്‍നിര്‍മിക്കാനുള്ള പോരാട്ടം കാലങ്ങളോളം അവശേഷിക്കുന്നു. ശക്തമായ കാറ്റുംമഴയും ഭൂമിയുടെ കോപാഗ്‌നിയും കടലിന്റെ ആക്രോശവും. 'അഹങ്കാരികളായ' മനുഷ്യരുടെ നിസ്സഹായത വെളിപ്പെടുന്ന കാഴ്ചകള്‍. കഠിനമായ മഴയില്‍ ഭൂമിയില്‍ സംഭരിക്കപ്പെടുന്ന ജലം അതിമര്‍ദ്ദംമൂലം പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണല്ലോ ഉരുള്‍പൊട്ടല്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭവിക്കുന്ന ഈ പ്രതിഭാസത്താല്‍ ഭൂമിക്കടിയിലെ മണ്ണും പാറയും ചരലും ഉരുളന്‍ കല്ലുകളും വന്‍തോതില്‍ വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു. കേരളത്തിന്റെ ഭൂപ്രകൃതി, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ കുത്തനെയുള്ള ചെരിവുകള്‍, ഈ പ്രതിഭാസത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കനത്ത മഴ, മണ്ണിന്റെ അസ്ഥിരത, വനനശീകരണം, മനുഷ്യന്റെ ഇടപെടലുകള്‍ എന്നിവയാണ് മിക്ക പഠനങ്ങളിലും ഉരുള്‍പൊട്ടലിന്റെ പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കേരളത്തിന്റെ മലയോര മേഖലകളില്‍ മണ്ണിന്റെ അയഞ്ഞ ഘടനയും പാറകളുടെ ദുര്‍ബലതയും ഉരുള്‍പൊട്ടലിനുള്ള കാരണമായി പറയുന്നു. മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന അതിശക്തമായ മഴയാണ് മറ്റൊരു പ്രധാന ഘടകം. കേന്ദ്രസര്‍ക്കാരിന്റെ 2022ലെ ഡാറ്റ അനുസരിച്ച് 2015നും 2022നുമിടെ 3782 ഉരുള്‍ പൊട്ടലാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2239ഉം കേരളത്തിലാണന്നറിയുമ്പോള്‍ നാം വസിക്കുന്ന ഭൂമി എത്ര വലിയ അപകട മേഖലയാണെന്ന് ഇനിയും നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല. ആഗോളതാപനത്തിന്റെ ഫലമായി മഴയുടെ തീവ്രതയും അനിശ്ചിതത്വവും വര്‍ധിച്ചിരിക്കുന്നതു കൊണ്ട് ഓരോ വര്‍ഷവും ഉരുള്‍പൊട്ടലിന്റെ സാധ്യതയും ഏറെ ആശങ്കയും ഭയവും ഉളവാക്കുന്നുണ്ട്.


2018ലെ മഹാപ്രളയത്തിനുശേഷം ഉരുള്‍പൊട്ടല്‍ ഒരു വാര്‍ഷിക ദുരന്തമായി കേരളത്തെ വേട്ടയാടുന്നതായി കാണാം. 2019ല്‍ വയനാട് പൂത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്പതോളം വീടുകള്‍ ഒലിച്ചുപോവുകയും 17 പേര്‍ മരിക്കുകയും ചെയ്തു. അതേദിവസം മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ 45 ഓളം വീടുകള്‍ അപ്രത്യക്ഷമാവുകയും 59 പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം 2020ല്‍ ഇടുക്കി ജില്ലയിലെ പെട്ടിമുടിയിലെ ഭീകരമായ ഉരുള്‍പൊട്ടലില്‍ 70 ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ അതിഭയാനകമായ പ്രകൃതിദുരന്തം. അനൗദ്യോഗിക കണക്ക് പ്രകാരം 365 പേരുടെ മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്കുകളില്‍ നിന്നെല്ലാം കേരളം നേരിടുന്ന പ്രകൃതി ദുരന്തത്തിന്റെ ആഴം എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. രാജ്യത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തിലാണെന്നാണ് 2023ല്‍ നടന്ന ഐ.എസ്.ആര്‍.ഒയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പഠനത്തില്‍ പറയുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ജി.എസ്.ഐ) റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ വര്‍ധിക്കുന്നതായും പറയുന്നു.


ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ഇതാ ഇവിടെയും ഒരു ഗ്രാമം

ഉരുള്‍പൊട്ടലിന്റെ ഭീകരമായ ദുരന്തങ്ങളൊന്നും കാസര്‍കോട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2019ല്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നിലും 2022ല്‍ മാലോം ചുള്ളിയിലും 2024ല്‍ പെരിയ ഗ്രാമത്തിലെ കൂവാരയിലും മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ചില കുടുംബങ്ങളെ സ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ നാശമോ ഭവന നഷ്ടമോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പക്ഷേ, അതൊക്കെ പഴങ്കഥയാകും വിധമാണ് ഇപ്പോള്‍ പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ ഗ്രാമത്തിന്റെ തലക്ക് മുകളില്‍ ഡെമോക്രസിന്റെ വാള് പോലെ ഒരു മഹാദുരന്തം തൂങ്ങിക്കിടക്കുന്നത്. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായ രീതിയിലെ മണ്ണെടുപ്പ് കാരണം ഏകദേശം 300 മീറ്ററോളം ഉയരത്തിലുള്ള കുത്തനെയുള്ള കുന്ന് ഭീമാകാരമായ രീതിയില്‍ ഇടിഞ്ഞു തുടങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. കുത്തിയൊലിച്ച മലവെള്ളത്തിനൊപ്പം കടപുഴകിയ മണ്ണും മരങ്ങളും പാറകളും. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ഏതുനിമിഷവും വരാന്‍ പോകുന്ന ദുരന്തത്തെ മുന്നില്‍കണ്ട് നാട്ടുകാര്‍ ഉറക്കമൊഴിച്ചിരുന്നു. താഴെ നിര്‍ധനരായ പതിനഞ്ചോളം കുടുംബങ്ങള്‍ രാപ്പകലില്ലാതെ അധികാരികളോടും ദൈവത്തോടും ഒരുപോലെ കൈകൂപ്പി കണ്ണീര്‍ വാര്‍ത്തു. രാത്രിക്ക്‌രാത്രി കൂടും കുടുക്കയും വിട്ട് അന്തിയുറങ്ങാന്‍ ഇടംതേടി അവര്‍ കുഞ്ഞു കുട്ടികളുമായി പലായനം ചെയ്തു. ദുരന്തത്തിന്റെ ഭീഷണി മുന്നില്‍ കാണാനോ പരിസരവാസികളെ മാറി താമസിപ്പിക്കാനുള്ള അവസരമൊരുക്കാനോ ബന്ധപ്പെട്ടവരാരും താല്‍പര്യം കാണിച്ചില്ല.

അസാധാരണ ശക്തിയോടെ എത്തിയ നിലയ്ക്കാത്ത മഴ നട്ടുച്ചയിലും കൂരിരുട്ട് തീര്‍ത്ത് പെയ്തു തിമിര്‍ക്കുമ്പോള്‍ അതുവരെ കാണാത്ത കുന്നിന്റെ രൂപം കണ്ടു നാട്ടുകാര്‍ നെഞ്ചത്ത് കൈവെച്ചു നിലവിളിച്ചു.

ഇപ്പോള്‍ ഒരു വര്‍ഷം തികയാറാകുന്നു. അന്ന് ഗ്രാമീണരുടെ നിരന്തരമായ നിലവിളിയിലും കേണപേക്ഷയിലും 'സഹികെട്ടതുകൊണ്ടാവാം' പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ജില്ലാ ഭരണകര്‍ത്താക്കളും സ്ഥലം സന്ദര്‍ശിച്ചത്. വാക്കുകളുടെ നിറച്ചാക്കുകളും വാഗ്ദാനങ്ങളുടെ നിറപറകളും ആവോളം നല്‍കി ഗ്രാമീണരുടെ രോദനത്തിന് തടയിട്ടു അവര്‍ മടങ്ങി. കൂടെവന്ന പരിവാരങ്ങളും സ്തുതിപാടകരും ഒലിച്ചിറങ്ങിയ മണ്ണിലും കടപുഴകിവീണ മരങ്ങളിലും ചാരിനിന്നു വിവിധ പോസുകളില്‍ സെല്‍ഫിയെടുത്തു തിരിച്ചുപോയി. എല്ലാം ഇരുട്ടില്‍ മിന്നുന്ന ഓര്‍മ്മകള്‍ മാത്രം. വാക്കുകള്‍ പഴഞ്ചാക്കുകളും വാഗ്ദാനങ്ങള്‍ പൊള്ളവേനലും ജനമനസ്സ് കരിഞ്ഞുണങ്ങുന്ന മണല്‍പ്പരപ്പുമാകുന്ന കാഴ്ച.

അന്ന് അധികാരികള്‍ ചൊരിഞ്ഞുപോയ വാക്കും വാഗ്ദാനങ്ങളും സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പം ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു ലൈക്കും കമന്റും വാങ്ങി നിര്‍വൃതിപ്പെട്ടവര്‍, വാഗ്വാദം നടത്തി പക്ഷം പിടിച്ചു പോരടിച്ചവര്‍, ചേരിതിരിഞ്ഞ് അവകാശവാദം പറഞ്ഞു വാഗ്ദാനങ്ങളെ രാഷ്ട്രീയമായി വീതംവെച്ചവര്‍... ഇപ്പോള്‍ എല്ലാവരും മൗനത്തിലാണ്.

കാലം കാത്തുനിന്നില്ല. ശേഷം പുത്തിഗെയിലെയും അംഗടിമുഗറിലെയും പുഴയില്‍ വെള്ളം ഒരുപാടൊഴുകി. വര്‍ഷം ഒന്നു തികയാറാകുന്നു. അന്ന് അധികാരികള്‍ തന്നിട്ടുപോയ വാഗ്ദാനങ്ങളുടെ നിറച്ചാക്കുകള്‍ ഇപ്പോഴും പത്തായത്തില്‍ത്തന്നെ! കാലവര്‍ഷം തുടങ്ങാന്‍ ഇനി അധികനാളില്ല. ഒരു 'ദുരന്തത്തിന്റെ' ബാക്കിപത്രം പോലെ വാപിളര്‍ന്ന കുന്ന് ഇപ്പോഴും പ്രകൃതിയുടെ അപ്രതീക്ഷിതമായ ആക്രോശത്തിനുള്ള വിസിലിനായി കാത്തു നില്‍പ്പുണ്ട്.


ദുരന്തം വിതയ്ക്കാന്‍ കാത്തിരിക്കുന്ന ഈ കുന്നിനു മുകളിലാണ് ആയിരത്തിനു മുകളില്‍ കുട്ടികള്‍ പഠിക്കുന്ന അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വിഷയം അധികാരികള്‍ ഇനിയും ഗൗരവത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല എന്നു തോന്നുന്നു. നാളിതുവരെ ഒരു ദുരന്തവും നാളും നക്ഷത്രവും പ്രവചിച്ച് നടന്നിട്ടില്ല എന്നോര്‍ക്കണം. 'ഇരയാകാന്‍' വിധിക്കപ്പെട്ട പരിസരവാസികള്‍ ചൂരല്‍മലയിലെ ടി.വി ദൃശ്യങ്ങള്‍ ദുസ്വപ്‌നം കണ്ടു ഇപ്പോഴും ഞെട്ടിയുണരുന്നുണ്ട്. ഒരു ദുരന്തമുണ്ടായാല്‍ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കൂ എങ്കില്‍ അതിന് ഇനിയധികകാലം വേണ്ടിവരില്ല. പ്രകൃതിയുടെ ഭീഷണി മുന്നില്‍കണ്ടിട്ടും മെല്ലെപോക്കു നയം തുടരുന്നവര്‍ക്കു നേരെ ജനമനസ്സില്‍ രോഷം വളര്‍ന്നുകൊണ്ടിരിക്കുന്നു.

അവഗണനയുടെ നയം തുടര്‍ന്നാല്‍, പ്രകൃതിയും ജനങ്ങളും ഒരുപോലെ പ്രതികരിച്ചെന്നു വരും. ഇന്ന് മൗനം പാലിക്കുന്നവര്‍ നാളെ ചരിത്രത്തിന്റെ കുറ്റപത്രത്തില്‍ പ്രതികളായി നില്‍ക്കേണ്ടിവരും. ബന്ധപ്പെട്ടവര്‍ ആലസ്യം വെടിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം ആര്‍ക്കും തടുക്കാനാവില്ല.

Related Articles
Next Story
Share it